പ്രതീകാത്മക ചിത്രം
ടെലികോം വകുപ്പിന്റെ പുതിയ 'സിം-ബൈൻഡിങ്' ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ വാട്സ്ആപ്പ്, ടെലിഗ്രാം ഉപയോക്താക്കൾക്ക് തങ്ങളുടെ രജിസ്റ്റർ ചെയ്ത സിം കാർഡ് ഫോണിൽ തന്നെ ലഭ്യമാക്കേണ്ടി വന്നേക്കാം. അക്കൗണ്ടുകൾ കെവൈസി - വെരിഫൈ ചെയ്ത സിം കാർഡുകളുമായി ബന്ധിപ്പിക്കണമെന്നാണ് ടെലികോം വകുപ്പിന്റെ നിർദ്ദേശം. സാമ്പത്തിക തട്ടിപ്പുകളും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി.
രജിസ്റ്റർ ചെയ്ത സിം കാർഡ് ഫോണിൽ ഇടാതെ, വെറും വൈഫൈ മാത്രം ഉപയോഗിച്ച് വാട്സ്ആപ്പോ ടെലിഗ്രാമോ ഉപയോഗിക്കുന്ന ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കളെയാണ് ഇത് പ്രധാനമായും ബാധിക്കുക. ആപ്പുകൾ ഈ നിയമങ്ങൾ എങ്ങനെ നടപ്പിലാക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നിയന്ത്രണങ്ങൾ. ഐഫോണുകളിൽ സിം കാർഡ് ഇല്ലെന്ന് തിരിച്ചറിയുന്നതിനായി ആപ്പിൾ സെപ്റ്റംബറിൽ തന്നെ ഐഒഎസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഒന്നിലധികം ഉപകരണങ്ങളിൽ അക്കൗണ്ട് ഉപയോഗിക്കുന്നവർ, വിദേശയാത്ര ചെയ്യുന്നവർ, വൈഫൈ മാത്രം ആശ്രയിക്കുന്നവർ എന്നിവർ ഈ പുതിയ ചട്ടങ്ങൾ തങ്ങളുടെ ഫോണുകളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കേണ്ടതുണ്ട്.
നിയമങ്ങളിൽ എന്തൊക്കെയാണ് മാറ്റങ്ങൾ?
ടെലികോം വകുപ്പ് പുറത്തിറക്കിയ നിർദ്ദേശപ്രകാരം ആപ്ലിക്കേഷനുകൾ സിം കാർഡുമായി ബന്ധിപ്പിച്ചിരിക്കണം. നേരത്തെ എല്ലാ വെബ് സെഷനുകളും ആറു മണിക്കൂർ കൂടുമ്പോൾ ഓട്ടോമാറ്റിക്കായി ലോഗ് ഔട്ട് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും, പിന്നീട് അത് മാറ്റി സംശയാസ്പദമായ തട്ടിപ്പ് കേസുകളിൽ മാത്രം സേവനങ്ങൾ തടയുന്ന രീതിയിലേക്ക് മാറ്റം വരുത്തി. അതുകൊണ്ട് വാട്സ്ആപ്പ് വെബ് ആറു മണിക്കൂർ കൂടുമ്പോൾ ലോഗ് ഔട്ട് ആകുമെന്ന് കരുതേണ്ടതില്ല. എങ്കിലും സിം-ബൈൻഡിങ് കർശനമായി പാലിക്കേണ്ടതുണ്ട്.
വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾക്കാണ് ഈ നിയമം ബാധകമായിട്ടുള്ളത്. എന്നാൽ സ്നാപ്ചാറ്റിന് (Snapchat) ഈ സിം-ബൈൻഡിങ് ചട്ടങ്ങൾ ബാധകമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിഗ്നൽ ഇതുവരെ സർക്കാരിന്റെ നോട്ടീസുകളോട് പ്രതികരിച്ചിട്ടില്ല. ഫോണിൽ കൃത്യമായി രജിസ്റ്റർ ചെയ്ത സിം കാർഡ് ഉണ്ടോ എന്നും ആപ്പിന് അത് വെരിഫൈ ചെയ്യാൻ സാധിക്കുന്നുണ്ടോ എന്നുമാണ് ഇതിൽ പ്രധാനം.
Tags : AI technology simbinding operational whatsapp telegram phones