ശ്രീനഗർ: ജമ്മു കാഷ്മീരിൽ നടന്ന പൊതുപരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ദേശീയ പതാകയുടെ നിറത്തിലുള്ള റിബൺ മുറിക്കാൻ വിസമ്മതിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ദേശീയ പതാകയോടുള്ള ആദരസൂചകമായാണ് താൻ ഇതിന് തയ്യാറാകാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉദ്ഘാടന ചടങ്ങിനായി സംഘാടകർ ഒരുക്കിയിരുന്നത് ത്രിവർണ പതാകയുടെ നിറങ്ങളിലുള്ള റിബൺ ആയിരുന്നു. എന്നാൽ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി റിബൺ മുറിക്കാൻ വിസമ്മതിച്ചു. ദേശീയ പതാകയുടെ നിറത്തിലുള്ള റിബൺ മുറിക്കുന്നത് പതാകയെ അപമാനിക്കുന്നതിന് തുല്യമാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
ദേശീയ പതാകയുടെ നിറങ്ങളുള്ള റിബൺ മുറിക്കുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. "ദേശീയ പതാകയെ നാം ബഹുമാനിക്കണം, അത് മുറിച്ചു മാറ്റാനുള്ളതല്ല" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തുടർന്ന് സംഘാടകർ മറ്റൊരു നിറത്തിലുള്ള റിബൺ എത്തിച്ച ശേഷമാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. ഒമർ അബ്ദുള്ളയുടെ ഈ നടപടിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
Tags : Omar Ribbon Tricolour Latest News