Business
തിരുവനന്തപുരം: പ്രമുഖ എഐ, ടെക്നോളജി ട്രാന്സ്ഫോര്മേഷന് സൊല്യൂഷന്സ് കമ്പനിയായ യുഎസ്ടി സംഘടിപ്പിക്കുന്ന ജെന്സിസ് 2026 ആഗോള എഐ, സൈബര് സുരക്ഷാ കോണ്ഫറന്സ് സെപ്റ്റംബര് അഞ്ച്, ആറ് തീയതികളില് കമ്പനിയുടെ തിരുവനന്തപുരം കാമ്പസില് നടക്കും.
2025 ല് നടന്ന ഉദ്ഘാടന പതിപ്പിന്റെ തുടര്ച്ചയായി സംഘടിപ്പിക്കുന്ന ഈ വര്ഷത്തെ സമ്മേളനത്തില് സാങ്കേതിക രംഗത്തെ പ്രമുഖര്, എഐ വിദഗ്ധര്, സുരക്ഷാ വിദഗ്ധര്, ഗവേഷകര്, ഡെവലപ്പര്മാര്, വിദ്യാര്ഥികള് എന്നിവര് പങ്കെടുക്കും.
Tech
സാൻ ഫ്രാൻസിസ്കോ: സൈബർ സുരക്ഷാ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി മൈക്രോസോഫ്റ്റ്. കമ്പനിയുടെ ആദ്യത്തെ സൈബർ സെക്യൂരിറ്റി സപെഷ്യലൈസ്ഡ് എഐ മോഡലായ MAI-Cyber-1-Flash, പുതിയ ഏജന്റിക് സെക്യൂരിറ്റി പ്ലാറ്റ്ഫോമായ പ്രോജക്ട് പെർസെപ്ഷനും സാൻ ഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി അവതരിപ്പിച്ചു.
നിലവിലുള്ള പ്രതിരോധ സംവിധാനങ്ങളേക്കാൾ കുറഞ്ഞ ചെലവിൽ മികച്ച സുരക്ഷ ഉറപ്പാക്കാൻ ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു. സൈബർ സെക്യൂരിറ്റി ജോലികളിൽ 90 ശതമാനത്തോളം വരുന്ന സാധാരണ ടാസ്കുകൾ ഇനി മുതൽ MAI-Cyber-1-Flash നേരിട്ട് കൈകാര്യം ചെയ്യും. ഏറ്റവും സങ്കീർണമായ 10% ഘട്ടങ്ങളിൽ മാത്രമാണ് ഓപ്പൺ എഐയുടെ ജിപിടി 5.4 മോഡലിന്റെ സഹായം തേടുക.
മൈക്രോസോഫ്റ്റിന്റെ മിഡാഷ് വൾനറബിലിറ്റി മാനേജ്മെന്റ് സിസ്റ്റത്തിനൊപ്പം പ്രവർത്തിക്കുമ്പോൾ ഈ പുതിയ മോഡൽ സൈബർജിം ബെഞ്ച്മാർക്കിൽ 96% കൃത്യത കൈവരിച്ചിട്ടുണ്ട്. എഐ കമ്പനിയായ ആന്ത്രോപ്പിക്കിന്റെ മിഥോസ് മോഡലിനേക്കാൾ 12 ശതമാനം ഉയർന്ന പ്രകടനമാണിത്. മാത്രമല്ല, നിലവിലുള്ള മൈക്രോസോഫ്റ്റ് സംവിധാനങ്ങളുടെ ചെലവിനേക്കാൾ 50% സാമ്പത്തിക ലാഭവും ഇത് ഉറപ്പുനൽകുന്നു.
സൈബർ ആക്രമണങ്ങളെ നേരിടാൻ മൂന്ന് തരം പ്രത്യേക എഐ ഏജന്റുകളെ സംയോജിപ്പിച്ചാണ് പ്രോജക്ട് പെർസെപ്ഷൻ പ്രവർത്തിക്കുന്നത്. ഹാക്കർമാർ സിസ്റ്റത്തിലേക്ക് എങ്ങനെ കടന്നുകയറാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന റെഡ് ടീം ഏജന്റുകൾ. നിലവിലുള്ള ഭീഷണികളെ തിരിച്ചറിഞ്ഞ് അവയുടെ ഗൗരവം തരംതിരിക്കുന്നു ബ്ലൂ ടീം ഏജന്റുകൾ. സുരക്ഷാ വീഴ്ചകൾ പരിഹരിച്ച് സിസ്റ്റം കൂടുതൽ ശക്തമാക്കുന്ന ഗ്രീൻ ടീം ഏജന്റുകൾ.
