പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ അൽഗോരിതം സംവിധാനങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. രാഷ്ട്രീയ സംഭവവികാസങ്ങളും ക്രമസമാധാന പ്രശ്നങ്ങളും വാർത്തകളിൽ നിറയുന്ന സന്ദർഭങ്ങളിൽ ഉപയോക്താക്കൾക്ക് എന്ത് ശിപാർശ ചെയ്യണം എന്ന കാര്യത്തിൽ മെറ്റ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആവശ്യപ്പെട്ടു. തെറ്റിധരിപ്പിക്കുന്ന പോസ്റ്റുകൾ, കൃത്രിമമായി നിർമിച്ച ദൃശ്യങ്ങൾ, ഒരുപക്ഷേ ഏകപക്ഷീയമായ വിവരങ്ങൾ എന്നിവയ്ക്ക് അൽഗോരിതം വഴി അനാവശ്യ പ്രാധാന്യം നൽകരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഒക്ടോബർ 10ലെ അഡ്വൈസറിയിലാണ് മെറ്റയോട് ഈ കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. ശിപാർശ ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങൾ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തമാക്കാനും, ഉപയോക്താക്കൾക്ക് പരിമിതമായ ചില വിവരങ്ങൾ മാത്രം ആവർത്തിച്ച് ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാനും മന്ത്രാലയം നിർദ്ദേശിച്ചു. കൂടാതെ, പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതോ, ക്രമസമാധാനനില തകരാറിലാക്കുന്നതോ, അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നതോ ആയ വസ്തുക്കൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുജനങ്ങൾക്കിടയിൽ സംവേദനക്ഷമതയേറിയ ഘട്ടങ്ങളിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിയതിയോ സ്ഥലമോ വ്യക്തമല്ലാത്ത പഴയ വീഡിയോകൾ നിലവിലെ സംഭവങ്ങളുടെ ദൃശ്യങ്ങളാണെന്ന് തെറ്റിദ്ധരിച്ച് പ്രചരിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. അതുപോലെ, അടിയന്തര നടപടികളെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചുമുള്ള സ്ഥിരീകരിക്കാത്ത അവകാശവാദങ്ങൾ ആളുകളിലേക്ക് എളുപ്പത്തിൽ എത്തുന്നതും തടയേണ്ടതുണ്ട്.
സമൂഹമാധ്യമങ്ങളിൽ വരുന്ന ഫോട്ടോകൾ, വീഡിയോകൾ എന്നിവയ്ക്ക് വ്യക്തതയില്ലാത്ത സാഹചര്യങ്ങളിൽ അവയ്ക്കൊപ്പം കൃത്യമായ വിശദീകരണങ്ങൾ നൽകാൻ മെറ്റ തയ്യാറാകണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. ശ്രദ്ധ ആകർഷിക്കുന്ന പോസ്റ്റുകൾ തിരിച്ചറിയാനും അവ അവലോകനം ചെയ്യാനും മെറ്റ തങ്ങളുടെ സംവിധാനങ്ങൾ മെച്ചപ്പെടുത്തണം. വ്യാപകമായ ആശയക്കുഴപ്പത്തിനോ അശാന്തിക്കോ കാരണമാകുന്ന ഉള്ളടക്കങ്ങൾ കൃത്യസമയത്ത് പരിശോധിക്കപ്പെടണം. അതേസമയം, നിയമപരമായ പൊതു ചർച്ചകളെ അത് ബാധിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഐടി ആക്ട് 2000, ഐടി നിയമങ്ങൾ 2021 എന്നിവയുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നിർദ്ദേശം. സ്വീകരിച്ച നടപടികളെക്കുറിച്ച് ഉടൻ തന്നെ മന്ത്രാലയത്തെ അറിയിക്കാനും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Tags : AI technology socialmedia meta Algorithm