Kerala
പാലക്കാട്: തെരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം പാലക്കാട്ടെ സിപിഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ കമ്മറ്റി അംഗവും പാലക്കാട് നഗരസഭ കൗൺസിലറുമായ അബ്ദുൾ ഷുക്കൂർ പാർട്ടിയിൽ നിന്നും രാജിവച്ചു.
ജില്ലാ സെക്രട്ടി ഇ.എൻ. സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് രാജി. സ്വതന്ത്രനായി മുന്നോട്ട് പോകുമെന്ന് അബ്ദുൾ ഷുക്കൂർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
അതേസമയം അബ്ദുൾ ഷുക്കൂറിന്റെ രാജിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തി. ആദ്യ വിക്കറ്റ് വീണു എന്നാണ് ബിജെപിയുടെ പ്രതികരണം.
Kerala
ആലപ്പുഴ: തനിക്കെതിരേ ജി. സുധാകരൻ നടത്തിയ ജാതീയമായ അധിക്ഷേപത്തിൽ പാർട്ടിയുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്ന് സി.എസ്.സുജാത. ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് ജി. സുധാകരൻ പറഞ്ഞത്. അദ്ദേഹം സമനില തെറ്റി പറയുന്നതാണിതെല്ലാം.
സ്ത്രീകൾക്കെതിരായ മോശപ്പെട്ട ആക്ഷേപമാണത്. അദ്ദേഹത്തെക്കുറിച്ച് നമുക്കുണ്ടായിരുന്ന ധാരണകളെല്ലാം അദ്ദേഹംതന്നെ തിരുത്തുകയാണെന്നും അവർ പ്രതികരിച്ചു.
ഞാൻ ജാതീയമായി ആളുകളെ വേർതിരിച്ചു കാണുന്നയാളല്ല. എല്ലാ ജാതിയിലും മതത്തിലും പെട്ടവരോടു സ്നേഹത്തോടെയാണ് സമീപിക്കുന്നത്. എനിക്ക് ഈ ജില്ലയിലെ ഏതു പ്രദേശത്തുള്ള വീടുകളിലേക്കും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ രീതിയിലാണ് ആളുകൾ എന്നെ കാണുന്നത്.
ഇടതുപക്ഷ സ്ഥാനാർഥി എച്ച്.സലാമിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് വീടുകൾ സന്ദർശിച്ചത്. എനിക്ക് പാർട്ടി നൽകിയ ചുമതലയാണ് ഞാൻ നിർവഹിച്ചത്. അതിൽ ഒരു ജാതിയും മതവുമില്ലെന്നും സി.എസ്. സുജാത പറഞ്ഞു.
Kerala
കൊച്ചി: ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടു സിപിഎമ്മും എസ്ഡിപിഐയുമായി ഡീല്‍ ആരോപിച്ച് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പാർട്ടി വിട്ടു.
പാര്‍ട്ടിക്കു സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതെ വോട്ട് തീരെ കുറവുള്ള മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയതുവഴി ന്യൂനപക്ഷ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കി എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.
മഞ്ചേശ്വരം, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളില്‍ മുസ്ലിം വോട്ട് ഭിന്നിപ്പിച്ച് യുഡിഎഫിനെ തോല്‍പ്പിക്കാനാണു എസ്ഡിപിഐ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Kerala
കണ്ണൂർ: ടി.കെ. ഗോവിന്ദന്റെ ഭാര്യ കെ.പി. രമണിയെ പുറത്താക്കി സിപിഎം. നിലവിൽ ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമാണ് കെ.പി.രമണി. തിങ്കളാഴ്ച ടി.കെ. ഗോവിന്ദന്റെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ രമണി പങ്കെടുത്തിരുന്നു.
തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന കൺവെൻഷനിൽ ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് രമണിയെ മാലയിട്ട് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഭർത്താവിന് പിന്തുണ അറിയിച്ചു കൊണ്ടാണ് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന കൺവെൻഷനിൽ രമണി എത്തിയത്. ടി.കെ. ഗോവിന്ദനെ ഒറ്റപ്പെടുത്തുന്നത് കണ്ടാണ് പിന്തുണക്കാനായി താനെത്തിയതെന്ന് രമണി പറഞ്ഞു.