മുമ്പ് വിവിധ മേഖലകളിലെ വിദഗ്ധർ മണിക്കൂറുകളെടുത്ത് ചെയ്തിരുന്ന സങ്കീർണമായ പ്രതിരോധ പ്രവർത്തനങ്ങൾ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ ഈ പ്ലാറ്റ്ഫോമിന് സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് ലീഡ് എഞ്ചിനീയർ ഡേവ് വെസ്റ്റൺ വ്യക്തമാക്കി. മൈക്രോസോഫ്റ്റിന്റെ ഇൻ-ഹൗസ് സാങ്കേതികവിദ്യയിൽ നിർമിച്ച പ്രോജക്ട് പെർസെപ്ഷൻ ഓഗസ്റ്റ് 3 മുതൽ പൊതു പരീക്ഷണത്തിനായി ലഭ്യമാകും.
മൈക്രോസോഫ്റ്റ് സെക്യൂരിറ്റി ഡിവിഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹയെതെ ഗാലറ്റിന്റെ മേൽനോട്ടത്തിലാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചത്. പ്രതിദിനം 100 ട്രില്യണിലധികം സൈബർ സുരക്ഷാ സിഗ്നലുകൾ വിശകലനം ചെയ്തുകൊണ്ടാണ് ഈ എഐ മോഡൽ പരിശീലനം നേടിയിട്ടുള്ളത്.
Kerala
കോഴിക്കോട്: സൈബര് കുറ്റകൃത്യങ്ങള്ക്കെതിരേയുള്ള നടപടി കടുപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന് സൈബര് ക്രൈം കോ-ഓര്ഡിനേഷന് സെന്ററിന്റെ സംസ്ഥാനതല ഘടകമായി കേരള പോലീസിലെ സൈബര് ഓപ്പറേഷന്സ് ഡിവിഷന് പ്രവര്ത്തിക്കും.
പുതിയ നീക്കത്തിന്റെ ഭാഗമായി സൈബര് ഓപ്പറേഷന്സ് ഡിവിഷനെ സ്റ്റേറ്റ് സൈബര് ക്രൈം കോ-ഓര്ഡിനേഷന് സെന്ററായി പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഇതര സംസ്ഥാനങ്ങളിലെ ക്രമസമാധാന ഏജന്സികള്, ബാങ്കുകള് എന്നിവയുമായുള്ള ഏകോപനത്തിലൂടെ തട്ടിപ്പുകാര്ക്കെതിരേ ഉടനടി നടപടി സ്വീകരിക്കാനാണു പുതിയ നീക്കം.
സംസ്ഥാന പോലീസ് മേധാവിയുടെ മേല്നോട്ടത്തിലായിരിക്കും സെന്ററിന്റെ പ്രവര്ത്തനം. സൈബര് ഓപ്പറേഷന്സ് ഐജിയാണു സംസ്ഥാനതല നോഡല് ഓഫീസര്. സൈബര് തട്ടിപ്പ് തടയാന് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന 1930 സൈബര് ക്രൈം ഹെല്പ്പ് ലൈന്, നാഷണല് സൈബര് ക്രൈം റിപ്പോര്ട്ടിംഗ് പോര്ട്ടല് എന്നിവ സ്റ്റേറ്റ് സൈബര് ക്രൈം കോ-ഓര്ഡിനേഷന് സെന്റര് കൈകാര്യം ചെയ്യും.
തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം ഉടന് മരവിപ്പിക്കുന്നതിനും വ്യാജ അക്കൗണ്ടുകള്, വ്യാജ സിം, ഐഎംഇഐ നമ്പറുകള് എന്നിവ ബ്ലോക്ക് ചെയ്യുന്നതിനും ബാങ്കുകളുമായും മറ്റു സംസ്ഥാനങ്ങളുമായും ചേര്ന്ന് ഇനി മുതല് വേഗത്തില് പ്രവര്ത്തിക്കാന് സ്റ്റേറ്റ് സൈബര് ക്രൈം കോ-ഓര്ഡിനേഷന് സെന്ററിനു കഴിയും.
