Kerala
തിരുവനന്തപുരം: രാഷ്ട്രീയകേന്ദ്രങ്ങളിൽ വൻ വിവാദമുയർത്തിയ ബ്രഹ്മപുരം അഴിമതിക്കേസിലെ ഒന്നാം പ്രതിയും കെഎസ്ഇബി മുൻ ചെയർമാനുമായ ആർ. നാരായണനെ കേസിൽനിന്ന് ഒഴിവാക്കണമെന്ന സർക്കാരിന്റെ അപേക്ഷയ്ക്കെതിരേ വിജിലൻസ് കോടതിയുടെ കടുത്ത വിമർശനം.
പതിനൊന്ന് വർഷത്തിനു ശേഷമാണോ ഇത്തരം ഒരു അപേക്ഷ നൽകുന്നതെന്ന് പ്രോസിക്യൂഷനോട് കോടതി ആരാഞ്ഞു.
ഹൈക്കോടതി വരെ വിചാരണ വേഗത്തിലാക്കാൻ നിർദേശിച്ച കേസിൽ, ഇത്രയും കാലത്തിനുശേഷം ഒന്നാം പ്രതിയെ മാത്രം ഒഴിവാക്കണമെന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നു കോടതി ചോദിച്ചു.
അഴിമതി നടന്നിട്ടില്ലെന്നു വിജിലൻസ് പറയുന്നില്ലെന്നും അതേസമയം, ഒന്നാം പ്രതിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്നതു വൈരുധ്യമാണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
ഇക്കാര്യത്തിൽ സെപ്റ്റംബർ ഒന്നിനകം വ്യക്തമായ മറുപടി നൽകാൻ വിജിലൻസ് പ്രോസിക്യൂട്ടർക്ക് കോടതി നിർദേശം നൽകി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിന്റെ മുറിക്കായുള്ള സിപിഎമ്മിന്റെ നീക്കം പാളി. നിയമസഭ മന്ദിരത്തില്‍ മുറി വേണമെന്ന ആവശ്യം സ്പീക്കര്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിരസിച്ചു. കെ.എൻ ബാലഗോപാലിന് വേണ്ടിയാണ് മുറി ആവശ്യപ്പെട്ടത്.
പ്രതിപക്ഷ ഉപനേതാവില് തര്‍ക്കം നിലനിക്കുന്നതിനിടെയാണ് നിയമസഭ മന്ദിരത്തില്‍ പ്രതിപക്ഷ ഉപനേതാവിന്റെ മുറിക്കായുള്ള സിപിഎം ആവശ്യം സ്പീക്കര്‍ തള്ളിയത് . പിഎസി ചെയർമാൻ കെ.എൻ. ബാലഗോപാലിന് അഡ്മിനിസ്ട്രേറ്റ് ബ്ലോക്കിൽ ആണ് മുറി നൽകുക.
Kerala
കൊച്ചി: പരിസ്ഥിതിലോല മേഖല (ഇഎസ്എ) നിശ്ചയിക്കുന്നതുസംബന്ധിച്ച് കേരളം നൽകിയ റിപ്പോർട്ടും നിർദേശങ്ങളും കേന്ദ്രം വെട്ടി. കൂടുതൽ ജനവാസ മേഖലകൾ പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കണമെന്നതുൾപ്പടെ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാതെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുതിയ ഇഎസ്എ കരട് വിജ്ഞാപനം പുറത്തിറക്കി.
കേരളത്തിലെ 131 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്റർ ഇഎസ്എ പ്രദേശമാകുമെന്ന 2024ലെ കരടിന്റെ ആവർത്തനമാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ പുതിയ വിജ്ഞാപനത്തിലുമുള്ളത്.
2024ലെ കരട് വിജ്ഞാപനത്തിനുശേഷം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കേരളം സമർപ്പിച്ച റിപ്പോർട്ടിൽ ഇഎസ്എയിൽനിന്ന് ജനവാസ മേഖലകള്‍ ഉൾപ്പെടെ 1300 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കണമെന്നും ബാധകമാകുന്ന വില്ലേജുകളുടെ എണ്ണം 98 ആക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ആ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടില്ല. അന്നു കേന്ദ്രം നിയോഗിച്ച ഉന്നതാധികാര സമിതിയുമായി മുഖ്യമന്ത്രി നേരിട്ടു ചർച്ച നടത്തി കേരളത്തിന്റെ ആശങ്കകളും ആവശ്യങ്ങളും അറിയിച്ചതാണ്. ഇതു സംബന്ധിച്ചും കേരളം തയാറാക്കിയ കീഹോൾ മാർക്കപ് ലാംഗ്വേജ് (കെഎംഎൽ) രേഖകളും ഇഎസ്എ അതിർത്തി നിർദേശങ്ങളും കേന്ദ്രത്തിനു കൈമാറി.
2024 ജൂലൈ 31ന് പുറത്തിറക്കിയ ഇഎസ്എ കരട് നോട്ടിഫിക്കേഷന്റെ കാലവധി പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് പുതിയ വിജ്ഞാപനം തയാറാക്കിയത്.
കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുന്ന കേരളത്തിലെ 9993.7 ചതുരശ്ര കിലോമീറ്ററിൽ 1500 ചതുരശ്ര കിലോമീറ്റർ (ഏകദേശം 3.7 ലക്ഷം ഏക്കർ) എങ്കിലും ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളുമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഇഎസ്എ സംബന്ധിച്ചു നേരത്തേയുള്ള കരടുകളിൽനിന്ന് വ്യത്യസ്തമായി പരാതികളോ നിർദേശങ്ങളോ അറിയിക്കാനുള്ള 60 ദിവസം കഴിഞ്ഞാൽ എന്നു വേണമെങ്കിലും വിജ്ഞാപനം അന്തിമമാകുമെന്ന പ്രത്യേക അറിയിപ്പും ഇക്കുറിയുണ്ട്. ജൂലൈ 27നാണ് വിജ്ഞാപനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ചത്.
അന്നുമുതൽ ആറു മാസത്തിനുള്ളിൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ നേരത്തേ നൽകിയിട്ടുള്ള തടസവാദങ്ങളിലും നിർദേശങ്ങളിലും ഗൗരവതരമായ കേന്ദ്രപരിഗണന ഉണ്ടായില്ലെങ്കിൽ കരട് വിജ്ഞാപനം കാര്യമായ മാറ്റങ്ങളില്ലാതെതന്നെ നിയമപരമായി അന്തിമവിജ്ഞാപനമാകും.
സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് ഇഎസ്എയിൽ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെടില്ലെന്ന് ഉറപ്പാക്കണമെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ഒരു വ്യക്തി ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ അവരെ പട്ടികജാതി (എസ്സി) വിഭാഗമായി കണക്കാക്കാനാകില്ലെന്ന ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി. ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടായിരുന്നു മാർച്ച് 24ന് സുപ്രീംകോടതി കേസിൽ വിധി പുറപ്പെടുവിച്ചത്.
ഇതിനെതിരായ പുനഃപരിശോധനാ ഹർജി പരിശോധിച്ച ജസ്റ്റീസുമാരായ പ്രശാന്ത് കുമാർ മിശ്ര, മൻമോഹൻ എന്നിവരുടെ ബെഞ്ച് മുൻ വിധിയിൽ യാതൊരു പിഴവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യവും ബെഞ്ച് അംഗീകരിച്ചില്ല.
ഹിന്ദു, സിക്ക്, ബുദ്ധ മതങ്ങൾ ഒഴികെയുള്ള മറ്റു മതങ്ങളിലേക്ക് മാറുന്നവർക്ക് പട്ടികജാതി പദവി ഉടനടി നഷ്ടപ്പെടുമെന്ന ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേയുള്ള അപ്പീലാണ് സുപ്രീംകോടതി മാർച്ചിൽ പരിഗണിച്ചത്.
1950ലെ ഭരണഘടനാ (പട്ടികജാതി) ഉത്തരവിലെ ക്ലോസ് മൂന്നിൽ നിര്‍ദേശിച്ചിട്ടില്ലാത്ത മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് ജനനം പരിഗണിക്കാതെ പട്ടികജാതി പദവി നഷ്ടമാകുന്നതിന് കാരണമാകുമെന്ന് സുപ്രീംകോടതി മുൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
1950ലെ ഭരണഘടനാ (പട്ടികജാതി) ഉത്തരവ് പ്രകാരം ഹിന്ദു മതത്തിന് മാത്രമായിരുന്നു പട്ടികജാതി അവകാശം ലഭ്യമായിരുന്നത്. പിന്നീട് 1956ല്‍ സിക്ക് മതത്തിനും 1990ല്‍ ബുദ്ധമതത്തിനും പട്ടികജാതി അവകാശം നല്കി.
Sports
ന്യൂയോർക്ക്: സൂപ്പർതാരം മൈക്കിൾ ഒലീസെയുടെ മഞ്ഞക്കാർഡ് റദ്ദാക്കാനുള്ള ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ അപ്പീൽ തള്ളി ഫിഫ. പരാഗ്വയ്ക്കെതിരെയുള്ള മത്സരത്തിനിടെയാണ് മൈക്കിൾ ഒലീസെയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചത്.
