സിക്കന്ദർ സിനിമയെ വിമർശിച്ച് രശ്മിക മന്ദാനയും. സൽമാൻ ഖാന് പിന്നാലെയാണ് ചിത്രത്തെ തള്ളിപ്പറഞ്ഞ് നടിയുമെത്തിയത്. താൻ വായിച്ച തിരക്കഥയല്ല സിനിമയായത് എന്നായിരുന്നു രശ്മിക പറഞ്ഞത്.
‘‘മുരുഗദോസ് സാറുമായി സംസാരിച്ചിരുന്നത് ഞാനോര്‍ക്കുന്നുണ്ട്. പിന്നീട് സംഭവിച്ചത് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഞാന്‍ വായിച്ച തിരക്കഥ വേറൊന്നായിരുന്നു. സിനിമകളില്‍ പൊതുവേ സംഭവിക്കാറുള്ളതാണ്. നമ്മള് കേള്‍ക്കുന്ന കഥ വേറയാകും.
പിന്നീട് മേക്കിംഗിന്റെ സമയത്ത് കഥയില്‍ മാറ്റങ്ങള്‍ വരും. അത് വളരെ സാധാരണയായി സംഭവിക്കുന്നതാണ്. അതാണ് സിക്കന്ദറിനും സംഭവിച്ചത്.’’രശ്മികയുടെ വാക്കുകൾ.
ബോക്സ്ഓഫിസിൽ കനത്ത പരാജയമായ ആക്ഷൻ ചിത്രം സിക്കന്ദറിനെക്കുറിച്ചുള്ള സൽമാന്റെ പ്രതികരണവും ഏറെ ചര്‍ച്ചയായിരുന്നു. ഒരഭിമുഖത്തിൽ ജീവിതത്തിൽ ചെയ്തു പോയതിൽ ഖേദിക്കുന്ന സിനിമകളുടെ പേര് പറയാൻ അവതാരകൻ സല്‍മാനോട് ആവശ്യപ്പെട്ടു.
സൂര്യവംശി, നിശ്ചയ് എന്നീ പഴയ സിനിമകൾക്കൊപ്പം സമീപകാലത്ത് റിലീസായ സിക്കന്ദറിന്റെ പേരും പറഞ്ഞു. ‘‘സിക്കന്ദറിന്റെ പ്ലോട്ട് വളരെ മികച്ചതായിരുന്നു. പക്ഷേ ഞാൻ രാത്രി ഒൻപതുമണിയൊക്കെ ഒക്കെ ആകുമ്പോൾ സമയം തെറ്റിച്ച് സെറ്റിൽ വരുന്നത് കൊണ്ടാണ് പടത്തിന്റെ ഔട്ട്പുട്ട് മോശമായതെന്നാണ് മുരുഗദോസ് സർ ഈയിടെ പറഞ്ഞത്. ആ സമയത്താണ് എന്റെ റിബ്സിനു പരിക്കേൽക്കുന്നത്.
സിക്കന്ദർ അനൗൺസ് ചെയ്തപ്പോൾ, അത് നിർമാതാവ് സാജിദ് നദിയാദ്വാലയുടെയും മുരുഗദോസിന്റെയും പടമായിരുന്നു. റിലീസ് ആയി കഴിഞ്ഞപ്പോൾ രണ്ടും രണ്ട് വഴിക്ക് ആയി.
ഈ സിനിമയ്ക്കു ശേഷം മുരുഗദോസ് തമിഴിൽ മദരാസി എന്നൊരു പടം ചെയ്തു. അതിലെ നായകൻ കൃത്യം ആറു മണിക്ക് സെറ്റിൽ വരുമായിരുന്നു. അത് കൊണ്ട് തന്നെ ആ പടം സിക്കന്ദറിനേക്കാൾ വലിയ ബ്ലോക്ക്ബസ്റ്റർ ആയി.’’ സൽമാൻ ഖാൻ പറഞ്ഞു.