പരവൂര്‍: ട്രെയിന്‍ യാത്രക്കാര്‍ക്ക് വിശ്വസനീയവും ഗുണനിലവാരമുള്ളതുമായ ഭക്ഷണ-പാനീയങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രീമിയം ബ്രാന്‍ഡഡ് ഔട്ട്ലെറ്റുകള് വരുന്നു.
സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷനിലെ ആദ്യത്തെ ‘പ്രീമിയം ബ്രാന്‍ഡ് കാറ്ററിംഗ് ഔട്ട്ലെറ്റ്' ഇന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രശസ്ത ബ്രാന്‍ഡായ നെസ്കഫേ ആണ് തൃശൂരില്‍ ഈ ഔട്ട്ലെറ്റ് നടത്തുന്നത്.
സ്റ്റേഷനുകളിലെ യാത്രക്കാരുടെ സൗകര്യങ്ങള്‍ ആധുനികീകരിക്കുന്നതിന്റെയും യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് റെയില്‍വേയുടെ ഈ പുതിയ ചുവടുവയ്പ്പ്. ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട വിശ്വസ്ത ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ റെയില്‍വേ യാത്രക്കാര്‍ക്ക് നേരിട്ട് ലഭ്യമാക്കാന്‍ ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
യാത്രക്കാര്‍ ഗുണനിലവാരവും ശുചിത്വവുമുള്ള ബ്രാന്‍ഡഡ് ഭക്ഷണങ്ങളാണ് ആഗ്രഹിക്കുന്നതെന്നും അത് മുന്‍നിര്‍ത്തിയാണ് സ്റ്റേഷനുകളില്‍ ആധുനിക റീട്ടെയില്‍ അനുഭവം ഒരുക്കുന്നതെന്നും തിരുവനന്തപുരം ഡിവിഷന് സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ നിതിന്‍ നോര്‍ബര്‍ട്ട് പറഞ്ഞു. ഡിവിഷനിലെ മറ്റ് പ്രധാന സ്റ്റേഷനുകളിലേക്കും ഈ സേവനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശസ്ത ബ്രാന്‍ഡുകളോ അവരുടെ അംഗീകൃത ഫ്രാഞ്ചൈസികളോ നേരിട്ടായിരിക്കും ഈ പ്രീമിയം ഔട്ട്ലെറ്റുകള് പ്രവര്‍ത്തിപ്പിക്കുക. റെയില്‍വേ കാറ്ററിംഗ് നയങ്ങളും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങളും പൂര്‍ണമായി പാലിച്ചുകൊണ്ട്, വിപണിയിലെ സാധാരണ നിരക്കിലായിരിക്കും ഇവിടെ ഭക്ഷണപാനീയങ്ങള്‍ ലഭ്യമാക്കുക.
വരും ആഴ്ചകളില്‍ തന്നെ ആലുവ, കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം റെയില്‍വേ സ്റ്റേഷനുകളിലും സമാനമായ നെസ്കഫേ ഔട്ട്ലെറ്റുകള് ആരംഭിക്കാന്‍ റെയില്‍വേ പദ്ധതിയിട്ടിട്ടുണ്ട്. ഇതിനു പുറമെ റസ്റ്ററന്റ് മാതൃകയിലുള്ള പ്രീമിയം ബ്രാന്‍ഡ് കാറ്ററിംഗ് ഔട്ട്ലെറ്റുകള് ആലുവ, ആലപ്പുഴ, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലും സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ട്.
റെയില്‍വേ സ്റ്റേഷനുകളെ യാത്രക്കാര്‍ കേന്ദ്രീകരിക്കുന്ന കൂടുതല്‍ സജീവമായ ഇടങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി മട്ടാഞ്ചേരി, നാഗര്‍കോവില്‍ സ്റ്റേഷനുകളില്‍ വ്യത്യസ്തമായ ഭക്ഷണാനുഭവം സമ്മാനിക്കുന്ന റെയില്‍ കോച്ച് റസ്റ്ററന്റുകളും ഡിവിഷന് ഉടന്‍തന്നെ യാഥാര്‍ഥ്യമാക്കുമെന്നും തിരുവനന്തപുരം റെയില്‍വേ ഡിവിഷന് അധികൃതര്‍ വ്യക്തമാക്കി.
Tags : railway stations Southern Railway Premium Taste outlet Thrissur