സെന്ററിനു കീഴിലുള്ള തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളെ മികവിന്റെ കേന്ദ്രങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: കേന്ദ്ര മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും തങ്ങളുടെ സൈബർ സുരക്ഷാ പ്രവർത്തനങ്ങൾക്കായി ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ വിദേശ കമ്പനികളുടെ നിർമിതബുദ്ധി മോഡലുകൾ ഉപയോഗിക്കുന്നത് താത്കാലികമായി നിർത്തിവെക്കാൻ ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഏജൻസി നിർദേശം നൽകി. സുരക്ഷാ ഭീഷണികളും ഡാറ്റാ സ്വകാര്യതയും കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനം.
വിദേശ കമ്പനികളുടെ മോഡലുകളിൽ സർക്കാർ വിവരങ്ങൾ കൈമാറുമ്പോൾ അത്യാവശ്യമായ സുരക്ഷാ ഉറപ്പുകൾ ലഭിക്കുന്നില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. തന്ത്രപ്രധാനമായ സർക്കാർ രേഖകൾ ഈ മോഡലുകൾ ഉപയോഗിച്ച് വിശകലനം ചെയ്യുന്നത് വിവരച്ചോർച്ചയ്ക്ക് ഇടയാക്കിയേക്കാമെന്നും നിർണായകമായ സൈബർ സുരക്ഷാ സംവിധാനങ്ങൾ വിദേശ അൽഗോരിതങ്ങളെ ആശ്രയിക്കുന്നത് രാജ്യത്തിന്റെ ഡിജിറ്റൽ പരമാധികാരത്തിന് ഭീഷണിയാണെന്നും സർക്കാർ കരുതുന്നു.
എഐ മോഡലുകൾക്ക് പിഴവുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ, അതീവ പ്രാധാന്യമുള്ള സൈബർ സുരക്ഷാ മേഖലകളിൽ ഇവ ഉപയോഗിക്കുന്നത് അപകടകരമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. വിദേശ മോഡലുകൾക്ക് പകരം തദ്ദേശീയമായി വികസിപ്പിച്ചെടുത്തതോ വിശ്വസനീയമായ സുരക്ഷാ സംവിധാനങ്ങളോ മാത്രം ഉപയോഗിക്കാനാണ് വകുപ്പുകളോട് ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്.
സർക്കാർ ഡിജിറ്റൽ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള ഡിജിറ്റൽ ആക്രമണങ്ങളെ പ്രതിരോധിക്കാനുമാണ് മന്ത്രാലയം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെതിരെയല്ല, മറിച്ച് അതിന്റെ സുരക്ഷിതമല്ലാത്ത ഉപയോഗത്തിനെതിരെയാണ് ഈ ജാഗ്രതാ നിർദേശമെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
Kerala
കല്പ്പറ്റ: കഴിഞ്ഞ സര്ക്കാരില് മുഖ്യമന്ത്രി ഐടി വകുപ്പ് കൈകാര്യം ചെയ്തതില് തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഐടി വകുപ്പ് താന് കൈവശം വച്ചത് ദുഃസൂചനയോടെ മുഖ്യമന്ത്രി പരാമര്ശിക്കുന്നതു കണ്ടുവെന്നും പ്രതിപക്ഷ നേതാവ് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിതന്നെയാണ് ഐടി വകുപ്പ് ഏറ്റെടുക്കാറുള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്. അത് യുഡിഎഫിന് ബാധകമായ കാര്യമാണ്. എല്ഡിഎഫിന് അതു ബാധകമല്ല. എല്ഡിഎഫ് സര്ക്കാരുകളിലെ മുഖ്യമന്ത്രിമാര് ഐടി വകുപ്പ് കൈാര്യം ചെയ്തത് കാണാന് സാധിക്കും.
2006ല് വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രി ആയപ്പോള് ഐടി വകുപ്പ് കൈകാര്യം ചെയ്തു. 1996ല് മുഖ്യമന്ത്രിയായ ഇ.കെ. നായനാരായിരുന്നു ഐടി വകുപ്പിന്റെ മന്ത്രിയും. ഇപ്പോള് മുഖ്യമന്ത്രി സൂചിപ്പിക്കാന് ശ്രമിച്ചത് കഴിഞ്ഞ എല്ഡിഎഫ് സര്ക്കാരിന്റെ മുഖ്യമന്ത്രി ഐടി വകുപ്പ് കൈകാര്യം ചെയ്തത് ഒറ്റപ്പെട്ട സംഭവമാണെന്നാണ്.