മത്സരത്തിൽ വളരെയധികം പരുക്കൻ കളിപുറത്തെടുക്കുകയും പതിമൂന്ന് ഫയലുകൾ ചെയ്യുകയും ചെയ്ത പരാഗ്വായ്ക്കെതിരെ ഒരു മഞ്ഞക്കാർഡ് പോലും നൽകാത്ത റഫറിയുടെ തീരുമാനത്തെനെതിരെ വലിയ വിമർശനം ഉയർന്നുവന്നിരുന്നു. കൂടാതെ ബോസ്നിയക്കെതിരെ യുഎസ് താരം ബലോഗന് ലഭിച്ച റെഡ് കാർഡ് യുഎസ്-ബെൽജിയം പ്രീ ക്വാർട്ടറിന് മുൻപ് പിൻവലിക്കുകയും ബലോഗന് ആ മത്സരത്തിൽ കളിക്കാൻ അവസരം നൽകുകയും ചെയ്ത ഫിഫയുടെയും അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെയും നടപടി വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരിരുന്നു.
"ഞങ്ങൾ ഫിഫക്ക് നൽകിയ അപ്പീലിന് മറുപടി ലഭിച്ചു. മൈക്കിൾ ഒലീസെയുടെ മഞ്ഞക്കാർഡ് നിലനിർത്തിയിരുന്നു. ഇതേ ടൂർണമെന്റിൽ അമേരിക്കൻ താരത്തിന്റെ ചുവപ്പ് കാർഡ് പിൻവലിച്ചതിന്റെ നിയമം ഞങ്ങൾക്ക് മനസിലായില്ല.'ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാമ്പ്സ് പറഞ്ഞു.
മൊറോക്കോയുമായി നടക്കുന്ന ക്വാർട്ടർ ഫൈനലിൽ മൈക്കിൾ ഒലീസെയ്ക്ക് ഒരു മഞ്ഞക്കാർഡ് കൂടി ലഭിച്ചാൽ ഫ്രാൻസിന്റെ അടുത്ത ലോകകപ്പ് മത്സരത്തിൽ താരത്തിന് കളത്തിൽ ഇറങ്ങാൻ കഴിയില്ലെന്നാണ് ഇതിലെ ഏറ്റവും വലിയ കുരുക്ക്.
District News
ഇരിങ്ങാലക്കുട: ഏതു നിമിഷവും അപകടമുണ്ടാകാവുന്ന ജീര്‍ണാവസ്ഥയിലുള്ള പഴയ കെട്ടിടത്തില്‍നിന്ന് ഒടുവില്‍ ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മോചനം. ഇന്നുമുതല്‍ കോടതി പ്രവര്‍ത്തനം ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷനിലെ കോടതി സമുച്ചയത്തിന്റെ മൂന്നാം നിലയിലേക്ക് മാറ്റി.
ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചതോടെയാണ് വര്‍ഷങ്ങളായുള്ള അനിശ്ചിതത്വത്തിനു വിരാമമായത്. ഏകദേശം 175 വര്‍ഷം പഴക്കമുള്ള കച്ചേരിവളപ്പിലെ കെട്ടിടത്തിലാണ് ഇതുവരെ കോടതി പ്രവര്‍ത്തിച്ചിരുന്നത്. കാലപ്പഴക്കത്താല്‍ കെട്ടിടം അതീവ ജീര്‍ണാവസ്ഥയിലായിരുന്നുവെന്നും നിരവധി ഭാഗങ്ങളില്‍ തകര്‍ച്ചാ ഭീഷണി നിലനിന്നിരുന്നുവെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. മേല്‍ക്കൂര പൂര്‍ണമായും ചോര്‍ന്നൊലിക്കുന്നതിനാല്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ച് താത്കാലികമായി മൂടിയാണ് കോടതി പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയിരുന്നത്.
2014 ല്‍ കച്ചേരിവളപ്പിലുണ്ടായിരുന്ന മറ്റ് കോടതികളും ട്രഷറിയും താലൂക്ക് ഓഫീസും ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മാത്രം പഴയ കെട്ടിടത്തില്‍ തുടരുകയായിരുന്നു. ഇതിനിടെ കെട്ടിടസമുച്ചയത്തിന്റെ വിവിധ ഭാഗങ്ങള്‍ തകര്‍ന്നുവീഴുകയും സുരക്ഷാ ആശങ്കകള്‍ ശക്തമാവുകയും ചെയ് തു.
