Kerala
തിരുവനന്തപുരം: പള്ളിച്ചലിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഒരാളെ നരുവാമൂട് പോലീസ് കസ്റ്റഡിയിൽ എടുത്തു.
പള്ളിച്ചലിൽ എസ്എൻഡിപി1019 നമ്പർ ശാഖയുടെ ഗുരുദേവ പ്രതിമയാണ് തകർത്തത്. പ്രതിമയുടെ തല തേങ്ങ കൊണ്ട് ഇടിച്ചു പൊട്ടിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് രാത്രി എട്ടിനായിരുന്നു സംഭവം.
പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഏറെ നേരം നിന്നതിനുശേഷമാണ് പ്രതി ആക്രമം നടത്തിയത്. യുവാവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Kerala
കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളി കവര്‍ന്ന കേസിലും തന്ത്രി കണ്ഠര് രാജീവര് പ്രതി. കൊല്ലം വിജിലന്‍സ് കോടതിയാണ് പ്രതിചേര്‍ക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് അനുമതി നല്‍കിയത്.
കോടതിയില്‍നിന്ന് അനുമതി ലഭിച്ചതിനു പിന്നാലെ ജയിലിലെത്തി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. തന്ത്രി കോടതിയുടെ കസ്റ്റഡിയിലായതിനാല്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യണമെങ്കില്‍ കോടതിയുടെ അനുമതി വാങ്ങേണ്ടതുണ്ടായിരുന്നു. അതിനാലാണ് ദ്വാരപാലക ശില്പ കേസില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതിയുടെ അനുമതി എസ്ഐടി തേടിയത്.
കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവ കൊണ്ടുപോകുമ്പോള്‍ തന്ത്രി സന്നിധാനത്ത് ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ കണ്ഠര് രാജീവരെകൂടി കേസില്‍ പ്രതിയാക്കണമെന്ന ആവശ്യമാണ് ഇന്നലെ എസ്ഐടി കോടതിയില്‍ ഉന്നയിച്ചത്.തിരുവിതാംകൂര്‍ ദേവസ്വം മാനുവലിലെ തന്ത്രിയുടെ കടമകള്‍ കട്ടിളപ്പാളി കേസിലെ എസ്ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിരുന്നു.
തന്ത്രി ദേവസ്വം ബോര്‍ഡില്‍നിന്ന് വാങ്ങുന്ന പ്രതിഫലത്തെ പടിത്തരമെന്നാണ് പറയുന്നത്. പടിത്തരം ദക്ഷിണയല്ല, പ്രതിഫലമെന്നാണ് എസ്ഐടിക്ക് ലഭിച്ച നിയമോപദേശം. അസി.കമ്മീഷണറുടെ അതേ ഉത്തരവാദിത്വങ്ങള്‍ വഹിക്കേണ്ട തന്ത്രി ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാനും ബാധ്യസ്ഥനാണെന്നാണ് എസ്ഐടിയുടെ നിലപാട്.
അതേസമയം, ആദ്യകേസിലെ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു കൊല്ലം വിജിലന്‍സ് കോടതി 19ലേക്ക് മാറ്റി. എസ്ഐടിയുടെ റിപ്പോര്‍ട്ടു കൂടി പരിഗണിച്ചതിനുശേഷം മാത്രമായിരിക്കും തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുക. അതിനിടെ മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാന്‍ഡ് 27വരെ നീട്ടി.
വാജിവാഹനം തന്ത്രിയുടെ പക്കൽ: എസ്ഐടി കോടതിയിൽ ഹാജരാക്കി
കൊല്ലം: ശബരിമല തന്ത്രിയുടെ കൈവശം വച്ചിരുന്ന വാജിവാഹനം പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്ഠര് രാജീവര് കൈവശം വച്ചിരിക്കുകയായിരുന്നു.
ശബരിമലയിലെ വളരെ മൂല്യമുള്ള വസ്തുക്കളില്‍ ഒന്നാണ് വാജിവാഹനം. 2017ല്‍ ശബരിമലയിലെ കൊടിമരം പുതുക്കി മാറ്റിസ്ഥാപിച്ചപ്പോള്‍ അതിലുണ്ടായിരുന്ന പതിനൊന്ന് കിലോ ഭാരമുള്ള പഞ്ചലോഹത്തില്‍ നിര്‍മിതമായ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനം തന്ത്രി കണ്ഠര് രാജീവര് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പ്രത്യേക അന്വേഷണംസംഘം ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയിലാണ് വാജി വാഹനം സമര്‍പ്പിച്ചത്.
