സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍
കോഴിക്കോട്: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേയുള്ള നടപടി കടുപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്ററിന്റെ സംസ്ഥാനതല ഘടകമായി കേരള പോലീസിലെ സൈബര്‍ ഓപ്പറേഷന്‍സ് ഡിവിഷന് പ്രവര്‍ത്തിക്കും.
പുതിയ നീക്കത്തിന്റെ ഭാഗമായി സൈബര്‍ ഓപ്പറേഷന്‍സ് ഡിവിഷനെ സ്റ്റേറ്റ് സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്ററായി പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഇതര സംസ്ഥാനങ്ങളിലെ ക്രമസമാധാന ഏജന്‍സികള്‍, ബാങ്കുകള്‍ എന്നിവയുമായുള്ള ഏകോപനത്തിലൂടെ തട്ടിപ്പുകാര്‍ക്കെതിരേ ഉടനടി നടപടി സ്വീകരിക്കാനാണു പുതിയ നീക്കം.
സംസ്ഥാന പോലീസ് മേധാവിയുടെ മേല്‍നോട്ടത്തിലായിരിക്കും സെന്ററിന്റെ പ്രവര്‍ത്തനം. സൈബര്‍ ഓപ്പറേഷന്‍സ് ഐജിയാണു സംസ്ഥാനതല നോഡല്‍ ഓഫീസര്‍. സൈബര്‍ തട്ടിപ്പ് തടയാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1930 സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍, നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ എന്നിവ സ്റ്റേറ്റ് സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ കൈകാര്യം ചെയ്യും.
തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം ഉടന്‍ മരവിപ്പിക്കുന്നതിനും വ്യാജ അക്കൗണ്ടുകള്‍, വ്യാജ സിം, ഐഎംഇഐ നമ്പറുകള്‍ എന്നിവ ബ്ലോക്ക് ചെയ്യുന്നതിനും ബാങ്കുകളുമായും മറ്റു സംസ്ഥാനങ്ങളുമായും ചേര്‍ന്ന് ഇനി മുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ സ്റ്റേറ്റ് സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്ററിനു കഴിയും.
സെന്ററിനു കീഴിലുള്ള തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളെ മികവിന്റെ കേന്ദ്രങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Tags : CyberSecurity CyberCrimeCoordination CybreCrime Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash