Kerala
പരവൂർ : രാജ്യത്തെ 1731 റെയിൽവേ സ്റ്റേഷനുകൾ സിസിടിവി നിരീക്ഷണത്തിലായി. ഒപ്പം11, 953 കോച്ചുകളിലും സിസിടിവി കാമറകൾ സ്ഥാപിച്ചതായി റെയിൽവേ മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കി.
സുരക്ഷിതമായ യാത്രാ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നിന് കൂടുതൽ സ്റ്റേഷനുകളിലും കോച്ചുകളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ നിലവിൽ 250 കാമറകളാണ് പ്രവർത്തിക്കുന്നത്.
എൻട്രി - എക്സിറ്റ് പോയിന്റുകൾ, ഫുട് ഓവർബ്രിഡ്ജുകൾ, പ്ലാറ്റ്ഫോമുകൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ടിക്കറ്റ് കൗണ്ടറുകൾ തുടങ്ങിയ സ്ഥലങ്ങളിൽ 24 മണിക്കൂറും തടസമില്ലാതെ പ്രവർത്തിക്കുന്ന തരത്തിലുള്ള കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 15ന് ഉണ്ടായ അനിയന്ത്രിതമായ തിരക്കും തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളും പരിഗണിച്ചാണ് ഇവിടെ ഇത്രയും കൂടുതൽ കാമറകൾ സ്ഥാപിച്ചത്.
യാത്രക്കാരുടെ അപ്രതീക്ഷിതമായ തിരക്ക് ഒഴിവാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും സംവിധാനം ഏറെ ഗുണകരമായ സാഹചര്യത്തിൽ എല്ലാ പ്രമുഖ സ്റ്റേഷനുകളിലും സമാനമായ രീതിയിൽ കാമറകൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കാനും റെയിൽ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടാതെ വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാനും മന്ത്രാലയം നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി രാജ്യത്ത് നിലവിൽ 6117 റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈ - ഫൈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.യാത്രക്കാരുടെ കണക്ടിവിറ്റി വർധിപ്പിക്കുന്ന കാര്യത്തിൽ ഇതൊരു ഡിജിറ്റൽ നാഴികക്കല്ലാണെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.അധിക ബജറ്റ് തുക ആവശ്യമില്ലാത്തതിനാൽ അടുത്ത ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലും സൗജന്യ വൈ-ഫൈ ആക്സസ് ലഭ്യമാക്കാനാണ് റെയിൽവേ ലക്ഷ്യമിട്ടിരിക്കുന്നത്.
തിരക്കേറിയ മെട്രോ സ്റ്റേഷനുകൾ മുതൽ വിദൂര ഔട്ട് പോസ്റ്റുകൾ വരെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ വരെ ഇപ്പോൾ ദശക്ഷേക്കണക്കിന് ദൈനംദിന യാത്രക്കാർ ഈ സൗജന്യ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. റെയിൽ അധിഷ്ഠിത പൊതു ഇന്റർനെറ്റ് ആക്സസിൽ ഇത് ഇന്ത്യൻ റെയിൽവേയെ ലോകത്ത് മുൻപന്തിയിൽ എത്തിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
Kerala
ആലപ്പുഴ: ആറ് റെയിൽവേ സ്റ്റേഷനുകളുടെ അപ്രോച്ച് റോഡ് നവീകരണത്തിന് അനുവദിച്ച 5.51 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി കെ.സി. വേണുഗോപാൽ എംപി.
ആലപ്പുഴ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ കരുനാഗപ്പള്ളി, ഓച്ചിറ, ഹരിപ്പാട്, അന്പലപ്പുഴ, തുറവൂർ, ചേർത്തല റെയിൽവേ സ്റ്റേഷനുകളിലെയും അപ്രോച്ച് റോഡിന്റെയും സർക്കുലേറ്റിംഗ് ഏരിയകളുടെയും നവീകരണത്തിനും നിർമാണ പ്രവൃത്തികൾക്കുമായാണ് 5.51 കോടി അനുവദിച്ചത്.
ആലപ്പുഴ, കായംകുളം സ്റ്റേഷനുകൾക്കായി നേരത്തേ പണം അനുവദിച്ചതനുസരിച്ച് ടെൻഡർ നടപടി പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നവീകരണത്തിനായി തുക അനുവദിക്കണമെന്ന എംപിയുടെ ആവശ്യപ്രകാരമാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നടപടി.
വിവിധ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനും നവീകരണത്തിനുമായി നേരത്തേ അനുവദിച്ച 8.16 കോടിയുടെ ടെൻഡർ നടപടികൾ റെയിൽവേ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചതായും എംപി പറഞ്ഞു.
അപ്രോച്ച് റോഡിന്റെയും സർക്കുലേറ്റിംഗ് ഏരിയകളുടെയും നവീകരണത്തിനായി അനുവദിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച പ്രാരംഭ നടപടികളും റെയിൽവേ പൂർത്തിയാക്കി.
Kerala
പരവൂർ: രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ജനപ്രിയ ഭക്ഷണശൃംഖലകൾ വരുന്നു. സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകളിലും പ്രീമിയം ബ്രാന്റഡ് കാറ്ററിംഗ് ഔട്ട്ലെറ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകാൻ റെയിൽ മന്ത്രാലയം തീരുമാനിച്ചു.
കാറ്ററിംഗ് നയം പരിഷ്കരിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. കെഎഫ്സി, മക്ഡൊണാൾഡ്സ്, ബാസ്കിൻ റോബിൻസൺസ്, പിസ ഹട്ട്, ബിക്കാനീർ വാല തുടങ്ങിയവയുടെ ഭക്ഷണശാലകൾ സമീപഭാവിയിൽത്തന്നെ പ്രമുഖ സ്റ്റേഷനുകളിൽ തുറന്നു പ്രവർത്തിക്കും.
ഡൽഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങി മേഗാ നഗരങ്ങളിലെ ഉൾപ്പെടെ 1200 ൽ അധികം സ്റ്റേഷനുകളിൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അവസരം നൽകും. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നവീകരണ പ്രവർത്തനം നടക്കുന്ന സ്റ്റേഷനുകളിൽ അടക്കം ഇത്തരം സ്റ്റാളുകൾ അനുവദിക്കാൻ സ്ഥലം കണ്ടെത്തി നൽകാൻ റെയിൽവേ നടപടികളും ആരംഭിച്ചുകഴിഞ്ഞു.
ഇതു സംബന്ധിച്ച് കൃത്യമായ മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും എല്ലാ സോണൽ മേധാവികൾക്കും റെയിൽവേ മന്ത്രാലയം അയച്ചിട്ടുമുണ്ട്. ഇത്തരത്തിലെ പ്രീമിയം ബ്രാൻഡ് സ്റ്റാളുകൾക്കും ഔട്ട് ലെറ്റുകൾക്കും നാമനിർദേശ അടിസ്ഥാനത്തിൽ അനുമതി നൽകാൻ കഴിയില്ലെന്നും റെയിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പിന്തുടരുന്ന ഇ-ലേല വ്യവസ്ഥകൾ അടിസ്ഥാനമാക്കി മാത്രമായിരിക്കും ഇത്തരം ഔട്ട്ലെറ്റുകൾ അനുവദിക്കുക.
മാത്രമല്ല ഓരോ ഔട്ട്ലെറ്റിന്റെയും പ്രവർത്തന കാലാവധി അഞ്ചു വർഷമായി നിജപ്പെടുത്തിയിട്ടുമുണ്ട്. നിലവിൽ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന സ്റ്റാളുകളെ മൂന്നായാണ് തരംതിരിച്ചിട്ടുള്ളത്. പുതിയ കാറ്ററിംഗ് നയം അനുസരിച്ച് തുറക്കാൻ പോകുന്ന പ്രീമിയം ബ്രാന്റഡ് കാറ്ററിംഗ് ഔട്ട്ലെറ്റുകളെ നാലാമത്തെ വിഭാഗമായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്ത് ഏകദേശം 2.3 കോടി യാത്രക്കാർ പ്രതിദിനം ട്രെയിനുകളിൽ യാത്ര ചെയ്യുന്നു എന്നാണ് റെയിൽവേയുടെ കണക്ക്. ഇവയിൽ തന്നെ തിരക്ക് കൂടുതലുള്ള നിരവധി സ്റ്റേഷനുകൾ ഉണ്ട്. ഇവിടങ്ങളിൽ ഇത്തരത്തിലുള്ള ഔട്ട്ലെറ്റുകളുടെ ആവശ്യകത ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം അതിനായി വളരെ വേഗം നടപടികൾ സ്വീകരിക്കാൻ സോണുകൾക്ക് നിർദേശം നൽകിയിട്ടുള്ളത്.
