National
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സർക്കാരുകൾ പൊതുജനങ്ങൾക്കു സൗജന്യങ്ങളും സബ്സിഡികളും പ്രഖ്യാപിക്കുന്നതിനെതിരേ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഇത്തരം നടപടികളുടെ ആത്യന്തിക ഭാരം നികുതിദായകരായ സാധാരണക്കാർ തന്നെ ചുമക്കേണ്ടിവരുമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.
സാന്പത്തിക വേർതിരിവില്ലാതെ സൗജന്യങ്ങൾ നൽകുന്നത് പ്രീണനമല്ലാതെ മറ്റൊന്നുമല്ലെന്നും രാജ്യത്തിന്റെ സാന്പത്തിക വികസനത്തിനു വെല്ലുവിളിയാണെന്നും കോടതി പറഞ്ഞു. വർധിച്ചുവരുന്ന വരുമാന കമ്മിക്കിടയിലും സർക്കാരുകളുടെ ഇത്തരം നടപടികൾ വർധിച്ചുവരുന്നതായും ബെഞ്ച് നിരീക്ഷിച്ചു.
2024ലെ വൈദ്യുതി ചട്ട ഭേദഗതിക്കെതിരേ തമിഴ്നാട് വൈദ്യുതിവിതരണ കന്പനി നൽകിയ ഹർജി പരിഗണിക്കുന്പോഴായിരുന്നു ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ജി, വിപുൽ പഞ്ചോലി എന്നിവരുടെ ബെഞ്ച് വിമർശനമുന്നയിച്ചത്. ഇത്തരത്തിൽ എത്രകാലം സൗജന്യ വാഗ്ദാനങ്ങൾ തുടരാൻ സാധിക്കുമെന്നും ഇത്തരം നടപടികൾ രാജ്യത്തിന്റെ ദീർഘകാല സാന്പത്തികവികസനത്തെ തടസപ്പെടുത്തുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവരെ പിന്തുണയ്ക്കാൻ സർക്കാരിനു കടമയുണ്ട്. എന്നാൽ പൊതുവായി നൽകുന്ന സൗജന്യ ആനുകൂല്യങ്ങൾ ശരിയായ ലക്ഷ്യമാണോ നേടുന്നതെന്നും കോടതി ചോദിച്ചു.
തമിഴ്നാടുമായി ബന്ധപ്പെട്ട വിഷയമാണു കോടതി പരിഗണിച്ചെതെങ്കിലും തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്താകെ സൗജന്യങ്ങൾ നൽകുന്ന വിവിധ സംസ്ഥാനങ്ങൾക്കെതിരേയും രൂക്ഷഭാഷയിൽ കോടതി വിമർശനമുന്നയിച്ചു. രാജ്യത്താകെ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്നും ഇതു പലപ്പോഴും തങ്ങളെ അസ്വസ്ഥരാക്കുന്നതായും കോടതി വ്യക്തമാക്കി.
Kerala
കോട്ടയം: അയ്യപ്പസംഗമത്തിന്റെ കണക്കുകള്‍ സംബന്ധിച്ച് തെറ്റായ ആരോപണങ്ങള്‍ നടത്തുന്ന കോൺഗ്രസ് നേതാക്കൾ പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ.
നിയമസഭയില്‍ മൂന്ന് കോടി രൂപ തിരിച്ചടച്ചെന്ന് താന്‍ പറഞ്ഞ് രേഖയുടെ അടിസ്ഥാനത്തിലാണെന്നും അത് തെറ്റാണെന്ന് തെളിയിച്ചാല്‍ പ്രതിപക്ഷം പറയുന്ന പ്രായശ്ചിത്തത്തിന് തയാറാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റിയെ ആഗോള അയ്യപ്പസംഗമത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയതാണ് കെ.സി. വേണുഗോപാല്‍ ഉള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കളെ വിഷമിപ്പിക്കുന്നത്. കെ.സി. വേണുഗോപാല്‍ ദേവസ്വം വകുപ്പ് മന്ത്രിയായപ്പോഴാണ് പോറ്റി ശബരിമലയില്‍ എത്തിയത്.
