Movies
അപാര സുന്ദര നീലാകാശം അനന്തതേ നിൻ മഹാസമുദ്രം...
1971ൽ പുറത്തിറങ്ങിയ വിത്തുകൾ എന്ന സിനിമയിലെ ഗാനമാണിത്. ഗാനം എന്നതിലുപരി പി. ഭാസ്കരൻ എന്ന പ്രതിഭാധനനായ കവിയുടെ ഹൃദയത്തിൽ നിന്നും ഉതിർന്നുവീണ കവിത തന്നെയാണ് എന്ന് പറയാം.
അതിമനോഹരമായ കൽപ്പനകളും, അലങ്കാരങ്ങളും ബിംബങ്ങളും ചേർത്ത് ഇതുപോലെ ആയിരക്കണക്കിന് ഗാനങ്ങൾ പി. ഭാസ്കരൻ എഴുതി... "മധുചന്ദ്രികയുടെ ച്ചായ തളികയിൽ മഴവിൽ പൂമ്പൊടി ചാലിച്ച്'എഴുതിയ ഗാനങ്ങൾ! മലയാളത്തിന്റെ ഗ്രാമഭംഗിയും നാട്ടുമൊഴികളും വിപ്ലവത്തിന്റെ തീക്കനലുകളും ആത്മീയതയുടെ അമൃതവും ഹാസ്യത്തിന്റെ പൂമ്പൊടികളും ഭാസ്കരൻ മാസ്റ്ററിന്റെ ഗാനങ്ങളിൽ നിറഞ്ഞു തുളുമ്പി...
"ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു 'എന്ന് പാടിയ പി. ഭാസ്കരൻ തന്നെയാണ് മാപ്പിളപ്പാട്ടിന്റെ ശൈലിയിൽ "കായലരികത്ത് വലയെറിഞ്ഞപ്പം വളകിലുക്കിയ സുന്ദരി...'എന്ന് പാടിയതും! "നാദബ്രഹ്മത്തിൻ സാഗരം നീന്തി വരും...' എന്നെഴുതിയ പേന കൊണ്ട് തന്നെയാണ് "ഹാലു പിടിച്ചൊരു പുലിയച്ചൻ...' എന്നും "സുറുമ നല്ല സുറുമ..."എന്നും എഴുതിയതും.
മലയാള സിനിമയ്ക്കു ആദ്യമായി മൗലിക ഗാനങ്ങൾ സമ്മാനിക്കുന്നത് പി. ഭാസ്കരനാണ്. "നീലക്കുയിൽ' എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ മണമുള്ള ഗാനങ്ങൾ ഭാസ്കരൻ മാസ്റ്ററും കെ. രാഘവൻ എന്ന അനുഗൃഹീത സംഗീതസംവിധായകനും ചേർന്നു സമർപ്പിച്ചു. "മലയാള ഗാനങ്ങളുടെ പിതാവ്' എന്ന പി. ഭാസ്കരനെ വിശേഷിപ്പിച്ചത് പ്രശസ്ത കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിയാണ്!
കവി, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ, ഗാനരചയിതാവ്, നിർമാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, പത്രാധിപർ, ആകാശവാണി പ്രൊഡ്യൂസർ, കെഎസ്എഫ്ഡിസി ചെയർമാൻ, ഏഷ്യാനെറ്റ് സ്ഥാപക ചെയർമാൻ അങ്ങനെ നിരവധി വിശേഷണങ്ങൾ ഭാസ്കരൻ മാസ്റ്റർക്കുണ്ട്.
എങ്കിലും ഒരു പദവികളുടെയും പരിവേഷങ്ങൾ ഇല്ലാതെ ഒരു സാധാരണ കൊടുങ്ങല്ലൂർകാരനെപ്പോലെ അദ്ദേഹം ജീവിച്ചു. വിനയം ആയിരുന്നു, ലാളിത്യമായിരുന്നു പി. ഭാസ്കരന്റെ മുഖമുദ്ര. മനുഷ്യസ്നേഹം തന്നെയായിരുന്നു ഭാസ്കരൻ മാസ്റ്ററിന്റെ മതവും പ്രത്യയശാസ്ത്രവും...
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ സമ്പന്നമായ പുല്ലൂറ്റ് പാടത്ത് തറവാട്ടിൽ 1924 ഏപ്രിൽ 21ന് ജനിച്ച പുല്ലൂറ്റ് പാടത്ത് ഭാസ്കരമേനോൻ, പോരാളിയായ, കവിയായ പി. ഭാസ്കരൻ ആയതിനു പിന്നിലും ഈ മനുഷ്യസ്നേഹം തന്നെ.
അടിച്ചമർത്തപ്പെട്ട തൊഴിലാളികൾക്ക് വേണ്ടി "വില്ലാളിയാണ് ഞാൻ, ജീവിത സൗന്ദര്യ വല്ലകി മീട്ടലല്ല എന്റെ ലക്ഷ്യം! ' എന്നെഴുതാൻ, ഉറക്കെ പ്രഖ്യാപിക്കാൻ കരുത്ത് ഉണ്ടായിരുന്നു കവിക്ക്. പുന്നപ്ര-വയലാർ സമരത്തിൽ വെടിയേറ്റ് വീണ പാവപ്പെട്ട തൊഴിലാളികളുടെ രക്തത്തിൽ കൈമുക്കി പി. ഭാസ്കരൻ എഴുതിയതാണ് "വയലാർ ഗർജിക്കുന്നു' എന്ന കവിത!
ഗാനഗന്ധർവൻ യേശുദാസിന്റെ അച്ഛനും നടനും ഗായകനുമായ അഗസ്റ്റിൻ ജോസഫ് മരണപ്പെട്ട സമയം. അച്ഛന്റെ ഭൗതികശരീരം ആശുപത്രിയിൽ നിന്ന് വിട്ടു കിട്ടണമെങ്കിൽ അടയ്ക്കേണ്ട തുക ഇല്ലാതെ വിഷമിച്ചു നിന്നിട്ടുണ്ട് യുവാവായ യേശുദാസ്.
എറണാകുളത്തെ പലരെയും സമീപിച്ചു എങ്കിലും പണം കിട്ടിയില്ല. വിവരമറിഞ്ഞ് എത്തിയ ഭാസ്കരൻ മാസ്റ്റർ കൈയിൽ വച്ചുകൊടുത്ത പണത്തിന്റെ "വില' യേശുദാസ് തന്നെ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്.
താമസമെന്തേ വരുവാൻ..., ഒരു പുഷ്പം മാത്രമെൻ..., അല്ലിയാമ്പൽ കടവിൽ അന്നരയ്ക്കു വെള്ളം..., നീ മധു പകരൂ..., മല്ലികാബാണൻ തന്റെ വില്ലെടുത്തു..., മഞ്ഞലയിൽ മുങ്ങിത്തോർത്തി..., പൂർണേന്ദുമുഖിയോടമ്പലത്തിൽ വച്ച്... അങ്ങനെ എത്രയോ എത്രയോ അതി സുന്ദരങ്ങളായ പ്രണയഗാനങ്ങൾ എഴുതിയിട്ടുണ്ട് പി. ഭാസ്കരൻ. മാസ്റ്ററിന്റെ പ്രണയഗാനങ്ങൾക്കു പിന്നിലെ ഊർജത്തെക്കുറിച്ച് ഒരിക്കൽ ചോദിച്ചിട്ടുണ്ട്. അതിനു നിഷ്കളങ്കമായി മാസ്റ്റർ പറഞ്ഞ മറുപടി- "ചങ്ങമ്പുഴ സ്കൂൾ എന്നെ വളരെയധികം ആകർഷിച്ചിട്ടുണ്ട്. അതാവാം ഒരു പക്ഷേ കാരണം.' എന്നാണ്.
എല്ലാരും ചൊല്ലണ്..., നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം..., കദളിവാഴ കൈയിലിരുന്ന് കാക്ക ഇന്ന് വിരുന്നു വിളിച്ചു... അങ്ങനെ നീളുന്നു പി. ഭാസ്കരന്റെ നാടൻ പാട്ടുകൾ. ഇത്തരം നാടൻ ശൈലിയിലെ ഗാനങ്ങൾ എങ്ങനെ എഴുതാൻ സാധിച്ചു എന്നതിന് കവി നൽകിയ മറുപടി കുറിക്കാം.
"വായന ഒരു കാരണമാവാം. പിന്നെ മലയാളത്തിലെ പഴമൊഴികൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. "നാഴിപ്പാല് കൊണ്ട് നാടാകെ കല്യാണം' എന്ന പഴഞ്ചൊല്ല് വികസിപ്പിച്ചാണ് ഞാൻ "നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം' എന്ന് എഴുതിയത്. "മുറ്റത്തെ മുല്ലയ്ക്ക് മണമില്ല'എന്ന പഴമൊഴിയെ തിരിച്ചിട്ടാണ് "പൂമുറ്റത്തൊരു മുല്ല വിരിഞ്ഞു പൂമണമില്ലെന്ന് ആരു പറഞ്ഞു...'എന്ന ഗാനം എഴുതിയത്.
സിനിമയ്ക്കു വേണ്ടി ഗാനങ്ങൾ എഴുതുമ്പോൾ പി. ഭാസ്കരൻ എന്ന "വ്യക്തി' ഉള്ളിൽ പ്രവേശിക്കാറുണ്ടോ? എന്ന ചോദ്യത്തിന് "ഞാൻ എന്ന വ്യക്തിക്ക് പ്രാധാന്യമില്ല. കഥയുടെ സന്ദർഭം മനസിലാക്കി എഴുതുന്നു.
അത്രമാത്രം.' എന്നായിരുന്നു ഉത്തരം. ആയിരം ചിറകുള്ള ഭാസ്കര ഗീതികൾ കേൾക്കുന്ന ആസ്വാദകർ പക്ഷേ ഒന്ന് ഉറപ്പിക്കും. അറിഞ്ഞോ, അറിയാതെയോ ആ ഗാനങ്ങളിൽ കവി പ്രവേശിക്കുന്നുണ്ട്. കവിയുടെ ഉന്മാദങ്ങൾ, വിങ്ങലുകൾ, ധർമസങ്കടങ്ങൾ, പ്രണയ ഭംഗങ്ങൾ, കൂടിച്ചേരലുകൾ... എല്ലാം എവിടെയോ ഇഴച്ചേരുന്നു.
അല്ലെങ്കിൽ എങ്ങനെയാണ് "കരയുന്നോ പുഴ ചിരിക്കുന്നോ കണ്ണീരും ഒലിപ്പിച്ചു കൈവഴികൾ പിരിയുമ്പോൾ കരയുന്നോ പുഴ ചിരിക്കുന്നോ' എന്നെഴുതാൻ സാധിച്ചത്..? ഉമ്മാച്ചു എന്ന സിനിമയ്ക്കു വേണ്ടി കല്പകതോപ്പ് അന്യൻ ഒരുവനു പതിച്ചു നൽകി നിന്റെ ഖൽബിൽ ആറടി മണ്ണിലെന്റെ കബറടക്കി.. എന്നെഴുതുവാനും കഴിഞ്ഞത്..?
Kerala
മനാമ: ക്രൈസ്തവ ഭക്തിഗാന രംഗത്തു മറ്റൊരു ശ്രദ്ധേയ ഗാനവുമായി ബഹ്റിൻ മലയാളികൾ. കഴിഞ്ഞ ക്രിസ്മസ് കാലത്തു ബഹ്റിൻ അവാലി കത്തീഡ്രലിലെ മലയാളി ക്വയർ ടീം പുറത്തിറക്കിയ "തൂമഞ്ഞു പെയ്യുന്ന സ്വർഗീയ രാത്രി' ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇതിനു പിന്നിൽ പ്രവർത്തിച്ച ചില സംഗീതപ്രവർത്തകരാണ് പുതിയ ഗാനവുമായി ക്രൈസ്തവ ഭക്തിഗാനരംഗത്ത് ബഹ്റിൻ മലയാളികളുടെ കൈയൊപ്പ് ചാർത്തിയിരിക്കുന്നത്.
ദിവ്യകാരുണ്യം ഹൃത്തിനാനന്ദം എന്ന ഗാനമാണ് ഇപ്പോൾ പള്ളികളിൽ മുഴങ്ങിത്തുടങ്ങിയിരിക്കുന്നത്. ബഹ്റിനിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി അജീഷ് ബോസ് ആണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും ഒരുക്കി ആലപിച്ചിരിക്കുന്നത്. ശാന്തമായി ഒഴുകുന്നതുപോലെയുള്ള സംഗീതവും ആലാപന ശൈലിയും ഏറെപ്പേരെ ആകർഷിച്ചിട്ടുണ്ട്. മനസിൽ തൊടുന്ന കാവ്യഭംഗിയുള്ള വരികളാണ് മറ്റൊരു പ്രത്യേകത.
അവാലി കത്തീഡ്രൽ ക്വയർ മെംബർ കൂടിയാണ് അജീഷ് ബോസ്. ഒാഡിയോ വിഡിയോ പ്രൊഡക്ഷൻ ആന്റണി സണ്ണി നിർവഹിച്ചിരിക്കുന്നു. റിക്കാർഡിംഗ്: സിനി വേവ് സ്റ്റുഡിയോ ബഹ്റിൻ. അവതരണം: മ്യൂസിക് ഡ്രീമേഴ്സ്, ബഹ്റിൻ. സപ്പോർട്ട്: എസിഎംസി ക്വയർ, ബഹ്റിൻ.
Movies
ചുവന്ന റോസാപുഷ്പം നീട്ടാതെ, അകമേ നിറയുന്ന സ്നേഹത്തിന്റെ മാധുര്യം ഒരു വാക്കു കൊണ്ട് പോലും തൊട്ടു നൽകാതെ പ്രണയത്തിന്റെ ഉദാത്തമായ അനുഭൂതി പകരുന്ന ഒരു ഗാനമുണ്ട്... അതെ, അതു തന്നെ. ‘ഒരു ചെമ്പനീർ പൂവിറുത്ത് ഞാനോമലേ ഒരുവേള നിൻ നേർക്ക് നീട്ടിയില്ല...'
പ്രശസ്ത കവി പ്രഭാവർമ രചിച്ച്, അനുഗൃഹീത ഗായകൻ ഉണ്ണിമേനോൻ സംഗീതം നൽകി പാടിയ, സ്ഥിതി എന്ന സിനിമയിലെ മനോഹരമായ ഗാനം. 2003 ൽ പുറത്തിറങ്ങിയ ആർ. ശരത്തിന്റെ ‘സ്ഥിതി'യിലെ ഈ ഗാനരംഗത്ത് അഭിനയിക്കുന്നതും ഉണ്ണിമേനോൻ തന്നെയാണ്.
ഭൂമിയിൽ പ്രണയം ഉണർന്ന കാലം മുതൽ നിലനിൽക്കുന്ന സങ്കൽപ്പങ്ങൾക്കുനേരെ എതിർദിശയിലാണ് ‘ശ്രീ 'രാഗവും മധ്യമാവതിരാഗവും കലരുന്ന ഈ ഗാനം ഒഴുകുന്നത്! അതായത് പ്രണയത്തിന്റെ ഒരു അടയാളവും പുറമേയ്ക്കു കാട്ടാതെയുള്ള പ്രണയം. ഇവിടെ കാമുകന്റെ അന്തരാത്മാവിലെ പ്രേമം, പ്രണയിനി തിരിച്ചറിയുന്നു എന്നത് പ്രണയ സാക്ഷാത്കാരത്തിന്റെ വേറിട്ട ചാരുതയാവുന്നു. ‘എങ്കിലും നീയറിഞ്ഞു.. എൻ നിനവെന്നും നിൻ നിനവറിയുന്നതായ് നിന്നെ തഴുകുന്നതായ്...' പ്രണയത്തിന്റെ ഏറ്റവും ലോലമായ തന്ത്രിയിൽ ഇങ്ങനെ വിരൽ തൊട്ട് എഴുതിയതുകൊണ്ടുതന്നെ നീണ്ട 23 വർഷങ്ങൾക്കുശേഷവും ഗാനത്തിന് ചെമ്പനീർ പൂവിന്റെ അതേ സുഗന്ധം!
Movies
മകൾ നന്ദനയുടെ ഓർമയിൽ വിതുമ്പി ഗായിക കെ.എസ്. ചിത്ര. മകൾ കൂടെയില്ലെന്ന സത്യം വേദന സമ്മാനിക്കുന്നതാണെന്ന് ചിത്ര കുറിക്കുന്നു. നന്ദനയുടെ 15-ാം ചരമവാർഷിക ദിനത്തിലാണ് ചിത്രയുടെ ഉള്ളുലയ്ക്കുന്ന കുറിപ്പ്.
‘നീ ഇവിടെ ഇല്ലാത്ത സത്യം എപ്പോഴും എനിക്ക് വേദന നൽകും, പക്ഷേ നമ്മൾ വീണ്ടും കാണും വരെ നിങ്ങൾ എന്റെ ഹൃദയത്തിൽ എന്നെന്നേക്കുമായി ഉണ്ടാകും, മകളുടെ ചിത്രത്തിനൊപ്പം ചിത്ര കുറിച്ചു.
വിവാഹം കഴിഞ്ഞ് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002–ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. എന്നാൽ ഇരുവരുടെയും ആഹ്ലാദവും ആഘോഷവും ഏറെ നാൾ നീണ്ടു നിന്നില്ല. 2011ൽ ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണാണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെട്ടത്.
Leader Page
എൺപതുകളിൽ ‘തരംഗിണി’ പുറത്തിറക്കിയ മൂന്ന് ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളിലൂടെ ജാതിമത ഭേദമെന്യേ സകല മലയാളികളുടെയും ഹൃദയത്തിൽ ഇടംനേടിയ സംഗീതജ്ഞൻ ഫാ. ജസ്റ്റിൻ പനയ്ക്കൽ വിടവാങ്ങി. ‘പൈതലാം യേശുവേ...’, ‘നവ്യമാമൊരു കൽപ്പന ഞാൻ’, ‘ജീവിതഗർത്തത്തിൽ അലയും’, ‘പുതിയൊരു പുലരി വിടർന്നു മണ്ണിൽ’, ‘നായകാ ജീവദായകാ...’, ‘സ്നേഹസ്വരൂപാ തവദർശനം...’, ‘എൻ ജീവിതമാം ഈ മരക്കൊമ്പിൽ...’ തുടങ്ങിയ അനശ്വരങ്ങളായ രണ്ടു ഡസനിലേറെ ഭക്തിഗാനങ്ങളിലൂടെ അൾത്താരകളിലും മലയാളിയുടെ പ്രാർഥനകളിലും അദ്ദേഹം നിറച്ച സൗരഭ്യം ഒരിക്കലും മായാത്തതാണ്.
1985ൽ അദ്ദേഹം സംഗീത സംവിധാന മേഖലയോട് ഏറെക്കുറെ വിടപറഞ്ഞു. താനും സംഗീതവുമായുള്ള ബന്ധത്തെക്കുറിച്ച് പല സമയത്തായി അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിന്റെ അമ്മ നല്ലൊരു ഗായികയായിരുന്നു. ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും സംഗീത അധ്യാപികമാരായിരുന്ന മൂന്ന് സഹോദരിമാരിൽനിന്നാണ് അമ്മ സംഗീതം വശമാക്കിയത്. കുട്ടിക്കാലത്ത് പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞ അമ്മയാണ് പാട്ടുകൾ പഠിപ്പിച്ചത്. ഭക്തിഗാനങ്ങൾ മാത്രമല്ല, അക്കാലത്തെ നാടകഗാനങ്ങളും നാടോടിപ്പാട്ടുകളും ഓണപ്പാട്ടുകളുമെല്ലാം അമ്മയിലൂടെ പഠിച്ചു.ആലപ്പുഴ ലിയോ തേർട്ടീൻത് ഹൈസ്കൂളിൽ പഠിക്കുമ്പോൾ സിനിമാ ഗാനങ്ങളായിരുന്നു പ്രിയം. സ്കൂളിലെ എല്ലാ പരിപാടികളിലും പാടും.
സെമിനാരിയിൽ എത്തിയതോടെ സിനിമാ പാട്ടുകളോടു വിടപറയേണ്ടിവന്നു. എന്നാൽ, സംഗീതം കൈവിട്ടില്ല. അവിടെ ക്വയറിൽ ചേർന്ന് വെസ്റ്റേൺ മ്യൂസിക്കും പോളിഫോണിക് സംഗീതവുമൊക്കെ പഠിച്ചു. അക്കാലത്ത് എപ്പോഴും ‘സുപ്രാനോ’ പാടിയിരുന്നു. കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ‘ഗ്രിഗോറിയൻ ചാന്റ്’ വശമാക്കുന്നത് അവിടെവച്ചാണ്. അദ്ദേഹത്തിന്റെ പിൽക്കാലത്തെ സംഗീതത്തിൽ ആ സ്വാധീനം കാണാം.
പിന്നീട് ഉപരിപഠനത്തിനായി റോമിൽ പോയപ്പോൾ ഗ്രിഗോറിയൻ ചാന്റിനെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ അച്ചന് സാധിച്ചു. ഗ്രിഗോറിയൻ ചാന്റിൽ വിദഗ്ധനായ ഒരു മ്യൂസിക് ഡയറക്ടർ അവിടെയുണ്ടായിരുന്നത് ഒരുപാടു ഗുണം ചെയ്തു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നിന്നൊക്കെ ലഭിച്ച ആ സംഗീതാനുഭവം തിരികെ വന്നപ്പോൾ സെമിനാരിയിലെ കുട്ടികൾക്ക് പകർന്നു നൽകാനും അച്ചന് കഴിഞ്ഞു.
1969ലാണ് അദ്ദേഹം മംഗലപ്പുഴ സെമിനാരിയിൽ വിസിറ്റിംഗ് പ്രഫസറായി സേവനം ആരംഭിക്കുന്നത്. 70-71 ആയപ്പോൾ അവിടെ സ്ഥിരം അധ്യാപകനായി. സെമിനാരിയിലെ അധ്യാപക ജീവിതം കഴിവുകൾ വികസിപ്പിക്കാനുള്ള പൂർണ സ്വാതന്ത്ര്യം നൽകി. തന്നത്താൻ ആണ് ശാസ്ത്രീയസംഗീതം പഠിച്ചത്. തൃശൂർ റേഡിയോ നിലയത്തിൽനിന്ന് തിങ്കളും ചൊവ്വയും പ്രക്ഷേപണം ചെയ്തിരുന്ന ശാസ്ത്രീയ സംഗീത പാഠങ്ങൾ കൃത്യമായി കേൾക്കുമായിരുന്നു. രാത്രിയിലെ കച്ചേരികളിൽ യേശുദാസിന്റെയോ ചെമ്പൈയുടെയോ പാട്ടുകൾ കേൾക്കുമ്പോൾ, അവർ പറയുന്ന രാഗങ്ങൾ ലൈബ്രറിയിലെ പുസ്തകങ്ങളുമായി ഒത്തുനോക്കി ഹാർമോണിയത്തിൽ വായിച്ചു പഠിക്കും. അങ്ങനെ പതിനഞ്ചോളം രാഗങ്ങൾ സ്വന്തമായി പഠിച്ചെടുത്തു.
സെമിനാരി വിദ്യാർഥികളെക്കൊണ്ട് പാട്ടുകൾ എഴുതിച്ച് പരിചയസമ്പന്നരായ സംഗീതജ്ഞരെക്കൊണ്ട് സംഗീതം ചെയ്യിച്ചുകൊണ്ടായിരുന്നു സംഗീത സംവിധാനത്തിന്റെ തുടക്കം. സ്വയം സംഗീത സംവിധാനം ചെയ്യണമെന്ന് ആദ്യമൊന്നും വിചാരിച്ചിരുന്നില്ല. എന്നാൽ അക്കാലത്ത് ഒരിക്കൽ ‘മാനസത്തിൻ മണിവാതിൽ’ എന്ന പാട്ട് അദ്ദേഹം കംപോസ് ചെയ്തു. അന്ന് കൊച്ചു കുട്ടിയായിരുന്ന സുജാത (ബേബി സുജാത) സെമിനാരിയിൽ വന്നപ്പോൾ ആ പാട്ട് റെക്സ് ഐസക്സിന്റെ സഹായത്തിൽ ഓർക്കസ്ട്രേഷനോടെ പാടി. അപ്പോഴാണ് സംഗീതം ചെയ്യാൻ സാധിക്കുമെന്ന് അച്ചനുതന്നെ ബോധ്യമായത്.
അദ്ഭുതകരമായി ഉടലെടുത്ത ഒന്നായിരുന്നു യേശുദാസുമായുള്ള അച്ചന്റെ ബന്ധം. 1978ൽ കുവൈറ്റിൽ രണ്ടരമാസത്തോളം ഉണ്ടായിരുന്നപ്പോൾ, അവിടെ വച്ച് നടത്തിയ ഒരു ധ്യാനപ്രസംഗത്തിൽ യേശുദാസിന്റെയും ലത മങ്കേഷ്കറുടെയും സ്വരമാധുരിയെക്കുറിച്ച് അച്ചൻ സംസാരിച്ചു. യേശുദാസിന്റെ ട്രൂപ്പിൽ പ്രവർത്തിച്ചിരുന്ന ഒരാൾ അന്നവിടെ ധ്യാനത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹംവഴി അക്കാര്യം അറിഞ്ഞ യേശുദാസ് അച്ചനെ കാണാൻ താത്പര്യം പ്രകടിപ്പിച്ചു. അങ്ങനെയാണ് അവർ അടുപ്പത്തിലാകുന്നത്. യേശുദാസ് ചില പ്രതിസന്ധികളിൽ അകപ്പെട്ടിരുന്ന സമയമായിരുന്നു അത്. ആ ഘട്ടത്തിൽ ഒരു കത്തോലിക്ക വൈദികൻ തന്നെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകൾ കേട്ടപ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷം തോന്നി.
ആ ദിവസങ്ങളിൽ യേശുദാസിന് ഇന്ത്യൻ സമൂഹത്തിന്റെ ഒരു സ്വീകരണം കുവൈറ്റിൽവച്ചുണ്ടായിരുന്നു. അവിടെവച്ച് അച്ചൻ യേശുദാസിനെ കണ്ടു. “എന്റെ സംഗീതത്തിൽ പാടുമോ” എന്ന് ചോദിച്ചപ്പോൾ “അച്ചൻ എപ്പൊ പറയുന്നോ അപ്പൊ ഞാൻ വന്ന് പാടിത്തരാം” എന്നായിരുന്നത്രേ അദ്ദേഹത്തിന്റെ മറുപടി. പിന്നീട് മദ്രാസിൽനിന്ന് അദ്ദേഹം ഇടയ്ക്കിടെ ഫോൺ ചെയ്ത് ചോദിക്കും, “പാട്ടൊക്കെ തയാറായോ” എന്ന്. ഒടുവിൽ 1983 ആയപ്പോൾ നാലു പാട്ടുകൾ തയാറാക്കി. പക്ഷെ അക്കാലത്ത് സാമ്പത്തികമായി സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. കാര്യം മനസിലാക്കിയ യേശുദാസ്തന്നെ സകല ചെലവുകളും ഏറ്റെടുത്ത് ആദ്യത്തെ മൂന്ന് പാട്ടുകൾ പാടി.
‘പൈതലാം യേശുവേ’ എന്ന നാലാമത്തെ പാട്ട് പാടാനായി ഒരു പെൺശബ്ദം വേണമെന്ന് പറഞ്ഞപ്പോൾ യേശുദാസ് തന്നെയാണ് ചിത്രയെ നിർദേശിച്ചത്. അന്ന് കലോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ ഒരു കൊച്ചു പെൺകുട്ടിയായിരുന്നു ചിത്ര. റിക്കാർഡിംഗ് സ്റ്റുഡിയോയിൽ വന്ന ചിത്രയുടെ അച്ഛൻ കൃഷ്ണൻ നായർ, മ്യൂസിക് ഡയറക്ടർ ഒരു വൈദികനാണെന്നറിഞ്ഞപ്പോൾ പൂർണവിശ്വാസത്തോടെ മകളെ അവിടെ ഏൽപ്പിച്ചു പോയി. സാധാരണ അദ്ദേഹം പരിപാടി കഴിയുന്നതുവരെ മകളുടെകൂടെ നിൽക്കുമായിരുന്നു.
ആ പാട്ട് വന്ന വഴി അച്ചൻതന്നെ പറഞ്ഞിട്ടുണ്ട്. “ആ പാട്ടിന്റെ പശ്ചാത്തലം ഞാൻ ചിത്രയ്ക്ക് വിവരിച്ചു കൊടുത്തു: മടിയിൽ ഉണ്ണീശോയുമായി ഇരിക്കുന്ന മാതാവിന്റെ ഭാവത്തിൽ, ഒരു താരാട്ടായി ഇത് പാടണം.” പിന്നീടുള്ള ഒരു മണിക്കൂർ സമയത്തേക്ക് ചിത്ര ആരോടും സംസാരിച്ചില്ല, നിശബ്ദമായി ധ്യാനത്തിലിരിക്കുകയായിരുന്നു. റിക്കാർഡിംഗിന് കയറി ഒരൊറ്റ ടേക്കിൽ ആ പാട്ട് പാടിത്തീർത്തു. അത് ശരിക്കും എന്നെ അതിശയിപ്പിച്ചുകളഞ്ഞു. ഒരുപക്ഷേ ചിത്രയെന്ന അനുഗൃഹീത ഗായിക ആദ്യമായി തന്റെ കഴിവ് റിക്കാർഡിംഗ് റൂമിൽ തെളിയിച്ചത് അന്നായിരുന്നു.”
യേശുദാസ് പാടാൻ തയാറാണെന്ന വിവരമറിഞ്ഞ സെമിനാരി വിദ്യാർഥികൾ വലിയ ആവേശത്തിലായിരുന്നു. അവരെക്കൊണ്ട് മൽസരാടിസ്ഥാനത്തിൽ പനയ്ക്കലച്ചൻ എഴുതിച്ച വരികളിൽനിന്ന് തെരഞ്ഞെടുത്തവയായിരുന്നു ഹിറ്റായ ഗാനങ്ങളിൽ പലതും. ‘നായകാ ജീവദായകാ’, ‘സ്നേഹസ്വരൂപാ തവദർശനം’ എന്നീ അനശ്വര ഗാനങ്ങൾ എഴുതിയ ബ്രദർ ജോൺ കൊച്ചുതുണ്ടിൽ ഇന്ന് മൂവാറ്റുപുഴ ബിഷപ് യൂഹാനോൻ മാർ തിയഡോഷ്യസ് ആണ്. ‘എൻ ജീവിതമാം ഈ മരക്കൊമ്പിൽ’ എന്ന ഗാനം പ്രശസ്ത ധ്യാനഗുരു മാത്യു ആശാരിപ്പറമ്പിലച്ചൻ സെമിനാരി വിദ്യാർഥിയായിരുന്നപ്പോൾ എഴുതിയതാണ്. നെയ്യാറ്റിൻകര രൂപതയിൽ നിന്നുള്ള വൈദികവിദ്യാർഥി ബ്ര. ജോസഫ് പാറാങ്കുഴിയാണ് ‘പൈതലാം യേശു’വിന്റെ രചയിതാവ്.
ഇത്രയധികം ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടും, സംഗീതസംവിധാന രംഗത്തുനിന്ന് അച്ചന്റെ പെട്ടെന്നുള്ള പിന്മാറ്റം പലരെയും വിഷമിപ്പിച്ചു. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിരുന്നു:
“1983, 84, 85 വർഷങ്ങളിലായാണ് എന്റെ തളിർമാല്യം, സ്നേഹപ്രവാഹം, സ്നേഹസന്ദേശം എന്നീ ഭക്തിഗാന ആൽബങ്ങൾ പുറത്തിറങ്ങുന്നത്. മൊത്തം 29 പാട്ടുകൾ. ഇരുപത്തഞ്ചെണ്ണം യേശുദാസ് പാടി, ഒരെണ്ണം ചിത്ര, പിന്നെ ബിജു നാരായണൻ, ജെൻസി എന്നിവരും. മൂന്നാമത്തേതിനുശേഷം പാട്ടുകൾ തയാറാക്കാൻ ആവശ്യപ്പെട്ട് യേശുദാസ് വിളിക്കുമായിരുന്നു. എന്നാൽ, പൗരോഹിത്യധർമം മറന്നുകൊണ്ട് സംഗീതത്തിനായി ഇറങ്ങാൻ താൽപ്പര്യമില്ലെന്ന് ഞാൻ ഒരിക്കൽ അദ്ദേഹത്തോട് പറഞ്ഞു. ആ മറുപടി അദ്ദേഹത്തിന് ഇഷ്ടമായി, പിന്നീട് അക്കാര്യം എന്നോട് ആവശ്യപ്പെട്ടിട്ടില്ല. സംഗീതസംവിധാനം എന്നത് വൈകാരികമായും പ്രഫഷണൽ സംഗീതജ്ഞൻ അല്ലാതിരുന്നതിനാലും എനിക്ക് ഒരുപാട് സമയം ആവശ്യപ്പെടുന്ന ഒന്നായിരുന്നു. എന്റെ പ്രാഥമിക ദൗത്യങ്ങൾ പ്രധാനമായി തോന്നി. പ്രഫസർ എന്ന നിലയിലും ധ്യാനപ്രസംഗകൻ എന്ന നിലയിലുമൊക്കെയുള്ള ഉത്തരവാദിത്വങ്ങൾ എനിക്ക് മാറ്റിവയ്ക്കാൻ കഴിയുമായിരുന്നില്ല.”
അദ്ദേഹത്തിന്റെ അമ്മ നല്കിയ ഉപദേശം അദ്ദേഹം ഒരിക്കലും മറന്നില്ല: “നീ എവിടെയായിരുന്നാലും ഒരു വൈദികനാണെന്ന ചിന്ത ഒരിക്കലും കൈവിടരുത്.” സംഗീതത്തിലേക്ക് മാത്രം ഇറങ്ങിത്തിരിച്ചാൽ സ്വന്തം വൈദിക അന്തസിന് എന്തെങ്കിലും കോട്ടം തട്ടുമോ എന്നൊരു ചിന്ത എപ്പോഴോ അദ്ദേഹത്തിന്റെയുള്ളിൽ വന്നു. ദൈവം നല്കിയ ഏറ്റവും വലിയ ദാനമായ പൗരോഹിത്യത്തിന് മുൻഗണന നൽകാൻ അച്ചൻ തീരുമാനിച്ചു. പിന്നീട് കാര്യമായി സംഗീതം ചെയ്തില്ലെങ്കിലും സംഗീതം മറന്നൊരു ജീവിതം പനയ്ക്കലച്ചന് ഉണ്ടായിട്ടില്ല.
International
ബെയ്റൂട്ട്: യുദ്ധം തകർത്ത ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ ലോകമെമ്പാടുമുള്ളവരുടെ കണ്ണുനിറയ്ക്കുകയാണ്. ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞ ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇരുന്ന് തന്റെ സെല്ലോയിൽ വിഷാദഭരിതമായ സംഗീതം വായിക്കുന്ന മെഹ്ദി സഹേലി എന്ന കലാകാരന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.
കോൺക്രീറ്റ് പാളികളും തകർന്ന ഇരുമ്പുകമ്പികളും നിറഞ്ഞ ബെയ്റൂട്ടിലെ തെരുവിലാണ് മെഹ്ദി സഹേലി സംഗീതം ആലപിക്കുന്നത്. ചുറ്റുമുള്ള നാശത്തിനിടയിലും അതീവ ശാന്തനായി സംഗീതത്തിൽ മുഴുകിയിരിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെയാണ് പുറത്തുവന്നത്.
ബെയ്റൂട്ടിലെ ബച്ചൂറ മേഖലയിലുണ്ടായ ശക്തമായ ആക്രമണത്തിൽ 22 നിലകളുള്ള ഒരു കെട്ടിടം തകർന്നിരുന്നു. ആയിരക്കണക്കിന് കുടുംബങ്ങൾ പ്രാണരക്ഷാർത്ഥം പലായനം ചെയ്തതോടെ വിജനമായ തെരുവുകളിലാണ് ഈ കലാകാരൻ തന്റെ സംഗീതവുമായി എത്തിയത്.
Movies
ഇന്ത്യയിലെ മുഴുവൻ ഭാഷകളിലെയും സംസ്ഥാനങ്ങളിലെയും മികച്ച സാഹിത്യത്തിന് ലഭിക്കുന്ന അംഗീകാരമാണ് ജ്ഞാനപീഠം. അതുകൊണ്ടു തന്നെ ഭാരതത്തിലെ ഏറ്റവും ഉന്നതമായ പുരസ്കാരമാണിത്.
നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് തമിഴ്നാട്ടിലേക്ക് ഈ പുരസ്കാരം എത്തുന്നത് എന്ന സവിശേഷതയും ഉണ്ട്. അതിനാൽ തന്നെ നമുക്കിത് ആഘോഷിക്കാം. ജ്ഞാനപീഠം പുരസ്കാരം ലഭിച്ചപ്പോൾ നടത്തിയ വാർത്താ സമ്മേളനത്തിൽ ആർ. വൈരമുത്തു ഇത് പറഞ്ഞ ഉടനെ പരിസരത്ത് വൻ ശബ്ദഘോഷത്തിൽ പടക്കം പൊട്ടുകയാണ്.
കാതടപ്പിക്കുന്ന ആഘോഷ പൊടിപൂരം നീണ്ടു നിണ്ട് പോയപ്പോൾ വൈരമുത്തു തന്നെ ഇടപെട്ട് വെടിക്കെട്ട് നിർത്തിവയ്ക്കുന്നു. തമിഴ് ജനതയുടെ താരാരാധനയുടെ സവിശേഷതയാണിത്. എന്തായാലും കാൽനൂറ്റാണ്ടിന് ഇപ്പുറം വൈരമുത്തുവിലൂടെ തമിഴകത്തിന് ലഭിച്ച പരമോന്നത അംഗീകാരം വൻ രീതിയിൽ ആഘോഷിക്കപ്പെടുകയാണ്.
തമിഴ് നാട്ടിൽ മാത്രം ഒതുങ്ങുന്ന ഒരു കവിയും നോവലിസ്റ്റും ഗാനരചയിതാവുമല്ല വൈരമുത്തു. ഇന്ത്യയിലെ 23 ഭാഷകളിൽ കള്ളിക്കാട് ചരിതം എന്ന അദ്ദേഹത്തിന്റെ നോവൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വിദേശ ഭാഷകളിലും നോവലിന്റെ മൊഴിമാറ്റം നടത്തിയിട്ടുണ്ട്
കാതൽ റോജാവേ... ഉയിരേ ഉയിരേ... ഇളയനിലാ പൊഴിയിറുതേ... സഹാന സരൽ തൂവുതോ... തുടങ്ങിയ വൈരമുത്തുവിന്റെ നൂറു നൂറ് തമിഴ് സിനിമ ഗാനങ്ങൾ ആകട്ടെ ഇന്ത്യയിലെ വലിയൊരു ജനവിഭാഗം നെഞ്ചേറ്റുന്നവയാണ്.
മാർച്ച് 14ന് ജ്ഞാനപീഠം വാർത്ത വന്നതിന്റെ ആഘോഷത്തിന് ഒപ്പം വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. പ്രശസ്ത ഗായിക ചിന്മയി യും ആക്ടിവിസ്റ്റുകളും രാജ്യത്തിന്റെ പരമോന്നത പുരസ്കാരം വൈരമുത്തുവിനു നൽകുന്നതിനെ ചോദ്യം ചെയ്തിരിക്കുന്നു. 2018 ൽ വൈര മുത്തുവിനെതിരെ മീറ്റ് ടു വിലൂടെ രംഗത്ത് വന്നിരുന്നു ചിന്മയി ശ്രീപാദ. അക്കാലത്ത് മറ്റു ചില സ്ത്രീകളും സമാനമായ ആരോപണവുമായി എത്തിയിരുന്നു.
ഇപ്പോൾ ജ്ഞാനപീഠം ലഭിച്ചതിൽ വൈര മുത്തുവിനെ പ്രശംസിച്ച സൂപ്പർതാരങ്ങളായ കമലഹാസൻ, രജനീകാന്ത് തുടങ്ങിയവരെ വിമർശിച്ചു കൊണ്ടുള്ള ചിന്മയി യുടെ പോസ്റ്റുകളും പുറത്തുവരുന്നുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവം, അയാൾ നേരിടുന്ന ആരോപണം ഇവ സർഗജീവിതവുമായി ഇടകലർത്തണമോ എന്ന ചിന്ത ഒരു ഭാഗത്ത് നിലനിൽക്കുന്നുണ്ട്.
സാഹിത്യരംഗത്തെ സംഭാവനയ്ക്കാണ് 2025ലെ ജ്ഞാനപീഠം പുരസ്കാരം രാമസാമി വൈരമുത്തുവിനെ തേടി എത്തിയിരിക്കുന്നത്. (ഗാന രചനയും ഉൾപ്പെടും) കവിതകളും നോവലും ഉൾപ്പെടെ 40 പുസ്തകങ്ങൾ വൈരമുത്തുവിന് സ്വന്തം. എണ്ണായിരം സിനിമാ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഗാനങ്ങൾ കൂടാതെ ചലച്ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും എഴുതിയിട്ടുമുണ്ട്.
1980 ല്‍ പുറത്തിറങ്ങിയ ഭാരതിരാജയുടെ നിഴൽഗൾ എന്ന സിനിമയിൽ ആണ് രംഗപ്രവേശം. സംഗീത ഇതിഹാസം ഇളയരാജയ്ക്കാപ്പം തുടക്കം! 'ദൂരത്തിൽ നാൻ കണ്ട ഒൻ മുഖം.. 'എന്ന എസ്. ജാനകി പാടിയ കന്നി ഗാനം പ്രണയത്തിന്റെ ആർദ്ര സ്പർശമാണ്..'ഇത് ഒരു പൊൻമാലൈ പൊഴുത്.. 'എന്ന ഗാനം എക്കാലത്തെയും സൂപ്പർ ഹിറ്റ് ആയും തുടരുന്നു.നിഴൽഗൾ എന്ന് ചിത്രത്തിൽ തുടങ്ങിയ വൈരമുത്തു - ഇളയരാജ കൂട്ടുകെട്ട് 1986ലെ 'പുന്നകൈ മന്നൻ' വരെ നീണ്ടു. ഇളയനിലാ പൊഴിയിറുതു... പൂവേ പൂചൂടവാ... അന്തിമഴ പൊഴി ഹിറത്... തുടങ്ങിയ അനശ്വര ഗാനങ്ങൾ ഈ സഖ്യത്തിൽ പിറന്നതാണ്.
ഇന്നും കൃത്യമായി അറിയാത്ത കാരണങ്ങൾ കൊണ്ട് ഇരുവരും അകന്നു. ഈണം പകരുമ്പോൾ സംഗീത മികവിന് വേണ്ടി ഇളയരാജ ചില വാക്കുകൾ തിരുത്തിയത് വൈരമുത്തുവിന് ഇഷ്ടക്കേട് ഉണ്ടാക്കിയിരുന്നു എന്ന് പറയപ്പെടുന്നു.
ഇളയനില പൊഴിയിറുത്... എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലെ 'ഇളയനിലാ 'എന്ന വാക്ക് ചേർക്കുന്നത് ഇളയരാജയായിരുന്നുവത്രേ. 'സലവൈ നിലാ 'എന്നാണ് വൈരമുത്തു എഴുതിയിരുന്നത് എന്നും ആരാധകർ പറയുന്നു. സംഗീതം ആണോ ഗാനസാഹിത്യമാണോ വലുത് എന്നുള്ള ചർച്ചയും ഇരുവർക്കും ഇടയിൽ അകലം സൃഷ്ടിച്ചിരുന്നു. വൈരമുത്തു - ഇളയരാജ മാസ്മരികതയ്ക്ക് തുടക്കം കുറിച്ച ഭാരതിരാജ പല തവണ ഈ പ്രതിഭകളെ ഒന്നിച്ച് ചേർക്കാൻ നോക്കിയെങ്കിലും എല്ലാ ശ്രമങ്ങളും വിഫലമാവുകയായിരുന്നു.
എം.എസ്. വിശ്വനാഥൻ, ആർ. ഡി.ബർമൻ, ലക്ഷ്മികാന്ത് പ്യാരെ ലാൽ, കീരവാണി തുടങ്ങി ഇന്ത്യയിലെ തന്നെ വിഖ്യാത സംഗീതസംവിധായകർക്കൊപ്പം കൈകോർത്തിട്ടുണ്ട് വൈരമുത്തു. ആറ് തവണ ഗാനരചനയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഗാനരചനാരംഗത്ത് ഇതൊരു റിക്കാർഡ് ആയി ഇന്നും നിലനിൽക്കുന്നു. എ. ആർ.റഹ്മാനു ഒപ്പം ചേർന്നപ്പോഴാണ് നാല് തവണ ദേശീയ പുരസ്കാരം ലഭിച്ചത്. റോജ, ജന്റെൽമാൻ,ശിവാജി, യന്തിരൻ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ഒരു പുതിയ തരംഗത്തിന് തന്നെ തുടക്കം കുറിച്ചവയാണ്.
വൈരമുത്തുവിന്റെ പല അനശ്വര ഗാനങ്ങളെയും തമിഴ് സിനിമാ ലോകവും പുതിയ സംഗീത ലോകവും കച്ചവട താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെ എതിർത്തുകൊണ്ടും വൈരമുത്തു രംഗത്ത് വന്നിട്ടുണ്ട്. ഈറമാന റോജാവേ, മൗനരാഗം, മിൻസാര കണ്ണാ, പൂവെല്ലാം കേട്ടുപാർ, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ തന്റെ പാട്ടിലെ വരികൾ പല സിനിമ പേരുകൾ ആയും ഉപയോഗിച്ചിട്ടുണ്ട്. തന്നോട് ഒരു വാക്കുപോലും പറയാതെയാണ് ഈ പേരുകൾ എന്നും വൈരമുത്തു പരസ്യമായി പറഞ്ഞിട്ടുണ്ട്.
തമിഴ് സ്വത്വവും തനിമയും തന്റെ രചനകളിൽ മനോഹരമായി ഇഴ ചേർത്ത എഴുത്തുകാരനാണ് വൈരമുത്തു. എഴുത്തിൽ മാത്രമല്ല വാക്കിലും കവിത നിറയും, തമിഴകത്തിന്റെ വീര്യവും.
"സൂര്യൻ പഴയതാണ് പക്ഷേ ഓരോ ദിവസവും ഉദിച്ചുയരുന്നത് പുതിയ സൂര്യനാണ്. ചന്ദ്രനും അതുപോലെ തന്നെ." ഇങ്ങനെ പറയുന്നു വൈരമുത്തു.
Movies
പാട്ടിനെച്ചൊല്ലി വീണ്ടും തമിഴിൽ പകർപ്പവകാശത്തർക്കം. ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ സൺ ടിവി നെറ്റ്വർക്കാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. രജനീകാന്ത് ചിത്രങ്ങളിലെ ഗാനങ്ങൾ ടീമിന്റെ പ്രൊമോകളിൽ ഉപയോഗിക്കുന്നതിനെതിരേയാണ് ഹർജി.
ടീമിന്റെ പ്രൊമോ വീഡിയോകളിൽ ജയിലർ, കൂലി എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ ഉപയോഗിച്ചിരുന്നു. എം.എസ്. ധോണിയുടേയും, രാജസ്ഥാൻ റോയൽസിൽനിന്ന് വന്ന മലയാളി താരം സഞ്ജു സാംസണിന്റെയും പ്രൊമോ റീലുകളിലാണ് പാട്ടുകൾ ഉപയോഗിച്ചിരിക്കുന്നത്.
ചിത്രം നിർമിച്ചിരിക്കുന്നത് സൺ നെറ്റ്വർക്കിന് കീഴിലുള്ള സൺ പിക്ചേഴ്സ് ആണ്. പാട്ടിന്റെ പകർപ്പവകാശം തങ്ങൾക്കാണെന്ന് കാണിച്ചാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.
കേസ് വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതി പരിഗണിക്കും. പാട്ടുകൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
അതേസമയം, തുടർന്നങ്ങോട്ട് മൂന്ന് ചിത്രങ്ങളിലേയും പാട്ടുകൾ ഉപയോഗിക്കില്ലെന്ന് ചെന്നൈ സൂപ്പർകിംഗ്സിന് വേണ്ടി അഡ്വ. പി.എസ്. രാമൻ കോടതിയെ അറിയിച്ചു. കഴിഞ്ഞ മൂന്നുവർഷമായി ഗാനശകലങ്ങൾ ഉപയോഗിച്ചിരുന്നു. ഹർജിക്കാർ എതിർപ്പുന്നയിച്ചിരുന്നില്ല. ഇപ്പോൾ എതിർപ്പുന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ പാട്ടുകൾ ഉപയോഗിക്കില്ലെന്നും ടീമിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്ന വെള്ളിയാഴ്ചയ്ക്കുള്ളിൽ സത്യവാംഗ്മൂലം സമർപ്പിക്കാൻ ടീമിനോട് കോടതി ആവശ്യപ്പെട്ടു.
Kerala
തിരുവല്ല : സുറിയാനി മല്പാനും ആരാധനാക്രമ പണ്ഡിതനും സംഗീതവിദ്വാനുമായിരുന്ന ഫാ. മാത്യു ചെമ്പോത്തിനാലിന്റെ സ്മരണാർഥം മലങ്കര സുറിയാനി കത്തോലിക്ക സഭ തിരുവല്ല അതിരൂപത ഏര്‍പ്പെടുത്തിയ ഫാ. മാത്യു ചെമ്പോത്തിനാല്‍ സമൂറോ ദ് റൂഹോ (പരിശുദ്ധ റൂഹായുടെ ഓടക്കുഴല്‍) പ്രഥമ അവാര്‍ഡിന് മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ഫാ. എം.പി. ജോർജ് കോർഎപ്പിസ്കോപ്പ അര്‍ഹനായി.
ആരാധനാക്രമത്തിനും സുറിയാനി ഭാഷയ്ക്കും ആരാധനാക്രമ സംഗീതത്തിനും നല്കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അവാർഡ്. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, കോട്ടയം സെന്റ് എഫ്രേം സുറിയാനി പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജേക്കബ് തെക്കേപറമ്പില്‍, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആരാധനാക്രമ സുനഹദോസ് കമ്മീഷന്റെ സെക്രട്ടറി റവ. ഡോ. ഐസക് പറപ്പള്ളില്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
മാര്‍ച്ച് 20 ന് തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന ഫാ. ചെമ്പോത്തിനാല്‍ അനുസ്മരണ സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ 25,000 രൂപയും ഫലകവും അടങ്ങിയ അവാർഡ് സമ്മാനിക്കും. തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിക്കും.
Movies
സംഗീതസംവിധായകൻ എ.ആർ.റഹ്മാനോടുള്ള അടങ്ങാത്ത ആരാധനയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മോഹിനി. തനിക്ക് റഹ്മാനെ വിവാഹം ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നും എന്നാൽ അദ്ദേഹം മുസ്ലിം മതം സ്വീകരിച്ചത് തന്റെ ഹൃദയം തകർത്തു കളഞ്ഞെന്നും മോഹിനി പറഞ്ഞു.
വൗ തമിഴ എന്ന തമിഴ് യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹിനി.
''ഞാന്‍ ഭയങ്കര എ.ആര്. റഹ്മാന് ഫാന്‍ ആയിരുന്നു, ഭ്രാന്തമായ ഇഷ്ടം എന്നു തന്നെ പറയാം. റഹ്മാന് മുസ്ലിം മതം സ്വീകരിച്ചു എന്നത് എന്റെ ഹൃദയം തകർത്തു കളഞ്ഞ ഒന്നായിരുന്നു. അന്ന് ഞാന്‍ ഹിന്ദുവായിരുന്നു.
ദിലീപ് എന്ന പേര് തന്നെ മതിയായിരുന്നു, മതം മാറേണ്ടിയിരുന്നില്ല. വീട്ടില്‍ എനിക്ക് ഇഷ്ടമാണ്, കല്യാണം കഴിക്കണം എന്നൊക്കെ പറയാന്‍ സൗകര്യമായിരുന്നു. അടിയും വഴക്കൊന്നും ഇല്ലാതെ കല്യാണം കഴിക്കാം എന്നൊക്കെ പ്ലാന്‍ ചെയ്തതാണ് ഞാന്‍ മനസില്‍.
പക്ഷേ അദ്ദേഹം എന്നെക്കാള്‍ വളരെ ചെറുതാണ് എന്നും എനിക്ക് അറിയാമായിരുന്നു. അന്ന് ലക്ഷ്മി ആന്റി എന്നെ കളിയാക്കുമായിരുന്നു, ബിരിയാണി എല്ലാം ഉണ്ടാക്കാന്‍ പഠിച്ചോളൂ, അതെല്ലാമാണ് റഹ്മാന് ഇഷ്ടം. റഹ്മാനെ നീ കല്യാണം കഴിക്കണമെങ്കില്‍ അവന് ഇഷ്ടമുള്ള ഭക്ഷണമൊക്കെ ഉണ്ടാക്കാന്‍ അറിഞ്ഞിരിക്കണം എന്ന് പറഞ്ഞ് എന്നെ കളിയാക്കും.
ഒറ്റത്തവണ മാത്രമേ എനിക്ക് റഹ്മാനെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഏറ്റവും ആദ്യത്തെ മ്യൂസിക് ഷോ മലേഷ്യയില്‍ നടന്നപ്പോള്‍ അതിന്റെ ഹോസ്റ്റ് ഞാനായിരുന്നു. നാല്പതിനായിരത്തോളം ആളുകള്‍ പങ്കെടുത്ത ഷോ ആയിരുന്നു അത്, ഗംഭീരമായ ഷോ. അത് കഴിഞ്ഞ് ഫ്ലൈറ്റില്‍ ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ ഒരു പത്തിരുപത്തിയഞ്ച് ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു.
ഞാന്‍ എന്റെ ബാഗ് ഒക്കെ വച്ച് ഇരിക്കാന്‍ ഒരുങ്ങുമ്പോഴാണ് റഹ്മാന് സര് അങ്ങോട്ടു വന്നത്. ആരോടും ഒന്നും പറഞ്ഞിട്ടില്ല, പക്ഷേ നേരെ എന്റെ അടുത്ത് വന്ന് ഹലോ പറഞ്ഞു. അത് കേട്ടതും എല്ലാ ആര്‍ട്ടിസ്റ്റുകളും എന്നെ നോക്കി. ഹലോ പറഞ്ഞിട്ട് അദ്ദേഹം പോയി''. മോഹിനി പറഞ്ഞു.
Movies
റാപ്പർ വേടൻ വിവാഹിതയാകുന്നു. യുവ എഴുത്തുകാരിയായ നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. ഫെബ്രുവരി 24ന് തൃശൂരിൽ വച്ചാണ് വിവാഹം.
തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ധർമശാലയിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം അറിയിച്ചത്.
ലളിതമായ ചടങ്ങുകളോടെ രജിസ്റ്റർ വിവാഹം ചെയ്യാനാണ് തീരുമാനമെന്ന് വേടൻ പറഞ്ഞു. ‘മാഷ് പറഞ്ഞതുപോലെ, 24ാം തീയതി ഞാൻ രജിസ്റ്റർ മാരേജ് ചെയ്യാൻ പോവുകയാണ്, എന്റെ കല്യാണമാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.നന്ദി’. വേടൻ പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയതായിരുന്നു വേടൻ.
2025ൽ വേടൻ പുറത്തിറക്കിയ ‘മോണലോവ’ എന്ന പാട്ട് തന്റെ കാമുക്കിക്ക് വേണ്ടി എഴുതിയതാണെന്ന് മുൻപ്, വേടൻ വെളിപ്പെടുത്തിയിരുന്നു. കാമുകിക്കുള്ള സമ്മാനമാണ് ‘മോണലോവ’ എന്നാണ് വേടൻ പറഞ്ഞത്. കാമുകിയെ മോണലോവ അഗ്നിപർവതത്തോട് ഉപമിച്ചാണ് വേടൻ പാട്ട് എഴുതിയത്. ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം തീർത്തിരുന്നു.
Movies
മനസ് മനസിന്റെ കാതിൽ രഹസ്യങ്ങൾ
മന്ത്രിക്കും മധുവിധു രാത്രി
മന്ത്രിക്കും മധുവിധു രാത്രി...
തേൻ നിലാവിന്റെ കുളിർമ അക്ഷരാർഥത്തിൽ അനുഭവിക്കുന്നു ഭരണിക്കാവ് ശിവകുമാറും ആർ.കെ. ശേഖറും ചേർന്ന് സൃഷ്ടിച്ച മനോഹരമായ ഈ ഗാനം. 1976ൽ പുറത്തിറങ്ങിയ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിനു വേണ്ടി അന്നത്തെ യുവഗാനരചയിതാവായ ഭരണിക്കാവ് ശിവകുമാർ രചിച്ച ഗാനം കേൾക്കുമ്പോൾ അതിമധുരമായ ഒരനുഭവം തന്നെ ആണ്. എന്നാൽ ഗാനരചനയുടെ നിമിഷങ്ങൾ അത്ര സുഖകരമായിരുന്നില്ല എന്ന് പറയാം.
ഭരണിക്കാവ് ശിവകുമാർ തന്നെ ഈ ഗാനസൃഷ്ടിയുടെ സമയത്ത് ഉണ്ടായ വേദനയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അമേരിക്കയിൽനിന്നു പുറത്തിറങ്ങുന്ന മലയാളം പത്രത്തിന്റെ ലേഖകനായിരുന്ന മണി.എസ്. തിരുവല്ലയോടാണ് ഗാന രചനയുടെ പിന്നിലെ കഥ ഭരണിക്കാവ് പറഞ്ഞത്.
2005-2006 കാലഘട്ടത്തിൽ മലയാളം പത്രത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന മലയാള സിനിമാഗാനങ്ങളുമായി ബന്ധപ്പെട്ടുള്ള പരമ്പരയ്ക്കു വേണ്ടിയാണ് ഭരണിക്കാവിനെ മണി.എസ്. തിരുവല്ല കാണുന്നത്.
(എഴുത്തുകാരനും പൊതുപ്രവർത്തകനും ആണ് ലേഖകൻ) ഭരണിക്കാവ് താമസിച്ചിരുന്ന തിരുവനന്തപുരത്തെ വഴുതക്കാട് ഫോറസ്റ്റ് ഓഫീസ് ലൈനിലുള്ള വീട്ടിൽ വച്ചായിരുന്നു ആ കണ്ടുമുട്ടൽ. മനസിൽ എന്നും മായാതെ കിടക്കുന്ന മനസ് മനസിന്റെ കാതിൽ... എന്ന ഗാനത്തെ കുറിച്ച് ഭരണിക്കാവ് ലേഖകനോട് പറയുന്നത് ഈ സന്ദർഭത്തിലാണ് . (2007 ൽ ഈ അഭിമുഖം ഉൾപ്പെടെയുള്ള ലേഖനങ്ങൾ ചേർത്ത് മണി.എസ്. തിരുവല്ല ‘ഈ ഗാനം മറക്കുമോ'എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. 2014 ൽ വിപുലമായ പരിഷ്കരിച്ച പതിപ്പും ഇറക്കി).
ക്രോസ് ബെൽറ്റ് മണി സംവിധാനം ചെയ്ത ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിനുവേണ്ടി ആദ്യം ഭരണിക്കാവ് രചിച്ചത് കെ.ജെ. യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതി... ഉൾപ്പെടെയുള്ള ഭക്തിഗാനങ്ങൾ ആണ്. ദേവിയെ മനസിൽ ധ്യാനിച്ചാണ് കുറെ വരികൾ എഴുതിയത് എന്നും ആർ.കെ. ശേഖർ (സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ പിതാവ്) ഈണം നൽകിയ ആ ഗാനങ്ങൾ എല്ലാം ദേവികടാക്ഷത്താൽ ഹിറ്റായി എന്നുമാണ് ഭരണിക്കാവ് പറഞ്ഞത്. പിന്നീട് നിനച്ചിരിക്കാതെയാണ് ഭരണിക്കാവിനെ തേടി സംവിധായകന്റെ ഫോൺകോൾ വരുന്നത്.
ചോറ്റാനിക്കര അമ്മ എന്ന സിനിമയ്ക്ക് വേണ്ടി ഒരു പാട്ടുകൂടി എഴുതണം.. മുൻപ് എഴുതിയത് പോലുള്ള ഭക്തിഗാനം അല്ല ആദ്യരാത്രിയെ കുറിച്ചുള്ള ഒരു ഗാനം. . ക്രോസ് ബെൽറ്റ് മണി പറഞ്ഞു. ചോറ്റാനിക്കര അമ്മ എന്ന സിനിമയിൽ എന്തിനാണ് സംവിധായകൻ പറയുന്നതുപോലെ ആദ്യരാത്രി കൊഴുപ്പിക്കുന്ന തരത്തിലെ ഗാനം എന്ന് യുവ ഗാനരചയിതാവിന് ആദ്യം സംശയമായി. എന്നാൽ ദേവി കഥ തുടങ്ങാനുള്ള ഒരു പശ്ചാത്തലം ആണ് രണ്ട് യുവമിഥുനങ്ങളുടെ ആദ്യരാത്രി രംഗവും ഗാനവും എന്ന് സംവിധായകൻ വിശദീകരിച്ചു.
ചോറ്റാനിക്കര അമ്മയിലെ ഭക്തിഗാനങ്ങൾ എല്ലാം റെക്കോർഡ് ചെയ്തു കഴിഞ്ഞ ശേഷമാണ് പുതിയ ആശയം വരുന്നത്. ആർ.കെ. ശേഖർ അക്കാലത്ത് സിറോസിസ് എന്ന മാരകമായ രോഗത്തിന്റെ വേദനയിൽ കഴിയുകയായിരുന്നു. അതു കൊണ്ടുതന്നെ സ്റ്റുഡിയോയിൽ എത്തുക ബുദ്ധിമുട്ടായിരുന്നു.
അതിനാൽ ഭരണിക്കാവ് നേരിട്ട് ചെന്നൈയിലുള്ള ശേഖറിന്റെ വീട്ടിൽ എത്തി. ഇനി ഭരണിക്കാവ് മുന്‍പൊരിക്കൽ പറഞ്ഞ വാക്കുകൾ തന്നെ കേൾക്കാം... "ആർ. കെ. ശേഖറിന്റെ വീട്ടിൽ ചെന്നപ്പോഴാണ് ഞെട്ടിക്കുന്ന ഒരു സത്യം മനസിലായത്. മാരകരോഗം എന്റെ സുഹൃത്തിന്റെ ജീവൻ ഏതാണ്ട് പൂർണമായും കാർന്നു തിന്നുകഴിഞ്ഞു. അസഹ്യമായ വേദനയിലും, കിടന്ന കിടപ്പിൽ തന്നെ ഹൃദയം നിറഞ്ഞ ഒരു ചിരിയോടെ അദ്ദേഹം എന്ന് അകത്തേക്ക് ക്ഷണിച്ചു.
ചെയ്യാൻ ഉദ്ദേശിക്കുന്ന ഗാനത്തിന് മധ്യമാവതി രാഗത്തിൽ ഒരു ഈണം മൂളി. പക്ഷേ വീർത്ത വയറുമായി മരണത്തെ കാത്തു കിടക്കുന്ന എന്റെ സുഹൃത്തിന്റെ മുന്നിലിരുന്ന് ആദ്യ രാത്രിയെ വർണിച്ച് ഒരു വരി പോലും എഴുതാൻ എനിക്ക് കഴിയുമായിരുന്നില്ല. എന്നാൽ ആ അവസ്ഥയിലും സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം എന്നെ ഉണർത്തി.
വിൻസെന്റും രാജകോകിലയും രവി മേനോനും ഉണ്ണിമേരിയുമാണ് ചിത്രത്തിൽ യുവമിഥുനങ്ങളെ അവതരിപ്പിക്കുന്നത്. മനസ് പാകപ്പെടുത്തി ഒരു നിമിഷം ഞാൻ വിൻസെന്റോ രവി മേനോനോ ആയി. അദ്ദേഹം ഈണം മൂളാൻ തുടങ്ങി. എന്റെ തൂലിക ചലിച്ചും തുടങ്ങി. അല്പം നിമിഷത്തിനുള്ളിൽ ഗാനം എഴുതി പൂർത്തിയാക്കി.ആ ഗാനമാണ് ‘മനസ് മനസിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്ക് മധുവിധു രാത്രി...'ഈണമിട്ട് റെക്കോർഡിംഗ് തുടങ്ങിയെങ്കിലും പൂർത്തിയാക്കാനാവാതെ എന്റെ ഉറ്റ ചങ്ങാതി ഈ ലോകം വിട്ട് യാത്രയായി. പിന്നീട് ആ ജോലി പൂർത്തിയാക്കിയത് അർജുനൻ മാഷാണ്.
ചെണ്ട എന്ന് സിനിമയിലെ പഞ്ചമി തിരുനാൾ... എന്ന ഗാനം എഴുതുമ്പോൾ ഭരണിക്കാവിന് 21 വയസ് മാത്രമാണ് പ്രായം. സംഗീത ഇതിഹാസം ജി. ദേവരാജൻ ആണ് യുവ ഗാനരചയിതാവിന്റെ ആദ്യ ഗാനത്തിന് സംഗീതം നൽകിയത് എന്നതും ഒരു ചരിത്രമാണ്. സീമന്തരേഖയിൽ ചന്ദനം ചാർത്തിയ.., ആഷാഢമാസം.., മധുരം തിരുമധുരം.., രാഗാർദ്ര ഹംസങ്ങളോ... തുടങ്ങി നിരവധി നിരവധി ഗാനങ്ങൾ ഭരണിക്കാവ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
2007 ജനുവരിയിലാണ് ഭരണിക്കാവ് ശിവകുമാർ ഭൂമിയിൽനിന്നു വിടവാങ്ങുന്നത്. 2007 നവംബറിൽ പുറത്തുവന്ന മണി. എസ്. തിരുവല്ലയുടെ പുസ്തകത്തിലെ അഭിമുഖക്കുറിപ്പ് ഭരണിക്കാവിനുള്ള ആദരാഞ്ജലിയായിട്ടാണ് ലേഖകൻ സമർപ്പിച്ചിരിക്കുന്നത്.
Movies
ആശാൻ സിനിമയ്ക്കു വേണ്ടി സംവിധായകൻ ജോൺപോൾ ജോർജ് സംഗീതം നൽകി ആലപിച്ച ഗാനം ശ്രദ്ധേയമാകുന്നു. ചിറകേ ചിറകേ വെൺമാനത്തേറാൻ ഊഴം വന്നുവോ... എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ മികച്ച അഭിപ്രായം നേടിയിരിക്കുന്നത്.
ജോൺപോൾ ജോർജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആശാൻ സിനിമയുടെ റിലീസ് ഫെബ്രവരി അഞ്ചിന് പ്രഖ്യാച്ചിരിക്കുകയാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. നേരത്തെ ഇതേ സിനിമയിലെ തന്നെ "കുഞ്ഞിക്കവിൾ മേഘമേ' എന്ന ഗാനം തരംഗമായി മാറിയിരുന്നു. റീൽസിലും മറ്റും ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ് ഈ ഗാനം.
ഇതിനു പിന്നാലെ ചിത്രത്തിലെ "മയിലാ സിനിമയിലാ" എന്ന ഗാനത്തിന്റെ വീഡിയോ അവതരിപ്പിച്ചു. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഗാനം ഏറെ ഉപയോഗിക്കപ്പെട്ടു കഴിഞ്ഞു. ശ്രീജിത്ത് ഡാസ്ലേഴ്സ് നൃത്തം ഒരുക്കിയ ഗാനരംഗത്തിൽ ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
സിനിമ റിലീസിനു മുന്നോടിയായിട്ടാണ് സംവിധായകൻ തന്നെ ആലപിച്ച "ചിറകേ ചിറകേ' എന്ന ഗാനം അണിയറക്കാർ പുറത്തുവിട്ടത്. വിനായക് ശശികുമാറാണ് ഹൃദയത്തിൽ തൊടുന്നതുപോലെയുള്ള വരികൾ എഴുതിയിരിക്കുന്നത്.
ജോൺപോളിന്റെ തന്നെ റീത്ത റിക്കാർഡ്സ് എന്ന മ്യൂസിക് കമ്പ നിയുടെ യുട്യൂബ് ചാനൽ വഴിയാണ് പാട്ട് റിലീസ് ചെയ്തത്.
District News
കൊച്ചി: എറണാകുളം ശിവക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഭക്തിഗാന സുധയും ഭജനയും കാണാന്‍ വന്‍തിരക്ക്. ഇന്നലെ രാത്രി ദര്‍ബാര്‍ ഹാളില്‍ നടന്ന നന്ദഗോവിന്ദം ഭജന്‍സിന്റെ ഭജന കാണാനാണ് നിരവധി ആളുകള്‍ ദര്‍ബാര്‍ ഹാള്‍ പരിസരത്ത് എത്തിയത്. വന്‍ തിരക്ക് ഉണ്ടായതോടെ റോഡുകളിലും വലിയ ഗതാഗതക്കുരുക്ക് ഉണ്ടായി.
കൊച്ചിയില്‍ വൈകിട്ട് മുതലേ പ്രൈവറ്റ് ബസ് സര്‍വീസുകള്‍ ഗതാഗതക്കുരുക്കിലായിരുന്നു. ക്ഷേത്രത്തില്‍ ഇന്നലെ ഉച്ചയ്ക്കു നടന്ന അന്നദാന ചടങ്ങിലും നിരവധി പേര് എത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം ജനങ്ങള്‍ ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുക്കുന്നത്.
Kerala
കൊച്ചി: റാപ്പര്‍ ഹനുമാന്‍കൈന്‍ഡ് കൊച്ചിയില്‍ എത്തുന്നു. ജനുവരി 18ന് എറണാകുളം ബോള്‍ഗാട്ടി പാലസ് ആന്‍ഡ് റിസോര്‍ട്ട് ഗ്രൗണ്ടില്‍ നടക്കുന്ന ഹോം റണ്‍ സംഗീതപരിപാടിയുമായാണ് ഹനുമാന്‍കൈന്‍ഡ് എത്തുന്നത്. ആദ്യമായാണ് ഹനുമാന്‍കൈന്‍ഡ് കേരളത്തില്‍ പരിപാടി അവതരിപ്പിക്കാനെത്തുന്നത്.
ഈ വര്‍ഷത്തെ ഹനുമാന്‍കൈന്‍ഡിന്റെ സംഗീതപര്യടനം ആരംഭിക്കുന്നതും കേരളത്തില്‍ നിന്നാണ്. തുടര്‍ന്ന് ഫെബ്രുവരി ഒന്നിന് ബംഗളൂരുവില്‍ ഹോം റണ്‍ പരിപാടി നടത്തും. ശേഷം ഫെബ്രുവരി 18ന് ലോസ് ആഞ്ചലസില്‍ പരിപാടി അവതരിപ്പിക്കും. തുടര്‍ന്ന് 19ന് സാന്ഫ്രാന്സിസകോയിലും പരിപാടി അവതരിപ്പിക്കും.
പൊന്നാനിയിലെ മരണക്കിണറില്‍ ചിത്രീകരിച്ച ബിഗ് ഡാഗ്സ് എന്ന ആല്‍ബത്തിലൂടെയാണ് സൂരജ് ചെറുകാട് എന്ന ഹനുമാന്‍കൈന്‍ഡ് ലോകമെമ്പാടും ശ്രദ്ധ നേടുന്നത്. മരണക്കിണറില്‍ ഓടുന്ന ബൈക്കിലും കാറിലും ലൈവ്സ്റ്റണ്ട് നടത്തി ഹനുമാന്‍കൈന്‍ഡ് 2024ല്‍ അവതരിപ്പിച്ച റാപ് സോംഗ് 278 മില്യണ്‍ വ്യൂസ് ഇതുവരെ നേടിയിട്ടുണ്ട്.
Sports
മുംബൈ: ലോകകപ്പ് വിജയത്തിന്റെ ആവേശത്തിനിടയിൽ ഇന്ത്യൻ വനിതാ താരം ജെമീമ റോഡ്രിഗസിനു ലഭിച്ച ഏറ്റവും വലിയ സർപ്രൈസ് ഒരുപക്ഷേ ഇതിഹാസ താരം സുനിൽ ഗാവസ്കറുടെ കൈയിൽ നിന്നാകാം. ക്രിക്കറ്റും സംഗീതവും ഒരുപോലെ നെഞ്ചിലേറ്റുന്ന ജെമീമയ്ക്ക്, ബാറ്റിന്റെ ആകൃതിയിലുള്ള ഒരു സവിശേഷ ഗിറ്റാറാണ് ഗാവസ്കർ സമ്മാനിച്ചത്. ലോകകപ്പ് നേട്ടത്തിനു ശേഷം നടത്തിയ വാഗ്ദാനമാണ് ഇതോടെ സഫലമായത്.
ഒരുമിച്ചു പാടാം
2025-ലെ വനിതാ ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരേ ജെമീമ പുറത്തെടുത്ത ഐതിഹാസിക പ്രകടനത്തിനു പിന്നാലെയാണ് ഈ വാഗ്ദാനത്തിന്റെ തുടക്കം. 339 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന് ഇന്ത്യയെ ഫൈനലിലെത്തിച്ച ജെമീമയുടെ 127 റൺസ് (പുറത്താകാതെ) ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ഇന്നിംഗ്സുകളിൽ ഒന്നായി മാറി. ആ സമയത്ത് ഗാവസ്കർ ഒരു തമാശയെന്നോണം പറഞ്ഞു: ഇന്ത്യ ലോകകപ്പ് ഉയർത്തിയാൽ നമുക്കൊരുമിച്ചു പാടാം.
അമ്പരന്ന് ജെമീമ
ഇന്ത്യ കിരീടം ചൂടിയതോടെ ഗാവസ്കർ തന്റെ വാക്ക് വെറും വാക്കല്ലെന്നു തെളിയിച്ചു. വുമൺസ് പ്രീമിയർ ലീഗിനു തൊട്ടുമുമ്പ് നടന്ന ചടങ്ങിലാണ് അദ്ദേഹം ജെമീമയെ ഞെട്ടിച്ചത്. ക്രിക്കറ്റ് ബാറ്റിന്റെ രൂപത്തിൽ നിർമിച്ച ഗിറ്റാർ ആണ് ഗാവസ്കർ ജെമീമയ്ക്കു സമ്മാനമായി നൽകിയത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, ബാറ്റിന്റെ രൂപത്തിലുള്ള കസ്റ്റം മെയ്ഡ് ഗിറ്റാർ കണ്ട് ജെമീമ അമ്പരക്കുന്നതു കാണാം.
തന്റെ രണ്ട് ഇഷ്ടങ്ങളെയും കോർത്തിണക്കിയ സമ്മാനം താരം ഏറെ സന്തോഷത്തോടെയാണ് ഏറ്റുവാങ്ങിയത്. തുടർന്ന് ബാറ്റ് ഗിറ്റാർ മീട്ടി ഗാവസ്കറുമൊത്ത് ജെമീമ പാട്ടുപാടുകയും ചെയ്തു. ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് തലമുറകൾ ഒത്തുചേർന്ന ആ നിമിഷം ആരാധകരുടെ മനം കവർന്നു.
ലോകകപ്പ് നായികയിൽനിന്ന് ഇനി ക്യാപ്റ്റൻ എന്ന നിലയിലേക്കാണ് ജെമീമയുടെ ചുവടുമാറ്റം. വുമൺസ് പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കുന്നത് ജെമീമയാണ്. നിലവിലെ ചാമ്പ്യന്മാരായ ഹർമൻപ്രീത് കൗറിന്റെ മുംബൈ ഇന്ത്യൻസിനെതിരെയാണ് ജെമീമയുടെ ആദ്യ പോരാട്ടം.
NRI
മനാമ: കാതുകളിലേക്ക് തൂമഞ്ഞു തഴുകുംപോലെ ഒഴുകിയിറങ്ങുന്ന ഒരു ക്രിസ്മസ് ഗാനം. എല്ലാം മറന്ന് ഒരു ക്രിസ്മസ് രാവിലേക്ക് ഇറങ്ങിനിന്ന് കാരൾ ഈണത്തിലേക്കു മനസുചേർത്ത അനുഭവം. ബഹ്റിൻ അവാലി കത്തീഡ്രലിലെ മലയാളി ക്വയർ ടീം ആണ് മനംകവരുന്ന ഈണവുമായി ഈ ക്രിസ്മസ് ഗാനം "തൂമഞ്ഞു പെയ്യുന്ന സ്വർഗീയ രാത്രി' ഒരുക്കിയിരിക്കുന്നത്.
മ്യൂസിക് ഡ്രീമേഴ്സ് എന്ന ബാനറിലാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. മനോഹരമായ ദൃശ്യാവിഷ്കാരം യു ട്യൂബിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിനു കൂടുതൽ ചാരുതയേകുന്നു. റെജോയ് വർഗീസ് എഴുതിയ ഗാനത്തിന് അജീഷ് ബോസ് സംഗീതം പകർന്നു.
ആലാപനം അവാലി കത്തീഡ്രൽ ക്വയർ ടീം. ഈ ക്വയർ ടീം നേരത്തെയും ഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. രണ്ടു ഗാനങ്ങൾകൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സീനിയർ ടീമിൽ 20 പേരും ജൂണിയർ ടീമിൽ 15 പേരും അടങ്ങുന്നതാണ് ഇവരുടെ ക്വയർ ടീം.
ഓഡിയോഗ്രഫി: ആന്റണി സണ്ണി, വിഡിയോഗ്രഫി: ജിനേഷ് ഫ്രാൻസിസ്, റിജോയ് വർഗീസ്, ആലാപനം: അജീഷ് ബോസ്, റെജോയ് വർഗീസ്, നെൽസൺ ജോസഫ്, ഫ്ലെമിംഗ് ഫ്രാൻസിസ്, മരീന മാത്യു, മരിയ സാജു, നീനു സെബിൻ, അജിമോൾ സോവിൻ, ലെയ്സി ജോർജ്, ജ്യോത്സന ബോസ്റ്റോ, നിഷ പ്രീജി. കീബോർഡ്: ജിനേഷ് ഫ്രാൻസിസ്, കരുൺ ഷെറിൻ. റിഥം കമ്പോസർ: രാജു പോൾ. സഹകരണം: ജോജി തോമസ് (കാൻബറ).
ഗാനം കേൾക്കാം
SUNDAY DEEPIKA
വേടൻ എന്ന ഹിരണ്‍ദാസ് മുരളി എഴുതിയ "വിയർപ്പുതുന്നിയിട്ട കുപ്പായ'ത്തിന് മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുന്പോൾ പല കോണുകളിൽനിന്ന് ചോദ്യങ്ങൾ ഉയരുന്നു. അതിൽ പ്രധാനം രണ്ടെണ്ണമാണ്. വേടനേക്കാൾ നന്നായി പാട്ടുകൾ എഴുതിയവർ ഇല്ലേ? കേസുകളിൽ പെട്ട ഒരു വ്യക്തിയെ അവാർഡിനു പരിഗണിക്കേണ്ടതുണ്ടോ? ചർച്ചകൾ അതിന്റെ വഴിക്കു നടക്കട്ടെ. വേടൻ എന്ന റാപ്പർ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾക്കും നിലപാടുകൾക്കും ചേരുന്ന വരികളാണ് അദ്ദേഹം എഴുതുന്നത്. അവ പരക്കേ സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. സിനിമയ്ക്ക് ഇണങ്ങുന്നതിനാൽ ആവണമല്ലോ വേടന്റെ പാട്ട് അതിൽ ഉൾപ്പെടുത്തിയതും.
"ഉത്തമരെല്ലാരും കല്ലെറിഞ്ഞേ
ആ കല്ലുകൊണ്ടെന്റെ
മുഖം മുറിഞ്ഞേ
ആ കല്ലുപെറുക്കി ഞാൻ
പാതവിരിച്ചതിൽ
വില്ലുവണ്ടിയേറിപ്പായുന്പോൾ
എന്റെ തലപ്പാവിനെന്തു തിളക്കം'
എന്നതുപോലുള്ള വരികൾ വേടന്റെ ശബ്ദത്തിൽ കേൾക്കുന്പോൾ ഉയർന്നുവരുന്ന ആവേശമാണ് അതിന്റെ ലക്ഷ്യം. അതിൽ കവിത്വം തെരഞ്ഞുചെല്ലുന്നതിൽ വലിയ കഴന്പില്ല. ആശയങ്ങൾക്കാവശ്യമുള്ള വരികൾ വേടൻ എഴുതുന്നു, ആളുകൾ ഇഷ്ടപ്പെടുന്നു- അത്രയും ലളിതമാണ് കാര്യം. മലയാളം ഇതുവരെ കണ്ടും കേട്ടും ശീലിച്ച ഗാനരചയിതാക്കളുമായി വേടൻ എന്ന റാപ്പറെ താരതമ്യംചെയ്യുക അസാധ്യമാണ്. അതിന്റെ ആവശ്യവുമില്ല.
പാട്ടിന്റെ പലവഴികൾ
ഓരോ പാട്ടും പിറന്നുവീഴുന്നതിനു പിന്നിലെ കഥകൾ വിസ്മയിപ്പിക്കുന്നവയാണ്. ആദ്യമുണ്ടായത് ഈണമോ വരികളോ ആവാം. പലർക്കും പലവഴികൾ. കഥാസന്ദർഭം നീണ്ടനാളുകൾ മനസിലിട്ടുരുക്കി പാട്ടെഴുതിയ കവികളുണ്ട്. നല്ലൊരു പാട്ടുകേട്ട് ഇഷ്ടപ്പെട്ട് അതിനുചേരുന്ന രംഗം സിനിമയിൽ ഉൾപ്പെടുത്തിയ സംവിധായകരുണ്ട്. എഴുതിവച്ച വരികളുടെ ഭംഗികണ്ട് മോഹിച്ച് ഈണമൊരുക്കിയ സംഗീതസംവിധായകരുമുണ്ട്.
നാളെ റെക്കോർഡ് ചെയ്യേണ്ട പാട്ടാണ്, വരികൾ വേഗം വേണം എന്ന കർശന നിർദേശം ഒരു ചെവിയിലൂടെ കേട്ട് ഒരക്ഷരംപോലും എഴുതാതെ കിടന്നുറങ്ങിയ കവികളുടെ കുറുന്പുകൾ പലതവണ കേട്ടിട്ടുണ്ട്. സങ്കീർണമായ സാഹചര്യങ്ങളിൽ ഒരു തയാറെടുപ്പുമില്ലാതെ, ഒരു പരിശ്രമവും നടത്താതെയിരിക്കുന്ന വേളയിൽ പാട്ടുകൾ വന്ന് രചയിതാവിന്റെ മനസിൽ മുട്ടിവിളിച്ചാലോ? അത്തരം മനോഹരമായ അനുഭവങ്ങൾ ഓർമിച്ചിട്ടുണ്ട് അനശ്വരനായ ഗിരീഷ് പുത്തഞ്ചേരി. അങ്ങനെ വന്ന പാട്ടുകൾ പലതും സൂപ്പർ ഹിറ്റുകളുമായി.
കണ്ണുനട്ടു കാത്തിരുന്നപ്പോൾ!
അക്ഷമയോടെ, ഏറെനേരമായുള്ള കാത്തിരിപ്പിനെയാണ് "കണ്ണുനട്ട്' എന്നു വിശേഷിപ്പിക്കാറ്. പാട്ടിനുവേണ്ടി കാത്തിരുന്ന് അതേ വരികളിൽ പാട്ടുണ്ടായാലോ? ആ അനുഭവമാണ് കണ്ണുനട്ടു കാത്തിരുന്നിട്ടും (ചിത്രം: കഥാവശേഷൻ) എന്ന പാട്ടിനുപിന്നിൽ.
ഏറെനേരം ഒരുമിച്ചിരുന്നിട്ടും ഗിരീഷ് പുത്തഞ്ചേരിക്കും സംഗീതസംവിധായകൻ എം. ജയചന്ദ്രനും ആശയമൊന്നും തെളിഞ്ഞിട്ടില്ല. "കുട്ടാ, ഒരു ട്യൂണ്‍ താ, ഞാൻ എഴുതാം' എന്ന് പുത്തഞ്ചേരി. "ഗിരീഷേട്ടാ, എന്തെങ്കിലും ഒരക്ഷരം തരൂ' എന്ന് ജയചന്ദ്രനും. ഒന്നും നടക്കുന്നില്ല. സിനിമയും പാട്ടുമെല്ലാം മാറ്റിവച്ച് ഇരുവരും ലോകകാര്യങ്ങളിലേക്കു കടന്നു. അപ്പോഴും ഇരുവരുടെയും ഹൃദയങ്ങളിൽ പാട്ടിനുവേണ്ടിയുള്ള തീവ്രമായ കാത്തിരിപ്പുണ്ട്. സംസാരത്തിനിടയിലെപ്പോഴോ പാട്ടുപിറന്നു.
ട്യൂണ്‍ ആണോ വരിയാണോ ആദ്യമുണ്ടായതെന്ന് ഇരുവർക്കും വലിയ നിശ്ചയമില്ല. കുന്പിളിൽ വിളന്പിയ പൈന്പാലെന്നോർത്തു ഞാൻ അന്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു എന്നുള്ള വരികൾ പിന്നീടു പലപ്പോഴും നെഞ്ചിൽവന്നു തറയ്ക്കാറുണ്ടെന്ന് എം. ജയചന്ദ്രന്റെ ഓർമ. പട്ടിണിയടക്കമുള്ള കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ തന്റെ ബാല്യം ഓർമപ്പെടുത്തുന്ന ആത്മകഥാപരമായ വരികളാണ് അതെന്ന് ഗിരീഷ് പുത്തഞ്ചേരി പറഞ്ഞിട്ടുണ്ട്. തീവ്രാനുഭവങ്ങൾ സുന്ദരഗാനങ്ങളാകുന്നവിധം!
എഴുതാത്ത ഹരിമുരളീരവം
"ദാസേട്ടൻ ഇന്നു കാലത്തു വരുമെടാ, നമ്മൾ പാട്ടുണ്ടാക്കിയിട്ടില്ല'- ഈ വാക്കുകൾ സംഗീതസംവിധായകൻ രവീന്ദ്രന്റേതാണ്. പറഞ്ഞത് ഗിരീഷ് പുത്തഞ്ചേരിയോടുതന്നെ.
പാട്ടുണ്ടാക്കാൻ ഹോട്ടൽമുറിയിൽ ഒരുമിച്ചിരുന്ന് രാത്രിമുഴുവൻ സംസാരത്തിലും ആഘോഷത്തിലും തീർന്നു. രാവിലെ സിനിമയുടെ അണിയറക്കാർ വന്നു വാതിലിൽ മുട്ടുന്നു. എട്ടുമണിക്ക് സിനിമയുടെ പൂജയാണ്.
"നിന്റെ കൈയിൽ വല്ലതുമുണ്ടോ' എന്ന് രവീന്ദ്രന്റെ ചോദ്യം. "ഇല്ല, നിങ്ങളുടെ കൈയിൽ എന്തെങ്കിലുമുണ്ടോ' എന്നു പുത്തഞ്ചേരിയുടെ മറുചോദ്യം!.
എന്തായാലും കുളിച്ചൊരുങ്ങി കാറിൽ കയറി. പരിഭ്രമമുണ്ട് കൂടെ. അക്ഷരവും സംഗീതവും വന്നിട്ടില്ല. പകുതിവഴി എത്തിയപ്പോൾ ഗിരീഷ് ഡ്രൈവറോടു പറയുന്നു, വണ്ടി സൈഡാക്കൂ. ആ വഴിയിൽവച്ച് രവീന്ദ്രനു പറഞ്ഞുകൊടുത്ത വരികളാണ് ഹരിമുരളീരവം.. ഹരിതവൃന്ദാവനം... (ചിത്രം: ആറാം തന്പുരാൻ). ഈ വരികൾ എങ്ങനെ സംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നാണ് പുത്തഞ്ചേരി പിന്നീടു പറഞ്ഞത്. സ്റ്റുഡിയോയിൽ എത്തുന്പോഴേക്കും വരികളും ട്യൂണും തയാർ!
ഒരുപക്ഷേ സ്നേഹത്തിൽനിന്നും സൗഹൃദത്തിൽനിന്നും പരസ്പരവിശ്വാസത്തിൽനിന്നും ഒഴുകിവന്ന പാട്ടുകളാവണം ഇവയെല്ലാം. ഓരോ എഴുത്തുകാരനും സംഗീതസംവിധായകനും പറയാനുണ്ടാവും ഇതുപോലുള്ള നൂറുനൂറു കഥകൾ, അനുഭവങ്ങൾ... സംഗീതപ്രേമികളിൽ ആ പാട്ടുകളോരോന്നും അവ കേട്ട കാലങ്ങളെ തിളക്കമുള്ളതാക്കുന്നു. അവാർഡിൽ ഒതുങ്ങുന്നതല്ലല്ലോ പാട്ടനുഭവങ്ങൾ!.
NRI
ന്യൂജഴ്സി: മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി ഫാ. ഡോ. ബാബു കെ. മാത്യു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ അനുമതിയോടെ 2023ൽ ആരംഭിച്ച "സഹോദരൻ' പദ്ധതിയുടെ ഭാഗമായുള്ള "കാദീശ്' ഭക്തിഗാന ആൽബത്തിന് മികച്ച സ്വീകരണം.
സെന്റ് സ്റ്റീഫൻസ് ദേവാലയത്തിന്റെ 40-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് 2024 ഒക്ടോബർ മാസത്തിലാണ് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ "കാദീശ്' ആൽബം പ്രകാശനം ചെയ്തത്.
ഈ ആൽബത്തിൽ നിന്നുള്ള മുഴുവൻ വരുമാനവും പരുമല കാൻസർ സെൻട്രലിലെ രോഗികൾക്കുള്ള സാമ്പത്തിക സഹായത്തിനായി വിനിയോഗിക്കാനാണ് സഹോദരൻ പദ്ധതി ലക്ഷ്യമിട്ടത്. ഒരു വർഷമായി നടന്ന ധനശേഖരണത്തിലൂടെ ഏകദേശം 12 ലക്ഷത്തിലധികം രൂപ സമാഹരിക്കാൻ കഴിഞ്ഞതായി ഫാ. ഡോ. ബാബു കെ. മാത്യു അറിയിച്ചു.
Special News
ഫേഷൻ ഫാബ്രിക്സിന്റെ മുന്നിൽ തൃശൂർക്കുള്ള ബസ് കാത്ത് അയാൾ നിൽക്കുമ്പോൾ തിരുവാതിര ഞാറ്റുവേലയിലെ മഴ തോർന്ന് വെയിൽ തെളിഞ്ഞു തുടങ്ങിയിരുന്നു... അപ്പോൾ സമയം ഒമ്പതേമുക്കാലിനോട് അടുത്തിരുന്നു...
ആ നേരത്ത് തൃശൂർക്കുള്ള ബസുകളിൽ പൊതുവേ നല്ല തിരക്കാണ്.. ബസ് വന്നയുടൻ ചാടി കയറാൻ പാകത്തിന് നാലഞ്ചാളുകൾ അവിടെ അക്ഷമരായി കാത്ത് നിന്നിരുന്നു.... ഒരു ബസ് വന്ന് നിന്നു. തിരക്കധികം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല സീറ്റ് ഒഴിവും ഉണ്ടായിരുന്നു... പക്ഷേ അയാൾ അതിൽ കയറിയില്ല...
സീറ്റ് ണ്ട് ചേട്ടാ... വായോ...ന്ന് ചവിട്ടുപടിയിൽ നിന്ന് കണ്ടക്ടർ അയാളെ വിളിക്കുന്നുമുണ്ട്.. അയാൾ ആരെയോ പ്രതീക്ഷിച്ച് നിൽക്കുന്ന ഭാവത്തിൽ ദൂരേക്ക് ദൃഷ്ടി പതിപ്പിച്ച് നിന്നു... അടുത്ത ബസും വന്നു പോയി...
അയാൾ കയറിയില്ല... രണ്ടു ബസിലും അയാൾ കയറാതിരുന്നത് രണ്ടിലും പാട്ട് വെച്ചിട്ടുണ്ടായിരുന്നില്ല എന്നുള്ളതു കൊണ്ടായിരുന്നു... ബസിൽ പാട്ടുകേട്ട് പോകുന്നതാണ് അയാൾക്കിഷ്ടം...
യാത്രയിൽ സർവതും മറന്ന് പാട്ടുകേട്ട് വെറുതേ പുറത്തേക്ക് നോക്കിയങ്ങനെ ഇരിക്കാൻ അയാൾക്ക് വലിയ ഇഷ്ടമാണ്... ഇനിയും കാത്ത് നിന്നാൽ ഓഫീസിൽ എത്താൻ വൈകും എന്നൊരു ടെൻഷനിൽ അടുത്ത ബസിൽ പാട്ടില്ലെങ്കിലും കയറാം എന്നയാൾ തീരുമാനിച്ചു... നിവൃത്തിയില്ലല്ലോ...
ദാ അടുത്ത ബസ് വന്നു നിൽക്കുമ്പോൾ തന്നെ അയാൾ കേൾക്കുന്നത് "വൈശാഖ സന്ധ്യേ.. നിൻ ചുണ്ടിലെന്തേ... അരുമ സഖിതൻ അധര കാന്തിയോ...’ എന്നാണ്. ബസിൽ സൂചി കുത്താൻ ഇടമില്ലാത്തത്ര തിരക്കാണ്..
അവിടെ അപ്പോൾ ബസ് കാത്ത് നിൽക്കുന്നവർ ആരും അതിൽ കയറുന്നില്ല.. പക്ഷേ അയാൾ ആ ബസിൽ ചാടി കയറി കാരണം "കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടർന്നു...’ എന്ന വരി അയാൾക്ക് അത്രയും പ്രിയപ്പെട്ടതായിരുന്നു...
ബസിൽ പിന്നിൽ വലതു വശത്ത് ചെറിയ ഒരു സ്ഥലം കണ്ടെത്തി അയാൾ പാട്ടിൽ ലയിച്ചുനിന്നു.... വൈശാഖ സന്ധ്യ കഴിഞ്ഞപ്പോൾ " മേഘം പൂത്തു തുടങ്ങി...’ അതും അയാൾക്ക് പ്രിയപ്പെട്ടതായിരുന്നു...
പ്രത്യേകിച്ച് മേഘം പൂത്ത് മോഹം പെയ്തപ്പോൾ മേദിനി നെഞ്ചിൽ കേട്ടു പുതിയൊരു താളം. ആദ്യം കേൾക്കുമ്പോൾ മേദിനിയുടെ അർഥം അയാൾക്ക് അറിയില്ലായിരുന്നു... ഭൂമി എന്നാണ് മേദിനിയുടെ അർത്ഥം എന്നറിഞ്ഞപ്പോൾ ആ വരികൾ അയാൾക്ക് വലിയ ഇഷ്ടമായി..
ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും തിരക്ക് കൂടി കൂടി വരികയാണ്.. കണ്ടക്ടർ മുന്നോട്ട് ആളുകളെ ഒതുക്കുന്നതിനുസരിച്ച് അയാളെ കടന്നുപോകന്നവരുടെ ശരീരവും ബാഗുകളും എല്ലാം അയാളെ ചെറുതായിയെങ്കിലും വേദനിപ്പിക്കുന്നുണ്ട് പക്ഷേ അയാൾ പാട്ടിലാണ്... അന്ന് വയ്ക്കുന്ന പാട്ടുകൾ എല്ലാം അയാൾക്ക് പ്രിയപ്പെട്ടവ ആയിരുന്നു...
പുറത്തെ കാഴ്ചകൾ അയാളുടെ കണ്ണുകൾ കാണുന്നുണ്ടായിരുന്നുവെങ്കിലും മനസ് അത് കണ്ടില്ല.. അയാളുടെ മനസിൽ അപ്പോൾ അയാൾ പലയിടത്തും പല വേദികളിലും നിന്നു ആ പാട്ടുകളൊക്കെ പാടുകയായിരുന്നു...
കടുത്ത ജയചന്ദ്രൻ ഫാനായ അയാൾക്ക് അന്ന് ആ ബസിൽ ജയചന്ദ്രന്റെ പാട്ടുകൾ വെക്കാത്തതിൽ ചെറിയ വിഷമം തോന്നിയ സമയത്ത് അതാ വരുന്നു സ്പീക്കറിൽ " നീലഗിരിയുടെ സഖികളെ... ജ്വാലാമുഖികളെ....’
അതേ സമയത്തു തന്നെയാണ് അയാളുടെ വശത്തു നിന്നിരുന്ന ആൾ മുകളിലെ കമ്പിയിൽ പിടിച്ചിരുന്ന കൈ പെട്ടെന്ന് താഴ്ത്തിയപ്പോൾ കൈമുട്ട് അയാളുടെ തോളിൽ ശക്തിയായി ഇടിച്ചു.. കടുത്ത വേദന.. കൈമുട്ടിന്റെ ഉടമസ്ഥൻ ഇപ്പോൾ ചീത്ത കേൾക്കും എന്ന വിഷമത്തിൽ ഒരു ക്ഷമാപണത്തോടെ അയാളെ നോക്കി..
അപ്പോൾ ആയിരം താമര തളിരുകൾ വിടർത്തി.. അരയന്നങ്ങളെ വളർത്തി... വസന്തവും ശിശിരവും കുളിക്കാൻ ഇറങ്ങുന്ന വനസരോവരത്തിൽ ആയിരുന്നു അയാൾ... അയാൾക്ക് അപ്പോൾ എങ്ങനെ ദേഷ്യം വരും... അയാൾ അദേഹത്തെ നോക്കി പുഞ്ചിരിച്ചു...
സൂര്യജ്യാല പ്രതീക്ഷിച്ചിടത്ത് നറു നിലാവ്... കൈ കൊണ്ട് അബദ്ധത്തിലാണെങ്കിലും ഇടിച്ച ആൾ അയാളെ മനസു കൊണ്ട് നമിച്ചു.. അയാൾക്ക് അപ്പോൾ മറ്റേയാളോട് ദേഷ്യപ്പെടാനല്ല തോന്നിയത് മറിച്ച് അയാൾക്ക് പറയണമെന്നുണ്ടായിരുന്നു ഈ പാട്ടിനാണ് ജയചന്ദ്രന് ആദ്യമായി സംസ്ഥാന അവാർഡ് കിട്ടിയതെന്ന്,...
ഈ വരികൾ വയലാർ, ചിത്രത്തിന്റെ സംവിധായകൻ സേതുമാധവൻ സാറിന് എഴുതി കൊടുത്തത് തിടുക്കത്തിൽ ഹോട്ടൽ റിസ്പഷന്റെ മുന്നിൽ വെച്ച് അവിടെ നിന്ന് ഒരു പേനയും കടലാസും വാങ്ങി നിന്ന നില്പിലായിരുന്നു എന്ന്... എന്തൊരു പ്രതിഭാധനരായിരുന്നു അവർ എന്ന്....
പക്ഷേ അയാൾ ഒന്നും മിണ്ടിയില്ല.. പാട്ടിൽ അലിഞ്ഞങ്ങനെ നിന്നു...കൻമഷമില്ലാത്ത മനസ്സുമായി... ബസ് ചുങ്കം സ്റ്റോപ്പ് കഴിഞ്ഞു പടിഞ്ഞാറെ കോട്ട എത്താറായി... പാട്ട് നിർത്തി..പെട്ടെന്ന് അയാൾക്ക് സ്ഥലകാലബോധം വന്നു.. പടിഞ്ഞാറെ കോട്ടയിൽ കുറേ പേർ ഇറങ്ങി അയാൾക്ക് ഇരിക്കാൻ സീറ്റ് കിട്ടി.. അയാൾ കണ്ണുകളടച്ച് അങ്ങനെ ഇരുന്നു..
മഴ പെയ്ത് തോർന്നാലും . മരം പിന്നേം പെയ്യുമല്ലോ..അയാളുടെ ഉള്ളിൽ പിന്നെയും പാട്ടുകളുടെ പ്രവാഹമായിരുന്നു... അവിടെ അയാൾ ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ ലജ്ജയിൽ മുങ്ങിയ ഒരു മുഖം കണ്ട്...
മല്ലിക പൂവിൻ മധുരഗന്ധത്തിൽ, മന്ദസ്മിതത്തിൽ വസന്തം കണ്ട്...മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി, അല്ലിയാമ്പൽ പൂവ്വിനെ തൊട്ടുണർത്തി അങ്ങനെ ഇരിക്കുകയായിരുന്നു.. അപ്പോഴാണ് അയാളുടെ സീറ്റിന്റെ കമ്പിയിൽ ചാരി നിന്ന് കണ്ടക്ടർ പറഞ്ഞത്..
ചേട്ടാ.. നാളെ മുതൽ ബസിൽ പാട്ടുണ്ടാവില്ലാട്ടാ.. എംവിഡിന്റെ സ്ട്രിക്റ്റ് ഓർഡറാ...ഫൈൻ ഉണ്ടാവും... അയാളാലോചിച്ചു... ഇയാൾ എങ്ങനെ തന്റെ പാട്ടു കമ്പം അറിഞ്ഞു...പിന്നെ ഓർത്തു ഇവർ ദിവസവും എത്ര തരം ആൾക്കാരെ കാണുന്നതാ.. പഴക്കം കൊണ്ട് അവർക്ക് മനസു വായിക്കാൻ പറ്റ്യേർക്കും.
ഇനി ബസിൽ പാട്ടില്ല എന്നോർത്തപ്പോൾ അയാളുടെ മുഖം സങ്കടം കൊണ്ട് ഇരുണ്ടു.. തിരുവാതിര ഞാറ്റുവേലയിലെ ആകാശവും അപ്പോൾ പെട്ടെന്നിരുണ്ടു..ബസപ്പോൾ വടക്കുംനാഥന്റെ മുന്നിൽ തൃശൂർ സ്വരാജ്റൗണ്ടിൽ കയറുകയായിരുന്നു..
കണ്ണുകളാൽ അർച്ചന... മൗനങ്ങളാൽ കീർത്തനം... എല്ലാം എല്ലാം അറിയുന്നീ ഗോപുരവാതിൽ... അയാൾ നടുവിലാലിൽ ബസിറങ്ങിയപ്പോൾ മാനം കവിഞ്ഞ് പെയ്ത മഴയാണോ അയാളുടെ കവിൾതടം നനയിച്ചത്... അതോ.......
ഗിരീഷ്കുമാർ കൊലയാംപറമ്പത്ത് മുഖപുസ്തകത്തിൽ പങ്കുവച്ചത്