ഇത് എല്ഡിഎഫ് സര്ക്കാരുകൾ സ്വീകരിച്ചുവന്ന രീതിയാണ്. ഇതൊന്നും അറിയാതെയല്ല മുഖ്യമന്ത്രി പറഞ്ഞത്. ഏതായാലും ഇത്തരം രീതികള് മുഖ്യമന്ത്രിക്ക് ചേര്ന്നതാണോയെന്ന് അദ്ദേഹം സ്വയം പരിശോധിക്കുന്നത് നന്നാകുമെന്നും പിണറായി വിജയന് പറഞ്ഞു.
വിഴിഞ്ഞം ഓഹരി കൈമാറ്റം സര്ക്കാരിന് ഒഴിഞ്ഞു മാറാനാകില്ല
വിഴിഞ്ഞം തുറമുഖ കമ്പനിയിലെ അദാനിയുടെ ഓഹരി കൈമാറ്റത്തില് തൊടുന്യായങ്ങള് പറഞ്ഞ് സര്ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്.
ദേശാഭിമാനിയെ പഴിചാരി സ്വന്തം വാദങ്ങള് ന്യായീകരിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്. ദേശാഭിമാനിക്ക് ഓഹരി കൈമാറ്റം മുന്കൂട്ടി അറിയാമായിരുന്നുവെന്നും ഈ വിവരം മുന്സര്ക്കാരില്നിന്നു ലഭിച്ചതാണെന്നും പറയുന്നു.
NRI
ലണ്ടൻ: കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പരസ്യമായി പങ്കുവയ്ക്കുന്ന മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് യുകെയിലെ സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികളുടെ യഥാർഥ ചിത്രങ്ങളെ വ്യാജ ലൈംഗികാതിക്രമ ദൃശ്യങ്ങളാക്കി മാറ്റുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായാണ് യുകെ നാഷണൽ ക്രൈം ഏജൻസിയും (എൻസിഎ) ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷനും (ഐഡബ്ല്യുഎഫ്) വ്യക്തമാക്കിയത്.
യുകെയിൽ പ്രവാസി മലയാളികൾ ഉൾപ്പെടെ നിരവധി മാതാപിതാക്കൾ കുട്ടികളുടെ ജന്മദിനം, സ്കൂൾ പരിപാടികൾ, കുടുംബാഘോഷങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പതിവായി പങ്കുവയ്ക്കാറുണ്ട്.
ഇത്തരം ചിത്രങ്ങൾ സൈബർ കുറ്റവാളികൾ ഡൗൺലോഡ് ചെയ്ത് എഐ അധിഷ്ഠിത ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നത്.
എഐ ഉപയോഗിച്ചുള്ള വ്യാജ ദൃശ്യങ്ങൾ വർധിക്കുന്നു
ഇന്റർനെറ്റിലെ കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുന്ന ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ എഐ ഉപയോഗിച്ച് നിർമിച്ച ആയിരക്കണക്കിന് വ്യാജ ചൈൽഡ് സെക്സ്വൽ അബ്യൂസ് ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി നീക്കം ചെയ്തിട്ടുണ്ട്.
യഥാർഥ കുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് മിനിറ്റുകൾക്കകം വ്യാജ ദൃശ്യങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന എഐ ഉപകരണങ്ങൾ ലഭ്യമാകുന്നത് നിയമ നിർവഹണ ഏജൻസികൾക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മാതാപിതാക്കൾ പാലിക്കേണ്ട മുൻകരുതലുകൾ
കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൈവസി ക്രമീകരണങ്ങൾ പരിശോധിക്കണമെന്ന് എൻ.സി.എ നിർദേശിക്കുന്നു. ചിത്രങ്ങൾ പൊതുവായി പങ്കിടുന്നതിന് പകരം വിശ്വസ്തരായ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മാത്രം കാണാൻ കഴിയുന്ന രീതിയിൽ ക്രമീകരിക്കണം.