മാസങ്ങള്‍ക്ക് മുമ്പ് കോടതിയോട് ചേര്‍ന്ന് നിന്നിരുന്ന കൂറ്റന്‍ വാകമരം കടപുഴകി വീണ് അഞ്ച് വാഹനങ്ങള്‍ തകര്‍ന്ന സംഭവവും ആശങ്ക വര്‍ധിപ്പിച്ചിരുന്നു. കോടതി പ്രവര്‍ത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ജെയിംസ് അവറാന് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കമ്മീഷന് ജില്ലാ ഭരണകൂടത്തോട് അടിയന്തര റിപ്പോര്‍ട്ട് തേടി. തുടര്‍ന്ന് മുകുന്ദപുരം തഹസില്‍ദാര്‍ മുഖേന ഇരിങ്ങാലക്കുട വില്ലേജ് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ നിലവിലെ കെട്ടിടം തകര്‍ച്ചാ ഭീഷണിയിലാണെന്ന് കണ്ടെത്തി.
റെയില്‍വേ സ്റ്റേഷന് റോഡിലെ ഗാന്ധിഗ്രാമിലുള്ള ബിഎസ്എന്‍എല്‍ കെട്ടിടത്തില്‍ താത്കാലികമായി കോടതി പ്രവര്‍ത്തനം മാറ്റാമെന്ന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും പുതിയ കോടതി സമുച്ചയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ അതിന് വേണ്ടിവരുന്ന ചെലവ് പാഴ്ചെലവാകുമെന്ന വിലയിരുത്തലുണ്ടായി. ഇതിനിടെയാണ് ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന് സിവില്‍ സ്റ്റേഷനിലെ കോടതി സമുച്ചയത്തിനുള്ളിലെ ലഭ്യമായ സ്ഥലം ഉപയോഗപ്പെടുത്താമെന്ന നിര്‍ദേശം ഹൈക്കോടതിക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഈ നിര്‍ദേശം പരിഗണിച്ച ഹൈക്കോടതി, കോടതി പ്രവര്‍ത്തനം മൂന്നാം നിലയിലേക്ക് മാറ്റുന്നതിന് അനുമതി നല്‍കുകയായിരുന്നു.
പുതിയ സ്ഥലത്തേക്ക് മാറുന്നതോടെ കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമായ സാഹചര്യത്തില്‍ കോടതി പ്രവര്‍ത്തനം മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ.
International
സെന്റ് പീറ്റേഴ്സ്ബർഗ്: നേരിട്ടു കൂടിക്കാഴ്ച നടത്താമെന്ന യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ നിർദേശം തള്ളി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ.
സെന്റ് പീറ്റേഴ്സ്ബർഗിൽ ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ.
കഴിഞ്ഞ ദിവസമാണ് നേരിട്ട് സമാധാന ചർച്ച നടത്താമെന്ന നിർദേശം യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി മുന്നോട്ടുവച്ചത്.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി. ആദ്യം പിടിയിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇഡി ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളത് എന്നും കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രധാന നിരീക്ഷണം നടത്തിയത്. പ്രതികൾക്കെതിരെ വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കൂടാതെ പി ഡി പി പി വകുപ്പുടക്കം ചുമത്തിയിട്ടുണ്ട്.
കേസന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ല എന്ന് പ്രതിഭാഗവും കോടതിയിൽ ഉന്നയിച്ചു.
അതേസമയം തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിൽ ആറു പ്രതികള്‍ കൂടി കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായിരുന്നു. ആറ്റുകാൽ മുൻ കൗണ്‍സിലർ ഉണ്ണികൃഷ്ണൻ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 25 ആയിരുന്നു.
ഇനിയും അറസ്റ്റുകൾ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണർ അറിയിച്ചു. അതിനിടെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് മുമ്പ് കുറ്റപത്രം നൽകാൻ ഡിജിപിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾക്കു തിരിച്ചടി. തങ്ങൾ മുന്നോട്ടുവച്ച സമാധാന നിര്‍ദേശങ്ങള്‍ക്കുള്ള ഇറാന്റെ മറുപടി അമേരിക്ക തള്ളിയതോടെ വീണ്ടും ആശങ്കയേറിയിരിക്കുകയാണ്. ‘ഒട്ടും സ്വീകാര്യമല്ല’ എന്നു വ്യക്തമാക്കിയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്റെ നിര്‍ദേശം തള്ളിയത്.
മധ്യസ്ഥര്‍ മുഖേന ഇറാന് സമര്‍പ്പിച്ച മറുപടി താന്‍ വായിച്ചുവെന്നും ഇതിലെ വ്യവസ്ഥകളോട് തനിക്കു വിയോജിപ്പാണെന്നും ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി. ഇറാന്റെ മറുപടിയിലെ വിശദാംശങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയില്ല. യുഎസ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്കു ചര്‍ച്ചകളില്‍ മധ്യസ്ഥരായ പാക്കിസ്ഥാന് വഴിയാണ് ഇറാന് മറുപടി നല്‍കിയത്.
അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളുടെ ഭാഗമായി തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യൂറേനിയം ശേഖരം മൂന്നാമതൊരു രാജ്യത്തേക്കു മാറ്റാൻ ഇറാൻ സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. അമേരിക്ക മുന്നോട്ടുവച്ച സമാധാന നിർദേശങ്ങളോടുള്ള പ്രതികരണമായാണ് ഇറാൻ ഈ നിലപാട് സ്വീകരിച്ചതെന്ന് ‘വാൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്തു.
സമാധാനചർച്ചകൾ പരാജയപ്പെട്ടാൽ കൈമാറിയ യുറേനിയം തിരികെ നൽകണമെന്ന നിബന്ധനയും ഇറാൻ മുന്നോട്ടു വച്ചിട്ടുണ്ട്.
ഇറാന്റെ പ്രതികരണം ലഭിച്ചതിനു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഡോണൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തി. ഇറാനിലെ സമ്പുഷ്ടീകരിച്ച യൂറേനിയം നശിപ്പിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.
യൂറേനിയം സമ്പുഷ്ടീകരണകേന്ദ്രങ്ങൾ ഇനിയും തകർക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായംതന്നെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമുള്ളതെന്നും നെതന്യാഹു അവകാശപ്പെട്ടു.
National
ചെന്നൈ: തമിഴ്നാട്ടില്‍ സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അണ്ണാ ഡിഎംകെയുടെ ക്ഷണം നിരസിച്ച് ഡിഎംകെ.
ജനവിധിക്ക് എതിരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്നും ശക്തമായ പ്രതിപക്ഷമായി തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഡിഎംകെ നേതൃത്വം അറിയിച്ചു.
234 അംഗ നിയമസഭയില്‍ ഡിഎംകെയ്ക്ക് 59ഉം അണ്ണാ ഡിഎംകെയ്ക്ക് 47ഉം സീറ്റാണുള്ളത്. രണ്ടു പാര്‍ട്ടികള്‍ സഖ്യത്തിലായാലും ഭൂരിപക്ഷത്തിനു ചെറുകക്ഷികളുടെ പിന്തുണ വേണ്ടിവരുമായിരുന്നു.
ഇന്നലെ എടപ്പാടി പളനിസ്വാമി പുതുച്ചേരിയിലെ റിസോര്‍ട്ടിലെത്തി അണ്ണാ ഡിഎംകെ എംഎല്‍എമാരെ കണ്ടു. ഇന്നു ഗവര്‍ണറെ കാണാന്‍ ശ്രമിക്കുമെന്ന് എടപ്പാടി പറഞ്ഞു.
Kerala
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച 45 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിർദേശം തള്ളി ഇറാൻ. കേവലം താൽക്കാലികമായൊരു വെടിനിർത്തലല്ല, മറിച്ച് യുദ്ധത്തിന് ശാശ്വതവും ഉറപ്പുള്ളതുമായ പരിഹാരമാണ് വേണ്ടതെന്ന് ഇറാൻ വ്യക്തമാക്കി.
അമേരിക്ക മുന്നോട്ടു വച്ച ഉപാധികൾ തള്ളിക്കൊണ്ടാണ് ഇറാൻ നിലപാട് പ്രഖ്യാപിച്ചത്. തങ്ങൾ ഉന്നയിച്ച ഉപാധികളിൽ വിട്ടുവീഴ്ചയില്ലെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്കയുടെ നിർദ്ദേശങ്ങൾ അപര്യാപ്തമാണെന്നും ഇറാൻ വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വെടിനിർത്തലുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്താനെന്ന് സൂചനയെടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. 'ഇസ്ലാമാബാദ് അക്കോർഡ്സ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നയതന്ത്ര പരിഹാരത്തിന് അമേരിക്ക പച്ചക്കൊടി കാട്ടുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഇതിന് മുൻകൈ എടുത്തത്. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കഴിഞ്ഞ ദിവസം നിർണായക ചർച്ചകൾ നടത്തിയിരുന്നു.
സമാധാന കരാർ പദ്ധതിയുടെ ഭാഗമായി ഹോർമൂസ് കടലിടുക്ക് ഉടനടി തുറക്കാനും 45 ദിവസത്തെ വെടിനിർത്തലിന് ശേഷം സ്ഥിരമായ സമാധാന കരാറിലെത്താനുമായിരുന്നു നിർദ്ദേശം. ഇതാണ് ഇറാൻ തള്ളിക്കളഞ്ഞത്. ഇതോടെ ഹോർമുസിലടക്കം പ്രതിസന്ധി തുടരുമെന്ന് ഉറപ്പായി.
