മുംബൈ: അസംസ്കൃത എണ്ണയുമായി ഇറാനിൽ നിന്ന് രണ്ട് ടാങ്കറുകൾ ഇന്ത്യൻ തീരത്തേക്ക്. ഒഡിഷയിലും ഗുജറാത്തിലുമാണ് ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണയുമായി രണ്ട് ടാങ്കറുകളെത്തിയത്. ഏഴ് വർഷത്തിന് ശേഷമാണ് ഇറാനിൽ നിന്ന് അസംസ്കൃത എണ്ണ ഇന്ത്യയിലെത്തുന്നത്.
ഒഡിഷയിലെ പാരദീപ് തുറമുഖത്ത് 20 ലക്ഷം വീപ്പ എണ്ണയുമായി ജയ എന്ന ടാങ്കറും, ഗുജറാത്തിലെ സിക്ക തുറമുഖത്ത് ഫെലിസിറ്റി എന്ന ടാങ്കറുമാണെത്തിയത്. 2019ൽ അമേരിക്ക ഇറാനിയൻ എണ്ണയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഇതിനുശേഷം ആദ്യമായാണ് ഇന്ത്യൻ കമ്പനികൾ ഇറാനിയൻ എണ്ണ വാങ്ങുന്നത്. ഇറാനെതിരായ ആക്രമണം ആരംഭിച്ചതിന് പിന്നാലെയുണ്ടായ ആഗോള എണ്ണ പ്രതിസന്ധിയെ തുടർന്ന് അമേരിക്ക ഉപരോധത്തിൽ ഒരു മാസത്തെ ഇളവ് അനുവദിച്ചിരുന്നു.
ഇതേ തുടർന്നാണ് ഇന്ത്യ ഇറാനിയൻ എണ്ണ വാങ്ങിയത്. ഗുജറാത്തിലെ സിക്ക തുറമുഖത്തെത്തിയ ഫെലിസിറ്റി ടാങ്കർ റിലയൻസിന് വേണ്ടിയാണ് എണ്ണയെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.