Kerala
കോഴിക്കോട്: കേരളത്തില്‍ പോലീസുകാര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിയമം നിഷ്പക്ഷമായി നടപ്പാക്കേണ്ട ഒന്നാണ് എന്ന തോന്നല്‍ പോലും ഇല്ലാതാക്കുകയാണ്. എല്ലാ മേഖലയിലും ഇതാണ് സംഭവിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിയമം നടപ്പാക്കേണ്ടവരുടെ ആത്മവിശ്വാസം കളയുകയാണ്. നിയമം നിഷ്പക്ഷമായി നടപ്പാക്കേണ്ട ഒന്നാണ് എന്ന തോന്നല്‍ പോലും പാര്ട്ടിക്കാര് എല്ലാത്തിലും ഇടപെട്ട് ഇല്ലാതാക്കുകയാണ്. ഇതിനെതിരായി ഒരു ജനരോഷം വരുന്നുണ്ട്. അത് കാത്തിരുന്ന് കാണാം.
പോലീസ് പോലും അരക്ഷിതാവസ്ഥ അനുഭവിച്ചു തുടങ്ങി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. എല്ലാ മേഖലയിലുമുണ്ട്. നിയമം കൃത്യമായി നടപ്പാക്കാത്തതു കൊണ്ടാണ് മയക്കുമരുന്ന് ഒക്കെ ഇങ്ങനെ വ്യാപിക്കുന്നത്.
എല്ലാത്തിലും ഇടപെടല്‍ വരികയാണ്. ഇത്തരത്തിലുള്ള ഏത് കേസ് വന്നാലും അവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ആളുകളുണ്ട്. ഇതാണ് കേരളത്തില്‍ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Kerala
കൊച്ചി: അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ മർദിച്ചെന്ന പരാതിയിൽ, എറണാകുളം ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ.
പോലീസുകാർക്ക് വീഴ്ച പറ്റിയെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈപ്പിൻ സ്വദേശികളായ നിതിൻ, നെസ്റ്റൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവാക്കൾ പരാതി നൽകിയിരുന്നു.
വൈപ്പിൻ ബീച്ചിൽ നടക്കാൻ ഇറങ്ങിയ യുവാക്കൾക്ക് നേരെ അക്രമം ഉണ്ടായി എന്നാണ് പരാതി. സ്വകാര്യ വാഹനത്തിൽ അതിവേഗത്തിൽ വന്ന പോലീസ് ഉദ്യോഗസ്ഥരെ കൈ കാണിച്ചതിനെ തുടർന്ന് മർദിച്ചു എന്നാണ് പരാതി.
യുവാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുളവുക്കാട് പോലീസ് കേസെടുത്തിരുന്നു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ നൽകിയ റിപ്പോർട്ടിലാണ് നടപടിയെടുത്തിരിക്കുന്നത്.
International
ക്വെറ്റ: സൈനികരും പോലീസുകാരും ഉൾപ്പെടെ നൂറുകണക്കിനുപേരെ ‘ഓപ്പറേഷൻ ഹെറോഫിലൂടെ’ വധിച്ചതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) അവകാശപ്പെട്ടതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് പാക്ക് സൈന്യം. ബിഎൽഎ നേതാക്കളെ തേടി പാക്കിസ്ഥാൻ സൈന്യം തിരച്ചിൽ ശക്തമാക്കി.
ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ 31 സാധാരണക്കാരും 17 പാക് സൈനികരും കൊല്ലപ്പെട്ടതായി മാധ്യമങ്ങൽ റിപ്പോർട്ടു ചെയ്യുന്നു. ബിഎൽഎയുടെ ഭാഗത്ത് 145 പേർ കൊല്ലപ്പെട്ടു. പതിവിലും വിപരീതമായി ശനിയാഴ്ച സംഘടിതമായ ആസൂത്രണത്തോടെയാണ് ബിഎൽഎ സൈന്യത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടത്.