International
ടെഹ്റാൻ: വെടിനിർത്തലിനായി അമേരിക്ക മുന്നോട്ട് വച്ച അഞ്ച് പ്രധാന ഉപാധികൾ നിരസിച്ച് പകരം വ്യവസ്ഥകൾ വച്ച് ഇറാൻ. യുദ്ധം പൂർണമായും അവസാനിപ്പിക്കണമെന്നും യുദ്ധം വീണ്ടും തുടങ്ങില്ലെന്ന് ഉറപ്പാക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഇതോടെ പാക്കിസ്ഥാന്റെ അധ്യക്ഷതയിൽ ആരംഭിച്ച സമാധാന നീക്കങ്ങൾ ഫലം കാണില്ലെന്നാണ് സൂചന.
ഹോർമുസിൽ ഇറാന്റെ പരമാധികാരം അംഗീകരിക്കണമെന്നും ഇറാൻ ആവശ്യം ഉന്നയിച്ചു. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ തങ്ങൾ നിശ്ചയിക്കുന്ന വ്യവസ്ഥകൾ യുഎസ് അംഗീകരിക്കണമെന്നും മുതിർന്ന ഇറാനിയൻ സർക്കാർ പ്രതിനിധി ആവശ്യപ്പെട്ടു.
ജനീവയിൽ നടന്ന രണ്ടാം ഘട്ട ചർച്ചകളിൽ ഇറാൻ അമേരിക്കയോട് നിർദേശിച്ച വ്യവസ്ഥകൾക്ക് പുറമെയാണ് ഈ അഞ്ച് നിബന്ധനകൾ ഇറാൻ ഇന്ന് മുന്നോട്ടുവച്ചത്. വ്യവസ്ഥകൾ അംഗീകരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും വെടിനിർത്തൽ എന്നും ഇറാൻ നയം വ്യക്തമാക്കി.
യുഎസിനെതിരായ പ്രതിരോധം തുടരാനാണ് ഇറാൻ ഉദ്ദേശിക്കുന്നത്. കൂടാതെ തങ്ങളുടെ വ്യവസ്ഥകൾ പാലിക്കുന്നത് വരെ എതിരാളികൾക്ക് മേൽ കനത്ത പ്രഹരങ്ങൾ ഏൽപ്പിക്കുമെന്നും ഇറാൻ തിരിച്ചടിച്ചു.
മുമ്പ് രണ്ടു തവണ നടന്ന ഒത്തുതീർപ്പ് ചർച്ചകളിലും ഇറാനെ യുഎസ് വഞ്ചിക്കുകയായിരുന്നു എന്ന് ഇറാൻ പ്രതിനിധി ചൂണ്ടിക്കാട്ടി. അർഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടാൻ യുഎസിന് ഒരുകാലത്തും ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വിമർശിച്ചു
യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച അഞ്ച് വ്യവസ്ഥകൾ
അമേരിക്കയുടെയും ഇസ്രായേലിൻ്റേയും ആക്രമണത്തിനും കൊലപാതകങ്ങൾക്കും അന്ത്യമുണ്ടാകണം.
ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ ഭാവിയിൽ സൈനിക നടപടി ഉണ്ടാകാതിരിക്കാൻ കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക.
യുദ്ധം മൂലമുണ്ടായ നഷ്ടങ്ങൾക്കും നാശനഷ്ടങ്ങൾക്കും വ്യക്തവും ഉറപ്പുള്ളതുമായ നഷ്ടപരിഹാരം.
മേഖലയിലുടനീളം സജീവമായിരിക്കുന്ന എല്ലാ ചെറുത്തുനിൽപ്പ് ഗ്രൂപ്പുകൾക്കും, എല്ലാ മുന്നണികളിലും യുദ്ധം അവസാനിപ്പിക്കുക.
ഹോർമുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ പരമാധികാരം ദീർഘകാലമായി നിലനിൽക്കുന്ന നിയമപരമായ അവകാശമാണെന്നും, അത് ഔദ്യോഗികമായി അംഗീകരിക്കപ്പെടമെന്നും ഇറാൻ വാദിക്കുന്നു.
Kerala
കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തെ അയോഗ്യതയില്‍ വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. അപ്പീല്‍ അടിയന്തരമായി പരിഗണിക്കണം എന്ന വെള്ളാപ്പള്ളിയുടെ ആവശ്യം ഹൈക്കോടതി തള്ളി.
അപ്പീല്‍ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് നിലപാട്. സ്ഥാനത്തുനിന്ന് നീക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു വെള്ളാപ്പള്ളി നടേശൻ അപ്പീല്‍ നല്‍കിയത്.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നീക്കിയിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാര്‍ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എം.എന്‍. സ്വാമിയെയും ഹൈക്കോടതി നീക്കിയിരുന്നു.
