Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവിന് പരിക്ക്. നെടുമങ്ങാട്, ആനാട് സ്വദേശി സഞ്ജയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.
അൻസർ എന്നയാളാണ് സഞ്ജയ്ക്ക് നേരെ വെടിയുതിർത്തത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൻസറിനെതിരെ എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയതിന്റെ പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സഞ്ജയുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അൻസറിനായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കുന്നു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് അമ്മയും മക്കളും സഞ്ചരിച്ച ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് അമ്മ മരിച്ചു. അരുവിക്കര സ്വദേശി ഹസീന (40)ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്.
മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. മക്കളായ ഷംന, റംസാന എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ കാർ വന്നിടിക്കുകയായിരുന്നു. ഹസീന സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
ഹസീനയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
നെടുമങ്ങാട്: എൽഐസി ജംഗ്ഷനിൽ നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റ് തകർത്തു. ശനിയാഴ്ച രാത്രി 10ന് ആയിരുന്നു അപകടം നടന്നത്. സംഭവത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നെടുമങ്ങാട് ടൗണിൽ നിന്ന് എൽഐസി ഓഫിസ് ജംഗ്ഷനിലേക്ക് വന്ന ബസാണ് അപകടത്തിൽപെട്ടത്. കക്കാപ്പുര സ്വദേശി ഗണപതിയുടെ വീടിന്റെ മതിലും കിണറും തകർത്താണ് ബസ് നിന്നത്. നിറുത്തിയിട്ടിരുന്ന രണ്ട് കാറുകളിൽ ഇടിച്ച ശേഷം വൈദ്യുതി പോസ്റ്റും തകർത്തു.
വൈദ്യുതി പോസ്റ്റ് തകർന്നതോടെ പ്രദേശത്ത് വൈദ്യുതി ബന്ധം തടസപ്പെട്ടു. ബസ് കഴുകിയ ശേഷം കൊണ്ടുവരുന്നതിനിടെയാണ് അപകടം. അപകടത്തിന് പിന്നാലെ ഡ്രൈവറും ക്ലീനറും ഇറങ്ങി ഓടിയതായി പോലീസ് അറിയിച്ചു.