ഒരേസമയം റെയിൽ, റോഡ് ഗതാഗതങ്ങളെ ആക്രമിച്ചായിരുന്നു തുടക്കം. ഒരു ഡസനോളം സ്ഥലങ്ങളിൽ ഒരേസമയം ആക്രമണം നടത്താനും ബിഎൽഎയ്ക്കു കഴിഞ്ഞു. ഒട്ടേറെ പാക്കിസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയതായും റിപ്പോർട്ടുകളുണ്ട്.
സുരക്ഷാ നടപടികളുടെ ഭാഗമായി ക്വെറ്റ മേഖലയിൽ ട്രെയിൻ സർവീസുകൾ പാക്കിസ്ഥാൻ നിർത്തിവച്ചിരിക്കുകയാണ്. ഇന്റർനെറ്റ് സേവനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. അതേസമയം ബിഎൽഎയ്ക്ക് പിന്തുണ നൽകുന്നതായുള്ള പാക് ആരോപണം ഇന്ത്യ നിഷേധിച്ചു. സ്വന്തം ആഭ്യന്തര പരാജയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിനുള്ള പതിവ് തന്ത്രങ്ങളെന്നു പറഞ്ഞാണ് ഇന്ത്യ തിരിച്ചടിച്ചത്.
Kerala
തിരുവനന്തപുരം: കഴക്കൂട്ടത് ഡ്യൂട്ടിക്കിടയിൽ സ്റ്റേഷന് മുന്നിൽ പരസ്യമായി മദ്യപിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്തു. ആറ് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.
പോലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. പോലീസുകാർ മദ്യപിച്ചതു ഡ്യൂട്ടി സമയത്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലായിരുന്നു പോലീസുകാരുടെ കൂട്ട മദ്യപാനം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എസ്ഐ ബിനു, അരുണ്‍, സിപിഒമാരായ അരുണ്‍, രതീഷ്, മനോജ്, അഖില്‍രാജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ആറുപേരും കഴക്കൂട്ടം സ്റ്റേഷനിൽ നിന്നുള്ളവരാണ്. വിവാഹ സല്ക്കാരത്തിനു പോകുന്നതിനു മുന്നോടിയായി ആയിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവര്‍ മദ്യപിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്.
Kerala
കോഴിക്കോട്: നടക്കാവ് പോലീസ് സ്റ്റേഷനില്‍ നടന്ന കസ്റ്റഡി മര്‍ദനക്കേസില്‍ കുറ്റക്കാരായ ഡിവൈഎസ്പി, മുന്‍ എസിപി എന്നിവരില്‍നിന്ന് തുക ഈടാക്കി പരാതിക്കാരനു നഷ്ടപരിഹാരം നല്കാന് ആഭ്യന്തര വകുപ്പിന്റെ അനുമതി.
നടക്കാവ് പോലീസ് സ്റ്റേഷനിലെ മുന്‍ എസ്ഐ ജീവന് ജോര്‍ജ്, മുന്‍ കോഴിക്കോട് നോര്‍ത്ത് എസിപി സി.എം. പ്രദീപ് കുമാര്‍ എന്നിവരില്‍നിന്ന് 25,000 രൂപ വീതം ഈടാക്കി പരാതിക്കാരനായ രാജേഷിനാണു നല്‍കുക.
2008 നടന്ന ഹിയറിംഗില്‍ രാജേഷിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടു വര്‍ഷങ്ങള്‍ നീണ്ട നിയമനടപടികള്‍ക്കു ശേഷമാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്. പ്രദീപ് കുമാര്‍ പോലീസ് സേനയില്‍നിന്നു വിരമിച്ചതിനാല്‍ അദ്ദേഹത്തിന്റെ ഡിആര്‍ കുടിശികയില്‍നിന്ന് 25,000 രൂപ ഈടാക്കാനാണ് അനുമതി.