ജസ്റ്റിസ് ടി.ആര്. രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്എന്‍ഡിപി യോഗം തുടര്‍ച്ചയായി മൂന്ന് വര്‍ഷം റെജിസ്ട്രര്‍ ഓഫ് കമ്പനിക്ക് തങ്ങളുടെ കണക്കുകള്‍ ഹാജരാക്കിയില്ല. ഇങ്ങനെ നല്‍കിയില്ലെങ്കില്‍ അയോഗ്യതയ്ക്ക് കാരണമാകും.
NRI
വാഷിംഗ്ടൺ ഡിസി: ഇറാനെതിരെയുള്ള സൈനിക നടപടികളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നിയന്ത്രണമേർപ്പെടുത്താനുള്ള ഡെമോക്രാറ്റുകളുടെ ശ്രമം അമേരിക്കൻ സെനറ്റ് പരാജയപ്പെടുത്തി. ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 47-നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്.
മിക്ക ഡെമോക്രാറ്റുകളും പ്രമേയത്തെ അനുകൂലിച്ചപ്പോൾ, റിപ്പബ്ലിക്കൻ പാർട്ടിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും ട്രംപിനെ പിന്തുണച്ചു. റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ മാത്രമാണ് ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്തത്.
യുഎസ് സുരക്ഷയ്ക്ക് ഭീഷണിയുള്ളതിനാൽ ട്രംപിന്റെ നടപടികൾ ന്യായമാണെന്ന് റിപ്പബ്ലിക്കൻ നേതാക്കൾ വാദിച്ചു. എന്നാൽ, കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടങ്ങാൻ പ്രസിഡന്റിന് അധികാരമില്ലെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്.
സെനറ്റിൽ പരാജയപ്പെട്ടെങ്കിലും, ഇറാന്റെ കാര്യത്തിൽ റിപ്പബ്ലിക്കൻ നിലപാട് വ്യക്തമാക്കാൻ മറ്റ് നിയമനിർമ്മാണ മാർഗങ്ങൾ തേടാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനം.
മിഡിൽ ഈസ്റ്റിലെ ട്രംപിന്റെ സൈനിക ഇടപെടലുകളെ തടയാൻ കോൺഗ്രസ് നടത്തുന്ന തുടർച്ചയായ ശ്രമങ്ങൾ പരാജയപ്പെടുന്നത് ഇതാദ്യമല്ല.
National
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറുമെന്ന തരത്തിൽ വന്ന അഭ്യൂഹങ്ങൾ തള്ളി സിദ്ധരാമയ്യ. രണ്ടര വർഷം കഴിഞ്ഞ് സ്ഥാനത്ത് നിന്ന് മാറി ഡി. കെ. ശിവകുമാറിന് അവസരം നൽകുമെന്ന തരത്തിൽ വന്ന വാർത്തകൾ എല്ലാം വ്യാജമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
"മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറില്ല. അതിന്റെ ആവശ്യം ഇല്ല. ഈക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. അവർ പറഞ്ഞാൽ മാറും. അല്ലാതെ ഉള്ളതൊന്നും വിശ്വസിക്കരുത്.'-സിദ്ധരാമയ്യ വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കൊൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെയാണ് സിദ്ദരാമയ്യയുടെ പ്രതികരണം. കഴിഞ്ഞ ദിവസം പ്രതിപക്ഷവും സ്ഥാനമാറ്റത്തെ കുറിച്ച് ചോദിച്ചിരുന്നു. താൻ 2028 വരെ മുഖ്യമന്ത്രി ആയി തുടരുമെന്നും കാലാവധി തികയ്ക്കുമെന്നും സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
National
ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട ഏകാംഗ കമ്മീഷനെയും പ്രത്യേക അന്വേഷണസംഘത്തെയും സസ്പൻഡ് ചെയ്തതിനെതിരേയുള്ള തമിഴ്നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി.
എല്ലാം നീതിയുക്തവും നിക്ഷ്പക്ഷവും ആയിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതായി ജസ്റ്റീസ് ജെ.കെ. മഹേശ്വരിയും ജസ്റ്റീസ് വിജയ് ബിഷ്ണോയിയും അടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) കഴിഞ്ഞ സപ്റ്റംബർ 27 നു നടത്തിയ റാലിയിൽ 41 പേർ തിക്കിലും തിരക്കിലും മരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ മദ്രാസ് ഹൈക്കോടതി രജിസ്ട്രാർ ജനറിലിന്റെ റിപ്പോർട്ടിനെതിരേയും പരാമർശമുണ്ട്. ഹൈക്കോടതിയിൽ എന്തോ തെറ്റായ കാര്യം നടക്കുന്നുണ്ടെന്നായിരുന്നു പരാമർശം.
