പ്രതീകാത്മക ചിത്രം
ഇടുക്കി: പീരുമേട് താലൂക്കില്‍ പോബ്സ് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഏഴ് തോട്ടങ്ങളിലെ തൊഴില്പ്രശ്നങ്ങള്ക്കു പരിഹാരമായി. സിറിയക് തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ കോട്ടയം ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സിന്റെ ഓഫിസില്‍ ചേര്‍ന്ന ചര്‍ച്ചയിലാണ് തര്‍ക്കം പരിഹരിച്ചത്.
ഇതോടെ തോട്ടങ്ങളില്‍ നിലനിന്നിരുന്ന ലോക്കൗട്ട് പിന്‍വലിക്കാനും ഡിസംബര്‍ മൂന്നു മുതല്‍ തോട്ടങ്ങള്‍ പൂര്‍ണതോതില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനും തീരുമാനമായി. തൊഴിലാളികള്‍ക്കു നല്‍കാനുള്ള 2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ കുടിശിക വേതനം ഡിസംബര്‍ രണ്ടിന് മുമ്പായി വിതരണം ചെയ്യും. കുടിശിക നല്‍കുന്നതിന്റെ അടുത്ത ദിവസം മുതല്‍ തോട്ടങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിക്കും.
തോട്ടം തുറക്കുന്ന തീയതി മുതല്‍ വേതനം കൃത്യമായി നല്‍കുമെന്നും കുടിശിക അതത് മാസത്തെ വേതനത്തോടൊപ്പം വിതരണം ചെയ്യുമെന്നും മാനേജ്മെന്റ് ഉറപ്പു നല്കി. ഈ വര്‍ഷത്തെ ബോണസ് ക്രിസ്മസിനു മുമ്പായി നല്‍കാനും തീരുമാനമായി. ബാക്കിയുള്ള കുടിശിക വേതനം സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ 2027 ഫെബ്രുവരി ആദ്യവാരം നടക്കും.
ഫാക്ടറിയിലെ ആഴ്ച അവധി തിങ്കളാഴ്ചയാക്കാനും ഞായറാഴ്ചകളില്‍ ഫാക്ടറി പ്രവര്‍ത്തിപ്പിക്കാനും ധാരണയായി. തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടാത്ത രീതിയില്‍ തോട്ടത്തില്‍ യന്ത്രവത്കരണം നടപ്പാക്കുന്നതിനും അതിനുള്ള ഇന്‍സെന്റീവ് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനും ഇരുകക്ഷികളും സമ്മതിച്ചു. അനധികൃത ലയം കൈയേറ്റം, ഹാജരില്ലായ്മ എന്നിവയില്‍ മാനേജ്മെന്റിനു നിയമപരമായ നടപടികള്‍ സ്വീകരിക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.
എറണാകുളം റീജണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ ഡി. സുരേഷ് കുമാര്‍, കോട്ടയം ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് പി.ആര്. നശങ്കര്, ഡി. ശിവപ്രസാദ്, പ്രദീപ് കുമാര്‍, സുരേഷ് പി. വര്‍ഗീസ്, ഷോണ്‍ ഏബ്രഹാം, കെ.ഡി. ജോസഫ് ട്രേഡ് യൂണിയന് നേതാക്കളായ ഷാജി പൈനാടത്ത്, പി.കെ. രാജന്, എസ്. ബാബു, ആര്. തിലകന്, എം. തങ്കദുരൈ, കെ.എം. മുഹമ്മദ് അലി, എ.എം. ചന്ദ്രന്, ആര്. വിനോദ്, പി. ഭുവനേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Resolution reached in Peermade nattu vishesham local news Resolution reached in Peermade plantation