Kerala
ചങ്ങനാശേരി: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തെടനുബന്ധിച്ച് ചങ്ങനാശേരിയിൽ ഇന്ന് അധ്യാപക അവകാശ സംരക്ഷണ റാലി നടക്കും.
ഇന്നു രാവിലെ ഒമ്പതിന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസില്‍നിന്ന് ആരംഭിക്കുന്ന റാലി സമ്മേളനനഗരിയായ എസ്ബി കോളജ് കാവുകാട്ട് ഹാളിൽ സമാപിക്കും.
ആയിരക്കണക്കിന് അധ്യാപകര്‍ റാലിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എംപി ഫ്ളാഗ് ഓഫ് ചെയ്യും. എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ആമുഖ പ്രഭാഷണം നടത്തും.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി മുഖ്യപ്രഭാഷണവും കെസിബിസി വിദ്യാഭ്യാസ കമ്മീഷന് വൈസ് ചെയര്മാന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണവും നടത്തും.
അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി ഏത്തയ്ക്കാട്ട്, മോണ്‍. സ്കറിയ കന്യാകോണില്‍, നഗരസഭാ ചെയര്മാന് ജോമി ജോസഫ്, ജോബ് മൈക്കിള്‍ എംഎല്‍എ, അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ആന്റണി മൂലയില്‍, സംസ്ഥാന ഭാരവാഹികളായ ജി. ബിജു, റോബിന് മാത്യു, സി.എ. ജോണി, ബിജു പി. ആന്റണി, സി.ജെ. ആന്റണി, ഷൈനി കുര്യാക്കോസ്, സുബാഷ് മാത്യു എന്നിവര്‍ പ്രസംഗിക്കും.
District News
കട്ടപ്പന: കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥ ജില്ലയില്‍ പര്യടനം നടത്തും. നാളെ മൂന്നിന് ജില്ലാ അതിര്‍ത്തിയായ 35-ാം മൈലില്‍ ജാഥയെ സ്വീകരിക്കും. തുടര്‍ന്ന് വണ്ടിപ്പെരിയാറില്‍ ആദ്യസ്വീകരണം. വൈകുന്നേരം അഞ്ചിന് നെടുങ്കണ്ടത്ത് സ്വീകരണം നൽകും.
പത്തിന് രാവിലെ 8.30ന് അടിമാലിയില്‍ സൗഹൃദ സദസ് നടക്കും, 10ന് അടിമാലി, ഉച്ചകഴിഞ്ഞ് രണ്ടിന് ചെറുതോണി, വൈകുന്നേരം നാലിന് തൊടുപുഴ എന്നിവിടങ്ങളിലും ജാഥ പര്യടനം നടത്തും.
വണ്ടിപ്പെരിയാറില്‍ കെഎസ്ഇബി സബ് സ്റ്റേഷന് ജംഗ്ഷനില്‍നിന്ന് ജാഥയെ സ്വീകരിക്കും. പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിലാണ് പൊതുസമ്മേളനം. നെടുങ്കണ്ടത്ത് പടിഞ്ഞാറെ കവലയില്‍നിന്ന് സ്വീകരിച്ച് കിഴക്കേക്കവലയിലും അടിമാലിയില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍നിന്ന് ജാഥ സ്വീകരിച്ച് പഞ്ചായത്ത് മൈതാനിയിലും ചെറുതോണി പനംകൂട്ടി ജംഗ്ഷനില്‍നിന്ന് സ്വീകരിച്ച് പാര്‍ട്ടി ഓഫീസ് ജംഗ്ഷനിലും തൊടുപുഴയില്‍ മുട്ടം ശങ്കരപ്പിള്ളിയില്നിന്ന് സ്വീകരിച്ച് മങ്ങാട്ടുകവലയിലും പൊതുസമ്മേളനങ്ങള്‍ നടക്കും. ഇരുചക്രവാഹന റാലി, വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍ തുടങ്ങിയവ അകമ്പടിയാകും.
