ന്യൂഡൽഹി: ഗർഭാശയ ഗള കാൻസർ പ്രതിരോധത്തിനായി രാജ്യത്തുടനീളം 80 ലക്ഷം ഡോസ് എച്ച്പിവി വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ദേശീയ എച്ച്പിവി വാക്സിനേഷൻ കാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിലാണ് വാക്സിൻ വിതരണം ആരംഭിച്ചത്. നിലവിൽ കേരളത്തിൽ 60 ശതമാനം വാക്സിനേഷൻ കവറേജ് കൈവരിച്ചിട്ടുണ്ട്.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മിസോറം എന്നീ സംസ്ഥാനങ്ങൾ 100 ശതമാനം വാക്സിനേഷൻ ലക്ഷ്യം പൂർത്തിയാക്കി. ബിഹാർ, ആന്ധ്രാപ്രദേശ്, ആസാം എന്നിവിടങ്ങളിൽ 90 ശതമാനവും കർണാടകയിൽ 85 ശതമാനത്തിലധികവും കവറേജ് നേടി. കേരളത്തിനുപുറമെ ഛത്തീസ്ഗഡ്, സിക്കിം, തെലുങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളും 60 ശതമാനം പിന്നിട്ടു.
ഹ്യൂമൻ പാപ്പിലോമാ വൈറസ് അണുബാധയും അതുവഴിയുണ്ടാകുന്ന ഗർഭാശയ ഗള കാൻസറും തടയാനാണ് ഈ വാക്സിനേഷൻ. സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ വഴി 14 വയസുള്ള പെൺകുട്ടികൾക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ സൗജന്യമായാണ് ഒറ്റ ഡോസ് വാക്സിൻ നൽകുന്നത്.