ടിവികെ നൽകിയ അപേക്ഷയിൽ കഴിഞ്ഞ ഒക്ടോബർ 13നു സൂപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുൻ സുപ്രീംകോടതി ജഡ്ജി അജയ് രസ്തോഗിയുടെ നേതൃത്വത്തിൽ മൂന്നംഗ മേൽനോട്ട സമിതിയെയും സുപ്രീംകോടതി നിയോഗിച്ചു. ഏകാംഗ കമ്മിഷനെയും പ്രത്യേക അന്വേഷണസംഘത്തെയും നിയമിച്ച തമിഴ്നാട് സർക്കാരിന്റെ തീരുമാനം റദ്ദാക്കുകയും ചെയ്തിരുന്നു.
ഏകാംഗ കമ്മീഷൻ നടപടികൾ സിബിഐ അന്വേഷണത്തെ തടസപ്പെടുത്തില്ലെന്ന് തമിഴ്നാടിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വിൽസൺ അറിയിച്ചുവെങ്കിലും ഇക്കാര്യം സുപ്രീംകോടതി മുഖവിലയ്ക്ക് എടുത്തില്ല.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി തള്ളി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.
അടച്ചിട്ട കോടതിമുറിയിലായിരുന്നു വാദം. മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് 25മിനിട്ട് വാദമാണ് നടന്നത്. ബുധനാഴ്ച രാവിലെ രാഹുലിന്റെ ആവശ്യപ്രകാരം, അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം വാദം നടന്നു. അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കം പ്രതിഭാഗം ഹാജരാക്കി.
കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് അനുമതി ചോദിച്ചത് കോടതി അനുവദിച്ചിരുന്നു. രാഹുൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചു, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം ഗർഭധാരണത്തിന് ആവശ്യപ്പെട്ടു, പിന്നീട് നിർബന്ധിച്ച് ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന് പ്രോസിക്യൂഷൻ വാദം.
അശാസ്ത്രീയ ഗർഭഛിദ്രം മൂലം യുവതിയുടെ ജീവൻ അപകടത്തിലായെന്ന ചികിത്സിച്ച ഡോക്ടറുടെ മൊഴിയും ചികിത്സാ രേഖകളുമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
സമാനമായ നിരവധി ആക്ഷേപങ്ങൾ പ്രതിക്കെതിരെ ഉണ്ട്. ജാമ്യം നൽകിയാൽ കേസിനെ സ്വാധീനിക്കാനിടയുണ്ട്. മാതൃകാപരമായി പെരുമാറേണ്ട ജനപ്രതിനിധി ഒളിവിലാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടയിൽ വ്യക്തമാക്കി.
National
ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്എ) തടങ്കലിൽ വയ്ക്കുന്നത് തുടരുന്നതിനെ ചോദ്യം ചെയ്ത് അമൃത്പാൽ സിംഗ് എംപി സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി.
ഹർജിക്കാരൻ തന്റെ പരിധിയിലുള്ള ഹൈക്കോടതിയെ സമീപിക്കുക എന്നതാണ് ഉചിതമായ പോംവഴി എന്ന് നിരീക്ഷിച്ചാണ് ജസ്റ്റീസുമാരായ അരവിന്ദ് കുമാറും എൻ.വി. അഞ്ജരിയയും അടങ്ങുന്ന ബെഞ്ച് ഹർജി തള്ളിയത്.
തിരഞ്ഞെടുക്കപ്പെട്ട ഒരു പാർലമെന്റ് അംഗത്തെ അദ്ദേഹത്തിന്റെ ഭരണഘടനാ കടമകൾ നിർവഹിക്കുന്നതിൽ നിന്ന് തടയുന്നത് അദ്ദേഹത്തിന്റെ മൗലികാവകാശങ്ങളുടെയും ഖദൂർ സാഹിബിലെ വോട്ടർമാരുടെ അവകാശങ്ങളുടെ ലംഘനവുമാണെന്ന് അമൃത്പാൽ സിംഗ് ഹർജിയിൽ വാദിച്ചു.
നിലവിൽ ആസാമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിൽ കഴിയുകയാണ് അമൃത്പാൽ സിംഗ്. 'വാരിസ് പഞ്ചാബ് ദേ'യുടെ തലവനായ അമൃത്പാൽ സിംഗിനെ 2023 മാർച്ച് 18നാണ് ദേശീയ സുരക്ഷാനിയമപ്രകാരം അറസ്റ്റ് ചെയ്തത്.
തടവിൽ കഴിയുന്നതിനിടെ ഖദൂർ സാഹിബ് ലോക്സഭാ സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് കോൺഗ്രസ് എതിരാളിയായ കുൽബീർ സിംഗിനെ അമൃത്പാൽ സിംഗ് 1,97,120 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനായി അദ്ദേഹത്തിന് നാല് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.