Kerala
കൊച്ചി: സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്നുതന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി രഞ്ജിത്തിന്റെ അഭിഭാഷകൻ. മൂന്ന് ദിവസം കസ്റ്റഡിയിൽ ലഭിച്ച രഞ്ജിത്തിനെ രണ്ട് ദിവസത്തിനുള്ളിൽതന്നെ തിരികെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്തും രഞ്ജിത്തിന്റെ ആരോഗ്യനില പരിഗണിച്ചും ജാമ്യം നൽകണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.
ഇന്നലെ രഞ്ജിത്തുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കുറ്റകൃത്യം നടന്ന ഫോര്‍ട്ടു കൊച്ചിയിലെ സിനിമാ സെറ്റിലും നടിയുടെ മൊഴിയില്‍ പറഞ്ഞ കാരവാനിലുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. മൂന്നു ദിവസമായി ജയിലില്‍ തുടരുന്ന രഞ്ജിത്തിന്റെ റിമാന്‍ഡ് അടുത്ത ആഴ്ച വരെ നീട്ടി. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് രഞ്ജിത്ത് പോലീസിന് മുന്നില്‍ ആവര്‍ത്തിച്ചു.
സിനിമാ സെറ്റില്‍ സംവിധായകന് രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്ന യുവനടിയുടെ പരാതിയിലെടുത്ത കേസിലാണ് രഞ്ജിത്തിനെ പോലീസിന് കസ്റ്റഡിയില്‍ കിട്ടിയത്.
ആസ്പിന്‍ വാളിലെ ലൊക്കേഷനില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കാരവാനിനുള്ളില്‍ വച്ച് തന്നോട് മോശമായി പെരുമാറി എന്നാണ് നടിയുടെ മൊഴി. ഈ കാരവാന് പോലീസ് കണ്ടെടുത്ത് എആര്‍ ക്യാന്പില്‍ എത്തിച്ചിരുന്നു. അതിനുള്ളില്‍ എത്തിച്ചും തെളിവെടുത്തു.
Kerala
തിരുവനന്തപുരം: ബംഗളൂരു സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേട്ട് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. പരാതിക്കാരി നെടുമങ്ങാട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിനു പിന്നാലെ ഫെബ്രുവരി 17ന് രാഹുല്‍ അവരെ വാട്സ്ആപ്പില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചത്.
ജില്ലാ കോടതിയുടെ ജാമ്യവ്യവസ്ഥ രാഹുല്‍ ലംഘിച്ചുവെന്നും പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷന് വാദം. അതേസമയം പോലീസിന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും പരാതിക്കാരിയെ ബന്ധപ്പെടാന്‍ രാഹുല്‍ ശ്രമിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തത്.
മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ നാലാം പ്രതിയും രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്. പാലക്കാട് സ്വദേശിയായ വ്ലോഗറാണ് കേസിലെ ആറാം പ്രതി.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. സൈബർ അധിക്ഷേപ പരാതിയിൽ ജയിലിൽ കഴിഞ്ഞിരുന്ന രാഹുൽ ഈശ്വറിന് തിങ്കളാഴ്ച ജാമ്യം ലഭിച്ചിരുന്നു. പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യൽ മീഡിയവഴി പങ്കുവെച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ സന്ദീപ് വാര്യർ പറയുന്നത്.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നല്കിയ യുവതിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ നല്കിയ ജാമ്യഹര്‍ജിയിൽ ഇന്നും വാദം തുടരും. ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി ഇന്നും വാദം കേൾക്കുന്നത്.
കേസിലെ എഫ്ഐആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരെ അവഹേളിക്കുന്ന ഒന്നും ഇതില്‍ ഇല്ലെന്നും രാഹുൽ ഈശ്വറിന്റെ അഭിഭാഷകന് വാദിച്ചു. രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു.
ശാരീരിക അസ്വസ്ഥകളെ തുടർന്ന് രാഹുലിനെ വെള്ളിയാഴ്ച വൈകുന്നേരം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Kerala
തിരുവനന്തപുരം: പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ടമുറിയിൽ വേണമെന്ന പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലാകും ആദ്യവാദം.
തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുലിന്റെ വാദം. പീഡനാരോപണവും ഗർഭഛിദ്രം നടത്തിയെന്ന പരാതിയും മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ നിരസിച്ചിട്ടുണ്ട്. ഇതിനായി ഡിജിറ്റൽ തെളിവുകളും രാഹുൽ ഹാജരാക്കിയിരുന്നു.
എന്നാൽ രാഹുലിനെതിരെ തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പാലക്കാടും തിരുവനന്തപുരത്തും വിശദ അന്വേഷണം പ്രത്യേക സംഘം നടത്തിയിരുന്നു. ഒളിവിലുള്ള രാഹുലിനായി തമിഴ്നാട്ടിലും കര്‍ണാടകയിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Kerala
തിരുവനന്തപുരം: ബലാത്സംഗ കേസിൽ തന്റെ മുൻകൂര്‍ ജാമ്യഹർജി അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്കി രാഹുൽ മാങ്കൂട്ടത്തിൽ. ബിഎൻസ് 366 വകുപ്പ് പ്രകാരമാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നല്‍കിയത്.
