ടോക്കിയോ: ജപ്പാൻ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ജപ്പാന്റെ കൊഡായി നറോക്കയെ പരാജയപ്പെടുത്തിയാണ് ക്വാർട്ടർ ഫൈനൽ പ്രവേശനം.
ഇരുതാരങ്ങളും തമ്മിലുള്ള അഞ്ച് മത്സരങ്ങളിൽ ശ്രീകാന്തിന്റെ ആദ്യ വിജയമാണിത്. ഒരു മണിക്കൂർ നീണ്ട പോരാട്ടത്തിൽ അഞ്ചാം സീഡ് താരം നറോക്കയെ 21-15, 11-21, 21-18 സ്കോറിനാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.
ലക്ഷ്യം മുന്നേറ്റം
സീസണിൽ മികച്ച ഫോം തുടരുന്ന ലക്ഷ്യ സെൻ ചൈനയുടെ ഡോങ് ടിയാൻ യാവോയെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ചു. 21-8, 21-14 സ്കോറിനായിരുന്നു ലക്ഷ്യസെന്നിന്റെ ജയം.
ട്രീസ- ഗായത്രി പുറത്ത്
ജപ്പാൻ മാസ്റ്റേഴ്സ് സൂപ്പർ 500 ടൂർണമെന്റിലെ വനിതാ ഡബിൾസ് പ്രീ-ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ വനിതാ സഖ്യം പുറത്തായി. ഇന്ത്യയുടെ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യമാണ് തോൽവി വഴങ്ങിയത്.
റിൻ ഇവാങ്ക- കീ നകാനിഷി സഖ്യത്തോട് 21-14, 21-14 സ്കോറിനാണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്.