തൊടുപുഴയില്‍നിന്ന് ജാഥയെ എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലം അതിര്‍ത്തിവരെ ഇരുചക്രവാഹന റാലി അനുഗമിക്കും. ജാഥാ ക്യാപ്റ്റനൊപ്പം കെ.കെ. ശൈലജ എംഎല്‍എ, പി.കെ. ബിജു, പി.പി. സുനീര്‍ എംപി, സാബു ജോര്‍ജ്, സുഭാഷ് പുഞ്ചക്കോട്ടില്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, മാത്യു കോലഞ്ചേരി, കെ.ജി. പ്രേംജിത്ത്, ഫ്രാന്‍സിസ് തോമസ്, എം.എ. ലത്തീഫ്, ബിനോയി ജോസഫ് എന്നിവര്‍ ജാഥാംഗങ്ങളായി പങ്കെടുക്കുമെന്നും കെ. സലിംകുമാര്‍, സി.വി. വര്‍ഗീസ്, ജോസ് പാലത്തിനാല്‍, പി.എസ്. രാജന്, അനില്‍ കൂവപ്ലാക്കല്‍, വി.ആര്. ശശി, വി.ആര്. സജി, മാത്യു ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
Kerala
കാസര്‍ഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫ് പ്രചരണ ജാഥയ്ക്ക് തുടക്കമായി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്കാണ് തുടക്കമായത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് പര്യടനം. ഫെബ്രുവരി 16ന് പാലക്കാട് തരൂരിലാണ് ജാഥ സമാപിക്കുന്നത്.
തെക്കൻ മേഖല ജാഥ ബിനോയ് വിശ്വവും, മധ്യമേഖല ജാഥ ജോസ് കെ. മാണിയും നയിക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയെ കുറിച്ച് ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുകയായിരിക്കും എൽഡിഎഫിന്റെ ലക്ഷ്യം.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ എല്‍ഡിഎഫിന്റെ 98 എംഎല്‍എമാരും ജാഥ നയിക്കും. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍ഡിഎഫിന്റെ മൂന്നു മേഖലാ ജാഥകള്‍ക്കു പുറമേയാണ് എല്‍ഡിഎഫിന്റെ മുഴുവന്‍ എംഎല്‍എമാരും ജാഥാ നയിക്കാനായി എത്തുന്നത്. ്
കഴിഞ്ഞ ദിവസം ചേര്‍ന്ന് സിപിഎം, എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ നിര്‍ദേശിച്ചത്. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് ജാഥായുടെ ക്യാപ്റ്റനാകും. മന്ത്രിമാര്‍ എല്ലാവരും അവരവരുടെ മണ്ഡലത്തില്‍ ക്യാപ്റ്റന്മാരാകും. എല്‍ഡിഎഫ് എംഎല്‍എമാര്‍ അതതു നിയോജക മണ്ഡലങ്ങളിലും ക്യാപ്റ്റന്മാരാകും.
പ്രതിപക്ഷ എംഎല്‍എമാരുള്ള നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ജില്ലാ നേതൃത്വം തീരുമാനിക്കുന്നതനുസരിച്ചുള്ള പ്രതിനിധികള്‍ ക്യാപ്റ്റന്മാരാകും. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ പാര്‍ട്ടിയുടെ നേതാക്കന്മാരായിരിക്കും ഇവിടങ്ങളില്‍ ക്യാപ്റ്റന്മാര്.
എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കൾ ജാഥാ ക്യാപ്റ്റനു പുറമേ വൈസ് ക്യാപറ്റന്, മാനേജര്‍ പദവികളില്‍ എത്തും. മൂന്നു ദിവസത്തെ വാഹന പ്രചാരണ ജാഥയാണ് തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്റെ സംസ്ഥാന മേഖലാ ജാഥ കടന്നു പോകുന്നതിനു മുമ്പോ അതിനു ശേഷമേ ജാഥ നടത്താനാണ് നിര്‍ദേശം.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് ജാഥയുടെ ഉദ്ദേശം. വികസന നേട്ടങ്ങള്‍ സ്വീകരണ കേന്ദ്രങ്ങളില്‍ ക്യാപ്റ്റനും ജാഥാംഗങ്ങളും വിശദീകരിക്കും.
National
ബംഗളൂരു: കോൺഗ്രസ് ബംഗളൂരുവിൽ നടത്തിയ പ്രതിഷേധ റാലിക്കിടെ ഡി.കെ.ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചവരോട് ക്ഷുഭിതനായി സിദ്ധരാമയ്യ. റാലിയെ അഭിസംബോധന ചെയ്യുന്നതിനായി സിദ്ധരാമയ്യയെ വിളിച്ചപ്പോളാണ് ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി.കെയ്ക്ക് ജയ് വിളിച്ചത്.
ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. തുടർന്ന് ജനക്കൂട്ടത്തിനോട് നിശബ്ദത പാലിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ പ്രവർത്തകർ അനുസരിക്കാതെ വന്നതോടെ ആരാണ് ഡികെ, ഡികെ എന്ന് വിളിച്ചുപറയുന്നതെന്ന് സിദ്ധരാമയ്യ ചോദിച്ചു. ഇതോടെ അധ്യക്ഷൻ ഇടപെടുകയും മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തരുതെന്ന് അഭ്യർഥിച്ചു.
