കൊച്ചി: ചുളിവു വീഴാത്ത തൂവെള്ള വസ്ത്രം ധരിച്ചും എല്ലാവരോടും ചിരിച്ചുകാണിച്ചും എല്ലായിടത്തും സാന്നിധ്യമറിയിച്ചും മാത്രം അടയാളപ്പെടുത്തേണ്ടതല്ല ഒരു യഥാർഥ രാഷ്ട്രീയക്കാരന്റെയും ജനപ്രതിനിധിയുടെയും വ്യക്തിത്വമെന്നത് വി.ഡി. സതീശന്റെ രാഷ്ട്രീയ ജീവിതം മലയാളിയെ നിരന്തരം ഓർമിപ്പിക്കുന്നുണ്ട്.
വിഷയങ്ങളെ ആഴത്തിൽ പഠിക്കാനും സമഗ്രതയോടെ സമീപിക്കാനും വസ്തുതാപരമായി അവതരിപ്പിക്കാനും സാധിക്കുന്ന ധിഷണാത്മക നേതൃശൈലിയാണ് സതീശനെ വ്യത്യസ്തനാക്കുന്നത്. അതിന് അദ്ദേഹത്തെ സഹായിക്കുന്നതാകട്ടെ ആഴമായ വായനയും.
തിരക്കേറിയ പൊതുജീവിതത്തിലും പുസ്തകവായനയ്ക്കു സമയം കണ്ടെത്തുന്നതിൽനിന്നുകൂടിയാണ് വി.ഡി. സതീശൻ എന്ന പ്രതിഭാധനനായ രാഷ്ട്രീയനേതാവ് പരുവപ്പെടുന്നത്. രാഷ്ട്രീയവിചാരങ്ങൾ മാത്രമല്ല, സാഹിത്യവും ചരിത്രവും തത്വചിന്തയും ആത്മകഥകളുമെല്ലാം അദ്ദേഹം വായനാവൃത്തങ്ങളിൽ ചേർത്തുനിർത്തുന്നു.
പുസ്തകങ്ങളും വായനയും സതീശന് അലങ്കാരമല്ല; ആരെയെങ്കിലും ബോധ്യപ്പെടുത്താൻവേണ്ടിയുള്ള വായനയ്ക്കുമില്ല. എന്തുകൊണ്ട് വായിക്കണം എന്നു ചോദിച്ചാൽ വി.ഡി. സതീശന് ഉത്തരം കൃത്യം: നിരന്തരമായ നവീകരണമാണ് വായനയിലൂടെ സംഭവിക്കുന്നത്. വെറുതെയിരുന്നാൽ കുനുഷ്ടാണ് ഉണ്ടാവുക. ശരികൾ തേടിയുള്ള അന്വേഷണങ്ങൾക്ക് വായനയിൽ ഉത്തരമുണ്ട്. ഓരോ പുസ്തകവും ജീവിതവഴികളിൽ തണലും വഴികാട്ടിയുമാണ്.
പ്രതിവർഷം വായിക്കുന്നത് ശരാശരി 50 പുസ്തകങ്ങൾ. തീർന്നില്ല, അതിന്റെ ഉള്ളടക്കത്തെക്കുറിച്ചു സമൂഹമാധ്യമങ്ങളിലും പ്രസംഗങ്ങളിലും തെളിമയോടെ ആശയങ്ങൾ പങ്കുവയ്ക്കുന്നതു വി.ഡിയുടെ പ്രത്യേകതയാണ്. മാധ്യമങ്ങളോടുള്ള പ്രതികരണവേളകളിൽ വാക്കുകളിലെ സൂക്ഷ്മതയ്ക്കും വ്യക്തതയ്ക്കും വായനതന്നെയാണ് പ്രചോദനം.
2024ൽ 43 പുസ്തകങ്ങളാണ് താൻ വായിച്ചതെന്നു വി.ഡി. എഫ്ബിയിൽ കുറിച്ചിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങൾ ഇതിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുൾപ്പെടെയുണ്ടായിരുന്ന കഴിഞ്ഞ വർഷമാകട്ടെ വായിച്ചത് 60 പുസ്തകങ്ങൾ. ഇതിൽ 22ഉം ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു. അരുന്ധതി റോയിയുടെ മദർ മേരി കംസ് ടു മീ, മനു എസ്. പിള്ളയുടെ ഗോഡ്സ് ഗൺ ആൻഡ് മിഷണറീസ്, എസ്. ഹരീഷിന്റെ പട്ടുനൂൽപ്പുഴു, ഷീലാ ടോമിയുടെ വല്ലി... ഇങ്ങനെ നീളുന്നു ഒടുവിൽ വി.ഡി. വായിച്ച പുസ്തകങ്ങളുടെ നിര.
ബാബു ഏബ്രഹാമിന്റെ കന്പിളിക്കണ്ടത്തെ കൽഭരണികൾ വായിച്ച വി.ഡി, പുസ്തകത്തിന്റെ ആയിരം കോപ്പികൾ വാങ്ങി പറവൂരിലെ സ്കൂൾ വിദ്യാർഥികൾക്കു നൽകി. ആഗ്രഹിച്ചതെല്ലാം വായിക്കാനായിട്ടില്ലെങ്കിലും, തിരക്കുകൾക്കിടയിൽ കുറേയേറെ നല്ല പുസ്തകങ്ങൾ വായിക്കാനായതു സന്തോഷവും ഊർജവുമാണ്. - സതീശൻ പറഞ്ഞു.
2025ൽ വായിച്ച 60 പുസ്തകങ്ങളുടെ പട്ടികയുമായി വി.ഡി. സതീശൻ ഫേസ് ബുക്കിലെഴുതിയ കുറിപ്പിനു താഴെ ഒരാളുടെ കമന്റ് ഇങ്ങനെ: വായിക്കാൻ സമയമില്ല എന്നു പറയുന്നവർ കാണണം; സമയം ഒട്ടുമില്ലാത്ത ഒരാളുടെ വായനാലിസ്റ്റ്.