സ്പോട്ടിഫൈ
നെറ്റ്ഫ്ലിക്സ് പാസ്വേഡ് ഷെയറിംഗിന് തടയിട്ടതുപോലെ, തങ്ങളുടെ പ്രീമിയം ഫാമിലി പ്ലാനുകൾ സുഹൃത്തുക്കൾക്കിടയിൽ പങ്കുവെക്കുന്നത് തടയാൻ കർശന നടപടികളുമായി മ്യൂസിക് സ്ട്രീമിങ് ആപ്പായ സ്പോട്ടിഫൈ. ഒരേ വിലാസത്തിൽ താമസിക്കാത്തവർ ഫാമിലി പ്ലാൻ ദുരുപയോഗം ചെയ്യുന്നത് തടയാനായി സ്പോട്ടിഫൈ പുതിയൊരു ക്യുആർ കോഡ് വെരിഫിക്കേഷൻ സിസ്റ്റം അവതരിപ്പിച്ചു. മൂന്നാം പാദ നിക്ഷേപകരുടെ യോഗത്തിലാണ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചത്.
ഫാമിലി പ്ലാൻ ഉപയോഗിക്കുന്നവർ, പ്ലാൻ മാനേജർക്കൊപ്പം, ഒരേ വീട്ടിലാണ് താമസിക്കുന്നത് എന്ന് തെളിയിക്കേണ്ടതുണ്ട്. ഇതിനായി പ്ലാൻ മാനേജർ സ്പോട്ടിഫൈ ആപ്പിൽ ചെന്ന് ഒരു ക്യുആർ കോഡ് ജനറേറ്റ് ചെയ്യണം. പ്ലാൻ ഉപയോഗിക്കുന്ന മറ്റ് അംഗങ്ങൾ തങ്ങളുടെ ഫോൺ ക്യാമറ ഉപയോഗിച്ച് ഈ കോഡ് സ്കാൻ ചെയ്യണം.
ഇതിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഈ പരിശോധന പൂർത്തിയാക്കാൻ രണ്ടുപേരും നേരിട്ട് ഒരേ സ്ഥലത്ത് ഉണ്ടാകണമെന്നതാണ്. കോഡിന്റെ സ്ക്രീൻഷോട്ട് എടുത്ത് ഓൺലൈനായി സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കാൻ കഴിയില്ല, കാരണം ഈ ക്യുആർ കോഡ് ഏതാനും സെക്കൻഡുകൾക്കുള്ളിൽ മാറിപ്പോകും.
അറിയിപ്പ് ലഭിച്ചാൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് സ്ഥിരീകരിക്കാൻ ഉപയോക്താക്കൾക്ക് 7 ദിവസത്തെ സമയം മാത്രമാണ് ലഭിക്കുക. നിങ്ങൾ മറ്റൊരു നഗരത്തിലാണ് താമസിക്കുന്നതെങ്കിൽ, ഒരു ആഴ്ചയ്ക്കുള്ളിൽ വീട്ടിൽ ചെന്ന് ഇത് പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ പ്ലാനിൽ നിന്ന് പുറത്താക്കപ്പെടും.
7 ദിവസത്തെ സമയപരിധി പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ, സ്പോട്ടിഫൈ നിങ്ങളുടെ അക്കൗണ്ട് സൗജന്യ പരസ്യ പതിപ്പിലേക്ക് മാറ്റും. കൂടാതെ, പിഴയെന്നോണം അടുത്ത 12 മാസത്തേക്ക് മറ്റൊരു ഫാമിലി അല്ലെങ്കിൽ ഡ്യുയോ പ്ലാനിൽ ചേരാൻ കഴിയില്ല. ഈ ഒരു വർഷക്കാലയളവിൽ പരസ്യരഹിതമായി പാട്ടുകൾ കേൾക്കണമെങ്കിൽ സ്വന്തമായി വ്യക്തിഗത പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കേണ്ടി വരും.
ഒരേ വീട്ടിൽ താമസിക്കുന്ന ആറുപേർക്ക് പണം ലാഭിച്ചുകൊണ്ട് ഒരു സബ്സ്ക്രിപ്ഷൻ പങ്കിടാനാണ് ഫാമിലി പ്ലാൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്. എന്നാൽ ദൂരസ്ഥലങ്ങളിൽ താമസിക്കുന്ന സുഹൃത്തുക്കളും മുതിർന്ന മക്കളുമൊക്കെ വർഷങ്ങളായി ഒരേ പ്ലാൻ പങ്കിട്ടാണ് ഉപയോഗിച്ചിരുന്നത്. ഈ രീതിയാണ് സ്പോട്ടിഫൈ ഇപ്പോൾ കർശനമായി തടയുന്നത്. സുഹൃത്തുക്കളുമായി ഫാമിലി പ്ലാൻ പങ്കിടുന്നവർ ഇനി ഒന്നെങ്കിൽ നേരിൽ കണ്ട് ക്യുആർ കോഡ് സ്കാൻ ചെയ്യാൻ തയ്യാറാകുകയോ, അല്ലെങ്കിൽ സ്വന്തമായി സബ്സ്ക്രിപ്ഷൻ എടുക്കുകയോ ചെയ്യേണ്ടി വരും.
Tags : spotify familyplan password