രാമങ്കരി: കുട്ടനാട്ടിലേക്ക് കുതിച്ചെത്തുന്ന മലവെള്ളപ്പാച്ചിലിന് ശമനമില്ല. ആറുകളും ചെറുതോടുകളും കൃഷിയില്ലാതെ കിടക്കുന്ന പാടശേഖരങ്ങളുടെ ബണ്ടുകളും കരകവിഞ്ഞതിനെത്തുടർന്ന് എസി റോഡ് ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലെല്ലാം വെള്ളത്തിലായി.
താഴ്ന്ന പ്രദേശങ്ങളിലെല്ലാം മുട്ടിന് മേലേ വെള്ളം നിറഞ്ഞു ചെറുവാഹനങ്ങളിലുള്ള യാത്രയും മുടങ്ങി. ഇതോടെ ആളുകൾക്ക് വീടിനു പുറത്തിറങ്ങാൻ കഴിയാതിരുന്ന 2018ലെ പ്രളയസമാനമായ സ്ഥിതി. വീടുകളിൽ വെള്ളം നിറഞ്ഞ് പിടിച്ചുനിൽക്കാൻ രക്ഷയില്ലാതെ വന്ന കുടുംബങ്ങൾ കൂട്ടത്തോടെ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറിത്തുടങ്ങി.
എസി റോഡിൽ പൂവം ജംഗ്ഷൻ മുതൽ കിഴക്കോട്ടുള്ള ഭാഗമാണ് വെള്ളത്തിൽ മുങ്ങിയത്. ഇതോടെ ഇരുചക്രവാഹനങ്ങളിലും കാറിലുമുള്ള യാത്ര ദുഷ്കരമായി. കൂടാതെ നീരേറ്റുപുറം- കിടങ്ങറ, വാലടി-കിടങ്ങറ, കിടങ്ങറ-കണ്ണാടി, എടത്വ- മാന്പുഴക്കരി, എടത്വ- തായങ്കരി, പുന്നക്കുന്നം-പുളിങ്കുന്ന്, മങ്കൊന്പ്- കാവാലം തുടങ്ങിയ റോഡുകളും വെള്ളത്തിൽ മുങ്ങി.
വീടുകൾക്കുള്ളിൽ വരെ വെള്ളം നിറഞ്ഞു ദുരിതം പിടിമുറുക്കുന്പോഴും റിലീഫ് ക്യാന്പുകളിലും മറ്റും പോകാൻ മടിക്കുന്ന കുടുംബങ്ങൾ കൂട്ടത്തോടെ ബന്ധുവീടുകളിലേക്ക് യാത്ര തുടങ്ങി.
എസി കനാൽ കരകവിഞ്ഞു
എസി കനാൽ കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ കനാലിന് തെക്കുവശത്തുള്ള വീടുകളിലെല്ലാം വെള്ളം കയറി തുടങ്ങി. എസി റോഡിലെ രാമങ്കരി, മാന്പുഴക്കരി, കിടങ്ങറ ജംഗ്ഷനുകളിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന കടകന്പോളങ്ങളിലും വെള്ളം കയറി. ഇവിടങ്ങളിൽ കടകളി ലേക്കും വെള്ളം ഇരച്ചെത്തു കയാണ്.
മഴ ഇനിയും ശമനമില്ലാതെ തുടരുകയും കിഴക്കൻ വെള്ളത്തിന്റെ ശക്തി തുടരുകയും ചെയ്താൽ രാമങ്കരി, വെളിയനാട്, മുട്ടാർ തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളുടെ സാധരണ ജീവിതം ഏറെ ബുദ്ധിമുട്ടിലാകും. കഴിഞ്ഞ ദിവസം രാമങ്കരി, മുട്ടാർ, തലവടി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വിവിധ ദുരിതാശ്വാസ ക്യാന്പുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചിരുന്നു. അന്ന് നാലും അഞ്ചും കുടുബങ്ങൾ മാത്രമാണ് ഇവിടങ്ങളിലേക്ക് മാറാൻ തയാറായതെങ്കിൽ ഇന്നലെ ജലനിരപ്പ് ഉയരുകയും വീടുകൾക്കുള്ളിലേക്ക് വെള്ളം ഇരച്ചെത്തുകയും ചെയ്തതോടെ മിക്ക ദുരിതാശ്വാസ ക്യന്പുകളിലും അംഗസംഖ്യ ഇരട്ടിയിലധികമായിട്ടുണ്ട്.