Kerala
കോഴിക്കോട്: കോഴിക്കോട്ട് ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്. 2001നുശേഷം യുഡിഎഫിനെ നിഷ്പ്രഭമാക്കി ഇടതുപക്ഷം നടത്തിയ തേരോട്ടത്തിന് ഇക്കുറിയുണ്ടായത് കനത്ത തിരിച്ചടി.
കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 12ഉം യുഡിഎഫ് തൂത്തുവാരി. 2021ല്‍ യുഡിഎഫ്-02, എല്‍ഡിഎഫ്-11 എന്നിങ്ങനെയായിരുന്നു കക്ഷിനില. 20 വര്‍ഷത്തിനു ശേഷം ആദ്യമായി കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന് നാല് എംഎല്‍എമാര്‍ പിറന്നു.
കേരളത്തില്‍ ആദ്യമായി മുസ്ലിം ലീഗിന് വനിതാ എംഎല്‍എ ഉണ്ടായതും കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തില്‍. പേരാമ്പ്രയില്‍ നിന്ന് ജനവിധി തേടിയ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് (76), കന്നിയങ്കം കുറിച്ച മുസ്ലിം ലീഗിലെ തീപ്പൊരി വനിതാ നേതാവ് അഡ്വ. ഫാത്തിമ തഹ്ലിയയ്ക്കു (34) മുന്നില്‍ ചാമ്പലായത് കേരള രാഷ്ട്രീയ ചരിത്രത്തിലെ വലിയ അട്ടിമറികളിലൊന്നായി.
ബേപ്പൂരില്‍നിന്ന് പി.എ. മുഹമ്മദ് റിയാസ് 2021ലേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് യുഡിഎഫിലെ പി.വി. അന്‍വറിനോടു ജയിച്ചതുമാത്രമാണ് ഇടതുപക്ഷത്തിന് ഇക്കുറി നേരിയ ആശ്വാസമായത്. 20 വര്‍ഷമായി ഇടതുകോട്ടകളായി നിലനിന്നിരുന്ന മണ്ഡലങ്ങളില്‍ പലതും തകര്‍ന്നടിഞ്ഞു.
പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്ന് വീണ്ടും പടക്കളത്തിലിറങ്ങിയ എണ്‍പതുകാരനായ സിറ്റിംഗ് എംഎല്‍എ എ.കെ. ശശീന്ദ്രനെ ജനം വീട്ടിലിരുത്തി. എ.കെ. ശശീന്ദ്രന്, ടി.പി. രാമകൃഷ്ണന് എന്നിവര്‍ക്കു പുറമെ സിറ്റിംഗ് എംഎല്‍എമാരായ കെ.എം. സച്ചിന്‍ദേവ്, പി.ടി.എ. റഹീം, തോട്ടത്തില്‍ രവീന്ദ്രന്, ലിന്റോ ജോസഫ്, അഹമ്മദ് ദേവര്‍കോവില്‍, കെ.പി. കുഞ്ഞമ്മദ്കുട്ടി എന്നിവരും കനത്ത തോല്‍വി ഏറ്റു വാങ്ങി.
45 വര്‍ഷത്തിൽ ആദ്യമായാണ് ബാലുശേരിയില്‍ ചെങ്കൊടി മാഞ്ഞത്. സിറ്റിംഗ് എംഎല്‍എ കെ.എം. സച്ചിന്‍ദേവിനെ കോണ്‍ഗ്രസിലെ വി.ടി. സൂരജാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ രണ്ടു തവണ കുന്നമംഗലത്ത് എല്‍ഡിഎഫ് സ്വതന്ത്രനായി വിജയിച്ച പി.ടി.എ. റഹീമിനെ മുസ്ലിം ലീഗിലെ എം.എ. റസാഖാണ് തറപറ്റിച്ചത്. ജില്ലയില്‍ പുതുമുഖങ്ങളെ അടക്കം രംഗത്തിറക്കി കോണ്‍ഗ്രസും ലീഗും നടത്തിയ പരീക്ഷണങ്ങള്‍ വിജയം കണ്ടു.
National
ന്യൂഡൽഹി: റീൽ ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ വാതിലുകൾ തുറക്കുകയും യാത്രക്കാരെ ശല്യം ചെയ്യുകയും ചെയ്ത ബൈക്ക് യാത്രികൻ പിടിയിൽ. ഖജൂരി ഖാസ് സ്വദേശി തുഷാർ പുനിയ (22) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
റീൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനായി ഓടിക്കൊണ്ടിരിക്കുന്ന ബസിലെ യാത്രക്കാരെ ശല്യം ചെയ്യുകയും മറ്റ് വാഹനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ ബൈക്ക് ഓടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
തിരിച്ചറിയാതിരിക്കാൻ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റിയ നിലയിലായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെയും ബസുകളുടെയും വാതിലുകൾ ബൈക്കിലിരുന്നു തന്നെയാണ് തുറന്നത്.
ഫെബ്രുവരി 16 ന് ഇയാളുടെ അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
ഇയാൾ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
Kerala
കോഴിക്കോട്: ഗോവിന്ദപുരത്ത് ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരേ ഗുരുതര ആരോപണവുമായി യുവാവിന്റെ സുഹൃത്തുക്കളും കുടുംബവും.
സോഷ്യൽ മീഡിയയിൽ നല്ല റീച്ച് കിട്ടി പ്രശസ്തയാകാൻ കണ്ടന്റ് ക്രിയേഷന് വേണ്ടി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ യുവതി ദീപക്കിനെ ഉപയോഗിച്ചെന്ന് സുഹൃത്ത് അഷ്കര്‍ ആരോപിച്ചു. ദീപക് മോശം സ്വഭാവക്കാരനല്ല. പരാതിയുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു. അതിനു പകരം കണ്ടന്റ് കിട്ടിയല്ലോ എന്നു ചിന്തിച്ച് വീഡിയോ എടുക്കാൻ അവന്റെ അടുത്ത് പോയി നിന്നു. അവര്‍ കാരണമാണ് അവന് ജീവനൊടുക്കിയതെന്നും അഷ്കര്‍ പറഞ്ഞു.
വീഡിയോ പ്രചരിപ്പിച്ച യുവതി ശിക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ദീപക്കിന്റെ പിതാവ് ഉള്ളാട്ടുതൊടി ചോയി പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് മകന് ജീവന് നഷ്ടമായതെന്ന് അമ്മ കനിഹ പറഞ്ഞു.
ഒരു ചീത്തപ്പേര് പറയിപ്പിച്ചിട്ടില്ല. മകന് ഇത് താങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഒരാള്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും ഒരമ്മയ്ക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കനിഹ പറഞ്ഞു. ഒരു മോശം സ്വഭാവവും ഇല്ലാത്തവന് ആണ് ദീപക്. ദൃശ്യം പ്രചരിച്ചതോടെ വലിയ വിഷമത്തില്‍ ആയിരുന്നു. മകന് പാവമായിരുന്നു. കര്‍ശ നടപടി ഉണ്ടാകണം. രണ്ടുദിവസമായി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. രാവിലെ വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. തള്ളിത്തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏക മകനാണ് നഷ്ടമായതെന്നും പിതാവ് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Kerala
കണ്ണൂർ: ഇൻസ്റ്റഗ്രാമിൽ നാടൻ ബോംബ് ഉപയോഗിക്കുന്ന റീൽ ഇട്ടതിന് താഴെ കൊലവിളി നടത്തിയ സംഭവത്തിൽ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു. " റെഡ് ആർമി കണ്ണൂർ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് നാടൻ ബോംബ് ഉപയോഗിക്കുന്ന വീഡിയോ ഇട്ടത്.
ഈ വീഡിയോ പോസ്റ്റിന് താഴെയാണ് സിപിഎം പ്രവർത്തകരും മുസ്ലിം ലീഗ്-കോൺഗ്രസ് പ്രവർത്തകരും പോർവിളിയും ഭീഷണിയും നടത്തുന്നത്. ഇതിനെതിരേയാണ് സമൂഹത്തിൽ ലഹള ഉണ്ടാക്കുന്നതിനും നാട്ടിൽ കലാപം ഉണ്ടാക്കുന്നതിനും ശ്രമിച്ചതെന്ന് പറഞ്ഞ് കണ്ണൂർ സിറ്റി സൈബർ പോലീസ് കേസെടുത്തിരിക്കുന്നത്.
രഹസ്യാന്വേഷണ വിഭാഗം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
Editorial
സൃഷ്ടിപരമായ കാര്യങ്ങൾക്കായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതു തെറ്റല്ല. എന്നാൽ, ഒരു സ്ക്രീനിന് അപ്പുറമുള്ള ലോകത്ത് കാത്തിരിക്കാൻ പ്രിയപ്പെട്ടവരുണ്ടെന്ന കാര്യം മറക്കരുത്. ചെയ്യുന്ന അപകടകരമായ കാര്യങ്ങൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് ഒരു നിമിഷം ചിന്തിക്കുക.
കുറച്ചു പഴയ ഒരു കഥയുണ്ട്; റഷ്യയിൽനിന്നുള്ളതാണ്. കനത്ത മഴയിലും കാറ്റിലും ഒരു റെയിൽവേ പാലം തകരുന്നു. ട്രാക്കിനടുത്തു താമസിച്ചിരുന്ന രണ്ടു കുട്ടികൾ ഇതുകണ്ട് കോരിച്ചൊരിയുന്ന മഴ കൂസാതെ ആ ട്രാക്കിലൂടെ വരുന്ന ട്രെയിൻ നിർത്തിക്കാൻ പെടാപ്പാടു പെടുന്നു. ഒടുവിൽ സ്വന്തം കുടിൽ കത്തിച്ചാണ് അവർ ഡ്രൈവറുടെ ശ്രദ്ധയാകർഷിച്ച് വണ്ടി നിർത്തിക്കുന്നത്. ഇതാണ് കഥ. ഗുണപാഠമുള്ള കഥ. സംഭവിക്കാമായിരുന്ന വലിയൊരു അപകടമാണ് ആ കുട്ടികൾ ഒഴിവാക്കിയത്.
കാലം മാറി. കഥയും മാറി. തലശേരിയിൽനിന്നാണ് പുതിയ കഥ (കാര്യം). രണ്ടു പ്ലസ് ടു വിദ്യാർഥികൾ ചുവപ്പു വെളിച്ചം കാണിച്ച് പൂന-എറണാകുളം ട്രെയിൻ നിർത്തിച്ചു. വേറൊന്നിനുമല്ല, അവർക്ക് റീൽസ് പിടിക്കാൻ! വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ട്രെയിൻ നിർത്തുന്ന രംഗങ്ങൾ മൊബൈലിൽ ചിത്രീകരിക്കുന്നതിനിടെ ഇവർ റെയിൽവേ പോലീസിന്റെ പിടിയിലാകുകയും ചെയ്തു. 18 വയസുള്ള കുട്ടികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. ശക്തമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് എന്നാണു വാർത്ത.
പുതിയ കാലത്തിന്റെ കമ്പമാണ് റീൽസ്. ലൈക്കുകളും കമന്റുകളും കുമിഞ്ഞുകൂടുമ്പോൾ കിട്ടുന്ന ആനന്ദം അവർണനീയമത്രെ. വേഗവും പുതുമയുമാണ് പുതിയ കാലത്തിന്റെ ട്രേഡ് മാർക്ക്. അപ്പോൾ റീൽസ് ചിത്രീകരണത്തിലും പുതുമയും വേഗവും വേണമല്ലോ. അതാണ് ഇത്തരം വഴിവിട്ട ആശയങ്ങളിലേക്ക് നയിക്കുന്നത്.
സാഹസികമായ റീൽസ് ചിത്രീകരണത്തിനിടെ അമിതാവേശക്കാർ മരണപ്പെട്ട സംഭവങ്ങളുമേറെ. കഴിഞ്ഞ വർഷം ജൂണിലാണ് മഹാരാഷ്ട്രയില്‍ റീല്‍സ് ചിത്രീകരണത്തിനിടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ശ്വേത ദീപക് സുര്‍വാസെ മരിച്ചത്. റീല്‍സ് ചിത്രീകരണത്തിനിടെ നിയന്ത്രണംവിട്ട കാര്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കഴിഞ്ഞവർഷംതന്നെ ഡിസംബറിൽ കോഴിക്കോട്ട് വടകര സ്വദേശിയായ യുവാവ് ബെൻസ് കാർ ഉപയോഗിച്ചുള്ള പ്രൊമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ചു മരിച്ചു.
സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാനും ‘ലൈക്കുകൾ’ വാരിക്കൂട്ടാനുമായാണ് യുവാക്കൾ അതിസാഹസികതയിലേക്കു തിരിയുന്നത്. കൂടുതൽ കാഴ്ചക്കാരെ കിട്ടാൻ എന്ത് സാഹസികതയ്ക്കും മുതിരുന്നത് ഒരുതരം മാനസിക അടിമത്തമായി മാറുന്നു. റീൽസിനോടുള്ള അമിതമായ ഭ്രമത്തെയും അതിനായി അപകടവഴികൾ ഏറ്റെടുക്കുന്നതിനെയും മനഃശാസ്ത്രജ്ഞർ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവയ്ക്കുമ്പോൾ ലഭിക്കുന്ന ലൈക്കുകളും പോസിറ്റീവ് കമന്റുകളും തലച്ചോറിൽ "ഡോപ്പമിൻ' എന്ന രാസവസ്തുവിന്റെ അളവ് വർധിപ്പിക്കുന്നു. ഇത് ഒരാൾക്ക് താത്കാലികമായ സന്തോഷവും സംതൃപ്തിയും നൽകുന്നു. ഈ സന്തോഷം വീണ്ടും വീണ്ടും അനുഭവിക്കാനായി കൂടുതൽ അപകടകരമായ അല്ലെങ്കിൽ "വ്യത്യസ്തമായ' കാര്യങ്ങൾ ചെയ്യാനാകും പിന്നെ ശ്രമം. ഇതൊരു ലഹരി പോലെയാണ് അവരിൽ പ്രവർത്തിക്കുകയെന്ന് ശാസ്ത്രം പറയുന്നു. മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാകാനും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകാനുമുള്ള ആഗ്രഹം മനുഷ്യസഹജമാണ്.
എന്നാൽ, റീൽസ് സംസ്കാരത്തിൽ, അപകടകരമായ കാര്യങ്ങൾ ചെയ്യുന്നത് "ഹീറോയിസം' ആണെന്ന തെറ്റായ ധാരണ യുവാക്കൾക്കിടയിലുണ്ട്. മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ താൻ വലിയൊരു നേട്ടം കൈവരിക്കുന്നു എന്ന മിഥ്യാബോധം ഇവരിലുണ്ടാകുന്നു. അതുപോലെ, മറ്റുള്ളവർ ട്രെൻഡിനൊപ്പം സഞ്ചരിക്കുമ്പോൾ താൻ മാത്രം പിന്നിലായിപ്പോകുമോ എന്ന ആശങ്കയും ഇവരെ ഭരിക്കുന്നു. സ്വന്തം ഇമേജിനും പ്രശസ്തിക്കും അമിതപ്രാധാന്യം നൽകുന്നതുവഴി ചുറ്റുമുള്ള അപകടസാധ്യതകൾ തിരിച്ചറിയാനുള്ള തലച്ചോറിന്റെ ശേഷി കുറയുമെന്നും മനഃശാസ്ത്രം പറയുന്നുണ്ട്.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് റീൽസ് പ്രേമികളെ കാത്തിരിക്കുന്നത്. വലിയ പ്രതീക്ഷയോടെ ചെയ്ത വീഡിയോയ്ക്കു വേണ്ടത്ര ലൈക്കോ ഷെയറോ ലഭിക്കാതെവരുമ്പോൾ ഇവരെ കടുത്ത നിരാശ ബാധിക്കുന്ന, ആത്മവിശ്വാസക്കുറവിലേക്കു പോകുന്നു. യഥാർഥ ജീവിതത്തിലെ ബന്ധങ്ങളേക്കാൾ പ്രധാനം "വെർച്വൽ' ലോകമാണെന്നും ഇവർ വിശ്വസിച്ചുതുടങ്ങുന്നു. റീൽസിനുവേണ്ടി ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും വലിയ കാര്യമായി കാണുന്ന രീതിയിലേക്ക് ഇവരുടെ മനസ് മാറുന്നു എന്നതാണ് അപകടകരമായ മറ്റൊരു കാര്യം.
ഇത്തരം "വെർച്വൽ അടിമത്ത'ത്തിൽനിന്ന് മോചനം നേടാൻ സ്വയം തിരിച്ചറിവുകൊണ്ടേ സാധിക്കൂ. "ലൈക്കുകൾ' വ്യക്തിത്വത്തിന്റെ അളവുകോലല്ലെന്ന് സ്വയം ബോധ്യപ്പെടുത്തുക. സർഗാത്മകമായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുക വഴി നൈപുണ്യം പ്രകടിപ്പിക്കുന്ന വീഡിയോകളിലേക്ക് മാറാൻ സാധിക്കും.
ജീവന്റെ മൂല്യം തിരിച്ചറിയുക എന്നതുതന്നെയാണ് ഏറ്റവും പ്രധാനം. ഒരു ലൈക്കിനേക്കാൾ വിലപ്പെട്ടതാണ് സ്വന്തം ജീവിതം എന്ന ബോധ്യം വളർത്താൻ രക്ഷിതാക്കളും അധ്യാപകരും ബോധപൂർവം ശ്രമിക്കേണ്ട കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.
സൃഷ്ടിപരമായ കാര്യങ്ങൾക്കായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതു തെറ്റല്ല. എന്നാൽ, ഒരു സ്ക്രീനിന് അപ്പുറമുള്ള ലോകത്ത് കാത്തിരിക്കാൻ പ്രിയപ്പെട്ടവരുണ്ടെന്ന കാര്യം മറക്കരുത്. ചെയ്യുന്ന അപകടകരമായ കാര്യങ്ങൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് ഒരു നിമിഷം ചിന്തിക്കുക. നിയമങ്ങൾ പാലിച്ചും സുരക്ഷിതമായ സാഹചര്യങ്ങളിലും മാത്രം ഇത്തരം വിനോദങ്ങളിൽ ഏർപ്പെടുക. നിങ്ങളുടെ ജീവൻ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയേക്കാൾ വിലപ്പെട്ടതാണെന്ന് മറക്കരുത്.
