Kerala
തിരുവനന്തപുരം: കർഷകരും വനംവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ ശാസ്ത്രീയവും ജനകീയവുമായ പരിഹാരമുണ്ടാകുമെന്നും ഭൂമി കൈമാറ്റം, പട്ടയഭൂമിയിലെ മരം മുറിക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് എൻഒസി കിട്ടേണ്ട അപേക്ഷകളിൽ സമയബന്ധിതമായി എൻഒസി കിട്ടുന്നതിന് നടപടിയെടുക്കുമെന്നും നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷ പരിഗണിക്കുന്നില്ലങ്കിൽ എൻഒസി കിട്ടിയതായി കണക്കാക്കുന്നതിന് ആവശ്യമായ ഉത്തരവിറക്കുമെന്നും വനംമന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ പുതുയുഗ കേരളം എന്ന വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായി വനംവകുപ്പുമായി ബന്ധപ്പെട്ട് കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി അടിയന്തരമായി വിളിച്ചു ചേർത്ത കർഷക നേതാക്കളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വന്യമൃഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ വനത്തിന്റെ വാഹകശേഷി പഠിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ വയനാട്ടിലും കൊട്ടിയൂരിലും സർവേ നടത്തുമെന്നും ആറുമാസത്തിനകം സർക്കാരിന്റെ വനനയം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ദീർഘകാലം കൊണ്ട് നടപ്പിലാക്കേണ്ട പദ്ധതികളും ഭാവിയിൽ ജനങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ കാതലായ മാറ്റത്തിന് കേന്ദ്രത്തെ സമീപിക്കുമെന്നും മന്ത്രി യോഗത്തെ അറിയിച്ചു.
സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിൽ ചേർന്ന യോഗത്തിൽ ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പുറമെ പ്രത്യേക ക്ഷണിതാക്കളായി കർഷക നേതാക്കളായ റസാഖ് ചുരവേലിൽ (ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ്), അഡ്വ. ബിനോയ് തോമസ് (രാഷ്ട്രീയ കിസാൻ മഹാ സംഘ് ), മഞ്ജുഷ് മാത്യു (കർഷക കോൺഗ്രസ്), ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ് (ഇൻഫാം), അലക്സ് ഒഴുകയിൽ (കിഫ), ഡോ. ജോസുകുട്ടി ഒഴുകയിൽ (മലനാട് കർഷക രക്ഷാ സമിതി), ജോൺ ചക്കിട്ടയിൽ (കർഷക മഹാ പഞ്ചായത്ത്), ഡോ. സിജുമോൻ ഫ്രാൻസിസ് (എഫ്എആർഎം ), അഡ്വ. സുമിൻ എസ്. നെടുങ്ങാടൻ (വി ഫാം ), ജോയി നിലമ്പൂർ (ഇഎഫ്എൽ- പീഡിത കർഷക സമിതി), ജിന്നറ്റ് മാത്യു (ആർകെഎംഎസ്), ഡയസ് പുല്ലൻ തുടങ്ങിയവർ വിശദമായി കർഷക പ്രശ്നങ്ങൾ അവതരിപ്പിച്ചു.
District News
അകത്തേത്തറ: മഴക്കാലത്ത് നടക്കാവ് ഭാഗത്ത് വർഷങ്ങളായി അനുഭവിക്കുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി റെയിൽവേ അധികൃതരും അകത്തേത്തറ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സ്ഥലം സന്ദർശിച്ചു.
എത്രയും പെട്ടെന്ന് റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം പോകാൻ വലിയ പൈപ്പ് ഇട്ട് പരിഹാരം കാണാമെന്ന് എഡിആർഎം ജയകൃഷ്ണൻ, എസ്എസ്ഇ മനോജ് എന്നിവർ ഉറപ്പുനൽകിയതായി ഭരണസമിതി അംഗങ്ങൾ അറിയിച്ചു.
