Kerala
തിരുവനന്തപുരം: പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച എംബിബിഎസ് വിദ്യാര്‍ഥി പിടിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഏബലാണ് പോലീസിന്റെ പിടിയിലായത്
പതിമൂന്നോളം സീനിയര്‍ വിദ്യാര്‍ഥികളുടെ ചിത്രങ്ങളാണ് ഏബല്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കേസില്‍ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. വയനാട് കാക്കവയല്‍ സ്വദേശിയാണ് ഏബല്‍.
പതിനേഴോളം പെണ്‍കുട്ടികളുടെ ചിത്രം പ്രതി സോഷ്യല്‍ മീഡിയയില്‍ നിന്നും എടുക്കുകയും അത് മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥികളുടെ മോര്‍ഫ് ചെയ്ത ചില ദൃശ്യങ്ങള്‍ മറ്റുള്ള വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കൂടുതല്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയത്.
പരാതിയുമായി പെണ്‍കുട്ടികള്‍ മെഡിക്കല്‍ കോളജ് പോലീസിനെ സമീപിച്ചെങ്കിലും നിസാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത് എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. കൂടുതല്‍ പരാതി ലഭിച്ചിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു.
ഇപ്പോൾ കുറച്ച് പേരുടെ മൊഴി എടുക്കാമെന്ന് പോലീസ് പറഞ്ഞെങ്കിലും മുഴുവൻ പരാതിക്കാരുടെയും മൊഴി എടുക്കാതെ പ്രതിഷേധത്തിൽ നിന്നും പിന്മാറാൻ വിദ്യാർഥികൾ തയ്യാറായില്ല. ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നു എന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
എസ്എഫ്ഐ ഉള്‍പ്പടെ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ വാക്കേറ്റവും ഉന്തുതള്ളുമുണ്ടായി. എസ്എഫ്ഐ പ്രവര്‍ത്തകരും പോലീസും നേര്‍ക്കുനേര്‍ എത്തുന്ന ഘട്ടവുമുണ്ടായി.
ഇത്തരത്തില്‍ ഗുരുതരമായ പരാതി ഉയര്‍ന്നിട്ടും വേണ്ട ഗൗരവത്തോടെ പോലീസ് വിഷയം കൈകാര്യം ചെയ്യുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. പരാതികള്‍ക്ക് ഒരോന്നിനും ഒരോ എഫ്ഐആര്‍ ഇട്ട് തന്നെ അന്വേഷണം നടത്തണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പ്രതിഷേധം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
District News
കോട്ടയം: അമ്മയുടെയും മകളുടെയും ചിത്രങ്ങൾ ശ്രദ്ധയാകർഷിക്കുന്നു. കോട്ടയം നഗരത്തിൽനിന്നുള്ള ലേഖയും മകള്‍ ചിത്രലേഖയുമാണ് വര്‍ണവിസ്മയം ചാലിച്ച നാലു ചിത്രങ്ങളുമായി പ്രദര്‍ശനത്തില്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കോട്ടയം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന 21 ചിത്രകാരികളുടെ സൃഷ്ടികളുടെ പ്രദര്‍ശനത്തിലാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്ത്രീയുടെ ആത്മസൗന്ദര്യവും വന്യതയും വശ്യതയുമെല്ലാം ഇഴചേരുന്ന 40ലധികം ചിത്രങ്ങളില്‍ ഏറെ ശ്രദ്ധേയം അമ്മയും മകളും ഒരുമിച്ച് പ്രദര്‍ശിപ്പിച്ച സ്ത്രീത്വത്തിന്റെ മഹനീയത വിളിച്ചോതുന്ന ചിത്രങ്ങളാണ്. ജീവിതത്തിലേക്ക് കടക്കും മുമ്പേ യുദ്ധമുഖത്ത് മരണപ്പെട്ട പെണ്കുഞ്ഞുങ്ങളും സ്ത്രീകള്‍ ലോകത്തിന്റെ പ്രകാശമാണ് എന്ന ചിന്ത പകർന്ന് വിളക്കുമെടുത്ത് നില്ക്കുന്ന സ്ത്രീയുമാണ് ലേഖ വിഷയമാക്കിയത്. സ്ത്രീ ജീവിതങ്ങളെ ഉയരെ പറക്കാന്‍ പ്രേരിപ്പിക്കുന്ന പട്ടം പറത്തുന്ന സ്ത്രീകളും സ്വാതന്ത്ര്യം വിളിച്ചോതുന്ന പെണ്‍ജീവിതങ്ങളെ തുറന്നുകാട്ടുന്നതും എന്നാല്‍ അടിവേരുകളാല്‍ നിയന്ത്രിക്കപ്പെടുന്നതുമായ സ്ത്രീയുമാണ് മകള്‍ ചിത്രീകരിച്ചത്.
കുടുംബത്തിലെ നാലുപേരും ചിത്രകാരന്മാരാണ്. മൂന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂളില്‍ ആര്‍ട്ട് അധ്യാപികയാണ് ലേഖ. മകള്‍ ചിത്രലേഖ മാന്നാനം കെഇ കോളജില്‍ ബിഎ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിയും. കാര്‍മലഗിരി സിഎംഐ പബ്ലിക് സ്കൂള്‍ ആര്‍ട്ട് അധ്യാപകനായ ലേഖയുടെ ഭര്‍ത്താവ് ടി.എസ്. മനോജും ചിത്രകാരനാണ്. ദന്പതികളുടെ മകന് ദേവദര്ഷും ചിത്രകാരനാണ്. അമ്മയും മകളും ചിത്രപ്രദര്‍ശന വേദിയില്‍ ഒരുമിച്ചെത്തുന്നത് ഇതു രണ്ടാംതവണയാണ്.
Kerala
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല മാളികപ്പുറം ക്ഷേത്രത്തിൽ തൊഴുതു നിൽക്കുന്ന ചിത്രം രാഷ്ട്രപതിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. ചിത്രത്തിൽ ശ്രീകോവിലിന്റെ ഉൾവശവും വിഗ്രഹവും ദൃശ്യമായിരുന്നു.
വിഗ്രഹത്തിന്റെ ചിത്രം എടുത്തതിലും വിമർശനം ഉയർന്നിരുന്നു. തുടർന്ന് ചിത്രത്തിനു താഴെ ഒട്ടേറെ വിമർശന കമന്റുകൾ വന്നതോടെ ചിത്രം ഔദ്യോഗിക പേജിൽ നിന്ന് പിൻവലിക്കുകയായിരുന്നു. ശബരിമല ദർശനം പൂർത്തിയാക്കി വൈകുന്നേരത്തോടെ രാഷ്ട്രപതി തിരുവനന്തപുരത്ത് മടങ്ങിയെത്തി.
നാലു ദിവസത്തെ സന്ദർശനത്തിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. വെള്ളിയാഴ്ച രാവിലെ 10.30ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ അനാഛാദനം ചെയ്തശേഷം ഉച്ചയ്ക്ക് 12.50ന് ഹെലികോപ്റ്ററിൽ ശിവഗിരിയിലെത്തി ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
വൈകുന്നേരം 4.15നു പാലാ സെന്റ് തോമസ് കോളജിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തശേഷം കുമരകത്തെ റിസോർട്ടിൽ താമസിക്കും.