പ്രതീകാത്മക ചിത്രം
മുംബൈ: ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭം രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്കും പടരുന്നു. ഇന്നലെ മുംബൈ, ബംഗളൂരു, നാഗ്പുർ, പുനെ, പാറ്റ്ന നഗരങ്ങളിൽ വിദ്യാർഥികളുടെ പ്രതിഷേധം നടന്നു.
ഡൽഹിയിലെ വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാറ്റ്നയിൽ ഇന്നലെ ഓൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വൻ റാലിയും പ്രതിഷേധസംഗമവും നടന്നു. ഇന്ന് പാറ്റ്ന സർവകലാശാലയിൽനിന്ന് ലോക്ഭവനിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെയും രാജസ്ഥാനിലെയും കർണാടകയിലെയും പ്രമുഖ സർവകലാശാലകളിൽ വിദ്യാർഥികൂട്ടായ്മകൾ പ്രകടനങ്ങൾ നടത്തി.
പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരേ മുംബൈയിൽ നടന്ന പ്രതിഷേധങ്ങൾക്കു പിന്നാലെ വിദ്യാർഥികൾക്കും സന്നദ്ധപ്രവർത്തകർക്കും വാട്സാപ്പിലൂടെ പോലീസ് നോട്ടീസ് നൽകി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 35(3) പ്രകാരം ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസുകൾ അയച്ചിരിക്കുന്നത്. മുംബൈയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 300ലധികം ആളുകൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യുവാക്കളെയും വിദ്യാർഥികളെയും ഭയപ്പെടുത്തി പ്രക്ഷോഭത്തിൽനിന്നു പിന്തിരിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് വിദ്യാർഥിസംഘടനകൾ ആരോപിച്ചു. സമാധാനപരമായ സമരത്തിനു നേരേ ലാത്തിച്ചാർജ് നടത്തിയ കേന്ദ്രസർക്കാരിനു മാനസികനില തെറ്റിയിരിക്കുകയാണെന്ന് മഹാരാഷ്ട്രയിലെ എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ വിമർശിച്ചു.
സമരക്കാർക്കു ശിവസേന ഉദ്ധവ് വിഭാഗം പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ ഡൽഹിയിലേക്കു തിരിച്ചു.
Tags : StudentProtests spread nationwide Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash