സംഗീതത്തിന് അതിരുകളില്ലെന്നും മനുഷ്യരെ ഒന്നിപ്പിക്കാനുള്ള ഏറ്റവും ശക്തമായ മാധ്യമമാണെന്നും വീണ്ടും തെളിയിക്കുകയാണ് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി. അദ്ദേഹത്തിന്റെ സംവിധാനത്തിലൊരുങ്ങിയ "ഏക്ത' എന്ന മ്യൂസിക് വീഡിയോ കേവലം ഒരു ഗാനമല്ല, മറിച്ച് ആത്മാവിനെ സ്പർശിക്കുന്ന സംഗീതാനുഭവമാണ്.
പൂർണമായും സംസ്കൃതത്തിൽ ചിട്ടപ്പെടുത്തിയതാണ് ഈ ഗാനം. പരമ്പരാഗത ഇന്ത്യൻ സംഗീത ശൈലിയെയും പാശ്ചാത്യ ഓർക്കസ്ട്രേഷനെയും മനോഹരമായാണ് സ്റ്റീഫൻ സമന്വയിപ്പിച്ചിരിക്കുന്നത്. ഗാനത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ നിലനിൽക്കുന്ന ആത്മീയത പ്രേക്ഷകരെ മറ്റൊരു ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകും.

"ഏക്ത' എന്ന പേര് സൂചിപ്പിക്കുന്നതു പോലെ "ഐക്യം' ആണ് ഗാനത്തിന്റെ പ്രമേയം. ലോകത്തിന്റെ നന്മയ്ക്കും സുഖത്തിനും ഐശ്വര്യത്തിനും വേണ്ടിയുള്ള പ്രാർഥനകളാണ് വരികളിലുള്ളത്. ഭക്തിയും പ്രകൃതിയോടുള്ള ആദരവും വിശ്വമാനവികതയും വരികളിൽ നിഴലിച്ചുകാണാം. ഭക്തിയും കലയും നൃത്തവും മനുഷ്യനെ പരമമായ ആനന്ദത്തിലേക്കു നയിക്കുന്നതാണ് "ഏക്ത'!
തന്റെ പതിവ് ശൈലികളിൽനിന്നു മാറി വളരെ ഗൗരവമേറിയതും എന്നാൽ ലളിതമായി ഹൃദയത്തിൽ തൊടുന്നതുമായ ഒരു ദൃശ്യ-ശ്രാവ്യ വിരുന്നാണ് സ്റ്റീഫൻ ഒരുക്കിയ സിംഫണി. ശാന്തിയും പോസിറ്റീവ് എനർജിയും ആഗ്രഹിക്കുന്ന ഏതൊരാൾക്കും വീണ്ടും വീണ്ടും അനുഭവിക്കാൻ കഴിയുന്നതാണ് ഗാനത്തിന്റെ ചിട്ടപ്പെടുത്തൽ.
ലോക സംഗീതവേദിയിൽ മലയാളികൾക്ക് അഭിമാനിക്കാവുന്ന മികച്ചൊരു സൃഷ്ടിയാണ് "ഏക്ത'!
Tags : stephen devassy Music Ekta Malayalam Movie News