'ടി.കെ. ഗോവിന്ദന് മാഷെ ഒറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടുണ്ട്. കുടുംബം കൂടെയില്ലെന്ന പ്രചാരണവും വലിയ രീതിയില്‍ നടക്കുന്നു. ഞാന്‍ മാഷെ ചോറാണ് തിന്നുന്നത്, പാര്‍ട്ടിയുടെ ചോറ് തിന്നിട്ടില്ല. 59 വര്‍ഷമായി ഈ പാര്‍ട്ടിയിലാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ മാഷെ ഒറ്റപ്പെടുത്തി. അതെനിക്ക് സഹിക്കാന്‍ പറ്റിയില്ല', കെ പി രമണി പറഞ്ഞിരുന്നു.
District News
തിരുവമ്പാടി: ആം ആദ്മി പാർട്ടി തിരുവമ്പാടി മണ്ഡലം സ്ഥാനാർഥി സണ്ണി വി. ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ഇടത്-വലത് മുന്നണികൾ മാറിമാറി ഭരിച്ചിട്ടും തിരുവമ്പാടിയിൽ യഥാർഥ വികസനം നടപ്പായിട്ടില്ലെന്നും അതിന് മാറ്റം കൊണ്ടുവരാൻ ആം ആദ്മിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
എംഎസ്സി, ബിഎഡ് ബിരുദധാരിയായ സണ്ണി വി. ജോസഫ് അധ്യാപകനായും പ്രിൻസിപ്പലായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ജോണ്‍ ജോണ്‍ അധ്യക്ഷനായ നാഷണൽ ജനതാദളിനെ യുഡിഎഫ് ഘടകകക്ഷിയാക്കാൻ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു. ഏറെ വർഷമായി യുഡിഎഫിലെ അസോസിയേറ്റ് അംഗമായിരുന്നു ജോണ്‍ ജോണ്‍ നേതൃത്വം നൽകുന്ന നാഷണൽ ജനതാദൾ.
കോണ്‍ഗ്രസിനെ കൂടാതെ മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ്, ആർഎസ്പി, കേരള കോണ്‍ഗ്രസ്- ജേക്കബ്, സിഎംപി- (സി.പി ജോണ്‍), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, കേരള ഡമോക്രാറ്റിക് പാർട്ടി (കെഡിപി- മാണി സി. കാപ്പൻ), കെഎസ്എസ് (എ.എൻ രാജൻ ബാബു വിഭാഗം) എന്നിവരാണ് യുഡിഎഫിലെ മറ്റു ഘടകകക്ഷികൾ.
അഖിലേന്ത്യ തൃണമൂൽ കോണ്‍ഗ്രസ് (പി.വി. അൻവർ), ജനാധിപത്യ രാഷ്ട്രീയസഭ (സി.കെ. ജാനു) എന്നീ കക്ഷികൾ അസോസിയേറ്റ് കക്ഷികളുമാണ്.
സിപിഎം വിട്ടു സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുന്ന ജി. സുധാകരൻ (അന്പലപ്പുഴ), പി.കെ. ശശി (ഒറ്റപ്പാലം), ടി.കെ. ഗോവിന്ദൻ (തളിപ്പറന്പ്), വി. കുഞ്ഞികൃഷ്ണൻ (പയ്യന്നൂർ) എന്നിവർക്ക് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.
Kerala
കണ്ണൂര്‍: എം.വി. ജയരാജന് ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് പയ്യന്നൂരിലെ എംഎല്‍എയുമായി ബന്ധപ്പെട്ട അഴിമതി പ്രശ്നം പാര്‍ട്ടിക്കകത്ത് ഉയര്‍ന്നുവന്നതെന്നും ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ കാറ്റില്‍പ്പറത്തി പാര്‍ട്ടിയെയും സഖാക്കളെയും വഞ്ചിക്കുകയായിരുന്നു ജയരാജനെന്നും വി. കുഞ്ഞികൃഷ്ണന്.
പാര്‍ട്ടി മുഖപത്രത്തിലെ എഡിറ്റോറിയല്‍ സംബന്ധിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് കുഞ്ഞികൃഷ്ണന് ജയരാജനെതിരേ തിരിഞ്ഞത്. ഇപ്പോള്‍ വിശകലനം നടത്തി ലേഖനം എഴുതുന്ന ജയരാജന് പാര്‍ട്ടിയിൽ അഴിമതി പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടാണോ സ്വീകരിച്ചത്?
