പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: പ്ലാന്റേഷന് ഫെഡറേഷന് യോഗം ഒക്ടോബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് മേപ്പാടിയില്‍ ചേരുമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, നേതാക്കളായ മനോജ് എടാനി, ബി. സുരേഷ്ബാബു, ഗിരീഷ് കല്‍പ്പറ്റ എന്നിവര്‍ അറിയിച്ചു. ഫെഡറേഷന് പ്രസിഡന്റ് പി.ജെ. ജോയി ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുക്കുന്ന യോഗം തോട്ടം മേഖലയിലെ തൊഴിലാളി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും.
വാസയോഗ്യമായ പാര്‍പ്പിടത്തിന്റെ അഭാവം, വന്യമൃഗ ആക്രമണം, ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത, ആനുകൂല്യ നിഷേധം ഉള്‍പ്പെടെ വിഷയങ്ങളുടെ പരിഹാരത്തിന് ഉതകുന്ന നിര്‍ദേശങ്ങള്‍ തയാറാക്കും. ഇത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കും. തോട്ടം തൊഴിലാളി ഭവന പദ്ധതി പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ രൂപം നല്കിയ പ്ലാന്റേഷന് ഡയറക്ടറേറ്റ് അവിടത്തന്നെ നില്‍ക്കുകയാണ്. തോട്ടം മേഖലയില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പരിഹരിക്കേണ്ടതാണ് പല പ്രശ്നങ്ങളും.
യുഡിഎഫ് ഭരണത്തില്‍ ഐഎന്‍ടിയുസിക്ക് വലിയ പ്രതീക്ഷയാണുള്ളത്. ലേബര്‍ കോഡിന് ചട്ടങ്ങള്‍ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയും 29ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. നിയമത്തിനകത്ത് നിന്നുകൊണ്ട് എത്രത്തോളം തൊഴിലാളി സൗഹൃദമായി ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കഴിയുമെന്നാണ് മുഖ്യമന്ത്രിയും തൊഴില്‍ മന്ത്രിയും ചര്‍ച്ച ചെയ്യുകയെന്നാണ് അറിയുന്നത്. തൊഴിലാളി വിരുദ്ധമാണ് ലേബര്‍ കോഡുകള്‍. തൊഴില്‍ സ്ഥിരതയും സുരക്ഷയും പഴങ്കഥയായി മാറുകയാണെന്നും ഐഎന്‍ടിയുസി നേതാക്കള്‍ പറഞ്ഞു.