കോട്ടയം: അമ്മയുടെയും മകളുടെയും ചിത്രങ്ങൾ ശ്രദ്ധയാകർഷിക്കുന്നു. കോട്ടയം നഗരത്തിൽനിന്നുള്ള ലേഖയും മകള്‍ ചിത്രലേഖയുമാണ് വര്‍ണവിസ്മയം ചാലിച്ച നാലു ചിത്രങ്ങളുമായി പ്രദര്‍ശനത്തില്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കോട്ടയം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന 21 ചിത്രകാരികളുടെ സൃഷ്ടികളുടെ പ്രദര്‍ശനത്തിലാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്ത്രീയുടെ ആത്മസൗന്ദര്യവും വന്യതയും വശ്യതയുമെല്ലാം ഇഴചേരുന്ന 40ലധികം ചിത്രങ്ങളില്‍ ഏറെ ശ്രദ്ധേയം അമ്മയും മകളും ഒരുമിച്ച് പ്രദര്‍ശിപ്പിച്ച സ്ത്രീത്വത്തിന്റെ മഹനീയത വിളിച്ചോതുന്ന ചിത്രങ്ങളാണ്. ജീവിതത്തിലേക്ക് കടക്കും മുമ്പേ യുദ്ധമുഖത്ത് മരണപ്പെട്ട പെണ്കുഞ്ഞുങ്ങളും സ്ത്രീകള്‍ ലോകത്തിന്റെ പ്രകാശമാണ് എന്ന ചിന്ത പകർന്ന് വിളക്കുമെടുത്ത് നില്ക്കുന്ന സ്ത്രീയുമാണ് ലേഖ വിഷയമാക്കിയത്. സ്ത്രീ ജീവിതങ്ങളെ ഉയരെ പറക്കാന്‍ പ്രേരിപ്പിക്കുന്ന പട്ടം പറത്തുന്ന സ്ത്രീകളും സ്വാതന്ത്ര്യം വിളിച്ചോതുന്ന പെണ്‍ജീവിതങ്ങളെ തുറന്നുകാട്ടുന്നതും എന്നാല്‍ അടിവേരുകളാല്‍ നിയന്ത്രിക്കപ്പെടുന്നതുമായ സ്ത്രീയുമാണ് മകള്‍ ചിത്രീകരിച്ചത്.
കുടുംബത്തിലെ നാലുപേരും ചിത്രകാരന്മാരാണ്. മൂന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂളില്‍ ആര്‍ട്ട് അധ്യാപികയാണ് ലേഖ. മകള്‍ ചിത്രലേഖ മാന്നാനം കെഇ കോളജില്‍ ബിഎ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിയും. കാര്‍മലഗിരി സിഎംഐ പബ്ലിക് സ്കൂള്‍ ആര്‍ട്ട് അധ്യാപകനായ ലേഖയുടെ ഭര്‍ത്താവ് ടി.എസ്. മനോജും ചിത്രകാരനാണ്. ദന്പതികളുടെ മകന് ദേവദര്ഷും ചിത്രകാരനാണ്. അമ്മയും മകളും ചിത്രപ്രദര്‍ശന വേദിയില്‍ ഒരുമിച്ചെത്തുന്നത് ഇതു രണ്ടാംതവണയാണ്.
Tags : nattu vishesham Attention-grabbing pictures mother and daughter