ജീവന് ജോര്‍ജ് നിലവില്‍ ഡിവൈഎസ്പിയാണ്. അദ്ദേഹത്തിന്റെ ശമ്പളത്തില്‍നിന്ന് 25,000 രൂപ ഈടാക്കും. നടക്കാവ് പോലീസ് സ്റ്റേഷനില്‍വച്ച് നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വയ്ക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു രാജേഷിന്റെ പരാതി.
Kerala
കണ്ണൂർ: പോലീസുകാരെ വധിക്കാൻ ശ്രമിച്ച കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ തള്ളി കോടതി. കണ്ണൂർ പഴയങ്ങാടി എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് പിൻവലിക്കാനായി സർക്കാർ സമർപ്പിച്ച അപേക്ഷയാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി തള്ളിയത്.
ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 13 സിപിഎം പ്രവർത്തകർ പ്രതിയായ കേസിലാണ് കോടതി ഉത്തരവ്. 2015ൽ രാമന്തളിയിൽ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി. കേസിൽ വിചാരണ തുടരാനും കോടതി നിർദേശിച്ചു.
വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഈ കേസിൽ ചുമത്തിയിരുന്നത്. അക്രമ സംഭവത്തിൽ എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാർക്ക് പരിക്കേറ്റിരുന്നു.
Kerala
തിരുവനന്തപുരം: ഗുണ്ടാ ബന്ധമുണ്ടെന്നു കണ്ടെത്തിയ സംസ്ഥാനത്തെ 14 പോലീസ് ഉദ്യോഗസ്ഥരും ഇപ്പോഴും സർവീസിൽ തുടരുന്നതായി രേഖകൾ.
ഗുണ്ടകളുമായി ബന്ധം പുലർത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ യോഗത്തിലും ആവർത്തിക്കുന്നതിനിടെയാണ് ഇവരെല്ലാം സർവീസിൽ തുടരുന്നതായി കണ്ടെത്തിയത്.
ഷാഫി പറന്പിൽ എംപിയെ മർദിച്ചതെന്നു പരസ്യമായി പറഞ്ഞ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡും പിരിച്ചുവിടണമെന്നു ശിപാർശ ചെയ്ത ഉദ്യോഗസ്ഥരുടെ പട്ടികയിലുണ്ട്.
ഡിവൈഎസ്പി തസ്തികയിലുള്ള രണ്ടു പേരും ഇൻസ്പെക്ടർ തസ്തികയിലുള്ള രണ്ടുപേരും എസ്ഐ തസ്തികയിലെ ഒരാളും ഗ്രേഡ് എസ്ഐമാരായ മൂന്നു പേരും ഒന്നു വീതം ഗ്രേഡ് എഎസ്ഐ, എഎസ്ഐയും പട്ടികയിലുണ്ട്. സിപിഒ, സീനിയർ സിപിഒ തസ്തികയിലുള്ള നാലുപേരും ഗുണ്ടാ- പോലീസ് ബന്ധത്തിൽ ഉൾപ്പെട്ടവരാണ്.
Kerala
തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകൻ വി.എസ്.സുജിത്തിനെ മർദിച്ച പോലീസുകാർക്ക് സസ്പെൻഷൻ. നാല് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
എസ്ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നാലു പോലീസുകാർക്കെതിരെയും കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ട്. തൃശൂർ റേഞ്ച് ഡിഐജി ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിൽ പോലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തിരുന്നു.
ശിപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖലാ ഐജിക്ക് റിപ്പോർട്ട് നൽകിയത്.
സുജിത്തിനെ മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്. 2023 ഏപ്രിൽ അഞ്ചിനു ചൊവ്വന്നൂരിൽ വഴിയരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തിയതു ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണു പ്രകോപനമായത്.
സുജിത്തിനെ എസ്ഐ നുഹ്മാൻ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടർന്ന് അർധനഗ്നനാക്കി സ്റ്റേഷനിലെ ഇടിമുറിയിലെത്തിച്ചു. തുടർന്ന് എസ്ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു.