കോഴിക്കോട്: അപകടകരമായി വാഹനം ഓടിച്ച് റീല്‍സ് ഇടുന്നവരെ പൂട്ടാന്‍ മോട്ടോര്‍ വാഹനവകുപ്പ്. പിഴയോടൊപ്പം ഒരു ദിവസം മുഴുവൻ മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത ക്ലാസിലും ഇരിക്കേണ്ടി വരും. ഇത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേരെയാണ് മോട്ടോർ വാഹനവകുപ്പ് ക്ലാസിലേക്കു വിടുന്നത്.
സോഷ്യൽ മീഡിയയിൽ ലൈക്കും വ്യൂസും വാരിക്കൂട്ടാൻ നിയമം കൈയിലെടുക്കുന്നവരെ വലയിലാക്കാൻ അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളാണു മോട്ടോര്‍ വാഹന വകുപ്പിന്റെ സൈബര്‍ വിംഗ് ഒരുക്കിയിരിക്കുന്നത്. വണ്ടിയുടെ നമ്പർ പ്ലേറ്റുകൾ ഡിജിറ്റലായി പരിശോധിച്ചാണ് ഉടമയെ കണ്ടെത്തുന്നത്. റീൽസ് ഷൂട്ട് ചെയ്ത സ്ഥലവും പശ്ചാത്തലവും കൃത്യമായി നിരീക്ഷിച്ച് സ്പോട്ട് ഉറപ്പാക്കും. വീഡിയോയിലുള്ള കൂട്ടുകാരുടെയും അഭ്യാസപ്രകടനത്തിന് ഒത്താശ ചെയ്യുന്നവരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഇവരുടെ റൂട്ട് മാപ്പ് തയാറാക്കുന്നത്.
വണ്ടിയിൽ വരുത്തിയ അനധികൃത രൂപമാറ്റം, റിയർ വ്യൂ മിററുകൾ ഊരിമാറ്റൽ, നാട് വിറപ്പിക്കുന്ന സൈലൻസർ മാറ്റൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് വലിയ തുക പിഴ ഈടാക്കും. റോഡിലെ ഇത്തരം അഭ്യാസപ്രകടനങ്ങൾ കാരണം ഉണ്ടാകുന്ന ദാരുണമായ അപകടങ്ങളെക്കുറിച്ചുള്ള നെഞ്ചിടിപ്പ് കൂട്ടുന്ന വീഡിയോ പ്രദർശനവും ഇതിലുണ്ടാകും. റോഡിലെ ഇത്തരം അപകടകരമായ റീൽസ് എടുക്കുന്നവരിൽ ഭൂരിഭാഗവും 19 വയസ് മുതൽ 30 വയസുവരെയുള്ള യുവാക്കളാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
Tags : Dangerous driving reels Motor Vehicle Department's social media