ഉള്‍പാര്‍ട്ടി ജനാധിപത്യം നിലനില്‍ക്കുന്നുവെന്ന് പറയുന്ന പാര്‍ട്ടിക്കകത്ത് അതിനെ പൂര്‍ണമായി കാറ്റില്‍പ്പറത്തി യാന്ത്രികമായ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളെയും ഏരിയാ കമ്മിറ്റി അംഗങ്ങളെയും ഇരുട്ടില്‍ നിര്‍ത്തി കമ്മിറ്റികളുണ്ടാക്കി സഖാക്കളെ വഞ്ചിക്കുകയായിരുന്നില്ലേ ചെയ്തത്?
ഒരു അഴിമതിക്കാരനെ രക്ഷിക്കാന്‍ ഞങ്ങളുടെ പ്രദേശത്തെ പാര്‍ട്ടിയെ ആകെ അവതാളത്തിലാക്കിയതിന് നേതൃത്വപരമായ പങ്കുവഹിച്ച ജയരാജനോടാണ് അഴിമതിക്കാരനോടുള്ളതിനേക്കാള് എതിര്‍പ്പുള്ളത്. യുഡിഎഫ് എന്നെ പിന്തുണയ്ക്കുന്നത് അവരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.
അതില്‍ വലിയ മനഃപ്രയാസമുണ്ടെങ്കില്‍ നിങ്ങള്‍ക്കും പിന്തുണയ്ക്കാം. ഞങ്ങള്‍ അതും സ്വീകരിക്കാന്‍ തയാറാണ്. അഴിമതിക്കെതിരേയും സത്യത്തിനും നീതിക്കുംവേണ്ടിയുള്ള പോരാട്ടത്തോട് യോജിക്കുന്ന മുഴുവന്‍ പൗരജനങ്ങളുടെയും പിന്തുണ സ്വീകരിക്കുമെന്നും കുഞ്ഞികൃഷ്ണന്റെ കുറിപ്പിലുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിൽ ശശികല പ്രഖ്യാപിച്ച പാർട്ടിക്കു പേരിട്ടു. കഴിഞ്ഞമാസം 24നു മുൻ മുഖ്യമന്ത്രി ജയലളിതയുടെ എഴുപത്തിനാലാം ജന്മദിനത്തിൽ രാമനാഥപുരത്തു നടന്ന പരിപാടിയിലാണു പുതിയ പാർട്ടി രൂപീകരിച്ചതായി ശശികല പറഞ്ഞത്.
ജയലളിതയുടെ ഉറ്റതോഴിയായ ശശികലയയെ നേരത്തേ എഐഎഡിഎംകെയിൽനിന്നു പുറത്താക്കിയിരുന്നു.
ഓൾ ഇന്ത്യ പുരുട്ചി തലൈവർ മക്കൾ മുന്നേറ്റ കഴകം എന്നാണു പാർട്ടിയുടെ പേര്. തെങ്ങിൻതോപ്പാണ് ചിഹ്നം.
Kerala
ആലപ്പുഴ: ഒരു രാഷ്ട്രീയ പാർട്ടിയിലേക്കുമില്ലെന്ന് നിലപാട് വ്യക്തമാക്കി സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരൻ. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല. ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
തന്നെപ്പറ്റി വിവിധ വാർത്തകൾ പുറത്തുവരുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം പ്രചരണങ്ങളാണ്. ദൗത്യങ്ങളുമായി ആരും വന്നിട്ടില്ല. അങ്ങനെ വരേണ്ട സാഹചര്യവുമില്ല. എം.എ. ബേബി ബുധനാഴ്ച വീട്ടിലെത്തി കണ്ടിരുന്നു.
പാർട്ടിയിൽ ചേർന്നത് ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടി അംഗത്വം ഒഴിഞ്ഞു എന്നാൽ സംഘടനയിൽ ഇല്ലെന്നാണ്. പാർട്ടി ആദർശവും ആശയവും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിക്കുവേണ്ടി ജീവിച്ച ആളാണ്. പാർട്ടിയെ ആക്ഷേപിക്കാനില്ല. വിവാദങ്ങളെപ്പറ്റി ഒന്നും ഇനി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തന്നെ വ്യക്തിപരമായി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. സിപിഎമ്മിന്റെ ഏക ആയുധം രാഷ്ട്രീയമാണ്. റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നതല്ല താൻ. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമർദനം ഏറ്റു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. വർഗീയതയുമായി യോജിപ്പില്ല. അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തൃശൂർ: മത്സരിക്കാൻ പാർട്ടി പറഞ്ഞിട്ടില്ലെന്നും പറഞ്ഞാൽ മത്സരിക്കുമെന്നും ബിജെപി ദേശീയ നിർവാഹകസമിതിയംഗം പദ്മജ വേണുഗോപാൽ. ബിജെപിയുടെ തൃശൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണം അയ്യന്തോൾ അമർജവാൻ ജ്യോതിക്കു സമീപം ചുവരെഴുതി ഉദ്ഘാടനംചെയ്തശേഷം പ്രതികരിക്കുകയായിരുന്നു അവർ.
