സംഗീതത്തിന് അതിരുകളില്ലെന്നും മനുഷ്യരെ ഒന്നിപ്പിക്കാനുള്ള ഏറ്റവും ശക്തമായ മാധ്യമമാണെന്നും വീണ്ടും തെളിയിക്കുകയാണ് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി. അദ്ദേഹത്തിന്റെ സംവിധാനത്തിലൊരുങ്ങിയ "ഏക്ത' എന്ന മ്യൂസിക് വീഡിയോ കേവലം ഒരു ഗാനമല്ല, മറിച്ച് ആത്മാവിനെ സ്പർശിക്കുന്ന സംഗീതാനുഭവമാണ്.
പൂർണമായും സംസ്കൃതത്തിൽ ചിട്ടപ്പെടുത്തിയതാണ് ഈ ഗാനം. പരമ്പരാഗത ഇന്ത്യൻ സംഗീത ശൈലിയെയും പാശ്ചാത്യ ഓർക്കസ്ട്രേഷനെയും മനോഹരമായാണ് സ്റ്റീഫൻ സമന്വയിപ്പിച്ചിരിക്കുന്നത്. ഗാനത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ നിലനിൽക്കുന്ന ആത്മീയത പ്രേക്ഷകരെ മറ്റൊരു ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകും.