പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മെറ്റയുടെ പുതിയ എഐ അസിസ്റ്റന്റായ 'മ്യൂസ്' വഴി ഉപയോക്താക്കളുടെ രഹസ്യ വിവരങ്ങൾ ചോർന്നതായി കണ്ടെത്തൽ. ആയിരക്കണക്കിന് ഉപയോക്താക്കൾ എഐയുമായി നടത്തിയ രഹസ്യ സംഭാഷണങ്ങളും രേഖകളും ഓൺലൈനിൽ പരസ്യമായതിനെ തുടർന്ന് മെറ്റ ഇതിന്റെ ഷെയറിങ് ഫീച്ചർ താൽക്കാലികമായി നിർത്തിവെച്ചു. സൈബർ സുരക്ഷാ സ്ഥാപനമായ 'ക്ലാരോക്' ആണ് ഈ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തിയത്.
മ്യൂസ് എഐയിലൂടെ പങ്കുവെച്ച സംഭാഷണങ്ങളുമായി ബന്ധപ്പെട്ട 6,800ലധികം വെബ് വിലാസങ്ങൾ ഓൺലൈനിൽ എളുപ്പത്തിൽ കണ്ടെത്താനാകുമെന്ന് സുരക്ഷാ ഗവേഷകർ വ്യക്തമാക്കി. മെറ്റാ അക്കൗണ്ടിൽ ലോഗിൻ ചെയ്യാതെ തന്നെ ആർക്കും ഈ പേജുകൾ തുറക്കാൻ കഴിയുമായിരുന്നു. ഇതിൽ ബിസിനസ് രേഖകൾ, വ്യക്തിഗത സാമ്പത്തിക വിവരങ്ങൾ തുടങ്ങിയ സെൻസിറ്റീവ് വിവരങ്ങളും ഉൾപ്പെടുന്നു.
ഉപയോക്താക്കൾക്ക് തങ്ങളുടെ സംഭാഷണങ്ങളും ചിത്രങ്ങളും വെബ് ലിങ്കുകൾ വഴി മറ്റുള്ളവരുമായി പങ്കുവെക്കാൻ സഹായിക്കുന്ന ഫീച്ചറാണ് മ്യൂസ് നൽകുന്നത്. എന്നാൽ ഈ ലിങ്കുകൾ രൂപീകരിച്ച രീതിയിലുള്ള പിഴവാണ് പ്രശ്നമായത്. സംഭാഷണത്തെക്കുറിച്ചുള്ള ചെറിയൊരു വിവരണവും തുടർന്ന് ഒരു ഐഡന്റിഫിക്കേഷൻ കോഡും ചേർത്താണ് വെബ് വിലാസങ്ങൾ ഉണ്ടാക്കിയിരുന്നത്. ഇത് ലിങ്ക് തുറക്കുന്നതിന് മുൻപ് തന്നെ അതിനുള്ളിൽ എന്താണെന്ന് വെബ്സൈറ്റിന്റെ അഡ്രസ്സിലൂടെ മനസിലാക്കാൻ സഹായിച്ചു.
തുടർന്ന് പ്രശ്നം ഗൗരവത്തിലെടുത്ത മെറ്റ, ലിങ്കുകൾ എളുപ്പത്തിൽ കണ്ടെത്താനാകുന്ന സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി ഷെയറിങ് ഫീച്ചർ താൽക്കാലികമായി മരവിപ്പിക്കുകയായിരുന്നു. ഇതുവരെ ഈ വിവരങ്ങൾ ആരെങ്കിലും ദുരുപയോഗം ചെയ്തതായി തെളിവുകളില്ലെന്ന് ഗവേഷകർ വ്യക്തമാക്കി.
Tags : meta muse metamuse cybersecurity technology