പാലക്കാട്: ഭക്തിയുടെ നിറവിൽ ആയിരങ്ങൾക്കു സായുജ്യമേകി കൽപാത്തിയിൽ ചരിത്രപ്രസിദ്ധമായ ദേവരഥ സംഗമം. ആയിരക്കണക്കിനു ഭക്തരെസാക്ഷിയാക്കി ശ്രീ വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള തേരുമുട്ടിയിൽ ദേവരഥങ്ങൾ സംഗമിച്ചു.
വിശാലാക്ഷിസമേത വിശ്വനാഥസ്വാമി (ശിവൻ), മന്തക്കര മഹാഗണപതി, പഴയ കൽപാത്തി ലക്ഷ്മി നാരായണ പെരുമാൾ, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളിൽനിന്നുള്ള അലങ്കരിച്ച രഥങ്ങൾ കൽപാത്തിയിലെ അഗ്രഹാര വീഥികളിലൂടെ ഗ്രാമപ്രദക്ഷിണം നടത്തിയ ശേഷമാണു ദേവസംഗമത്തിനായി തേരുമുട്ടിയിൽ എത്തിച്ചേർന്നത്.
ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിൽനിന്നു വിഗ്രഹം തേരിലേറ്റിയതോടെ ആവേശം കൊടുമുടിയിലെത്തി. രഥസംഗമത്തിനുശേഷം തേരുമുട്ടിയിൽ രഥങ്ങൾ നിർത്തിയിട്ടു.
ഇന്നു പുലർച്ചെ 2.30ഓടെയാണ് എഴുന്നള്ളത്ത്. തുടർന്ന് രാവിലെ നാല് അഗ്രഹാര ക്ഷേത്രങ്ങളിലും ധ്വജ അവരോഹണം നടക്കുന്നതോടെ പത്തുനാൾ നീണ്ട രഥോത്സവത്തിന് പരിസമാപ്തിയാകും.