Kerala
പരവൂർ (കൊല്ലം): യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാനും നിയന്ത്രിക്കുന്നതിനുമായി രാജ്യത്തെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ സ്ഥിരം ഹോൾഡിംഗ് ഏരിയ സ്ഥാപിക്കുന്നു.
വെയിറ്റിംഗ് ലിസ്റ്റ് യാത്രക്കാർക്കും സ്ഥിരീകരിക്കാത്ത ടിക്കറ്റ് ഉള്ളവർക്കും വേണ്ടിയാണ് സ്റ്റേഷനുകൾക്ക് പുറത്ത് ഈ സംവിധാനം ഒരുക്കുക. ഇവിടെ ടിക്കറ്റിംഗ് സോൺ, വൈ-ഫൈ, സിസിടിവി കാമറകൾ, ലഗേജ് സ്കാനറുകൾ എന്നിവ ഉണ്ടാകും.
വരാനിരിക്കുന്ന ഉത്സവ സീസണുകൾ കണക്കിലെടുത്ത് 35 പ്രധാന സ്റ്റേഷനുകളിൽ റിയൽ ടൈം മാപ്പിംഗ് ഉപയോഗിച്ച് (തത്സമയ മാപ്പിംഗ്) തിരക്ക് നിരീക്ഷിക്കാനും അവയ്ക്ക് പരിഹാരം കാണാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
Kerala
കൊല്ലം: അപകടങ്ങളോ അത്യാഹിതങ്ങളോ സംഭവിച്ചാൽ അതിനെ അതിവേഗം നേരിടുന്നതിന് റെയിൽവേ സ്റ്റേഷനുകളുടെ പരിസരത്ത് പാനിക് ബട്ടണുകൾ സ്ഥാപിക്കുന്നു. തിരക്കേറിയ പ്രധാന നഗരങ്ങളിലെ സ്റ്റേഷനുകളിലാണ് ഇത്തരം സംവിധാനം ഏർപ്പെടുത്തുന്നത്. ആദ്യഘട്ടത്തിൽ സെൻട്രൽ റെയിൽവേയിലെ 117 സ്റ്റേഷനുകളിലാണ് പാനിക് ബട്ടണുകൾ സ്ഥാപിക്കുന്നത്. പരീക്ഷണാർഥം ചില സ്റ്റേഷനുകളിൽ ഇത് ഏർപ്പെടുത്തിക്കഴിഞ്ഞു.
സ്റ്റേഷനുകൾക്ക് ഉള്ളിൽ യാത്രക്കാർ ശ്രദ്ധിക്കുന്ന തരത്തിൽ ഇരുവശത്തുമായിട്ടാണ് ബട്ടണുകൾ സ്ഥാപിക്കുക.
അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് റെയിൽവേ സംരക്ഷണ സേനയെ വിവരങ്ങൾ വേഗത്തിൽ അറിയിക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിട്ടുള്ളത്.
യാത്രക്കാരൻ പാനിക് ബട്ടൺ അമർത്തുമ്പോൾ ആർപിഎഫ് കൺട്രോൾ റൂമിലേക്കും സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും ഉടൻ ജാഗ്രതാ സന്ദേശം ലഭിക്കും. ഇതുവഴി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അധികൃതർക്ക് സാഹചര്യങ്ങൾ വിലയിരുത്തി ഉടൻ സഹായം എത്തിക്കാനോ ഉചിതമായ നടപടികൾ സ്വീകരിക്കാനോ സാധിക്കും. എന്നാൽ ഈ സൗകര്യം ദുരൂപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്കയും റെയിൽവേ അധികൃതർക്കുണ്ട്.
പക്ഷേ ട്രെയിനുകളിലെ കോച്ചുകളിൽ നിന്ന് വ്യത്യസ്ഥമായി ഇപ്പോൾ രാജ്യത്തെ എല്ലാ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിലും സിസിടിവികൾ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ഏത് നിയമവിരുദ്ധ പ്രവർത്തനവും നിരീക്ഷിക്കപ്പെടും എന്നും അധികൃതർ പറയുന്നു.