National
ജമ്മു: വീരമൃത്യു വരിച്ച ജവാന്റെ പ്രതിമയിൽ തണുപ്പകറ്റാൻ അമ്മയുടെ സ്നേഹപ്പുതപ്പ്. 2016 ൽ ഭീകരരുടെ വെടിയേറ്റ് ജീവൻ നഷ്ടമായ ബിഎസ്എഫ് കോൺസ്റ്റബിൾ ഗുർനാം സിംഗിന്റെ പ്രതിമയാണ് അമ്മ പുതുപ്പുകൊണ്ടു മൂടിയത്. അസ്ഥി മരവിക്കുന്ന തണുപ്പിൽ മകനെ എങ്ങനെ ഒറ്റയ്ക്കു നിർത്താൻ കഴിയുമെന്ന ചോദ്യവുമായാണ് അമ്മ ജസ്വന്ത് കൗര്‍ മകന്റെ പ്രതിമയിൽ പുതപ്പണിയിച്ചത്.
ജമ്മുവിലെ ആർഎസ് പുര സെക്ടറിലാണ് ഇരുപത്തിയാറാം വയസിൽ വീരമൃത്യുവരിച്ച ഗുർനാം സിംഗിന്റെ വീട്. ധീരയോദ്ധാവിനോടുള്ള ആദരസൂചകമായി ജന്മഗ്രാമത്തിൽ കണ്ണാടിക്കൂട്ടിൽ പ്രതിമ സ്ഥാപിച്ചിരുന്നു.
എല്ലാ ദിവസവുമെന്നവണ്ണം അമ്മ പ്രതിമ വൃത്തിയാക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
ചില്ലുകൂട്ടിലെ പൊടിപടലങ്ങൾ തുടച്ച് വൃത്തിയാക്കുക മാത്രമല്ല, പ്രതിമ സ്ഥാപിച്ചിരിക്കുന്ന തറയും ശുചിയാക്കും. ഇതു പതിവായതിനാൽ നാട്ടുകാർ വലിയ ശ്രദ്ധ നൽകാറില്ലായിരുന്നു. എന്നാൽ, കഴിഞ്ഞദിവസം കന്പിളികൊണ്ടു പുതച്ച നിലയിൽ പ്രതിമ വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ത്രിവര്‍ണ പതാക പാറിപ്പറക്കുന്നത് നിങ്ങള്‍ കാണുന്നുവെങ്കില്‍ കാറ്റ് വീശുന്നതുകൊണ്ടു മാത്രമല്ല, ഗുർനാമിനെപ്പോലുള്ള പട്ടാളക്കാരുടെ ജീവത്യാഗംകൊണ്ടുകൂടിയാണെന്നുകൂടി അമ്മ വിശദീകരിക്കുന്നു. മകൻ കൊടുംതണുപ്പിൽ ഇരിക്കുന്നതിലുള്ള ആകുലതയും അമ്മ പങ്കുവച്ചു.
2016 ഒക്ടോബര്‍ 19നും 20നും ഇടയിൽ അതിർത്തിക്കപ്പുറത്തുനിന്നും ഭീകരരുടെ വെടിയേറ്റാണ് ഗുര്‍നാം വീരമൃത്യു വരിച്ചത്. തലേന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തുകയും ഒരു ഭീകരനെ വധിക്കുകയും ചെയ്തിരുന്നു ഈ ധീരസൈനികൻ. രാഷ്ട്രപതിയുടെ പോലീസ് മെഡൽ ഉൾപ്പെടെ സമ്മാനിച്ചാണ് രാജ്യം ഗുർനാമിന്റെ ധീരതയെ ആദരിച്ചത
Kerala
കൊല്ലം: പുനലൂരിൽ ഗാന്ധിപ്രതിമയെ അവഹേളിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം പുനലൂർ ചെമ്മന്തൂരിൽ പുറമ്പോക്കിൽ താമസിക്കുന്ന ഹരിലാൽ (41) ആണ് അറസ്റ്റിലായത്.
