യൂട്യൂബ്
ന്യൂയോർക്ക്: ഉപയോക്താക്കൾക്ക് തങ്ങളുടെ ഹോംപേജിൽ കാണുന്ന വീഡിയോകളിൽ പൂർണ്ണ നിയന്ത്രണം നൽകിക്കൊണ്ട് പുതിയ മാറ്റങ്ങളുമായി യൂട്യൂബ്. പഴയ ടോപ്പിക് ചിപ്പുകൾ ഒഴിവാക്കി പകരം 'കസ്റ്റം ഫീഡ്സ്' എന്ന പുതിയ ഫീച്ചറാണ് യൂട്യൂബ് അവതരിപ്പിക്കുന്നത്. ഒപ്പം സബ്സ്ക്രിപ്ഷൻ ടാബ് കൂടുതൽ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സാധിക്കുന്ന രീതിയിൽ ടോപ്പ് മെനുവിലും മാറ്റങ്ങൾ വരുത്തുന്നുണ്ട്.
സ്വന്തമായി 'കസ്റ്റം ഫീഡ്' നിർമിക്കാം!
യൂട്യൂബ് ഹോംപേജിന്റെ മുകളിലുള്ള '+' ബട്ടൺ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയം ടൈപ്പ് ചെയ്ത് നൽകിയാൽ, ആ ടോപ്പിക്കിനെ അടിസ്ഥാനമാക്കി വീഡിയോകളുടെ ഒരു പ്രത്യേക സ്ട്രീം യൂട്യൂബ് തയ്യാറാക്കി നൽകും. യൂട്യൂബ് മ്യൂസിക്കിൽ പ്രോംപ്റ്റുകൾ നൽകി പ്ലേലിസ്റ്റ് ഉണ്ടാക്കുന്നതിന് സമാനമാണിത്. ഒരിക്കൽ ക്രിയേറ്റ് ചെയ്താൽ, പുതിയ വീഡിയോകൾ വരുമ്പോൾ യൂട്യൂബ് ആ ഫീഡ് ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യും.
സൗജന്യ ഉപയോക്താക്കൾക്ക് ഒരേസമയം മൂന്ന് കസ്റ്റം ഫീഡുകൾ വരെ സേവ് ചെയ്തുവെക്കാം. എന്നാൽ യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് എട്ട് ഫീഡുകൾ വരെ സൂക്ഷിക്കാൻ സാധിക്കും. എപ്പോൾ വേണമെങ്കിലും ഇവ എഡിറ്റ് ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്യാം. "കസ്റ്റം ഫീഡുകളിലൂടെ ഞങ്ങൾ നിങ്ങളുടെ ഹോംപേജിന്റെ പൂർണ നിയന്ത്രണം നിങ്ങളുടെ കൈകളിൽ തന്നെ ഏൽപ്പിക്കുകയാണ്" എന്ന് യൂട്യൂബ് സിഇഒ നീൽ മോഹൻ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫോണിന്റെ അടിഭാഗത്തേക്ക് വിരലുകൾ നീട്ടേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ യൂട്യൂബ് മൊബൈൽ ആപ്പിൽ പുതിയൊരു നാവിഗേഷനും പരീക്ഷിക്കുന്നുണ്ട്. ഹോം ടാബിന് മുകളിലായി ലളിതമായ ഒരു ടോപ്പ് ബാർ കൊണ്ടുവരികയാണ്. ഇതിൽ സബ്സ്ക്രിപ്ഷൻ ഫീഡ്, ലൈവ്, മ്യൂസിക് ഫീഡുകൾ എന്നിവയ്ക്കുള്ള ഷോർട്ട്കട്ടുകൾ ഉണ്ടാകും. കൂടാതെ സബ്സ്ക്രിപ്ഷൻ എടുത്തവർക്കായി 'മൂവീസ് & ടിവി' ഓപ്ഷനും ഇതിൽ ലഭ്യമാകും.
നിലവിൽ യുഎസിലെ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്ന 13 വയസിനു മുകളിലുള്ള യൂസേഴ്സിനാണ് ഈ അപ്ഡേറ്റ് ലഭ്യമായി വരുന്നത്. വരും ദിവസങ്ങളിൽ ഈ ഫീച്ചർ കൂടുതൽ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags : YouTube homepage customisation page