മമ്മൂട്ടിയുടെ "പോത്തന്‍വാവ'യിലൂടെ മലയാളസിനിമയുടെ കോമഡി ട്രാക്കിലെത്തിയ നടന് ബിജുക്കുട്ടന്റെ അഭിനയയാത്രകള്ക്ക് "വാഴ 2'ലെ വിനായകിന്റെ അച്ഛന്വേഷ ത്തിലൂടെ വേറിട്ട വഴിത്തിരിവ്. അമ്മ നഷ്ടമായ മകനെ ജീവനായി കണ്ട്, അവന്റെ ബെസ്റ്റ് ഫ്രണ്ടാകുന്ന അച്ഛന് കഥാപാത്രത്തെ പ്രേക്ഷകരൊന്നാകെ ഹൃദയത്തോടു ചേര്‍ക്കുന്നു.
സിനിമ തീർന്നിട്ടും മനസില്‍നിന്നു മടങ്ങാതെ ഒരച്ഛനും മകനും! സിനിമാജീവിതം രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോള്‍ അപ്രതീക്ഷിതമായി "വാഴ 2'ലേക്ക് എത്തുകയും അതിലെ കഥാപാത്രം ജനപ്രിയമാവുകയും ചെയ്തതിന്റെ സന്തോഷത്തിലാണു ബിജുക്കുട്ടന്.
"ഇതു ചെയ്യുമ്പോള്‍ ഇത്രമേല്‍ സ്വീകാര്യത വിചാരിച്ചിരുന്നില്ല. വാഴയില്‍ അസീസും നോബിയും നസീറിക്കയുമൊക്കെ ചെയ്ത കഥാപാത്രങ്ങള്‍ നമുക്കു മുന്നിലുണ്ട്. അത്രയൊന്നും പറ്റിയില്ലെങ്കിലും അവര്‍ക്കു കോട്ടംതട്ടാത്ത രീതിയില്‍ ചെയ്യാനാകണം എന്നതായിരുന്നു പ്രാര്‍ഥന. എന്തായാലും അതു വിജയം കണ്ടു'- ബിജുക്കുട്ടന് പറയുന്നു.
"വാഴ 2' ലെ നിര്‍ണായക വേഷത്തിലേക്ക് എത്തിയത്..?
"വാഴ 2' കാണാന്‍ കാത്തിരുന്ന സമയത്താണ് അതിലേക്കു കാസ്റ്റ് ചെയ്തതായി നിര്‍മാതാവ് ഹാരീസ് ദേശത്തിന്റെ കോള്‍ വന്നത്. സംവിധായകന് സവിന്‍ സയും വിളിച്ചു. കഥാപാത്രത്തെക്കുറിച്ച് അപ്പോള്‍ ഒന്നും ചോദിച്ചില്ല. സ്ക്രീന്‍ സ്പേസ് കിട്ടിയതുതന്നെ വലിയ സന്തോഷം. കുട്ടികൾക്കൊപ്പമുള്ള കോമഡി വേഷമോ രണ്ടോ മൂന്നോ സീനുകളില്‍ വന്നുപോകുന്ന സീരിയസ് കഥാപാത്രമോ ആയിരിക്കാം എന്നു കരുതി. ആശിച്ചു കിട്ടിയ വേഷം കൈവിട്ടു പോകരുതല്ലോ. പിറ്റേന്നു തന്നെ സവിനെ കാണാന്‍ എറണാകുളത്തെത്തി!
അച്ഛന്വേഷമാണെന്നറിഞ്ഞപ്പോള് വലിയ സന്തോഷം. പക്ഷേ, ആട് 3നു വേണ്ടി താടിയെടുത്താല്‍ വാഴ 2 നഷ്ടമാകുമോ എന്നു ടെന്‍ഷനായി. പക്ഷേ, ആട് 3ല്‍ ആദ്യം ഭൂതകാലമാണു ഷൂട്ട് ചെയ്യുന്നതെന്നും അതിനു താടി വേണമെന്നും പിന്നീടു താടിയെടുത്താല്‍ മതിയെന്നും മിഥുൻ പറഞ്ഞു. ആദ്യദിവസം ഷൂട്ടിംഗ് കഴിഞ്ഞപ്പോഴാണ് എനിക്കു സമാധാനമായത്.
വിനായകിനൊപ്പമുള്ള സീനുകളിൽ യഥാര്‍ഥ അച്ഛനും മകനും പോലെ...?