മേൽപാലത്തിന്റെ റെയിൽവേയുടെ ഭാഗത്തു നിന്നുമുള്ള പണികൾ 95 ശതമാനം പൂർത്തിയായിട്ടുണ്ടെന്നും വിലയിരുത്തി. വൈസ് പ്രസിഡന്റ് ജി. സുജിത്ത്, മെംബർമാരായ കെ.എ. സുധീർ, എസ്. ഷിജു, ബ്ലോക്ക് മെംബർമാരായ ഗീത ശിവൻ, രമ്യ തുടങ്ങിയവർ പങ്കെടുത്തു.
District News
രാജാക്കാട്: രാജാക്കാട് ടൗണിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ട്രാഫിക് പരിഷ്കരണം നടത്തുന്നതിനും ജൂൺ ഒന്നു മുതൽ നടപ്പാക്കുന്നതിനും 21 നുചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. പഞ്ചായത്ത്, പോലീസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ് , പൊതുമരാമത്ത് വകുപ്പ്, വ്യാപാരി സംഘടനകൾ, പൊതുപ്രവർത്തകർ, ട്രേഡ് യൂണിയൻ ഭാരവാഹികൾ, സ്കൂൾ അധികൃതർ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സമുദായ സംഘടന ഭാരവാഹികൾ, മാധ്യമപ്രവർത്തകർ എന്നിവരെ ഉൾക്കൊള്ളിച്ചാണ് യോഗം നടത്തിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ, സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീകുമാർനായർ, ഉടുമ്പൻചോല സബ് ആർടിഒ വാഗീശ്വരൻ, പൊതുമരാമത്ത് ശാന്തമ്പാറ ഡിവിഷൻ അസിസ്റ്റന്റ് എൻജിനിയർ എം.യു. ശ്രീജിത്ത്, രാജാക്കാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ്. ബിജു, പോലീസ് സബ് ഇൻസ്പെക്ടർ എം.എസ്. അഭിജിത്, ടൗൺ വാർഡ് മെംബർ ജോഷി കന്യാക്കുഴി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
കമ്മിറ്റി തീരുമാനപ്രകാരം ജൂൺ ഒന്നു മുതൽ അടിമാലി ഭാഗത്തുനിന്നു വരുന്ന ബസുകൾ ജനകീയ ഹോട്ടലിനു സമീപവും കേജീസ് ജൂവലറിയുടെ മുമ്പിലുള്ള സ്റ്റോപ്പിലും ആളെ ഇറക്കി ബൈപാസ് റോഡുവഴി ബസ് സ്റ്റാൻഡിലെത്തി യാത്രക്കാരെ എടുത്ത് പോകണം. ബസ് സ്റ്റാൻഡിൽനിന്നു വെള്ളത്തൂവൽവഴി അടിമാലിക്ക് പോകേണ്ട ബസുകൾ ഇന്ത്യൻ ഓയിൽ പമ്പിന് മുമ്പിലുള്ള സ്റ്റോപ്പിൽനിന്നു കുഞ്ചിത്തണ്ണി വഴി പോകേണ്ട ബസുകൾ എൻഎസ്എസ് കെട്ടിടത്തിന് മുമ്പിലുള്ള സ്റ്റോപ്പിൽനിന്നു യാത്രക്കാരെ എടുത്ത് പോകണം.
രാജകുമാരി മാങ്ങാത്തൊട്ടി ഭാഗത്തുനിന്നു വരുന്ന ബസുകൾ ഫെഡറൽ ബാങ്കിന് എതിർവശത്തുള്ള സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കിയും യാത്രക്കാരെ കയറ്റിയും ബസ് സ്റ്റാൻഡിൽ എത്തി പോകണം. കുത്തുങ്കൽ ഭാഗത്തുനിന്നു വരുന്ന ബസുകൾ കേജീസ് ജൂവലറിക്ക് മുൻപിലുള്ള സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കി ബസ് സ്റ്റാൻഡിൽ എത്തി പോകണം.
