ലണ്ടൻ: കഴിഞ്ഞയാഴ്ച നടന്ന മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ലേബർ പാർട്ടിയുടെ ജനപ്രിയ നേതാവും ഗ്രേറ്റർ മാഞ്ചെസ്റ്റർ മുൻ മേയറുമായ ആന്‍ഡി ബേർനാം വിജയിച്ചതോടെ വിമതനീക്കം കൂടുതൽ ശക്തിപ്രാപിച്ചു.
പാർട്ടിയിലെ മിതവാദികൾക്കും തീവ്ര ഇടതുപക്ഷ നിലപാടുകൾ പിന്തുടരുന്നവർക്കും ഒരുപോലെ സ്വീകാര്യനായ ബേർനാം മുൻപ് ഗോർഡൻ ബ്രൗൺ മന്ത്രിസഭയിൽ ആരോഗ്യ, സാംസ്കാരിക മന്ത്രിയായി പ്രവർത്തിക്കുകയും, 2010, 2015 വർഷങ്ങളിൽ ലേബർ പാർട്ടിയുടെ നേതൃത്വത്തിലേക്കു മത്സരിക്കുകയും ചെയ്തിട്ടുള്ളയാളാണ് . 2017 മുതൽ ഗ്രേറ്റർ മാഞ്ചെസ്റ്റർ മേയറായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബെർനാമിനു നേരത്തേ ലേബർ പാർട്ടി പാർലമെന്റ് സീറ്റ് നിഷേധിച്ച സാഹചര്യവും ഉണ്ടായിരുന്നു.
ബ്രിട്ടനിൽ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ അതിവേഗം ശക്തിപ്രാപിക്കുന്ന റീഫോം യുകെ സ്ഥാനാർഥിയെ പതിനായിരത്തിലേറെ വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് ബേർനാം കഴിഞ്ഞയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടത് .
ലേബർ പാർട്ടിക്കുള്ളിൽ വ്യാപക പിന്തുണ ലഭിച്ചിരിക്കുന്ന ബേർനാം അധികാരത്തിൽ എത്തിയാൽ പാർട്ടിക്കു ജനങ്ങളുടെ ഇടയിൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാമെന്നും റീഫോം യുകെ പോലുള്ള പാർട്ടികളുടെ വളർച്ചയെ നേരിടാൻ കഴിയുമെന്നുമാണു ലേബർ പാർട്ടി നേതാക്കൾ വിശ്വസിക്കുന്നത് .
2020ൽ ജെറെമി കോർബിയനു പിൻഗാമിയായി ലേബർ പാർട്ടിയുടെ നേതാവായി മുൻ നിരയിലേക്കു വന്ന സ്റ്റാർമർ 2024ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ 650 അംഗ പാർലമെന്റിൽ 411 സീറ്റുകൾ നേടിയാണ് ലേബർ പാർട്ടിയെ അധികാരത്തിലെത്തിച്ചത് .
തുടക്കത്തിൽ പ്രതീക്ഷയോടെ ആരംഭിച്ച സ്റ്റാർമറുടെ ഭരണകാലം പിന്നീട് നിരവധി വെല്ലുവിളികളോടെയാണു കടന്നുപോയത്. സാമ്പത്തിക വളർച്ചയിലെ മന്ദഗതി, കുടിയേറ്റവും ആരോഗ്യരംഗവും സംബന്ധിച്ച പ്രശ്നങ്ങൾ നയപരമായ അനിശ്ചിതത്വം എന്നിവ അദ്ദേഹത്തിന്റെ ജനപിന്തുണ കുറയ്ക്കാൻ കാരണമായി.
കുടിയേറ്റവിരുദ്ധ നിലപാടുകൾ സ്വീകരിച്ച്, കുടിയേറ്റ നിയമങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി തീവ്ര വലതുപക്ഷ നിലപാടുകൾ സ്വീകരിക്കുന്ന റീഫോം പാർട്ടി പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പുകളിലും മുൻപ് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും നേടിയ മുന്നേറ്റത്തിനു തടയിടാൻ സ്റ്റാർമറുടെ നേതൃത്വത്തിനു കഴിഞ്ഞില്ല.
ഇതിനു പുറമേ സാമ്പത്തിക രംഗത്തെ പ്രതിസന്ധി കൈകാര്യം ചെയ്യാനും സ്റ്റാർമർക്കായില്ല. ഇതോടെ കഴിഞ്ഞ കുറെ മാസങ്ങളായി പാർട്ടിക്കുള്ളിൽ നടന്നുകൊണ്ടിരുന്ന സ്റ്റാർമാർക്കെതിരേയുള്ള വിമർശനങ്ങൾ കൂടുതൽ ശക്തി പ്രാപിച്ചു. പിന്നാലെ മുന്നൂറോളം എംപിമാരുടെ പിന്തുണയും നഷ്ടമായി. ഇക്കാര്യങ്ങൾ മനസിലാക്കിയാണു പ്രധാനമന്ത്രി രാജി തീരുമാനം പ്രഖ്യാപിച്ചത്.