Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plantation

അങ്കണവാടിക്ക് നേരെ വീണ്ടും കാട്ടാന ആക്രമണം; കാലടി പ്ലാന്‍റേഷനില്‍ ഭീതിയില്‍ നാട്ടുകാര്‍

കൊച്ചി: കാലടി പ്ലാന്‍റേഷന്‍ അതിരപ്പിള്ളി എസ്റ്റേറ്റ് 17-ാം ബ്ലോക്കിലെ അങ്കണവാടിക്ക് നേരെ വീണ്ടും കാട്ടാന ആക്രമണം. അങ്കണവാടി കെട്ടിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന സോളാര്‍ വൈദ്യുതി വേലി തകര്‍ത്ത് അകത്തു കയറിയ ആനക്കൂട്ടം കെട്ടിടത്തിന് മുകളിലേക്ക് പന മറിച്ചിട്ടു. നിലവില്‍ കാട്ടാനകള്‍ അങ്കണവാടിക്ക് സമീപം തന്നെയാണ് തമ്പടിച്ചിരിക്കുന്നത്.

മുമ്പും ഈ അങ്കണവാടി കെട്ടിടം കാട്ടാന ഭാഗികമായി തകര്‍ത്തിരുന്നു. തുടര്‍ന്ന് അയ്യമ്പുഴ പഞ്ചായത്തും പ്ലാന്‍റേഷന്‍ കോര്‍പറേഷനും സംയുക്തമായി മുന്‍കൈയെടുത്താണ് കെട്ടിടം പുതുക്കിപ്പണിയുകയും സുരക്ഷയ്ക്കായി വൈദ്യുതി വേലി നിര്‍മിക്കുകയും ചെയ്തത്. എന്നാല്‍ ഈ സുരക്ഷാ സംവിധാനങ്ങളെല്ലാം തകര്‍ത്താണ് വീണ്ടും ആനക്കൂട്ടം വീണ്ടും എത്തിയത്.

അതിരപ്പിള്ളി ഭാഗത്തു നിന്നും സ്പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി പ്ലാന്‍റേഷന്‍ ഭാഗത്തേക്ക് തുരത്തുന്ന കാട്ടാനകള്‍ പ്ലാന്‍റേഷന്‍ മേഖലയില്‍ കനത്ത നാശനഷ്ടമാണ് നിലവില്‍ ഉണ്ടാക്കുന്നത്. പകല്‍ പോലും തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.

ബുധനാഴ്ച ഇന്നലെ അക്കരെ നിന്നും തുരത്തിയ കാട്ടനാക്കൂട്ടം പ്ലാന്‍റേഷനില്‍ ജോലിയെടുയത്തിരുന്ന തൊഴിലാളികളെ ഓടിക്കുന്ന സാഹചര്യമുണ്ടായി. പലപ്പോഴും ഭാഗ്യം കൊണ്ടു മാത്രമാണ് തൊഴിലാളികള്‍ രക്ഷപ്പെടുന്നത്

അതിരപ്പിള്ളിയില്‍ നിന്നും ഓടിക്കുന്ന ആനകളെ പ്ലാന്‍റേഷന്‍ മേഖലയില്‍ നിന്നും വനത്തിലേക്ക് കയറ്റിവിടാന്‍ ആറംഗ സംഘം മാത്രമാണുള്ളത്. മൂന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥരും മൂന്നു ആര്‍ആര്‍ടി വാച്ചര്‍മാരും അടങ്ങുന്ന ഈ ചെറിയ സംഘത്തിന് ഇത്രയും വലിയ പ്രദേശത്തെ ആനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാത്തത് ഏഴാറ്റുമുഖം റേഞ്ചിലെ വനപാലകരെ വലിയ പ്രതിസന്ധിയിലാക്കുന്നു.

പ്ലാന്‍റേഷന്‍ മേഖലയില്‍ തമ്പടിക്കുന്ന കാട്ടാനകളെ കാണാന്‍ എത്തുന്ന വിനോദസഞ്ചാരികളും ഉദ്യോഗസ്ഥര്‍ക്ക് തലവേദനയാകുന്നുണ്ട്. ആനകളെ പ്രകോപിപ്പിക്കുന്നതും അപകടകരമായ രീതിയില്‍ അടുത്തേക്ക് ചെല്ലുന്നതും പതിവാണ്. ഇത് തടയാനെത്തുന്ന വനപാലകര്‍ക്ക് നേരെ ടൂറിസ്റ്റുകള്‍ തട്ടിക്കയറുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.

മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ശാശ്വതമായ പരിഹാരവും കൂടുതല്‍ വനപാലകരുടെ സേവനവും അടിയന്തരമായി ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Latest News

Corehub Up