കുഞ്ചിത്തണ്ണി ഭാഗത്തുനിന്നു വരുന്ന ബസുകൾ കേജീസ് ജൂവലറിക്ക് മുൻപിലുള്ള സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കി ബസ് സ്റ്റാൻഡിൽ എത്തി പോകണം. ബസ് സ്റ്റോപ്പുകളിൽ മൂന്നു മിനിറ്റിൽ കൂടുതൽ സമയം പാർക്കിംഗ് പാടില്ല.
ബസ് സ്റ്റാൻഡ് ബൈപാസ് റോഡിൽനിന്നു വാഹനങ്ങൾ രാജാക്കാട് പൂപ്പാറ റോഡിലേക്ക് പ്രവേശക്കാൻ പാടില്ല.
രാജാക്കാട് മാർക്കറ്റ് റോഡ്, പള്ളി റോഡ്, ബസ് സ്റ്റാൻഡ് റോഡ്,ബസ് സ്റ്റാൻഡ് ബൈപാസ് റോഡ്, രാജാക്കാട് മാങ്ങാത്തൊട്ടി റോഡിൽ കനകക്കുന്ന് ജംഗഷ്ൻ വരെ, ടൗണിലെ പ്രധാന റോഡുകൾ, കുത്തുങ്കൽ റോഡിൽ ബസ് സ്റ്റാൻഡ് കവല മുതൽ പോസ്റ്റ് ഓഫീസിന് സമീപമുള്ള വെയിറ്റിംഗ് ഷെഡ് വരെ ഒരു പാർക്കിംഗും അനുവദിക്കില്ല.
Special News
‘എനിക്കൊന്നും ചെയ്യാനാവുന്നില്ലല്ലോ. അല്ല, ഞാനെന്തു ചെയ്തിട്ടും കാര്യമില്ലല്ലോ!’ എന്ന് ചിലപ്പോഴൊക്കെ നമ്മൾ നിരാശാഭരിതരും നിസഹായരുമായി, ചുറ്റുപാടുകളെ നോക്കി ചിന്തിച്ചിട്ടില്ലേ? എന്തെങ്കിലുമൊന്നിനെ ഉൾക്കൊള്ളാനോ വിട്ടുപോകാനോ ആവാത്ത അവസ്ഥയിൽ ആശങ്കപ്പെട്ടിട്ടില്ലേ? അത് ഒരു വ്യക്തിയോ ബന്ധമോ കുടുംബമോ വിദ്യാഭ്യാസ സ്ഥാപനമോ ജോലി സ്ഥലമോ എന്തുമാകാം.
അവിടെ നിലനിൽക്കുന്ന പ്രശ്നവും പ്രതിസന്ധിയും പലവിധത്തിലുമാകാം.
അബ്യൂസീവ് ആയ ബന്ധത്തിൽ കുടുങ്ങിപ്പോവുക, അമിത സമ്മർദത്തിലാഴ്ത്തി വിഷാദത്തിലെത്തിക്കുന്ന പഠന സ്ഥലത്തോ ജോലി സ്ഥലത്തോ തുടരേണ്ടി വരുക, അപ്രതീക്ഷിതമായി ജോലിയോ വരുമാനമോ നിലക്കുക, അതുമല്ലെങ്കിൽ ചിലപ്പോൾ താനുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ടു രാജ്യങ്ങളിൽ നടക്കുന്ന യുദ്ധം മൂലം ജീവിതത്തിലെ വളരെ സുപ്രധാനമായ ഒരു അവസരം നഷ്ടമാവുക, അങ്ങനെ പലതരം പ്രതിസന്ധിഘട്ടങ്ങൾ ഒരു ‘പ്ലാൻ ബി’ ഇല്ലാതെ നമുക്കു വന്നു ചേർന്നിട്ടുണ്ടാവാം.