കോണ്‍ഗ്രസ് നേതാക്കളുടെ വിഷമം എല്ലാവര്ക്കും മനസിലാകും. അന്വേഷണം എത്തേണ്ടയിടത്ത് തന്നെ എത്തുന്നതോടെ അതും അവര്‍ക്ക് വിഷമമാകും. അന്വേഷണം ഭംഗിയായി നടക്കട്ടെ. നിയമസഭയില്‍ താന്‍ പറഞ്ഞ കാര്യം സംബന്ധിച്ച് തെറ്റായി പ്രസ്താവന നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പൊതുസമൂഹത്തോട് മാപ്പുപറയണം.
നിയമസഭയില്‍ പറഞ്ഞത് കൃത്യമായ രേഖയുടെ അടിസ്ഥാനത്തിലാണ്. താന്‍ പറഞ്ഞ കാര്യം ശരിയല്ലെന്ന് ബോധ്യപ്പെടുത്തിയാല്‍ അവര്‍ പറയുന്ന പ്രായശ്ചിത്തം ചെയ്യും. ദേവസ്വം ബോര്‍ഡിന്റെ ഒരു ക്രയവിക്രിയത്തിലും സര്‍ക്കാര്‍ ഇടപെടുന്നില്ല. നിയമസഭയില്‍ അവര്‍ക്ക് പറയാന്‍ പറ്റാത്തതുകൊണ്ട് വകുപ്പ് മന്ത്രിയെ ഏല്‍പ്പിച്ചു. താന്‍ അക്കാര്യം സഭയില്‍ പറയുകയായിരുന്നു.
അയ്യപ്പസംഗമം വളരെ ഭംഗിയായി നടത്തുന്ന ഘട്ടത്തില്‍ അവാസാന സമയത്താണ് ഒരു പാളി കാണാനില്ലെന്ന് പോറ്റിയുടെ വെളുപ്പെടുത്തല്‍ ഉണ്ടായത്. അതിന് പിന്നാലെ രണ്ടാം ദിവസം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷ നേതാവ് നോട്ടീസ് നല്കി.
കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു. പിന്നീട് വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് കാണാതായ ആ പാളി കണ്ടെടുത്തു.
പോറ്റിയെ ഉപയോഗിച്ച് അയ്യപ്പസംഗമം പൊളിക്കാന്‍ ഗൂഢാലോചന നടത്തിയത് അവര്‍ക്കെതിരെ തന്നെ തിരിച്ചുവരികയാണ്. അയ്യപ്പസംഗമം നടത്തിയതിൽ തങ്ങള്‍ക്കുള്ള സന്തോഷം സ്വര്‍ണക്കൊള്ള വെളിയില്‍ വരാന്‍ സഹായകമായെന്നാതാണ്. ഇല്ലെങ്കില്‍ ഗോവര്‍ധനും പോറ്റിയും ഇപ്പോഴും ശബരിമലയില്‍ വിരാജിക്കുമായിരുന്നെന്നും വാസവന് പറഞ്ഞു.
Kerala
തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ രാജ്യവ്യാപക പൊതുപണിമുടക്ക് ആരംഭിച്ചതോടെ പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്. പണിമുടക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇന്നത്തെ ശമ്പളം നൽകില്ലെന്ന് ഉത്തരവിൽ പറയുന്നു.
വിവിധ സംസ്ഥാനങ്ങളിൽ കർഷക സംഘടനകളും തൊഴിലാളി സംഘടനകളും സംയുക്ത റാലി നടത്തും. ഇന്ന് രാവിലെ ഡൽഹി രാജ്ഘട്ടിൽനിന്ന് സെക്രട്ടേറിയറ്റിലേക്ക് തൊഴിലാളി സംഘടനകൾ മാർച്ച് നടത്തും. ഉച്ചയ്ക്ക് ജന്തർ മന്തറിലും പ്രതിഷേധിക്കും.
