പുല്‍പ്പള്ളി: വ്യാപാരി വ്യവസായി കോ ഓപ്പറേറ്റീവ് സൈസെറ്റി ബാങ്ക് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി.ജില്ല ജനറല്‍ സെക്രട്ടറി കെ. ഉസ്മാന് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യൂണിറ്റിന്റെ കീഴില്‍ 1997 ല്‍ രൂപീകരിച്ച് വ്യാപാര ഭവന് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യാപാരി വ്യവസായി ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്ക് മതിയായ പാര്‍ക്കിംഗ് ഇല്ലാത്ത മറ്റൊരു കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച് സഹകരണ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും സംഘം മെംബര്‍മാര്‍ പരാതി നല്‍കിയിട്ടുണ്ട്.
വിഷയം സംബന്ധിച്ച് മെംബര്‍മാര്‍ ഹൈക്കോടതിയില്‍ അന്യായം ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇന്നലെ നടത്തിയ സമരം സൂചന മാത്രമാണെന്നും സൊസൈറ്റി വ്യാപാര ഭവനില്‍ നിന്ന് മാറ്റാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ഉസ്മാന് പറഞ്ഞു. ഏകോപന സമിതി സമിതി യൂണിറ്റ് പ്രസിഡന്റും സംസ്ഥാന എക്സിക്യുട്ടീവ് മെംബറുമായ മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു. കെ.എസ്. അജിമോന്, കെ.വി. റഫീഖ്, കെ.എ. സ്കറിയ, സൊസൈറ്റി ഭരണസമിതി അംഗമായ സോഫിയ ഫ്രാന്‍സിസ്, വനിതാ വിംഗ് പ്രസിഡന്റ് അംബിക ശിവന്, യൂത്ത് വിംഗ് പ്രസിഡന്റ് ബാബു രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. കെ. ജോസഫ്, പി.എം. പൈലി, പ്രസന്നകുമാര്‍, വേണു ഗോപാല്‍, സജി വര്‍ഗീസ്, ബാബു മാക്കിയില്‍, സലീല്‍ പൗലോസ്, പ്രഭാകരന്, ശിവദാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ദുഷ്പ്രചാരണംഅടിസ്ഥാനരഹിതം: ബാങ്ക് ഭരണസമിതി
പുല്‍പ്പള്ളി: വ്യാപാരി വ്യവസായി സഹകരണ സംഘം ബാങ്കിനെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥനരഹിതമെന്ന് ബാങ്ക് പ്രസിഡന്റ് ഇ.ടി. ബാബു, വൈസ് പ്രസിഡന്റ് പ്രണവം ബാബു എന്നിവര്‍ പറഞ്ഞു. ബത്തേരി താലൂക്ക് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി സഹകരണ സംഘം കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. അവിടെ ഭരണസമിതിക്ക് പരിമിതമായ അധികാരങ്ങളെ ഉള്ളൂ. ഒരു ഭരണസമിതി തീരുമാനം കൊണ്ട് മാത്രം മാറ്റാവുന്ന ഒരു സംവിധാനമല്ല സഹകരണ സൊസൈറ്റികളില്‍ ഉള്ളത്. വകുപ്പിന്റെയും അധികാരികളുടെയും എല്ലാം പരിശോധനയ്ക്ക് വിധേയമായി ഭരണസമിതി നിര്‍ദേശപ്രകാരം നിയമാനുസൃതമായി മാത്രമേ ഏത് തീരുമാനങ്ങളും നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ.