ഇതിന് ഒരു ‘സിംഗിൾ-സൊല്യൂഷൻ’ ഫോർമുല ഇല്ല. അതു വ്യക്തിക്കും സാഹചര്യത്തിനും നിലവിലുള്ള പ്രതിസന്ധിക്കും അനുസരിച്ച് വ്യത്യാസപ്പെടും. എന്നാലും ഒരു പരിഹാരത്തിലേക്ക് എത്തിച്ചേരുന്ന വരെ എന്തു ചെയ്യാനാവുമെന്നു ചിന്തിക്കേണ്ടതുണ്ട്. തളർന്നും തകർന്നും പോകുന്ന സന്ദർഭം തന്നെയായിരിക്കും അത്. പക്ഷേ, മുന്നോട്ടു പോകാൻ എങ്ങനെ ഊർജം കണ്ടെത്താം? എങ്ങനെ സെൽഫ്-ഹെൽപ് ചെയ്യാം??
ഒന്നാലോചിച്ചു നോക്കൂ. പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു ജീവിതവുമില്ല. എന്നാൽ, അവയെ നോക്കിക്കാണുന്നതിൽ മാറ്റങ്ങൾ കൊണ്ടുവരാനാകും. ചുറ്റുപാടുകൾ എത്രമാത്രം ക്രൂരവും പ്രക്ഷുബ്ധവുമായി മാറി കൊണ്ടിരുന്നാലും നമ്മുടെ ഉൾപ്രപഞ്ചത്തെ-നമുക്കുള്ളിലെ ലോകത്തെ-നമുക്കു പരിപോഷിപ്പിച്ചു കൊണ്ടിരിക്കാനാവും. അതിലൊരു പ്രത്യാശയുണ്ട്! നിലവിലുള്ള പ്രതിസന്ധികൾ മാറുന്നത് വരെ, നമുക്ക് നമ്മളെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാനാകും.
അതിനായി ഈ അഞ്ചു കാര്യങ്ങൾ നിങ്ങളെ സഹായിച്ചേക്കും.
ക്ലാരിറ്റിക്കായി റൂട്ട് മാപ്പ്
‘എന്താണ് നിലവിലെ പ്രശ്നം?’, ‘എന്താണ് ഏറ്റവും നല്ലതെന്നു നിങ്ങൾക്കു തോന്നുന്ന പരിഹാരം?’, ‘അതിനു വേണ്ടി നിങ്ങൾക്ക് എന്തൊക്കെ ചെയ്യാനാവും?’ എന്ന് എവിടെയെങ്കിലും കുറിച്ചു വക്കുക. പ്രശ്നത്തിൽനിന്നു പരിഹാരത്തിലേക്കുള്ള ഒന്നോ അതിലധികമോ റൂട്ട് മാപ്പുകൾ തയാറാക്കി നോക്കുക. ഇങ്ങനെ ചെയ്യുന്നത് നിലവിലുള്ള പ്രതിസന്ധിയെക്കുറിച്ചു നിങ്ങൾക്ക് ഒരു ക്ലാരിറ്റി നൽകും. ഒരുപാട് കൺഫ്യൂസ്ഡ് ആണെങ്കിൽ, അല്ലെങ്കിൽ യുക്തിപൂർവം ചിന്തിക്കാനാവുന്നില്ല എന്നു തോന്നുകയാണെങ്കിൽ, ഒരു ലൈഫ് കോച്ചിന്റെയോ തെറാപ്പിസ്റ്റിന്റെയോ സഹായം സ്വീകരിക്കാം.