ബിജെപിയുടെ പ്രചാരണത്തിനു തുടക്കമിടാനാണ് എത്തിയത്. സ്ഥാനാർഥിയെന്ന നിലയിലല്ല. പരമാവധി എന്റെ പണി ഞാൻ ചെയ്തോളാം. എനിക്കിട്ടു പണിയാതിരുന്നാൽ മതി.
എനിക്കു തൃശൂരുകാരെ അറിയാം. അതിൽ അഞ്ചാറു പേരാണ് എനിക്കിട്ടു താങ്ങിയത്. ബാക്കിയുള്ളവരെല്ലാം എനിക്കൊപ്പമുണ്ട്. അതാണു തൃശൂരിലേക്കു തിരിച്ചുവന്നത്. പദ്മജ പറഞ്ഞു.
National
കോൽക്കത്ത: ബംഗാൾ സിപിഎം നേതാവ് പ്രതീക് ഉർ റഹ്മാൻ പാർട്ടിയിൽനിന്നു രാജിവച്ചു. പാർട്ടി സംസ്ഥാന സമിതിയംഗമാണ് പ്രതീക് ഉർ റഹ്മാൻ.
ചില വിഷയങ്ങളിൽ സിപിഎമ്മിന്റെ നയങ്ങളോട് ഒത്തുപോകാൻ കഴിയില്ലെന്ന് റഹ്മാൻ പറഞ്ഞു. റഹ്മാന്റെ രാജിക്കാര്യത്തിൽ പാർട്ടി തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം ഭാരവാഹി പറഞ്ഞു.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡയമണ്ട് ഹാർബർ ലോക്സഭാ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്കെതിരേ റഹ്മാൻ സിപിഎം ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന നേതാവാണ് റഹ്മാൻ.
Kerala
കണ്ണൂർ: പയ്യന്നൂർ ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരണവുമായി വി. കുഞ്ഞികൃഷ്ണൻ. സിപിഎം ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷിന്റെ വാർത്താ സമ്മേളനം കേട്ടു. നേരത്തെ പറയുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പുതിയ കാര്യങ്ങൾ ഉണ്ടെന്ന് തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.
"ചിലതൊക്കെ കേട്ടപ്പോൾ ചിരിയാണ് വന്നത്. ഏഷ്യാനെറ്റിന് അഭിമുഖം നൽകിയത് അജണ്ടയുടെ ഭാഗമല്ല. കൈരളി എന്റെ അഭിമുഖം സംപ്രേഷണം ചെയ്യുമായിരുന്നുവെങ്കിൽ ഞാൻ അത് അവർക്ക് കൊടുക്കുമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാണ്. അതുകൊണ്ടാണ് ഏഷ്യാനെറ്റിന് നൽകിയത്. കൈരളി ഒഴികെ ആർക്ക് അഭിമുഖം നൽകിയാലും പാർട്ടി ഇതേ വാദമാണ് ഉന്നയിക്കുക.'-കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഏഷ്യാനെറ്റിന് അഭിമുഖം നൽകാൻ മറ്റൊരു കാരണം കൂടിയുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. "ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ ഏഷ്യാനെറ്റിനെതിരെ മാനനഷ്ടക്കേസ് കൊടുത്തുവെന്നാണ് ടി.ഐ. മധുസൂദനൻ പയ്യന്നൂരിലെ ജനങ്ങളോട് പറഞ്ഞത്. അതിൻ്റെ സത്യാവസ്ഥ എന്താണെന്ന് ആർക്കും അറിയില്ല. ആ കേസിന്റെ കാര്യം മധുസൂദനനും ഏഷ്യനെറ്റിനും മാത്രമേ പറയാൻ കഴിയൂ.
അഭിമുഖത്തിൽ ഞാൻ ആ കാര്യം ചോദിച്ചപ്പോൾ കിട്ടിയ മറുപടി നാല് വർത്തിനിടയിൽ ടി.ഐ. മധുസൂദനൻ ചാനലിനെതിരെ ഒരു പരാതിയും നൽകിയിട്ടില്ല എന്നാണ്. പയ്യന്നൂരിലെ പാര്‍ട്ടിയെ കൂട്ടി യോജിപ്പിക്കാന്‍ തനിക്ക് കഴിയില്ല എന്നുണ്ടെങ്കില്‍ അത് ഏരിയ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണ്ടേ? ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ചില ആളുകള്‍ക്ക് ആത്മനിഷ്ഠമായി തോന്നി, അവര്‍ നടപ്പിലാക്കി. 21 പേരില്‍ 17 പേരും ഏരിയ സെക്രട്ടറിയെ മാറ്റരുതെന്ന് പറഞ്ഞു.
"ഉച്ചയ്ക്ക് 12 മണിക്ക് ഇപ്പോള്‍ അര്‍ധരാത്രിയാണ് എന്ന് എം.വി ജയരാജന് പറഞ്ഞാല്‍ അത് അംഗീകരിച്ചു പോകാന്‍ എല്ലാവരെയും കിട്ടില്ല. അക്കാര്യം അന്നേ പറഞ്ഞതാണ് കുന്നരു സര്‍വീസ് സഹകരണ ബാങ്ക്, പെരളം സര്‍വീസ് സഹകരണ ബാങ്ക് എന്നിവയില്‍ നിന്ന് പിരിച്ച പണം അക്കൗണ്ടില്‍ വന്നില്ല. 2021 ല്‍ ഇക്കാര്യം പറഞ്ഞു. അന്ന് ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനന് ആണ്.'-കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
അത് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വരവ് കൂടിയപ്പോള്‍ ചെലവും കൂട്ടിയാണ് കണക്ക് അവതരിപ്പിച്ചത്. ഓഫീസ് ഉദ്ഘാടനം നടന്ന് 11 മാസം കഴിഞ്ഞിട്ട് കണക്ക് അവതരിപ്പിച്ചപ്പോള്‍ പുതിയ ചെലവുകള്‍ വന്നത് എങ്ങനെ? വൗച്ചറുകള്‍ നഷ്ടപ്പെട്ടു എന്നാണ് ഓഡിറ്റിങ്ങില്‍ എഴുതി നല്‍കിയത്.
ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട് കൃത്യമായ കണക്ക് പറയാന്‍ ജില്ലാ സെക്രട്ടറി തൈയാറായിട്ടില്ല. കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ നിന്നും ധനരാജ് ഫണ്ടില്‍ നിന്നും 54 ലക്ഷം രൂപ പാര്‍ട്ടിയ്ക്ക് നഷ്ടപ്പെട്ടു. വ്യക്തി വിരോധമെന്ന രാഗേഷിന്റെ ആരോപണത്തിനും കുഞ്ഞികൃഷ്ണന് മറുപടി പറഞ്ഞു. അങ്ങനെ ഉണ്ടെങ്കില്‍ ഏരിയ കമ്മിറ്റിയില്‍ ഇക്കാര്യം ഉന്നയിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു.
അങ്ങനെ ഒരു ചര്‍ച്ച വന്നിട്ടില്ല. രസീത് ആരുടെ കയ്യില്‍ നിന്നാണ് നഷ്ടപ്പെട്ടത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഓഫീസ് സെക്രട്ടറിയുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടു എന്ന് ആദ്യം പറഞ്ഞ രസീത് പിന്നീട് ടി.ഐ. മധുസൂദനന് എംഎല്‍എ ഹാജരാക്കി. അതെങ്ങനെ സാധിച്ചുവെന്നും കുഞ്ഞികൃഷ്ണന് ചോദിച്ചു.
Kerala
കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവരം വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി സിപിഎം. പാർട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്.
കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ് ആരോപിച്ചു. 2022 ഏപ്രിൽ മാസം ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണൻ വീണ്ടും ആരോപിച്ചതെന്നും രാഗേഷ് പറഞ്ഞു.
"തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അഭിമുഖത്തിന് സമയം തെരഞ്ഞെടുത്തു. ടി.ഐ. മധുസൂദനൻ എംഎൽഎയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. അദ്ദേഹം പയ്യന്നൂരിലെ സഹകരണ സ്ഥാപനത്തിന്റെ ഭാരവാഹി അല്ല. എന്നിട്ടും ഭൂമി ഇടപാടിൽ ലക്ഷ്യം വച്ചു. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണൻ ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ആണ് പാർട്ടി ശാസിച്ചത്.'-രാഗേഷ് പറഞ്ഞു.
മധുസൂദനനെ മനഃപൂർവം താറടിക്കാനുള്ള ശ്രമം എന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുള്ളത്. അത് കുഞ്ഞികൃഷ്ണനും അംഗീകരിച്ചതാണ്. വാർത്ത ചോർച്ച സംബന്ധിച്ച് പാർട്ടിക്ക് കൃത്യമായ തെളിവ് ഉണ്ട്.
വാർത്ത ചോർത്തി എന്ന കുറ്റസമ്മതം കുഞ്ഞികൃഷ്ണന്റെ വാക്കിൽ തന്നെ ഉണ്ടായി. കമ്മ്യൂണിസ്റ്റ് എന്ന പദത്തിന്റെ പരിസരത്തു നിൽക്കാൻ പറ്റുന്ന പണി ആണോ ഇത്. മധുവിനോടുള്ള പകയാണ് ഇപ്പോൾ ആരോപണം ഉന്നയിക്കാൻ കാരണം. വൈരനിര്യാതന ബുദ്ധിയോടെ ആണ് കുഞ്ഞി കൃഷ്ണൻ പ്രവർത്തിക്കുന്നതെന്നും രാഗേഷ് കുറ്റപ്പെടുത്തി.
ധനരാജ് രക്തസാക്ഷി ഫണ്ട് പിരിച്ചത് മൂന്ന് ആവശ്യങ്ങള്‍ക്കായാണ്. കുടുംബത്തെ സഹായിക്കുക, വീട് നിര്‍മിക്കുക, കേസ് നടത്തുക എന്നിവയായിരുന്നു ലക്ഷ്യം. ഒരു വ്യക്തിയും ധനാപഹരണം നടത്തിയിട്ടില്ല. ധനരാജ് ഫണ്ടിന്റെ വരവ് ചിലവ് കണക്ക് അവതരിപ്പിക്കുന്നത് വൈകിയിരുന്നു. അതില്‍ നടപടി എടുത്തതാണെന്നും രാഗേഷ് പറഞ്ഞു.
Kerala
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മകൻ അരുൺ കുമാർ.
'അച്ഛന് പത്മവിഭൂഷൺ അംഗീകാരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് എല്ലാവരും. ഈ വലിയ അംഗീകാരത്തിൽ കുടുംബത്തിന് ഏറെ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ജീവിതം എല്ലാവരും അറിയണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹമെന്നും അരുൺകുമാർ പറഞ്ഞു.
വി.എസിന് ലഭിക്കുന്ന എല്ലാ അംഗീകാരങ്ങളും കുടുംബം സന്തോഷത്തോടെയാണ് കാണുന്നത്. എന്നാൽ പുരസ്കാരം ഔദ്യോഗികമായി സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടിയുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കൊല്ലം: സിപിഎം ജില്ലാ കമ്മിറ്റിയംഗം സുജ ചന്ദ്രബാബു പാർട്ടി വിട്ടത് ആഘോഷമാക്കി സിപിഎം പ്രവർത്തകർ. അഞ്ചലിൽ പായസം വച്ചും മധുരം വിതരണം ചെയ്തുമായിരുന്നു സിപിഎം പ്രവർത്തകരുടെ ആഘോഷം.
പാറവിള വാർഡിലെ പ്രവർത്തകരും അഞ്ചൽ ഏരിയാ നേതൃത്വത്തിലെ ചിലരുമായിരുന്നു ആഘോഷ പരിപാടിയുടെ പ്രധാന സംഘാടകർ. മൂന്നുതവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഒരുതവണ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, എഐഡബ്ലുഎ മുൻ കൊല്ലം ജില്ലാ സെക്രട്ടറി, എഐഡബ്ലുഎ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് സുജ ചന്ദ്രബാബു.
സിപിഎമ്മിന്റെ വർഗീയ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജി എന്നാണ് സുജ ചന്ദ്രബാബു പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ മുസ്ലിം ലീഗിൽ സുജ ചേർന്നു.
