കണ്ണാടിത്തോട്ടിലെ ശ്യാമളയുടെ കൃഷിയിടത്തിലെ വാഴയും കമുകും കാട്ടാന നശിപ്പിച്ച നിലയിൽ.
ബന്തടുക്ക: അതിർത്തിഗ്രാമമായ കണ്ണാടിത്തോട്ടിൽ വീണ്ടും ആനയിറങ്ങി നാശം വിതച്ചു. കണ്ണാടിത്തോട്ടിലെ ശ്യാമളാ ചക്രപാണി, കാർത്ത്യായനി മോഹനൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആന വ്യാപകനാശം വിതച്ചത്. തെങ്ങ്, വാഴ, കമുക്, പ്ലാവ്, റബർ എന്നിവ പരക്കേ നശിപ്പിച്ചിട്ടുണ്ട്. ചൂളംകല്ല് ഉന്നതിക്കു സമീപമാണ് ഇപ്പോൾ ആന തമ്പടിച്ചിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു.
കർണാടക വനാതിർത്തിയോടു ചേർന്നുകിടക്കുന്ന ഈ പ്രദേശങങളിൽ ആനയിറങ്ങുന്നതു തടയാനുള്ള സംവിധാനങ്ങളൊന്നും ഇപ്പോഴില്ല. കർണാടക വനംവകുപ്പ് വർഷങ്ങൾക്കുമുമ്പ് വനാതിർത്തിയിൽ കിടങ്ങ് കുഴിച്ചിരുന്നെങ്കിലും കാലക്രമത്തിൽ മണ്ണുനിറഞ്ഞ് അത് ഏറെക്കുറെ നികന്നുപോയ നിലയിലാണ്.
ഇതിലൂടെ ആനകൾക്ക് അനായാസം കയറിവരാൻ കഴിയുന്നു. വനത്തിൽ നിന്ന് ഒഴുകിയെത്തുന്ന നീർച്ചാലുകളിലൂടെയും ആനകൾ ഇറങ്ങിവരുന്നുണ്ട്. ചെറുതും വലുതുമായ മൂന്ന് ആനകളാണ് ഇപ്പോൾ പ്രദേശത്തുള്ളതെന്ന് കർണാടക വനംവകുപ്പ് അധികൃതർ പറയുന്നു.
ബന്തടുക്കയിൽ നിന്ന് കർണാടകയിലെ സുള്ള്യയിലേക്കുള്ള അന്തർസംസ്ഥാനപാതയും ഇതുവഴിയാണ് കടന്നുപോകുന്നത്. രാത്രികാലങ്ങളിൽ ഇതുവഴി പോകുന്ന വാഹനയാത്രക്കാർ ശ്രദ്ധിക്കണമെന്നും ഈ ഭാഗത്ത് വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കണമെന്നും കേരള-കർണാടക വനംവകുപ്പ് അധികൃതർ നിർദേശിച്ചിട്ടുണ്ട്.