കൂടാതെ, പരിചയമില്ലാത്തവരെ ഫ്രണ്ട്സ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുക, കുട്ടികൾ പഠിക്കുന്ന സ്കൂളോ അവർ ധരിക്കുന്ന യൂണിഫോമോ തിരിച്ചറിയാൻ കഴിയുന്ന ചിത്രങ്ങൾ പരമാവധി ഒഴിവാക്കുക, ലൊക്കേഷൻ വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകളും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
കർശന നിയമനടപടികൾ
ഓൺലൈൻ ലോകത്ത് എഐ ദുരുപയോഗം വർധിക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ ശക്തമായ നിയമനിർമാണങ്ങളുമായി മുന്നോട്ടുവരുന്നുണ്ട്. യുകെയിലെ ഓൺലെെൻ സേഫ്റ്റി ആക്ട് പ്രകാരം കുട്ടികളെ ഉൾപ്പെടുത്തി എഐ ഉപയോഗിച്ച് വ്യാജ ലൈംഗികാതിക്രമ ഉള്ളടക്കം സൃഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഗുരുതര കുറ്റകൃത്യമാണ്.
ഇത്തരം ഉള്ളടക്കങ്ങൾ അതിവേഗം നീക്കം ചെയ്യാൻ ടെക് കമ്പനികൾക്കും നിയമപരമായ ബാധ്യതയുണ്ട്. സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയ്ക്കൊപ്പം കുട്ടികളുടെ സ്വകാര്യതയും ഡിജിറ്റൽ സുരക്ഷയും കൂടുതൽ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ, മാതാപിതാക്കളുടെ ജാഗ്രതയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ ഓർമിപ്പിക്കുന്നു.
NRI
സിഡ്നി: 76-ാമത് ഇന്റര്നാഷണല് ആസ്ട്രോണോട്ടിക്കല് കോണ്ഗ്രസില് (ഐഎസി 2025) മുഖ്യ അവതാരകനായി രംഗത്തെത്തിയത് 26 വയസുകാരനായ മലയാളി യുവാവ് ആരോമല് സുജിത്ത്. ആഗോള ബഹിരാകാശ, സൈബര് സുരക്ഷാ രംഗത്ത് ശ്രദ്ധേയമായ പഠനമാണ് ആരോമല് ഐഎസി 2025ല് അവതരിപ്പിച്ചത്.
ഐഎസിയിലെ അഞ്ചാം സെഷനായ വിജയകരമായ ബഹിരാകാശ, പ്രതിരോധ പരിപാടികള്ക്ക് തന്ത്രപരമായ റിസ്ക് മാനേജ്മെന്റില് ഇ9-ബഹിരാകാശ പ്രവര്ത്തനങ്ങളുടെ സുരക്ഷ, സ്ഥിരത, സുസ്ഥിരത എന്നിവയെ കുറിച്ചുള്ള സിംപോസിയത്തിലാണ് ആരോമല് "ആധുനിക നിരീക്ഷണത്തിലെ സ്ട്രാറ്റോസ്ഫെറിക് ബലൂണുകള്: ദേശീയ സുരക്ഷയുമായി ബന്ധപ്പെടുത്തുന്ന നവീകരണത്തില് താരതമ്യ വിശകലനം' എന്ന പ്രബന്ധം അവതരിപ്പിച്ചത്.
ഭൂമിയുടെ അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിരുകളില് പ്രവര്ത്തിക്കുന്ന സ്ട്രാറ്റോസ്ഫെറിക് ബലൂണുകള് എങ്ങനെ ആധുനിക ഇന്റലിജന്സ്, സര്വെയ്ലന്സ്, റിക്കോണസന്സ് (ഐഎസ്ആര്) രംഗത്തെ മാതൃക മാറ്റുകയാണെന്നാണ് ആരോമല് സുജിത്തിന്റെ പ്രബന്ധം പരിശോധിക്കുന്നത്.
ഉപഗ്രഹങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില് ദീര്ഘകാല നിരീക്ഷണം സാധ്യമാക്കുന്ന ഈ സാധ്യത സൈബര് സുരക്ഷ, വ്യോമമേഖലാവകാശം, നിയമപരമായ അനിശ്ചിതത്വം എന്നിവയുമായി ബന്ധപ്പെട്ട പുതിയ വെല്ലുവിളികളും ഉയര്ത്തുന്നു.
