ബോളിവുഡ് താരം സല്മാന് ഖാനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് ബോംബെ ഹൈക്കോടതി. നടനെതിരെ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്ന കാര്യം പരിഗണിക്കാൻ അദ്ദേഹത്തിന്റെ അയൽവാസി കേതന് കക്കദിനോട് കോടതി ആവശ്യപ്പെട്ടു.
പൻവേലിലെ വസ്തു തർക്കവുമായി ബന്ധപ്പെട്ട് സൽമാൻ ഖാനെതിരെ കേതൻ കക്കദ് യൂട്യൂബ് ചാനലുകൾക്ക് അഭിമുഖം നൽകുകയും സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനെതിരെ സല്മാന് ഖാന് ഒരു മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിലാണ് കോടതിയുടെ പ്രതികരണം എത്തിയിരിക്കുന്നത്.
കേതന് കക്കദിന്റെ പ്രസ്താവനകള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ ചില ഉള്ളടക്കങ്ങള്‍ വര്‍ഗീയമായ വികാരം ഉണര്‍ത്താന്‍ പര്യാപ്തമാണെന്നുമാണ് മാനനഷ്ടക്കേസില്‍ സല്മാന് ഖാന് ആരോപിച്ചത്.
തനിക്ക് ഇടക്കാല ആശ്വാസം നല്കാന് വിസമ്മതിച്ച സിവില്‍ കോടതി ഉത്തരവിനെതിരെ സല്മാന് ഖാന് നല്കിയ ഹര്‍ജി ജസ്റ്റ്സ് ശര്‍മിള ദേശ്മുഖിന്റെ സിംഗിള്‍ ബെഞ്ച് ആണ് പരിഗണിച്ചത്. നിയമ വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിന് പകരം നിയമ സ്ഥാപനങ്ങളിലൂടെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്ന് ജസ്റ്റിസ് ശര്‍മിള ദേശ്മുഖ് അഭിപ്രായപ്പെട്ടു. കേസിന്റെ വാദത്തിനിടെയാണ് കേതന് കക്കദ് തന്റെ ആരോപണം സംബന്ധിച്ചുള്ള ട്വീറ്റുകളും വീഡിയോകളും മറ്റ് ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളും നീക്കണമെന്ന് ജസ്റ്റിസ് ദേശ്മുഖ് നിര്‍ദേശിച്ചത്. ഇത്തരത്തിലുള്ള ചില ഉള്ളടക്കങ്ങള്‍ മൂന്നാം കക്ഷികള്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അവ നീക്കം ചെയ്യാന്‍ ആവശ്യപ്പെടണമെന്നും കോടതി ആവശ്യപ്പെട്ടു.
തനിക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2022 ജനുവരിയിലാണ് സല്മാന് ഖാന് കേതന് കക്കദിനെതിരെ കോടതിയെ ആദ്യം സമീപിക്കുന്നത്. ഈ വിഷയത്തിലെ ഓണ്‍ലൈന്‍ ഉള്ളടക്കം വലിയ തോതില്‍ കാണികളെ നേടുന്നതായും കോടതി കണ്ടെത്തിയിരുന്നു.
Tags : Post Salman Khan remove