തിരുവനന്തപുരം: വർക്കല നാരായണഗിരിയിൽ ബ്രഹ്മവിദ്യാമന്ദിര നിർമാണത്തിന്റെ സർവേയ്ക്ക് എത്തിയ എൻജിനിയറിംഗ് വിദ്യാർഥിയായ പ്രസാദ്, നാലര പതിറ്റാണ്ടിന് ഇപ്പുറം നാരായണ ഗുരുകുലത്തിന്റെ അമരക്കാരനായ ഗുരു മുനി നാരായണപ്രസാദായി ലോകശ്രദ്ധ നേടി.
ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജഗുരുവിൽനിന്നു സന്യാസ ദീക്ഷ സ്വീകരിച്ച ഗുരു മുനി നാരായണപ്രസാദ്, ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളും തത്വചിന്തകളും കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി ലോകമാകെ വ്യാപിപ്പിക്കുന്നതിൽ പ്രഥമ സ്ഥാനീയനായി.
ആധ്യാത്മിക ഗ്രന്ഥങ്ങളിലെ വാക്യങ്ങളെ ജീവിതത്തിലെ കർമപഥത്തിൽ എത്തിക്കേണ്ട വ്യാഖ്യാനങ്ങളായി ശ്രീനാരായണ ഗുരു ദർശനങ്ങളെ ലോകത്തിന്റെ നെറുകയിലേക്ക് സന്നിവേശിപ്പിച്ച ഗുരു നിത്യചൈതന്യ യതിയുടെ പ്രഭാഷണങ്ങളടങ്ങിയ പുസ്തകത്തിൽ 1954ൽ അന്നത്തെ എസ്എസ്എൽസി കഴിഞ്ഞു സിവിൽ എൻജിനീയറിംഗ് ഡിപ്ലോമ കോഴ്സിനു പഠിക്കുന്ന നഗരൂർ സ്വദേശിയായ 12 വയസുകാരനായ പ്രസാദിനെക്കുറിച്ചു വിവരിക്കുന്നുണ്ട്. ബ്രഹ്മവിദ്യാമന്ദിരം നിർമിച്ചു നൽകാമെന്ന് നടരാജഗുരുവിനെ അറിയിച്ച മരുതൻവിളാകത്ത് കുഞ്ഞുകൃഷ്ണനെക്കുറിച്ചു പറയുന്നു.
അദ്ദേഹത്തിന്റെ എൻജീനിയറിംഗ് വിദ്യാലയത്തിലെ കുട്ടികളിൽ ഒരാളായിരുന്ന പ്രസാദാണ് സർവേയ്ക്ക് ചങ്ങലയുമായി എത്തിയത്. ഏറെ പ്രസരിപ്പുള്ള ആകർഷണീയമായി ചിരിക്കുന്ന പ്രസാദിനെ വക്കത്തെ ഗുരുകുല ബാലലോകത്തിന്റെ ചുമതലക്കാരനാക്കി കുട്ടികളെ സംഘടിപ്പിച്ചു. പിന്നീട് ജലവിഭവ വകുപ്പിൽ സിവിൽ എൻജിനീയറായി കൊല്ലത്ത് ജോലി ലഭിച്ചപ്പോൾ വർക്കലയിലെ നാരായണ ഗുരുകുലത്തിൽനിന്നാണ് ജോലിക്കു പോയി വന്നിരുന്നത്. പിന്നീടാണ് മുനി ഗുരുനാരായണ പ്രസാദ് സന്യാസ ദീക്ഷ സ്വീകരിക്കുന്നതും സർക്കാർ ജോലി ഉപേക്ഷിച്ച് ശ്രീനാരായണ ദർശനങ്ങളുടെ പ്രയോക്താവായി മാറുന്നതും.
ലോക മതസമ്മേളനങ്ങളിൽ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തു. കേരളത്തിൽ മുഖ്യസംഘാടകനായി. ഗുരു നിത്യചൈതന്യ യതിയുടെ സമാധിക്കു ശേഷം 1999 മുതൽ നാരായണ ഗുരുകുലത്തിന്റെ അമരക്കാരൻ.
നവോത്ഥാനന്തര കേരളത്തിൽ രണ്ടു ധാരകൾ രൂപപ്പെട്ടിരുന്നതായി മുനി നാരായണപ്രസാദിന്റെ വ്യാഖ്യാനങ്ങളിൽ പറയുന്നു. ഭൗതികവും ആധ്യാത്മികവുമായിരുന്നു അവ. ഭൗതികമായത് രാഷ്ട്രീയ ഇടതുപക്ഷ ധാരയായിരുന്നുവെങ്കിൽ മറ്റൊന്ന് ആധ്യാത്മിക ധാരയായിരുന്നു. ഇതിൽ ഹിന്ദുത്വ മേധാവിത്വ പ്രവണതകൾക്ക് സന്യാസ സമൂഹത്തിൽ ബദൽധാരയുണ്ടെന്നു സൗമ്യമായി ഓർമപ്പെടുത്തിയ ആധ്യാത്മിക ചിന്തകനായിരുന്നു ഗുരു മുനിനാരായണപ്രസാദ്.
ജാതി രാഷ്ട്രീയം, ഹിന്ദുത്വം, ഇടതുപക്ഷം, ജനാധിപത്യം, ആൾദൈവം, ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ നിലപാട് വ്യക്തമാക്കി. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളുടെ പ്രചാരകനായി ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യത്വം സ്വീകരിച്ചു. ആധ്യാത്മികതയെ ഹിന്ദുത്വത്തിന്റേതായ ഭാവത്തിൽനിന്ന് മോചിപ്പിച്ച് എല്ലാ മതങ്ങളേയും ഉൾക്കൊള്ളുന്ന തലത്തിലേക്കു കൊണ്ടുപോകാനായിരുന്നു നാരായണ ഗുരുകുലത്തിന്റെ ശ്രമം.
ഹൈന്ദവ ദർശനങ്ങൾക്കൊപ്പം ബൈബിളിന്റെ വ്യാഖ്യാനവും മുനി നാരായണപ്രസാദ് തയാറാക്കി. ഇതിനെക്കുറിച്ച് മുനി നാരായണപ്രസാദ് നേരത്തെ പറഞ്ഞത് യേശുദേവന്റെ ഇന്നുവരെ അറിയപ്പെട്ടിട്ടുള്ള ഒരു വാക്കും പ്രവൃത്തിയും വിടാതെ എല്ലാറ്റിനും വ്യാഖ്യാനം ഉൾപ്പെടുത്തിക്കൊണ്ടുള്ള പുസ്തകമാണ് മലയാളത്തിൽ പ്രസിദ്ധീകരിച്ചതെന്നായിരുന്നു.
ക്രൈസ്തവ സമൂഹത്തിൽനിന്നു നല്ല അഭിപ്രായം ലഭിച്ചിരുന്നു. കർമോപദേശങ്ങളും ജീവിതത്തിൽ നാം സ്വീകരിക്കേണ്ട നടപടിക്രമങ്ങളുമൊക്കെയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ‘പലമതസാരവുമേകം’ എന്ന ശ്രീനാരായണഗുരുവിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ആധ്യാത്മിക ശാസ്ത്ര ഗ്രന്ഥങ്ങളേയും മനസിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തെന്നാണ് മുനി നാരായണപ്രസാദിന്റെ ഭാഷ്യം.
Tags : Guru Muni Narayana Prasad interpreted spiritual karma path