മുംബൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ബാറ്റിംഗ്-ബൗളിംഗ് സന്തുലനം നിലനിര്‍ത്താന്‍ മൂന്നു പരിഷ്കാരങ്ങളുമായി ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന് തെണ്ടുല്‍ക്കര്‍. വിവാദമായ ഇംപാക്ട് പ്ലെയര്‍ റൂള്‍ ഒഴിവാക്കണമെന്നതാണ് സച്ചിന്റെ ആദ്യ നിര്‍ദേശം. 2023 മുതലാണ് സബ്സ്റ്റിറ്റ്യൂട്ട് പട്ടികയിലുള്ള ഏത് കളിക്കാരനെയും കളത്തില്‍ ഇറക്കാന്‍ സാധിക്കുന്ന ഇംപാക്ട് പ്ലെയര്‍ നിയമം പ്രാബല്യത്തില്‍ വന്നത്.
20 ഓവര്‍ മാത്രമുള്ള മത്സരത്തില്‍ ഇംപാക്ട് പ്ലെയറായി ഒരു ബാറ്ററിനെക്കൂടി ഉള്‍പ്പെടുത്തുന്നത് മത്സരത്തിന്റെ സന്തുലിതാവസ്ഥ ഇല്ലാതാക്കും- സച്ചിന് തെണ്ടുല്‍ക്കര്‍ പറഞ്ഞു. ബാറ്റിംഗ് പവര്‍പ്ലേ പോലെ ബൗളിംഗ് പവര്‍പ്ലേയും ഉള്‍പ്പെടുത്തണമെന്നതാണ് സച്ചിന്റെ മറ്റൊരു നിര്‍ദേശം. ഒരു ബൗളര്‍ക്ക് അഞ്ച് ഓവര്‍ നല്‍കണമെന്നും സച്ചിന് പറയുന്നു.