അതേസമയം, അടച്ചിട്ട കോടതിയിൽ കേസ് പരിഗണിക്കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത്.
ഈ വകുപ്പ് പ്രകാരം കോടതിക്ക് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് പൂർണ വിലക്ക് ഏർപ്പെടുത്താൻ കഴിയും. പ്രതിയുടെയോ ഇരയുടെയോ പേര് ഒഴിവാക്കി വാർത്ത കൊടുക്കാൻ കോടതിക്ക് അനുമതി നൽകാം.
അതേസമയം, ആറാംദിനവും ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിനായില്ല. തിങ്കളാഴ്ച തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും തെരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. രാഹുൽ പാലക്കാട്ടുനിന്ന് മുങ്ങിയ ചുവന്ന കാർ ഒരു ചലച്ചിത്ര താരത്തിന്റേതെന്ന സംശയത്തിൽ കാറിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സംശയത്തിന്റെ നിഴലിൽനിൽക്കുന്ന യുവനടിയെ ഉടൻ ചോദ്യം ചെയ്തേക്കുമെന്നും സൂചനകളുണ്ട്.
കാറിന്റെ ഉടമസ്ഥ യുവനടിയാണെങ്കിലും രാഹുലിനെ കടത്തിയത് ഒരു കോൺഗ്രസ് നേതാവാണെന്നും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ ജില്ലയിലെത്തിയ സംഘം രാഹുലിന്റെ ഫ്ളാറ്റും എംഎൽഎ ഓഫീസും കേന്ദ്രീകരിച്ച് നിരവധി തവണ പരിശോധന നടത്തി.
കണ്ണാടിയിൽ തെരഞ്ഞടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് രാഹുൽ ഒളിവിൽ പോയത്. സിസി ടിവി കാമറകളിൽ പതിയാതെ കണ്ണാടിയിലെ ഫ്ളാറ്റിലെത്തി പിന്നീട് ചുവന്ന കാറിൽ ജില്ല വിട്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്.
അതേസമയം തെറ്റിദ്ധരിപ്പിക്കാനും തെളിവ് നശിപ്പിക്കാനും രാഹുലിന്റെ ഭാഗത്ത് നിന്ന് നീക്കം നടക്കുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ സിസിടിവി ദൃശ്യങ്ങൾ ഡിവിആറിൽ നിന്ന് നശിപ്പിച്ച നിലയിലാണ്. അപ്പാർട്ട്മെന്റ് കെയർ ടേക്കറെ സ്വാധീനിച്ച് ഡിലീറ്റ് ചെയ്തെന്നാണ് സംശയം.
National
ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്എ) തടങ്കലിൽ വയ്ക്കുന്നത് തുടരുന്നതിനെ ചോദ്യം ചെയ്ത് അമൃത്പാൽ സിംഗ് എംപി സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി.
ഹർജിക്കാരൻ തന്റെ പരിധിയിലുള്ള ഹൈക്കോടതിയെ സമീപിക്കുക എന്നതാണ് ഉചിതമായ പോംവഴി എന്ന് നിരീക്ഷിച്ചാണ് ജസ്റ്റീസുമാരായ അരവിന്ദ് കുമാറും എൻ.വി. അഞ്ജരിയയും അടങ്ങുന്ന ബെഞ്ച് ഹർജി തള്ളിയത്.
തിരഞ്ഞെടുക്കപ്പെട്ട ഒരു പാർലമെന്റ് അംഗത്തെ അദ്ദേഹത്തിന്റെ ഭരണഘടനാ കടമകൾ നിർവഹിക്കുന്നതിൽ നിന്ന് തടയുന്നത് അദ്ദേഹത്തിന്റെ മൗലികാവകാശങ്ങളുടെയും ഖദൂർ സാഹിബിലെ വോട്ടർമാരുടെ അവകാശങ്ങളുടെ ലംഘനവുമാണെന്ന് അമൃത്പാൽ സിംഗ് ഹർജിയിൽ വാദിച്ചു.
നിലവിൽ ആസാമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിൽ കഴിയുകയാണ് അമൃത്പാൽ സിംഗ്. 'വാരിസ് പഞ്ചാബ് ദേ'യുടെ തലവനായ അമൃത്പാൽ സിംഗിനെ 2023 മാർച്ച് 18നാണ് ദേശീയ സുരക്ഷാനിയമപ്രകാരം അറസ്റ്റ് ചെയ്തത്.
തടവിൽ കഴിയുന്നതിനിടെ ഖദൂർ സാഹിബ് ലോക്സഭാ സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് കോൺഗ്രസ് എതിരാളിയായ കുൽബീർ സിംഗിനെ അമൃത്പാൽ സിംഗ് 1,97,120 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനായി അദ്ദേഹത്തിന് നാല് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.