ശുഭാപ്തി വിശ്വാസം
ഒരു വിഷമഘട്ടം വരുമ്പോൾ ‘ഒന്നും ശരിയാവില്ല’ എന്നൊരു പരാജയബോധം മിക്കവരേയും പിടികൂടാറുണ്ട്. എന്നാൽ അവിടെ നിന്നെഴുന്നേറ്റ് എല്ലാം ശരിയാവും എന്ന് പറഞ്ഞ് സ്വയം ചേർത്തു പിടിക്കുന്ന ശീലം നാം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. സാഹചര്യം എതിരാകുമ്പോൾ നാമെങ്കിലും വേണ്ടേ നമ്മെ ചേർത്തു പിടിക്കാൻ? നിങ്ങളുടെ കുട്ടിക്കാലത്തുള്ള ഒരു ഫോട്ടോ മനസ്സിൽ ഓർക്കൂ. ആ കുഞ്ഞിന്റെ ചിരിച്ച മുഖത്തേക്കു നോക്കൂ. ‘നിനക്ക് ഞാനുണ്ട്’ എന്ന് പറഞ്ഞു നോക്കൂ. ഒരു ബലത്തിനായി, പ്രാർഥന, മെഡിറ്റേഷൻ, മാനിഫെസ്റ്റേഷൻ, വിഷൻ ബോർഡ്, അങ്ങനെ നിങ്ങൾക്ക് വിശ്വാസമുള്ള രീതികളിലൂടെ നിങ്ങളുടെ ചിന്തകളുടെ കൺട്രോൾ തിരിച്ചു പിടിച്ച് നിങ്ങളുടെ ‘ഇന്നർ ചൈൽഡി’ന്റെ മുഖത്തെ ചിരി കെടില്ലെന്നു ഉറപ്പിക്കൂ.
ശരീരവും മനസും രണ്ടല്ല
പ്രതിസന്ധികൾ മാനസികമായി തളർത്തുന്നത് ശരീരത്തെ ബാധിക്കും, തിരിച്ചും. ഊണും ഉറക്കവുമില്ലാതെയാവുക, ഇമോഷണൽ ഈറ്റിംഗ്, അഡിക്ഷൻസ് ഒക്കെ പലർക്കും ഈ സമയങ്ങളിൽ വില്ലനാകും. അതുകൊണ്ട് തന്നെ, ശരീരം നിരന്തരം മൂവ് ചെയ്യുന്നത്, പുറത്തിറങ്ങി നടക്കുന്നത്, ആരോഗ്യകരവും മിതവുമായ ഭക്ഷണം, ആവശ്യത്തിനുള്ള ഉറക്കം, ശരീര പാലനം എന്നിവ പ്രധാനമാണ്. ഇതിനായി നിലവിലുള്ള സാഹചര്യങ്ങൾക്കനുസരിച്ച് ഒരു ചിട്ട രൂപപ്പെടുത്തിയെടുത്ത് ആരോഗ്യകരമായ ഇത്തരം ശീലങ്ങൾ നടപ്പിൽ വരുത്താനായി പരിശ്രമിക്കാം. ഇവിടെ നമ്മൾ പ്രശ്നത്തെ അവഗണിക്കുകയല്ല, പകരം അതിനെ അംഗീകരിച്ചു കൊണ്ട് പരിഹാരത്തിലൂന്നിയുളള കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയാണ് ചെയ്യുന്നത്. ഒരുതരം ഫോക്കസ് ഷിഫ്റ്റ്!
പാമ്പർ യുവർസെൽഫ്
മറ്റുള്ളവരെ സ്നേഹിച്ചും കെയർ ചെയ്തും അവരിൽനിന്ന് സ്നേഹവും കെയറും തിരികെ ആഗ്രഹിച്ചുമാണ് നമ്മുടെ ജീവിതം പരുവപ്പെട്ടിട്ടുള്ളത്. സ്വയം സ്നേഹിക്കുന്നതും കെയറു ചെയ്യുന്നതും സ്വാർഥതയായി കരുതപ്പെടുന്നുമുണ്ട്. എന്നാൽ, മറ്റുള്ളവരിൽനിന്നു ലഭിക്കണം എന്നാഗ്രഹിക്കുന്ന മുഴുവൻ സ്നേഹവും കെയറും സ്വയം നൽകി നോക്കൂ.
പാമ്പർ യുവർസെൽഫ്! സഹായിക്കാൻ എത്ര പേരുണ്ടെങ്കിലും എല്ലാ കാര്യങ്ങളിലും സ്വയംപര്യാപ്തരാവാൻ ശ്രമിക്കുക. വൈകാരിക, സാമ്പത്തിക സ്വയംപര്യാപ്തത ഒരാൾക്ക് അവരുടെ ജീവിതത്തിനു മേലെയുള്ള കൺട്രോൾ വർധിപ്പിക്കും. അതുപോലെ മറ്റു മനുഷ്യരുടെ ജീവിതം അവരുടേത് മാത്രമാണെന്ന് മനസ്സിലാക്കി അവരേ അവരുടെ പാട്ടിനു വിട്ടേക്കുക. ഇത് ഒരുപാട് വൈകാരിക പ്രതിസന്ധികളിൽനിന്നു നിങ്ങളെ കരകയറ്റും.
പുതിയതായി എന്തെങ്കിലും പഠിക്കാം
പുതിയതായി എന്തെങ്കിലും പഠിക്കുന്നത് എപ്പോഴും നമ്മുടെ തലച്ചോറിന് ഊർജമേകും. ഓർമശക്തി, ഏകാഗ്രത എന്നിവ വർധിപ്പിക്കാനും നമ്മുടെ വ്യക്തിഗതമായ വളർച്ചക്കും ഇതു സഹായകമാകും. ഉദാഹരണത്തിന്, താൻ ആഗ്രഹിക്കുന്ന ഒരു ജോലി കിട്ടുമ്പോഴേക്കും തനിക്കു പുതിയ എന്തൊക്കെ സ്കിൽസ് ഉണ്ടാക്കിയെടുക്കാം എന്നു ചിന്തിച്ച് അവ പഠിച്ചെടുക്കുമ്പോൾ സി.വിയും ആകർഷകമാകുന്നു.
ഇത്തരം ചെറിയ പെർസ്പെക്ടീവ് കറക്ഷൻസ്, ശീലങ്ങൾ എന്നിവ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരും. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ പോലും പലതും നമ്മളെ ബാധിക്കാതെയാവും. നമ്മുടെ സംതൃപ്തിയുടെ താക്കോൽ നമ്മുടെ കൈയലാണെന്നതൊരു വെറും പറച്ചിലല്ല. അത് മറ്റൊരാൾക്ക്, ഇടങ്ങൾക്ക്, സാഹചര്യങ്ങൾക്കു നൽകാതിരിക്കുക. സംതൃപ്തിയുള്ള മനുഷ്യരായി ജീവിക്കുക എന്നതിൽ പരം മറ്റെന്ത് സംഭാവനയാണ് നമുക്കിന്നത്തെ ലോകത്തിനു നല്കാനാവുക? അതുമൊരു നിശബ്ദ വിപ്ലവമാണ്.
Kerala
കൊച്ചി: 2025ലെ പുതിയ ആദായ നികുതി നിയമത്തെക്കുറിച്ച് ഇന്കം ടാക്സ് ഡിപ്പാര്ട്ട്മെന്റിന്റെ (എക്സംപ്ഷന്സ്) നേതൃത്വത്തില് ലാഭേച്ഛയില്ലാത്ത സംഘടനകള്ക്കായി (എന്പിഒ) പ്രാരംഭ് 2026 ബോധവത്കരണ പരിപാടി ഇന്നു നടത്തും. കൊച്ചിയിലെ ഐഎംഎ ഹൗസില് രാവിലെ 9.30 മുതല് ഉച്ചയ്ക്ക് 12.30 വരെയാണു പരിപാടി.
നികുതിപരിഷ്കാരം അംഗീകൃത എന്പിഒകളെ ഏതെല്ലാം തരത്തില് ബാധിക്കുന്നുവെന്നതു സംബന്ധിച്ച് പരിപാടിയില് വിശദീകരിക്കും.
എന്പിഒകള്ക്കു ബാധകമായ പുതിയ നിയമവ്യവസ്ഥകള്, ഭരണപരവും നിയമാനുസൃതവുമായ ചുമതലകള്, ഓഡിറ്റ്, റിട്ടേണ് സമര്പ്പണം, ഫോമുകള്, ഫണ്ട് അക്യുമുലേഷന് തുടങ്ങിയ വിഷയങ്ങളില് വിദഗ്ധര് ക്ലാസുകള് നയിക്കും.
ട്രസ്റ്റുകള്, സൊസൈറ്റികള്, വിദ്യാഭ്യാസസ്ഥാപനങ്ങള്, തുടങ്ങി ബന്ധപ്പെട്ട മേഖലകളില് പ്രവര്ത്തിക്കുന്നവര്ക്കു പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. ഫോൺ: 7012134082.
National
ന്യൂഡൽഹി: രാജ്യത്തെ പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പോരായ്മകൾ രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കുന്നതു സംബന്ധിച്ച സുപ്രീംകോടതി മുൻ ഉത്തരവ് നടപ്പാക്കുന്നതിലെ പിഴവുകൾ സമ്മതിച്ചുകൊണ്ടാണ് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ഇക്കാര്യം അറിയിച്ചത്.
വിഷയത്തിൽ കൂടുതൽ ഏകോപനം ആവശ്യമെന്നും കേസിലെ അമിക്കസ് ക്യൂറിയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.
District News
പെരിന്തൽമണ്ണ: കുന്നപ്പള്ളി കൊല്ലക്കോട്മുക്കിൽ താമസിക്കുന്ന 50ലധികം കുടുംബങ്ങളുടെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം. പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് വകയായി കുഴൽക്കിണർ, പൈപ്പ് ലൈൻ, വെള്ള ടാങ്ക് എന്നിവ സ്ഥാപിച്ചു. ബാങ്ക് നടത്തുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായാണിത്.
ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ് ഉദ്ഘാടനം ചെയ്തു. കൗണ്സിലർ ഫാസിൽ കക്രൻ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി നാസർ കാരാടൻ, ഫൈസൽ, റഉൗഫ് തങ്കയത്തിൽ, ജാഫർ മാങ്കടക്കുഴിയിൽ, ബാവ, ഉനൈസ് മണ്ണേങ്ങൽ, ഹനീഫ ഒറവംപുറം തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കോട്ടയം: പെരുകിവരുന്ന വന്യജീവി ആക്രമണങ്ങള്ക്ക് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരമാവശ്യപ്പെട്ട് കാസര്ഗോഡ് വെള്ളരിക്കുണ്ടില് നടന്നുവരുന്ന കര്ഷക സ്വരാജ് സത്യഗ്രഹത്തിന് ഐക്യദാര്ഢ്യം പ്രഖ്യപിച്ച് ഈരാറ്റുപേട്ടയിലും അനിശ്ചിതകാല ഉപവാസം നടത്തും.
നാളെ മുതല് ഈരാറ്റുപേട്ട സത്യഗ്രഹപന്തലില് കര്ഷക സ്വരാജ് സത്യഗ്രഹ സംഘാടക സമിതി ചെയര്മാന് സണ്ണി പൈകട അനിശ്ചിതകാല നിരാഹാര സത്യഗ്രഹമാരംഭിക്കും. അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിനു മുന്നോടിയായി വെള്ളരിക്കുണ്ടിലെ സത്യഗ്രഹ പന്തലില്നിന്ന് ഇന്ന് സമരപ്രവര്ത്തകരോടൊപ്പം പയ്യന്നൂര് ശ്രീനാരായണ വിദ്യാലയത്തിലെ ഗാന്ധിമാവിന്റെ ചുവട്ടില് സ്വാതന്ത്ര്യസമരസേനാനി വി.പി. അപ്പുക്കുട്ടന്റെ സാന്നിധ്യത്തില് സത്യഗ്രഹ പ്രതിജ്ഞയെടുത്തും പയ്യന്നൂരിലെ സ്വാതന്ത്ര്യസമര സ്മാരകങ്ങളില് പുഷ്പാര്ച്ചന നടത്തിയുമാണ് സണ്ണി പൈകട കോട്ടയത്തേക്ക് യാത്ര തിരിക്കുക.
നാളെ രാവിലെ പത്തിനു കോട്ടയം തിരുനക്കരയില് ഗാന്ധിപ്രതിമയില് പുഷ്പാര്ച്ചന നടത്തിയശേഷം ഈരാറ്റുപേട്ടയിലേക്ക് സത്യഗ്രഹയാത്ര ആരംഭിക്കും. സത്യഗ്രഹയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കോട്ടയം നഗരസഭാ ചെയര്മാൻ എം.പി. സന്തോഷ് കുമാര് മുഖ്യപ്രഭാഷണം നടത്തും.
ഏറ്റുമാനൂര്, കിടങ്ങൂര്, പാലാ, ഭരണങ്ങാനം തുടങ്ങിയ സ്ഥലങ്ങളില് വിശദീകരണയോഗങ്ങള് നടക്കും. കെ.വി. ബിജു, പി.ടി. ജോണ്, ജോണ് ജോസഫ് എന്നിവര് പ്രസംഗിക്കും. വൈകുന്നേരം നാലിന് ഈരാറ്റുപേട്ടയില് സത്യഗ്രഹപ്പന്തലില് എത്തിച്ചേർന്ന് അനിശ്ചിതകാല ഉപവാസമാരംഭിക്കും. സണ്ണി പൈകടയെ എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാന്സലര് ഡോ. സിറിയക് തോമസ് സത്യഗ്രഹ ഹാരമണിയിക്കും.
പത്രസമ്മേളനത്തില് ജോണ് ജോസഫ്, ജോര്ജുകുട്ടി കടപ്ലാക്കല്, ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേല്, വി.എം. അബ്ദുള്ളാഖാന് എന്നിവര് പങ്കെടുത്തു.
Kerala
കൊച്ചി: മുനമ്പം ഭൂസംരക്ഷണ സമിതി 414 ദിവസമായി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. എന്നാൽ റവന്യൂ അവകാശങ്ങൾ ലഭിക്കുന്നതു വരെ പ്രശ്നത്തിന് അന്തിമ പരിഹാരമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുനമ്പം സമര സമിതി എന്ന പേരിൽ ഒരു വിഭാഗം പുതിയ സമരം ആരംഭിച്ചു.
താൽക്കാലികാടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് 414 ദിവസം നീണ്ട സമരം അവസാനിപ്പിക്കാൻ ഭൂസംരക്ഷണ സമിതി തീരുമാനിച്ചത്. മന്ത്രിമാരായ പി.രാജീവ്, കെ. രാജൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് സമരം താൽക്കാലികമായി അവസാനിപ്പിക്കുന്നതായി സമിതി ഭാരവാഹികൾ അറിയിച്ചത്.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനു പിന്നാലെയാണ് താൽക്കാലികാടിസ്ഥാനത്തിൽ നികുതി സ്വീകരിക്കാൻ സിംഗിൾ ബെഞ്ച് അനുവദിച്ചത്. ഡിവിഷൻ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ സമിതി സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. അതിനാൽ ഈ ഹർജികളിലെ അന്തിമവിധിയുടെ തീർപ്പിന് വിധേയമായിരിക്കും ഉത്തരവെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ച് നികുതി സ്വീകരിക്കാൻ നിർദേശം നൽകിയത്.
സമരം അവസാനിപ്പിച്ച സമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രിമാർ പറഞ്ഞു. തങ്ങളുടെ കൈവശ ഭൂമിയിലുള്ള അവകാശം മുനമ്പം നിവാസികൾക്ക് നിയമപരമായിത്തന്നെ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ തുടക്കം മുതലുള്ള നിലപാടെന്നും അതിൽ മാറ്റമില്ലെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. മുനമ്പത്തുകാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഏതറ്റം വരെയും പോകുമെന്ന് മന്ത്രി കെ.രാജനും വ്യക്തമാക്കി.