തിരുവനന്തപുരം: കരാർ കാലാവധി കഴിഞ്ഞിട്ടും സ്വകാര്യസ്ഥാപനമായ കാർബോറാണ്ടം ലിമിറ്റഡ് കൈവശം വച്ചിരിക്കുന്ന പത്തനംതിട്ടയിലെ മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കാനുള്ള കെഎസ്ഇബി തീരുമാനത്തെ ചൊല്ലി ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ മന്ത്രിമാർ തമ്മിൽ തർക്കം. നാളെ നിയമസഭാ തെഞ്ഞെടുപ്പു ഫലം വരാനിരിക്കെയാണ് ജലവൈദ്യുത പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ സ്ഥാപനത്തിനു നൽകുന്നതിനെച്ചൊല്ലി മന്ത്രിസഭയിൽ വാക്കു തർക്കം.
മണിയാർ പദ്ധതി ഏറ്റെടുക്കാനുള്ള കെഎസ്ഇബി തീരുമാനം മരവിപ്പിക്കാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്നംഗ ഉദ്യോഗസ്ഥ സമിതി പഠനം നടത്താനും മന്ത്രിസഭ നിർദേശിച്ചു. ഉടൻ തന്നെ പദ്ധതി ഏറ്റെടുക്കാനുള്ള നടപടികളെല്ലാം നിർത്തിവയ്ക്കാൻ കെഎസ്ഇബിക്കും പത്തനംതിട്ട ജില്ലാ കളക്ടർക്കും ചീഫ് സെക്രട്ടറി നിർദേശം നൽകി.
സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കഴിഞ്ഞയാഴ്ചയാണ് മണിയാർ പദ്ധതി ഏറ്റെടുക്കാൻ സംസ്ഥാന ഊർജ വകുപ്പ് ഉത്തരവിറക്കിയത്. സമിതിയെ നിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി പറഞ്ഞെങ്കിലും ചീഫ് സെക്രട്ടറി മന്ത്രിസഭാ തീരുമാനത്തിന്റെ അജൻഡ നന്പർ ഉൾപ്പെടെയുള്ള കത്തു നൽകി. വ്യവസായ മന്ത്രിയാണ് സ്വകാര്യ കന്പനിക്കുവേണ്ടി മന്ത്രിസഭയിൽ ശക്തമായ വാദം ഉന്നയിച്ചത്.
കാർബോറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡും കെഎസ്ഇബിയും തമ്മിൽ 1991ലാണ് 30 വർഷത്തെ ’ബിൽഡ് ഓണ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ’ കരാർ ഒപ്പിട്ടത്. 2024 ഡിസംബറോടെ കരാർ കാലാവധി അവസാനിച്ചിട്ടും പദ്ധതി വിട്ടുനൽകാൻ കന്പനി തയാറായിട്ടില്ല. ഏപ്രിൽ 28ന് ഊർജവകുപ്പിന്റെ ഉത്തരവനുസരിച്ച് പദ്ധതി ഏറ്റെടുക്കാൻ എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ കാർബോറാണ്ടം കന്പനി അധികൃതർ തടഞ്ഞു. ഇതു സംഘർഷത്തിനു കാരണമായി.
2018, 2019 വർഷത്തെ പ്രളയത്തിൽ പദ്ധതിക്കുണ്ടായ നാശനഷ്ടം പരിഹരിക്കാൻ വലിയ തുക ചെലവാക്കിയെന്നും, അതിനാൽ കരാർ കാലാവധി 25 വർഷം കൂടി നീട്ടിനൽകണമെന്നുമാണ് കന്പനിയുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് വ്യവസായ വകുപ്പിന്റെ ഇടപെടലിനെത്തുടർന്ന് ഏറ്റെടുക്കൽ നടപടി താത്കാലികമായി നിർത്തിവച്ചു പഠിക്കാൻ സമിതിയെ നിയോഗിച്ചത്. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടി.