മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ തങ്ങളുടെ പ്രീമിയം ഉപയോക്താക്കൾക്കായി പുത്തൻ എഐ അസിസ്റ്റന്റ് ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇനി മുതൽ ഉപയോക്താക്കൾക്ക് സ്പോട്ടിഫൈ ആപ്പുമായി നേരിട്ട് സംസാരിക്കാനും തങ്ങൾക്ക് ആവശ്യമുള്ള പാട്ടുകൾ, പോഡ്കാസ്റ്റുകൾ, ഓഡിയോബുക്കുകൾ എന്നിവ തെരഞ്ഞെടുക്കാനും സാധിക്കും.
ആപ്പിലെ ഹോം സ്ക്രീൻ, നൗ പ്ലെയിംഗ് സ്ക്രീൻ എന്നിവയിൽ നിന്ന് ലഭ്യമാകുന്ന ഈ ഫീച്ചർ ഒരു പേഴ്സണൽ ഓഡിയോ അസിസ്റ്റന്റിനെപോലെയാണ് പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾക്ക് ടൈപ്പ് ചെയ്തോ സംസാരിച്ചോ നിർദ്ദേശങ്ങൾ നൽകാനും, ഫോളോ-അപ്പ് ചോദ്യങ്ങളിലൂടെ കൂടുതൽ കൃത്യമായി ഫലങ്ങൾ ലഭിക്കാനും ഇത് സഹായിക്കും.
ഈ പുതിയ എഐ അസിസ്റ്റന്റ് ഉപയോക്താക്കൾക്ക് പുതിയ ഗായകരുടെ പാട്ടുകൾ കണ്ടെത്താനാകും. പാട്ടുകളുടെ വേഗത കൂട്ടാനോ, പുതിയ റിലീസുകൾ മാത്രമായി ചുരുക്കാനോ തുടർന്നുള്ള നിർദ്ദേശങ്ങളിലൂടെ ആവശ്യപ്പെടാം. ഇതുകൂടാതെ നിലവിൽ പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന പാട്ടിന്റെ റിലീസ് വർഷം, ജോണർ, അതിന് പിന്നിലെ പ്രചോദനം എന്നിവ ചോദിച്ചറിയാനും സാധിക്കും.
പാട്ടുകൾ സേവ് ചെയ്യാനും, ക്യൂവിലേക്ക് ചേർക്കാനും, പുതിയ ആർട്ടിസ്റ്റുകളെ ഫോളോ ചെയ്യാനും വെറുതെ സംസാരിച്ചുകൊണ്ട് തന്നെ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പാട്ടുകൾക്ക് പുറമെ പോഡ്കാസ്റ്റുകൾക്കും ഓഡിയോബുക്കുകൾക്കും ഈ ഫീച്ചർ ബാധകമാണ്. ഒരു പ്രത്യേക എഴുത്തുകാരന്റെ മറ്റ് പുസ്തകങ്ങൾ കണ്ടെത്താനോ, ഒരേ അതിഥി പങ്കെടുത്ത വിവിധ പോഡ്കാസ്റ്റ് എപ്പിസോഡുകൾ തെരയാനോ ഇത് സഹായിക്കും.
ഉപയോക്താക്കളുടെ മുൻകാല ലിസണിംഗ് ഹിസ്റ്ററി പരിശോധിക്കാൻ കഴിയുന്നതിനാൽ, ഒരു പ്രത്യേക ഗാനം ആദ്യമായി എപ്പോഴാണ് പ്ലേ ചെയ്തതെന്നോ, ഈ അടുത്തിടെ ഏറ്റവും കൂടുതൽ കേട്ട ജോണറുകൾ ഏതാണെന്നോ കൃത്യമായി പറഞ്ഞുതരാൻ ഈ എഐക്ക് സാധിക്കും.
സ്പോട്ടിഫൈ ആദ്യമായല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പിൽ പരീക്ഷിക്കുന്നത്. ഉപയോക്താക്കളുടെ താല്പര്യത്തിനനുസരിച്ച് പാട്ടുകൾ തെരഞ്ഞെടുക്കുകയും ഒരു എഐ വോയ്സ് വഴി അവ അവതരിപ്പിക്കുകയും ചെയ്യുന്ന ‘എഐ ഡിജെ’ ഇതിനകം തന്നെ ശ്രദ്ധേയമാണ്.
കൂടാതെ, എഴുതി നൽകുന്ന മൂഡിനും ആക്റ്റിവിറ്റിക്കും അനുസരിച്ച് പ്ലേലിസ്റ്റുകൾ തയാറാക്കി നൽകുന്ന ‘എഐ പ്ലേലിസ്റ്റ്’ ഫീച്ചറും സ്പോട്ടിഫൈ മുൻപ് അവതരിപ്പിച്ചിട്ടുണ്ട്. ഈ പരമ്പരയിലെ ഏറ്റവും പുതിയ സംഭാഷണ എഐ ഫീച്ചർ പ്രീമിയം ഉപയോക്താക്കൾക്കായി ഘട്ടംഘട്ടമായാണ് സ്പോട്ടിഫൈ ലഭ്യമാക്കി തുടങ്ങുക.