സൈബര് സുരക്ഷയും ബഹിരാകാശ സുരക്ഷയും ഒരുമിപ്പിക്കുന്ന സമീപനമാണ് ആരോമലിന്റെ ഗവേഷണത്തെ വ്യത്യസ്തമാക്കുന്നത്. സൈബര് സെക്യൂരിറ്റിയിലെ സ്പെഷ്യലൈസ്ഡ് മേഖലകളായ ഇന്സിഡന്റ് റെസ്പോണ്സ്, നെറ്റ്വര്ക്ക് സെക്യൂരിറ്റി, സൈബര് ഇന്റലിജന്സ് എന്നീ മേഖലകളിലെ തന്റെ അനുഭവങ്ങള് ഉപയോഗിച്ചാണ് അദ്ദേഹം ബലൂണ് അടിസ്ഥാനമാക്കിയ ഐഎസ്ആര് ഭീഷണികളെ കണ്ടെത്താനും തടയാനും നിയമപരമായി പ്രതിരോധിക്കാനും സഹായിക്കുന്ന "ആരോ മോഡല്' എന്ന റിസ്ക് മാനേജ്മെന്റ് ഘടന വികസിപ്പിച്ചത്.
കേരള സ്റ്റേറ്റ് ആര്ച്ചറി അസോസിയേഷനുമായി പത്ത് വര്ഷത്തിലേറെ ബന്ധമുള്ളതിനാലാണ് മോഡലിന് "ആരോ' എന്ന പേര് നല്കിയത്. സൈബര് ഡിസ്റപ്ഷന്, ജാമിംഗ്, ഡേറ്റാ ഇന്റര്സെപ്ഷന് പ്രതിരോധം തുടങ്ങിയവ മുതല് കൈനെറ്റിക് ന്യൂട്രലൈസേഷന്, ഇന്റര്സെപ്ഷന് തുടങ്ങിയവ വരെയുള്ള തന്ത്രങ്ങളാണ് ഈ പഠനം ഉള്ക്കൊള്ളുന്നത്.
സാങ്കേതിക ഭാഗങ്ങള്ക്കപ്പുറം ആഗോള നിയമപ്രമാണങ്ങളില് ഇപ്പോഴും വ്യക്തതയില്ലാത്ത ഉയരത്തിലുള്ള നിരീക്ഷണത്തിന്റെ അന്താരാഷ്ട്ര നിയമപരമായ ഗ്രേ സോണുകളും ഈ പ്രബന്ധം വിശദീകരിക്കുന്നു. ഐഎസി 2025ലെ വിദഗ്ധര് ആരോമലിന്റെ പ്രബന്ധത്തെ ഗഹനവും വിശകലനാത്മകവും ദൂരദര്ശനമായ സമീപനത്തിന്റെയും മാതൃകയെന്ന നിലയില് പ്രശംസിച്ചു.
സൈബര് സുരക്ഷ, ബഹിരാകാശ സാങ്കേതികവിദ്യ, അന്താരാഷ്ട്ര നിയമം എന്നിവ തമ്മില് ബന്ധിപ്പിച്ച് ആഗോള സുരക്ഷയുടെ ഭാവി നിര്മ്മിക്കുന്ന പുതിയ തലമുറയിലെ ഗവേഷകരെയാണ് പ്രതിനിധീകരിക്കുന്നതെന്നും വിലയിരുത്തലുണ്ടായി.
പെരുമ്പാവൂരിലെ പരേതനായ എസ് ആര് സുജിത്തിന്റെയും പെരുമ്പാവൂര് മുന്സിപ്പല് മുന് കൗണ്സിലര് ബിജി എസ്. സദാശിവന്റെയും മകനാണ് ആരോമല് സുജിത്ത്. എസ്സിഎംഎസ് സ്കൂള് ഓഫ് എന്ജിനിയറിംഗില് നിന്നും ബിരുദം നേടിയ ആരോമലിന് പഠന സമയത്ത് തന്നെ ഫ്രാന്സിലെ ലിയോണ് ആസ്ഥാനമായ ഇന്റര്പോളില് പ്രവര്ത്തിക്കാന് അവസരം ലഭിച്ചിരുന്നു.
തുടര്ന്ന് യുഎസ് ന്യൂസ് ആൻഡ് വേള്ഡ് റിപ്പോര്ട്ട് പ്രകാരം ഉയര്ന്ന നിലവാരമുള്ള കാര്ണെഗി മെല്ലണ് യൂണിവേഴ്സിറ്റിയില് സൈബര് ഫോറന്സിക്സും ഇന്സിഡന്റ് റിസ്പോണ്സും വിഷയങ്ങളില് സ്പെഷ്യലൈസേഷനോടു കൂടി ഇന്ഫര്മേഷന് സെക്യൂരിറ്റിയില് മാസ്റ്റര് ഓഫ് സയന്സ് ബിരുദം നേടി.
നിലവില് വാഷിംഗ്ടണ് ഡിസിയിലാണ് ആരോമല് താമസിക്കുന്നത്.