Tech
ഇന്‍സ്റ്റാഗ്രാം റീല്‍സ് സ്മാര്‍ട്ട് ടിവിയില്‍ കാണാനുള്ള സൗകര്യമൊരുങ്ങുന്നു. മെറ്റാ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം കമ്പനി റീല്‍സ് കേന്ദ്രീകരിച്ചുള്ള ഇന്‍സ്റ്റാഗ്രാം ടിവി ആപ്പ് ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചു.
തുടക്കത്തില്‍ ആമസോണ്‍ ഫയര്‍ ടിവിയില്‍ ലഭ്യമാകുന്ന ഈ ഫീച്ചര്‍ വൈകാതെ എല്ലാവര്ക്കും ലഭ്യമാകും. ഇതോടെ ഉപയോക്താക്കളെ വലിയ സ്ക്രീനില്‍ റീല്‍സ് കാണാനാകും. ടിവികളിലേക്ക് റീലുകള്‍ കൊണ്ടുവരുന്നതിലൂടെ യൂട്യൂബിനോട് മത്സരിക്കാന്‍ ഇന്‍സ്റ്റാഗ്രാമിന് കഴിയുമെന്നാണ് വിലയിരുത്തല്‍.
ഇന്‍സ്റ്റാഗ്രാം ടിവി ആപ്പില്‍ ഒരേസമയം അഞ്ച് വ്യത്യസ്ത അക്കൗണ്ടുകള്‍ വരെ ചേര്‍ക്കാന്‍ കഴിയും. വീട്ടിലെ വ്യത്യസ്ത അംഗങ്ങള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ക്ക് അനുയോജ്യമായ വ്യക്തിഗതമാക്കിയ ഉള്ളടക്കം കാണാന്‍ ഇത് അനുവദിക്കുമെന്ന് കമ്പനി പറയുന്നു.
ഉപയോക്താക്കള്‍ക്ക് ടിവിക്കായി ഒരു പ്രത്യേക അക്കൗണ്ട് സൃഷ്ടിക്കാനും കഴിയും. കൂടാതെ, കണ്ടന്റ് ക്രിയേറ്റേഴ്സിനെ കണ്ടെത്തുന്നതിനും പ്രൊഫൈലുകള്‍ ബ്രൗസ് ചെയ്യുന്നതിനോ ഉള്ള ഒരു സെര്‍ച്ചിംഗ് ഓപ്ഷനും ആപ്പില്‍ ഉണ്ടായിരിക്കും.
കഴിഞ്ഞ ദിവസം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുതാര്യതയും നിയന്ത്രണവും നല്‍കുന്നതിനായി "യുവര്‍ ആല്‍ഗോരിതം' എന്ന പുതിയ എഐ അധിഷ്ഠിത ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു.
ഇതിലൂടെ ഒരു ഉപയോക്താവിന് തങ്ങളുടെ റീല്‍സ് ഫീഡിന് രൂപം നല്കുന്ന വിഷയങ്ങള്‍ കാണാനും അതില്‍ മാറ്റങ്ങള്‍ വരുത്താനും സാധിക്കും.
Kerala
തൃശൂർ: റീൽസ് ചിത്രീകരിക്കാനായി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ യൂട്യൂബർ ജാസ്മിൻ ജാഫർ കാൽ കഴുകിയ സംഭവത്തെ തുടർന്ന് പുണ്യാഹം നടത്തുമെന്ന് അധികൃതർ.
ക്ഷേത്രത്തിൽ ആറു ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കുമെന്നും ദേവസ്വം ബോർഡ് ഭാരവാഹികൾ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. ചൊവ്വാഴ്ച ഉച്ചവരെ ദർശനത്തിന് നിയന്ത്രണവും ഉണ്ടാകും.
കഴിഞ്ഞ ദിവസമാണ് ജാസ്മിൻ ജാഫർ റീൽസ് ചിത്രീകരണത്തിനായി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഇറങ്ങിയത്. തുടർന്ന് റീൽസ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് സംഭവം വിവാദമായി.
ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്നത് ക്ഷേത്രക്കുളത്തിലാണ്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ല. അനുമതിയില്ലാതെ റീൽസ് ചിത്രീകരിച്ചതിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയിരുന്നു.