പുതിയ ലേബർ കോഡുകൾ, ഇന്ത്യ - യുഎസ് വ്യാപാര കരാർ, കേരളത്തിലെ നെൽകർഷകർക്കുള്ള അധിക ബോണസ് നിർത്താനുള്ള കേന്ദ്ര നിർദേശം എന്നീ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുക. ഓട്ടോ, ബസ്, ലോറി, ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. റെയിൽവേയിലെയും വിമാനത്താവളങ്ങളിലെയും തൊഴിലാളികൾ പങ്കെടുക്കുമെന്ന് സംഘടനകൾ അറിയിച്ചു. ഐഎൻടിയുസി, സിഐടിയു അടക്കം 10 സംഘടനകൾ സംയുക്തമായാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്.
Kerala
കൊല്ലം: പള്ളിത്തോട്ടത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പോലീസുകാർക്ക് നേരെ ആക്രമണം. സംഭവത്തിൽ കെഎസ്യു നേതാവ് ടോജിൻ ഉൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ലഹരി വിൽപ്പന നിരീക്ഷിക്കാൻ എത്തിയ ഗ്രേഡ് എസ്ഐ രാജീവ്, എഎസ്ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്. ആക്രമണത്തിൽ രാജീവിന്റെ തലയ്ക്ക് പരിക്കേറ്റു.
എഎസ്ഐ ശ്രീജിത്തിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. പള്ളിത്തോട്ടം സ്റ്റേഷനിലെ പോലീസുകാർക്കാണ് പരിക്കേറ്റത്.
National
മുംബൈ: നടൻ സഞ്ജയ് ദത്തിനെിരെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉജ്വൽ നികം. 1993ൽ നടന്ന സ്ഫോടനത്തിന്റെ ഗൂഢാലോചനയിൽ നേരിട്ട് ബന്ധമില്ലായിരുന്നെങ്കിലും ദുരന്തം ഒഴിവാക്കാനായി പോലീസിനെ സഹായിക്കാൻ അദ്ദേഹത്തിനാകുമായിരുന്നെന്ന് ഉജ്വൽ പറഞ്ഞു.
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജയ്ക്കെതിരെ ഉജ്വൽ രംഗത്തെത്തിയത്. സഞ്ജയ് ദത്തിന് ആയുധങ്ങളോട് ഭ്രമമാണ്. ആ ഭ്രമമാണ് എകെ-56 റൈഫിൾ കൈവശം വയ്ക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചെന്നും അത് അധോലോക നേതാവ് അബു സലേം നൽകിയതാണെന്നും ഉജ്വൽ പറഞ്ഞു.
‘‘മുംബൈ സ്ഫോടനത്തിന് മുന്‍പ് ഒരു വാഹനം നിറയെ ആയുധങ്ങളുമായി അബു സലേം അദ്ദേഹത്തിന്റെ അടുത്ത് എത്തിയിരുന്നു. സഞ്ജയ് അത് കാണുകയും ചെയ്തു. അതിൽനിന്ന് ഒരു തോക്ക് സഞ്ജയ് എടുത്തതിന് ശേഷം ബാക്കി ആയുധങ്ങളുമായാണ് അബു മടങ്ങിയത്.
സ്ഫോടനം നടക്കാൻ പോകുന്നു എന്ന വിവരം അദ്ദേഹത്തിനറിയില്ലായിരുന്നു. എന്നാൽ ആയുധങ്ങൾ കണ്ടപ്പോൾ അദ്ദേഹത്തിന് പോലീസിനെ വിവരം അറിയിക്കാമായിരുന്നു. ആയുധങ്ങൾ നിറഞ്ഞ ടെമ്പോയെക്കുറിച്ച് അദ്ദേഹം അപ്പോൾ തന്നെ വിവരം നൽകിയിരുന്നെങ്കിൽ പോലീസ് ആ വാഹനം പിന്തുടരുമായിരുന്നു. അവർ പ്രതിയെ പിടികൂടുകയും ചെയ്യുമായിരുന്നു. സ്ഫോടനത്തെ കുറിച്ച് അറിയില്ലെങ്കിലും ആയുധങ്ങളെക്കുറിച്ച് അറിയിച്ചാൽ ദുരന്തം ഒഴിവാക്കാമായിരുന്നു’’– ഉജ്വൽ പറഞ്ഞു.