ഒട്ടേറെ കേസുകളിൽ പ്രതിയാണിയാൾ. രജതജൂബിലി സ്മാരകമായി പുനലൂരിലെ ഭാരത മാതാ ഐടിഐ ഏതാനുംവർഷം മുൻപ് പുനലൂർ തൂക്കുപാലത്തിന്റെ പടിഞ്ഞാറേ കവാടത്തിൽ സ്ഥാപിച്ച പ്രതിമയിലാണ് ഹരിലാൽ അതിക്രമം കാട്ടിയത്.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രതിമ സ്ഥാപിച്ചിരുന്ന കൽകെട്ടിനുമുകളിൽ കയറിയ യുവാവ് പ്രതിമയുടെ ചെകിട്ടത്ത് അടിക്കുകയും അസഭ്യംവിളിക്കുകയും ചെയ്തു.
കണ്ടുനിന്നവർ ഇതിന്റെ വീഡിയോ എടുത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. തുടർന്നാണ് പുനലൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പിങ്ക് പോലീസിന്റെ കാറിന്റെ കണ്ണാടിച്ചില്ല് തകർത്തതുൾപ്പടെ കേസുകളിൽ പ്രതിയാണ് പിടിയിലായ യുവാവ്. ഒരു വർഷം മുൻപ്, തൂക്കുപാലത്തിന്റെ ചങ്ങല ഘടിപ്പിച്ചിട്ടുള്ള കിണറ്റിലിറങ്ങി പരിഭ്രാന്ത്രി പടർത്തിയതിന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചെമ്മന്തൂരിൽ നവകേരള സദസ് നടക്കെ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തതിനും ഇയാൾ കസ്റ്റഡിലായിരുന്നു.
International
ബാങ്കോക്ക്: തായ്ലൻഡ്-കംബോഡിയ അതിർത്തിയിലെ മഹാവിഷ്ണു ശിൽപ്പം പൊളിച്ചുമാറ്റിയതിൽ വിശദീകരണവുമായി തായ്ലൻഡ്. ശിൽപ്പം സ്ഥാപിച്ച സ്ഥലം മതപരമായ പ്രാധാന്യമുള്ള സ്ഥലമല്ലെന്നും സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നുമാണ് വിശദീകരണം.
ശിൽപ്പം പൊളിച്ചുമാറ്റിയ സംഭവത്തിൽ ഇന്ത്യ കഴിഞ്ഞ ദിവസം ആശങ്ക രേഖപ്പെടുത്തിയിരുന്നു. 2014-ൽ നിർമിച്ച ശിൽപ്പമാണ് യന്ത്രസഹായത്തോടെ തായ് സൈനികർ പൊളിച്ചുമാറ്റിയത്.
തായ്ലൻഡിന്റെ അതിർത്തി പ്രദേശമായ ചോംഗ് അൻ മായിലാണ് ശിൽപ്പം സ്ഥാപിച്ചിരുന്നത്. പിന്നാലെ ഇതിനെ അതിർത്തിയുടെ അടയാളമായി കംബോഡിയൻ സൈന്യം വിശേഷിപ്പിച്ചു. ഇതൊഴിവാക്കി ഭൂമിയിൽ പരമാധികാരം സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ശിൽപ്പം പൊളിച്ചുമാറ്റിയതെന്നാണ് തായ്ലൻഡിന്റെ അവകാശവാദം. ഹിന്ദുമതം ഉൾപ്പെടെ എല്ലാ മതങ്ങളെയും തങ്ങൾ തുല്യമായി ബഹുമാനിക്കുന്നതായും തായ്ലൻഡ് വ്യക്തമാക്കി.
National
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ സ്ഥാപകനുമായ എം.ജി. രാമചന്ദ്രന്റെ പ്രതിമ തകർത്തു. 35 വർഷങ്ങൾക്ക് മുൻപ് മധുരയിൽ സ്ഥാപിച്ച പ്രതിമയാണ് തകർത്തത്.
തിരുപ്പറംകുണ്ഡ്രം നിയോജകമണ്ഡലത്തിലെ ആവണിയപുരത്തെ പ്രശസ്തമായ ജല്ലിക്കട്ട് വേദിക്ക് സമീപം സ്ഥിതി ചെയ്യുന്ന 3.5 അടി ഉയരമുള്ള പ്രതിമ ഇന്ന് പുലർച്ചെയാണ് തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
എഐഎഡിഎംകെ ഭാരവാഹികൾ സ്ഥലത്തെത്തി കേടുപാടുകൾ പരിഹരിച്ച ശേഷം പ്രതിമ പുനഃസ്ഥാപിച്ചു. ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജില്ലാ നേതാക്കൾ ആവണിയാപുരം പോലീസിൽ പരാതി നൽകി.
സംഭവത്തെ അപലപിച്ച എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചുവെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.