മണ്ണാർക്കാട്: എടത്തനാട്ടുകര പൊൻപാറ റോഡിൽ പുളിയംതോടിന് കുറുകെയുള്ള പിലാച്ചോല പാലത്തിന്റെ കൈവരികൾ തകർന്നത് യാത്രക്കാർക്ക് ഭീഷണി.
പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള കൈവരികൾ തകർന്ന നിലയിലായിട്ടും അധികൃതർ അപകട മുന്നറിയിപ്പിനായി റിബൺ കെട്ടിയിട്ടുണ്ടെന്നു മാത്രം. നിരവധി വാഹനങ്ങൾ നിത്യേന കടന്നുപോകുന്ന പ്രധാന റോഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്.
എടത്തനാട്ടുകരയിൽനിന്ന് മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് വഴി ഊട്ടിയിലേക്കുള്ള എളുപ്പമുള്ള റോഡാണിത്. വളവും വീതി കുറഞ്ഞ ഭാഗവും കൂടിയായതിനാൽ രാത്രികാലങ്ങളിലും മഴയുള്ള സമയങ്ങളിലും അപകടസാധ്യത കൂടുതലാണ്. കൈവരികൾ തകർന്നതോടെ വാഹനങ്ങൾ നിയന്ത്രണം വിട്ടാൽ തോട്ടിലേക്ക് പതിക്കാനുള്ള സാധ്യതയുമുണ്ട്.
അപകടം ഒഴിവാക്കുന്നതിനായി താൽക്കാലികമായി കെട്ടിയിരിക്കുന്ന മുന്നറിയിപ്പ് റിബൺ മാത്രമാണ് ഇപ്പോഴത്തെ സുരക്ഷാ സംവിധാനം. ശക്തമായ കാറ്റിലും മഴയിലും റിബൺ അഴിഞ്ഞുപോകാനുള്ള സാധ്യതയുള്ളതിനാൽ ഇത് മതിയായ സുരക്ഷാ സംവിധാനമല്ലെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
പാലത്തിലൂടെ സഞ്ചരിക്കുന്ന ഇരുചക്ര വാഹന യാത്രക്കാരും കാൽനടയാത്രക്കാരുമാണ് ഏറെ ആശങ്കയിലുള്ളത്. അപകടം സംഭവിച്ചതിനുശേഷം നടപടിയെടുക്കുന്നതിന് പകരം, അടിയന്തരമായി പാലത്തിന്റെ തകർന്ന കൈവരികൾ പുനർനിർമിച്ച് ശക്തമായ സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.