Kerala
തിരുവനന്തപുരം: നിരന്തരമായ സംഘടന വിരുദ്ധ പ്രവർത്തനവും വിഭാഗീയതയും നടത്തിയതിന് സംസ്ഥാന കമ്മിറ്റി അംഗത്തെ പുറത്താക്കിയെന്ന് ആർഎസ്പി. ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം ഇല്ലിക്കൽ അഗസ്തിയെ പുറത്താക്കിയെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു ഇദ്ദേഹത്തെ പുറത്താക്കിയതായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ അറിയിച്ചു.
National
നോയിഡ: പുതുവത്സരാഘോഷത്തിനിടെ പാർപ്പിട സമുച്ചയത്തിന്റെ 15-ാം നിലയിൽ നിന്നും വീണ് യുവാവ് മരിച്ചു. ഗ്രേറ്റർ നോയിഡയിലാണ് സംഭവം.
ബിസ്രാഖ് പ്രദേശത്തെ അമ്രപാലി ഗോൾഫ് ഹോംസ് കിംഗ്സ്വുഡ് സൊസൈറ്റിയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ബീഹാറിലെ സിവാൻ ജില്ലയിലെ തർവാര ഗ്രാമവാസിയായ വിനീത്(31) ആണ് മരിച്ചത്.
ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു വിനീത്. സുഹൃത്തുക്കളോടൊപ്പം പുതുവത്സരം ആഘോഷിക്കുന്നതിനിടെ അബദ്ധത്തിൽ വിനീത് താഴേയ്ക്ക് വീഴുകയായിരുന്നു.
സൊസൈറ്റിയിലെ താമസക്കാർ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. സൊസൈറ്റിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും സംഭവസമയത്ത് അവിടെയുണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്യുമെന്നും സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തൃശൂർ കോർപറേഷനിലെ മേയർ പദവി പാർട്ടി നേതൃത്വം പണം വാങ്ങി വിറ്റെന്ന് ആരോപിച്ച കൗൺസിലർ ലാലി ജെയിംസിനെതിരെ നടപടിയെടുത്ത് കോൺഗ്രസ്. പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് ലാലിയെ സസ്പെൻഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടിയെടുത്തത്.
മേയറായി തെരഞ്ഞെടുക്കപ്പെട്ട നിജി ജസ്റ്റിനെതിരെയും പാർട്ടി നേതൃത്വത്തിനുമെതിരെ കടുത്ത ആരോപണങ്ങളാണ് ലാലി ഉന്നയിച്ചത്. മേയർ സ്ഥാനത്തിനായി നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും ലാലി പറഞ്ഞിരുന്നു. ഇന്ന് രാവിലെയാണ് ലാലി ആരോപണങ്ങളുമായി രംഗത്തെത്തിയത്.
"താനൊരു വിധവയാണ്. രണ്ടുദിവസം മുമ്പാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റത്. കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേരാണ് പറഞ്ഞത്. എന്നിട്ടും തഴയുകയായിരുന്നു.'-ലാലി ആരോപിച്ചു.
ഇതിന് പിന്നാലെ തനിക്കെതിരെ നടപടിയെടുത്താൽ പാർട്ടിക്കെതിരെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും ലാലി പറഞ്ഞിരുന്നു. എന്നാൽ മേയർ തെരഞ്ഞെടുപ്പിനെത്തിയ ലാലി നിജിക്ക് അനൂലമായി വോട്ട് ചെയ്തിരുന്നു.
Kerala
കൊച്ചി: ട്വന്റി 20യെ ഇല്ലാതാക്കലാണ് ഇരു മുന്നണികളുടെയും ലക്ഷ്യമെന്ന് പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യമാണെന്നും സാബു പറഞ്ഞു.
"ക്യാമറ നിരീക്ഷണം ഏർപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ല. ക്യാമറ കൈകാര്യം ചെയ്യേണ്ടവർക്കുള്ള പാസുകൾ മുക്കി. കണ്ണൂർ മോഡലിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു.'-സാബു കുറ്റപ്പെടുത്തി.