കെട്ടിടത്തിന്റെ സുരക്ഷിതത്വവും ഇടപാടുകാരുടെ സൗകര്യങ്ങളും സ്ഥലപരിമിതിയും നിലവിലുള്ള കെട്ടിടത്തിന് നടക്കുന്ന ദേവസ്വം കേസുകളും സഹകരണവകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാണ്. ഒരു സാമ്പത്തിക ധനകാര്യ സ്ഥാപനമെന്ന നിലയില്‍ പണം, പണയ ഉരുപ്പടികള്‍, രേഖകള്‍ ഇതെല്ലാം സഹകരണവകുപ്പിന്റേയും ഭരണസമിതിയുടെയും ജീവനക്കാരുടെയും ഉത്തരവാദിത്വങ്ങളും പരിഗണിച്ചും പരിശോധിച്ചുമാണ് ഉത്തരവ് ലഭിച്ചത്.
എന്നാല്‍ ബില്‍ഡിംഗ് മാറ്റത്തിനെതിരേ ചില ആളുകള്‍ കാട്ടിക്കൂട്ടുന്ന സമര കോലാഹലങ്ങളും നുണപ്രചരണങ്ങളും ശുദ്ധ അസംബന്ധമാണ്. ബാങ്കിനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് നേതൃത്വം നല്കുന്ന ചില ആളുകളുടെ ഒന്നിലധികമുള്ള സ്വകാര്യ പണം ഇടപാട് സ്ഥാപനങ്ങള്‍ക്ക് കോട്ടം തട്ടുമോയെന്ന ഭയത്തിന്റെ അടിസ്ഥാനത്തിലാണ് കുറച്ച് കാലമായി ബാങ്കിനെതിരേ പ്രവർത്തനങ്ങള്‍ നടത്തുന്നത്. നിരപരാധികളായ ഒരു വിഭാഗം ആളുകളെ തെറ്റിദ്ധരിപ്പിച്ചും പലവിധ വാഗ്ദാനങ്ങള്‍ നല്കി പ്രലോഭിച്ചും ഇതിലേക്ക് വലിച്ചിടുന്നത് കൊടിയ വഞ്ചനയാണ്.
സ്ഥലപരിമിധി മൂലം മറ്റൊരു കെട്ടിടത്തില്‍ വേറെ മുറിയെടുത്താണ് രേഖകള്‍ സൂക്ഷിച്ചിട്ടുള്ളത്. രണ്ട് സ്ഥലത്തിനുമായി 25,000 രൂപ വാടക നല്‍കുന്നുണ്ട്. അമിത വാടക ആവശ്യപ്പെടുന്നതിനാല്‍ കെട്ടിട എഗ്രിമെന്റ് വര്‍ഷങ്ങളായി പുതുക്കുവാന്‍ ഭരണസമിതിക്ക് സാധിക്കുന്നില്ല. പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിലൂടെ 2180 ചതുരശ്രയടിയില്‍ ഫര്‍ണിച്ചറും സ്ട്രോംഗ് റൂം ഉള്‍പ്പെടെ എല്ലാ സൗകര്യത്തോടുകൂടി ചതുരശ്രയടിക്ക് 22 രൂപ നിരക്കിലാണ് പുതിയ കെട്ടിടം ഏറ്റെടുത്തിട്ടുള്ളത്.
പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനായി നിലവില്‍ നാലു ലക്ഷം രൂപയില്‍ താഴെ മാത്രമേ ബാങ്കിന് ചെലവ് വരുന്നുള്ളൂ. പുല്‍പ്പള്ളി ടൗണിന്റെ ഹൃദയഭാഗത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ബില്‍ഡിംഗിലേക്ക് ബാങ്ക് മാറുന്നതിനെതിരേ പ്രവര്‍ത്തിക്കുന്ന വ്യക്തി തന്റെ സ്വകാര്യ താല്പര്യത്തിന് വേണ്ടി പൊതുജനങ്ങളെ ദുര്‍വിയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ജനങ്ങളുടെയും വ്യാപാരികളുടേയും പൂര്‍ണ പിന്തുണ തുടര്‍ന്നം ബങ്കിന്റെ പ്രവര്‍ത്തനത്തിന് ഉണ്ടാകണമെന്നും ഭാരവാഹികള്‍ പറഞ്ഞു.