എന്നാൽ സിദ്ധരാമയ്യ പ്രസംഗിക്കാൻ തുടങ്ങിയതിനുശേഷവും മുദ്രാവാക്യമുയർന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരമായി വിബി-ജി റാം ജി എന്ന പേരിൽ പുതിയ പദ്ധതി കൊണ്ടുവന്നതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെയായിരുന്നു സംഭവം.
Kerala
തലശേരി: സീറോമലബാർ സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് രൂപീകൃതമായിട്ട് 108 വർഷങ്ങൾ. സംഘടനയുടെ 108-ാം വാർഷികാഘോഷങ്ങൾ ജന്മദിനമഹാറാലി, അന്താരാഷ്ട്ര സമ്മേളനം തുടങ്ങി വിപുലമായ പരിപാടികളോടെ മാർച്ച് 13,14 തീയതികളിൽ കണ്ണൂരിൽ നടക്കും. ആഘോഷങ്ങളുടെ സംഘാടകസമിതിയുടെയും സ്വാഗതസംഘത്തിന്റെയും ഉദ്ഘാടനം തലശേരി അതിരൂപത കേന്ദ്രത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിച്ചു.
കണ്ണൂരിൽ നടക്കുന്ന സമുദായ സംഗമത്തിന്റെ വിജയത്തിനായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. കുടിയിറക്കപ്പെടുന്ന കർഷകസമൂഹം, ഹനിക്കപ്പെടുന്ന മതസൗഹാർദം, വികസനവിരുദ്ധ രാഷ്ട്രീയ നിലപാടുകൾ എന്നീ വിഷയങ്ങളും അനുബന്ധ വിഷയങ്ങളും ഉയർത്തിപ്പിടിച്ചു നടത്തുന്ന ജന്മദിന മഹാറാലിയിലും സമ്മേളനത്തിലും തലശേരി അതിരൂപതയിൽനിന്നു മാത്രം ഒരു ലക്ഷത്തിലധികമാളുകളെ പങ്കെടുപ്പിക്കാൻ മാർ ജോസഫ് പാംപ്ലാനി ആഹ്വാനം ചെയ്തു. പരിപാടികളുടെ വിജയത്തിനായി അതിരൂപതയിലെ 18 ഫൊറോനകളിലും ഫൊറോനാതല സംഘാടകസമിതിയും ഓരോ ഇടവകയിലും ഇടവകതല സംഘാടക സമിതികളും രൂപീകരിക്കും.
സീറോമലബാർ സഭയിലെ എല്ലാ രൂപതകളിൽനിന്നും ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിൽനിന്നുമുള്ള സമുദായ അംഗങ്ങളും കർഷകരും പങ്കെടുക്കും. സമുദായത്തിന്റെ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോഴും വിവിധ അധിനിവേശങ്ങൾ ഉണ്ടാകുമ്പോഴും സമുദായശക്തി ഒറ്റക്കെട്ടായി പോരാടുന്ന വേദിയായി മഹാസംഗമം മാറുമെന്ന് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. പൊതുസമൂഹം നേരിടുന്ന വൈവിധ്യമാർന്ന പ്രശ്നങ്ങളെ അതിജീവിക്കാനുള്ള ഇച്ഛാശക്തിയും കരുത്തും പ്രകടിപ്പിക്കുന്നതാകും മഹാറാലിയും ജന്മദിന സമ്മേളനവുമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ പറഞ്ഞു.
മാർച്ച് 13ന് പതാകപ്രയാണവും ഛായാചിത്ര പ്രയാണവും നടക്കും. വൈകുന്നേരം അഞ്ചിന് സമ്മേളന നഗരിയിൽ പതാക ഉയർത്തൽ. തുടർന്ന് കേന്ദ്ര വർക്കിംഗ് കമ്മിറ്റി ചേരും. 14ന് രാവിലെ പത്തിന് കേന്ദ്ര പ്രതിനിധിസഭാ സമ്മേളനം നടക്കും.
44 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും എല്ലാ രൂപതകളിൽനിന്നുമുള്ള ഭാരവാഹികളും പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2.30ന് കണ്ണൂരിൽ ലക്ഷങ്ങൾ പങ്കെടുക്കുന്ന മഹാറാലി. തുടർന്ന് നടക്കുന്ന അന്താരാഷ്ട്ര സമുദായ സമ്മേളനത്തിൽ സഭാമേലധ്യക്ഷന്മാരും സമുദായ നേതാക്കളും സമുദായത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ അവകാശങ്ങൾ പ്രഖ്യാപിക്കും. വിവിധ ഫ്ലോട്ടുകളുടെ അകമ്പടിയോടെയുള്ള റാലിയിൽ എല്ലാ രൂപതകളിൽനിന്നുമുള്ള സമുദായാംഗങ്ങളും പങ്കെടുക്കും.
