47-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം കണ്ണൂർ തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ കഥാകൃത്ത് ടി. പദ്മനാഭൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.
തോട്ടട: 47-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് കണ്ണൂർ തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലോത്സവം കഥാകൃത്ത് ടി. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.
സ്കൂളിൽനിന്ന് കുട്ടികൾക്ക് ലഭിക്കുന്നത് അവരുടെ വിദ്യാഭ്യാസം മാത്രമല്ല, സംസ്കാരവും കലാപരമായ കഴിവുകളും കൂടിയാണെന്നും ആ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇതുപോലുള്ള കലോത്സവങ്ങൾ എന്നും മുതൽക്കൂട്ടാകണമെന്നും ഉദ്ഘാടനപ്രസംഗത്തിൽ ടി. പദ്മനാഭൻ പറഞ്ഞു. സംഘാടകസമിതി ചെയർപേഴ്സൺ കൂടിയായ ടി.ഒ. മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
രാമചന്ദ്രൻ കടന്നപ്പള്ളി, സോന ജയറാം, ലിഷ ദീപക്, പി. മഞ്ജുഷ, കെ.പി. ശ്രുതി, ടി.ടി. മഞ്ജുഷ, ഡോ. ആശാ സുകുമാരൻ, ഐ.എൽ. ഷെറിൻ, വി. ദീപ, എം. ദിലീപ്, എം.കെ. മുരളി, രാഗേഷ് ചന്ദ്രമ്പേത്ത്, കെ.പി. ജ്യോതിദാസൻ, മുരളി തൈക്കണ്ടി, വി. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.
മുന്നിൽ തൃശൂരും കൊടുങ്ങല്ലൂരും
കലോത്സവത്തിന് തുടക്കമായപ്പോൾ മിന്നിത്തുടങ്ങിയത് ഗവ. ടെക്നിക്കൽ ഹൈസ്കൂൾ തൃശൂരും ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കൊടുങ്ങല്ലൂരും. ഇതിൽ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ തൃശൂർ 77 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കൊടുങ്ങല്ലൂർ 75 പോയിന്റുമാണ് നേടിയിട്ടുള്ളത്. 73 പോയിന്റുമായി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കൊക്കൂര് മൂന്നാമതും നിലയുറപ്പിച്ചിട്ടുണ്ട്.
"ടെക്നിക്കലി' പെർഫെക്ട്...
കലോത്സവ വെബ്സൈറ്റിലടക്കം വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കലോത്സവവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഒറ്റ ക്ലിക്കിൽ അറിയാനാകുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. സംസ്ഥാനതലത്തിൽതന്നെ ആദ്യമായാണ് ഇങ്ങനെയൊരു മാറ്റം.
പങ്കെടുക്കുന്നത് 1144 മത്സരാർഥികൾ
പതിനൊന്ന് വേദികളിലായി ആകെ 52 വിഭാഗങ്ങളിൽ 44 വിദ്യാലയങ്ങളിൽനിന്നായി 1144 വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഇതിൽ 873 ആൺകുട്ടികളും 271 പെൺകുട്ടികളുമാണുള്ളത്.
Tags : State Technical School Arts Festival Nattuvishesham DistrictNews