ആർ. മാധവൻ.
സമകാലിക ഹോളിവുഡ് സിനിമകളെക്കുറിച്ചും നിർമാണ രീതികളെക്കുറിച്ചുമുള്ള തന്റെ വിയോജിപ്പ് ഒരിക്കൽകൂടി തുറന്നുപറഞ്ഞ് നടൻ ആർ. മാധവൻ. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാടിൽ പാൻ ഇന്ത്യൻ താരം ഉറച്ചുനിന്നത്.
ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രമായ ദി ഒഡീസിയുടെ ഇന്ത്യൻ പ്രീമിയറിനെക്കുറിച്ച് ചോദിച്ചപ്പോൾ, അത് ഇന്ത്യയെ സംബന്ധിച്ചു മികച്ച തുടക്കമാണെന്ന് മാധവൻ പ്രതികരിച്ചു. ഇന്ത്യക്കു ലഭിക്കുന്ന വലിയ അംഗീകാരമാണിത്. നമ്മൾ അവർക്കായി ചെയ്യുന്ന കാര്യങ്ങളെ അവർ ബഹുമാനിക്കുന്നു എന്നതിന്റെ തെളിവാണിത്. ചിത്രം ബോക്സ് ഓഫീസിൽ വളരെ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും താരം കൂട്ടിച്ചേർത്തു.
ഹോളിവുഡ് ചിത്രങ്ങളെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ പങ്കുവച്ച മാധവൻ, മുൻപത്തെപ്പോലെ അമേരിക്കൻ സിനിമകൾ ഇപ്പോൾ അത്ഭുതപ്പെടുത്തുന്നില്ലെന്ന് തുറന്നുപറഞ്ഞു. ഇൻസെപ്ഷൻ, ഇന്റർസ്റ്റെല്ലർ, എ ഫ്യൂ ഗുഡ് മെൻ, ദി ഷോഷാങ്ക് റിഡംപ്ഷൻ, ആസ് ഗുഡ് ആസ് ഇറ്റ് ഗെറ്റ്സ്, പ്രെറ്റി വുമൺ തുടങ്ങിയ ചിത്രങ്ങൾ നടൻ എന്ന നിലയിലല്ല, മറിച്ച് ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയിൽ തന്റെ മനസിൽ വലിയ സ്വാധീനം ചെലുത്തിയവയാണെന്നും മാധവൻ പറഞ്ഞു.
1997-ൽ പുറത്തിറങ്ങിയ ദി ഡെവിൾസ് അഡ്വക്കേറ്റ് എന്ന ചിത്രത്തിലെ ചില ഡയലോഗുകൾ ഇപ്പോഴും മനസിലുണ്ടെന്നും അതിന്റെ അവതരണരീതി ഓർമയിലുണ്ടെന്നും മാധവൻ. എന്നാൽ ആ കാലഘട്ടം കഴിഞ്ഞുപോയതായി തോന്നുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളോ, മികച്ച ഡയലോഗുകളോ ഹോളിവുഡിൽ സംഭവിച്ചിട്ടില്ല. തന്റെ നിലപാടുകളിൽ മാറ്റമില്ലെന്നും മാധവൻ വ്യക്തമാക്കി.