സംഘാടക സമിതി-സ്വാഗതസംഘം രൂപീകരണ യോഗത്തിൽ തലശേരി അതിരൂപത ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിൽപടവിൽ, ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ഭാരവാഹികളായ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, പ്രഫ. കെ.എം. ഫ്രാൻസിസ്, ഫിലിപ്പ് വെളിയത്ത്, ബെന്നി ആന്റണി, രാജേഷ് ജോൺ, ജിമ്മി അയിത്തമറ്റം, അഡ്വ . ഷീജ സെബാസ്റ്റ്യൻ, പീയൂസ് പറയിടം, ജയ്സൺ പട്ടേരി, സുരേഷ് കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
കത്തോലിക്ക സമുദായത്തിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിയും പൊതുസമൂഹത്തിന്റെ ആവശ്യങ്ങളിൽ ഇടപെടുന്നതിനുവേണ്ടിയും 1918 ലാണ് കത്തോലിക്ക കോൺഗ്രസ് രൂപീകരിച്ചത്.
National
ചെന്നൈ: തമിഴകം വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്യുടെ സേലത്തെ പൊതുയോഗത്തിന് അനുമതിയില്ല. ഡിസംബർ നാലിന് പൊതുയോഗം സംഘടിപ്പിക്കാൻ ടിവികെ നൽകിയ അപേക്ഷ ജില്ലാ പോലീസ് മേധാവി നിരസിച്ചു.
കാർത്തിക ദീപം ആയതിനാൽ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പോലീസുകാരെ നിയോഗിക്കണം എന്നാണ് വിശദീകരണം. ബാബ്റി മസ്ജിദ് ദിനമായ ഡിസംബർ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു.
എന്നാൽ, മറ്റൊരു ദിവസത്തേക്ക് അപേക്ഷ നൽകിയാൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നും പോലീസ് സൂചിപ്പിച്ചു. ഡിസംബർ രണ്ടാം വാരത്തേക്ക് പുതിയ അപേക്ഷ ടിവികെ നൽകിയേക്കും. കരൂർ ദുരന്തത്തിനുശേഷം ടിവികെയുടെ ആദ്യ യോഗം ആണ് സേലത്ത് നിശ്ചയിരുന്നത്.
District News
മീനങ്ങാടി: നവംബർ രണ്ട് വരെ വിജിലൻസ് ബോധവത്കരണ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ വയനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മീനങ്ങാടി ടൗണിൽ ബോധവത്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു.
മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ റാലി ഫ്ളാഗ് ഓഫ് ചെയ്തു. വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജി വർഗീസ് നേതൃത്വം നൽകി. ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വയനാട് വിജിലൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാർക്കും കോളജ് വിദ്യാർഥികൾക്കുമായി ബോധവത്കരണ ക്ലാസുകൾ, സ്കൂൾ കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.
National
ചെന്നൈ: കരൂർ ദുരന്തത്തെ സംബന്ധിച്ച് വിശദീകരണവുമായി തമിഴ്നാട് സർക്കാർ. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് സർക്കാർ രംഗത്തെത്തിയത്.
റാലി നടത്താൻ നേതാക്കൾ ആദ്യം ആവശ്യപ്പെട്ട സ്ഥലത്ത് കുറച്ച് ആളുകൾക്ക് മാത്രമെ ഒത്തുകൂടാൻ കഴിയുകയുള്ളൂ. ഇവിടെ അനുമതി നിഷേധിച്ചതോടെ വേലുച്ചാമിപുരം നൽകുകയായിരുന്നു. ഇത് ടിവികെ നേതാക്കൾ സ്വീകരിച്ചെന്നും സർക്കാരിന്റെ മീഡിയാ സെക്രട്ടറി അമുത പറഞ്ഞു.
ദുരന്തത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. റാലിയിൽ പങ്കെടുക്കാൻ പതിനായിരം പേർ വരുമെന്നാണ് ടിവികെ അറിയിച്ചത്. മുൻ റാലികളുടെ അടിസ്ഥാനത്തിൽ ഇരുപതിനായിരം പേർ വരുമെന്ന് കണക്കാക്കി. അതനുസരിച്ച് പോലീസ് സുരക്ഷയും ഏർപ്പെടുത്തി.
സാധാരണയായി ഓരോ 50 പേർക്കും ഒരു പോലീസുകാരൻ എന്നതാണ് രീതി. എന്നാൽ കരൂരിൽ ഓരോ 20 പേർക്കും ഒരു പോലീസുകാരനെയാണ് വിന്യസിച്ചതെന്നും സർക്കാർ വ്യക്തമാക്കി.