എൽഡിഎഫും- യുഡിഎഫും സംയുക്തമായാണ് മത്സരിച്ചത്. ശ്രീനിജൻ എംഎൽഎയുടെ നേതൃത്വത്തിലാണ് ഈ സഖ്യം പ്രവർത്തിച്ചത്. കോൺഗ്രസിനെയും സിപിഎമ്മിനെയും നിയന്ത്രിക്കുന്നത് ശ്രീനിജൻ ആണെന്നും സാബു എം. ജേക്കബ് പറഞ്ഞു.
"തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥരെയും പോലീസിനെയും സ്വാധീനിച്ചു. താൻ വോട്ട് ചെയ്യുന്ന ബൂത്തിൽ ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചു. വോട്ട് ചെയ്യുമ്പോൾ പോലും ബഹളം ഉണ്ടാക്കി. പുറത്തേക്ക് വന്നപ്പോൾ ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കി.'-സാബു കൂട്ടിച്ചേർത്തു.
"പാസുമായി വന്ന മാധ്യമങ്ങളെ ആക്രമിച്ചു. മാധ്യമ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ താൻ ആക്രമിക്കപ്പെടുമായിരുന്നു. ആ പദ്ധതി പാളിയത് കൊണ്ടാണ് മാധ്യമ പ്രവർത്തകരെ ആക്രമിച്ചത്. മാധ്യമ പ്രവർത്തകരെ ആക്രമിച്ചത് സിപിഎം, കോൺഗ്രസ് പ്രവർത്തകരാണ്.'-സാബു പറഞ്ഞു.
മറ്റു ബൂത്തുകളിൽ നിന്ന് വരെ ആളുകൾ എത്തിയെന്നും തന്നെ ആക്രമിക്കാനാണ് ഇവർ സംഘടിച്ചെത്തിയതെന്നും സാബു പറഞ്ഞു. ആ ശ്രമം പരാജയപ്പെട്ടതോടെ മാധ്യമങ്ങൾക്കെതിരെ തിരിയുകയായിരുന്നുവെന്നും സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നും സാബു എം. ജേക്കബ് വിമർശിച്ചു.
Kerala
തിരുവനന്തപുരം: ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെയുള്ള പരാതികളിൽ നടപടി കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ചർച്ചകൾ സജീവമായതോടെ രാഹുലിനെ പുറത്താക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇക്കാര്യത്തിൽ പാർട്ടി തീരുമാനം ഉടനുണ്ടായേക്കും.
കെപിസിസി ശിപാര്‍ശയോടെ എഐസിസി ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് വിവരം. പുതിയ പരാതികൾ വരുന്നത് നേതൃത്വം ഗൗരവമായാണ് കാണുന്നത്. രാഹുലിനെതിരെ ലഭിച്ച പരാതികളിൽ ഹൈക്കമാന്‍ഡ് വിവരങ്ങള്‍ തേടിയിരുന്നു. കടുത്ത നടപടിയിൽ കെപിസിസിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സന്ദേശമാണ് ഹൈക്കമാന്‍ഡ് നൽകിയത്. നിലവിൽ രാഹുൽ സസ്പെൻഷനിലാണ്. അതേസമയം, എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടാൻ പരിമിതിയുണ്ട്.
രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി നല്കിയ പുതിയ പരാതിയില്‍ കേസെടുക്കുന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടായേക്കും. അതേസമയം ആറാം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കണോ എന്നതിലാകും ആദ്യവാദം. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം.
Kerala
കോഴിക്കോട്: ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. രക്തസാക്ഷി പരിവേഷത്തോടെ പാർട്ടി വിടാമെന്ന് ശശി തരൂർ കരുതേണ്ടെന്നും തരൂരിന് എല്ലാ പരിഗണനയും പാർട്ടി നൽകിയിട്ടുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു.
ശശി തരൂരിന് വേണമെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്തുപോകാം. കോൺഗ്രസിന് ഗുണം ചെയ്യുന്ന പ്രവർത്തനമല്ല തരൂർ നടത്തുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ട്രംപ് മംദാനി സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ പങ്ക് വച്ച് കോണ്‍ഗ്രസിനെതിരെ വീണ്ടും ഒളിയമ്പെയ്തിരുന്നു ശശി തരൂർ. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളികള്‍ സഹകരിച്ച് മുന്പോട്ട് പോകണമെന്നും, രാജ്യ താല്പര്യത്തിനായി ഒന്നിച്ച് നില്‍ക്കണമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യയിലും അത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടത്. തന്നാലാകും വിധം പ്രവര്‍ത്തിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.