എൺപതുകളിൽ ‘തരംഗിണി’ പുറത്തിറക്കിയ മൂന്ന് ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളിലൂടെ ജാതിമത ഭേദമെന്യേ സകല മലയാളികളുടെയും ഹൃദയത്തിൽ ഇടംനേടിയ സംഗീതജ്ഞൻ ഫാ. ജസ്റ്റിൻ പനയ്ക്കൽ വിടവാങ്ങി. ‘പൈതലാം യേശുവേ...’, ‘നവ്യമാമൊരു കൽപ്പന ഞാൻ’, ‘ജീവിതഗർത്തത്തിൽ അലയും’, ‘പുതിയൊരു പുലരി വിടർന്നു മണ്ണിൽ’, ‘നായകാ ജീവദായകാ...’, ‘സ്നേഹസ്വരൂപാ തവദർശനം...’, ‘എൻ ജീവിതമാം ഈ മരക്കൊമ്പിൽ...’ തുടങ്ങിയ അനശ്വരങ്ങളായ രണ്ടു ഡസനിലേറെ ഭക്തിഗാനങ്ങളിലൂടെ അൾത്താരകളിലും മലയാളിയുടെ പ്രാർഥനകളിലും അദ്ദേഹം നിറച്ച സൗരഭ്യം ഒരിക്കലും മായാത്തതാണ്.
1985ൽ അദ്ദേഹം സംഗീത സംവിധാന മേഖലയോട് ഏറെക്കുറെ വിടപറഞ്ഞു. താനും സംഗീതവുമായുള്ള ബന്ധത്തെക്കുറിച്ച് പല സമയത്തായി അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിന്റെ അമ്മ നല്ലൊരു ഗായികയായിരുന്നു. ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും സംഗീത അധ്യാപികമാരായിരുന്ന മൂന്ന് സഹോദരിമാരിൽനിന്നാണ് അമ്മ സംഗീതം വശമാക്കിയത്. കുട്ടിക്കാലത്ത് പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞ അമ്മയാണ് പാട്ടുകൾ പഠിപ്പിച്ചത്. ഭക്തിഗാനങ്ങൾ മാത്രമല്ല, അക്കാലത്തെ നാടകഗാനങ്ങളും നാടോടിപ്പാട്ടുകളും ഓണപ്പാട്ടുകളുമെല്ലാം അമ്മയിലൂടെ പഠിച്ചു.ആലപ്പുഴ ലിയോ തേർട്ടീൻത് ഹൈസ്കൂളിൽ പഠിക്കുമ്പോൾ സിനിമാ ഗാനങ്ങളായിരുന്നു പ്രിയം. സ്കൂളിലെ എല്ലാ പരിപാടികളിലും പാടും.
സെമിനാരിയിൽ എത്തിയതോടെ സിനിമാ പാട്ടുകളോടു വിടപറയേണ്ടിവന്നു. എന്നാൽ, സംഗീതം കൈവിട്ടില്ല. അവിടെ ക്വയറിൽ ചേർന്ന് വെസ്റ്റേൺ മ്യൂസിക്കും പോളിഫോണിക് സംഗീതവുമൊക്കെ പഠിച്ചു. അക്കാലത്ത് എപ്പോഴും ‘സുപ്രാനോ’ പാടിയിരുന്നു. കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ‘ഗ്രിഗോറിയൻ ചാന്റ്’ വശമാക്കുന്നത് അവിടെവച്ചാണ്. അദ്ദേഹത്തിന്റെ പിൽക്കാലത്തെ സംഗീതത്തിൽ ആ സ്വാധീനം കാണാം.
പിന്നീട് ഉപരിപഠനത്തിനായി റോമിൽ പോയപ്പോൾ ഗ്രിഗോറിയൻ ചാന്റിനെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ അച്ചന് സാധിച്ചു. ഗ്രിഗോറിയൻ ചാന്റിൽ വിദഗ്ധനായ ഒരു മ്യൂസിക് ഡയറക്ടർ അവിടെയുണ്ടായിരുന്നത് ഒരുപാടു ഗുണം ചെയ്തു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നിന്നൊക്കെ ലഭിച്ച ആ സംഗീതാനുഭവം തിരികെ വന്നപ്പോൾ സെമിനാരിയിലെ കുട്ടികൾക്ക് പകർന്നു നൽകാനും അച്ചന് കഴിഞ്ഞു.
1969ലാണ് അദ്ദേഹം മംഗലപ്പുഴ സെമിനാരിയിൽ വിസിറ്റിംഗ് പ്രഫസറായി സേവനം ആരംഭിക്കുന്നത്. 70-71 ആയപ്പോൾ അവിടെ സ്ഥിരം അധ്യാപകനായി. സെമിനാരിയിലെ അധ്യാപക ജീവിതം കഴിവുകൾ വികസിപ്പിക്കാനുള്ള പൂർണ സ്വാതന്ത്ര്യം നൽകി. തന്നത്താൻ ആണ് ശാസ്ത്രീയസംഗീതം പഠിച്ചത്. തൃശൂർ റേഡിയോ നിലയത്തിൽനിന്ന് തിങ്കളും ചൊവ്വയും പ്രക്ഷേപണം ചെയ്തിരുന്ന ശാസ്ത്രീയ സംഗീത പാഠങ്ങൾ കൃത്യമായി കേൾക്കുമായിരുന്നു. രാത്രിയിലെ കച്ചേരികളിൽ യേശുദാസിന്റെയോ ചെമ്പൈയുടെയോ പാട്ടുകൾ കേൾക്കുമ്പോൾ, അവർ പറയുന്ന രാഗങ്ങൾ ലൈബ്രറിയിലെ പുസ്തകങ്ങളുമായി ഒത്തുനോക്കി ഹാർമോണിയത്തിൽ വായിച്ചു പഠിക്കും. അങ്ങനെ പതിനഞ്ചോളം രാഗങ്ങൾ സ്വന്തമായി പഠിച്ചെടുത്തു.
സെമിനാരി വിദ്യാർഥികളെക്കൊണ്ട് പാട്ടുകൾ എഴുതിച്ച് പരിചയസമ്പന്നരായ സംഗീതജ്ഞരെക്കൊണ്ട് സംഗീതം ചെയ്യിച്ചുകൊണ്ടായിരുന്നു സംഗീത സംവിധാനത്തിന്റെ തുടക്കം. സ്വയം സംഗീത സംവിധാനം ചെയ്യണമെന്ന് ആദ്യമൊന്നും വിചാരിച്ചിരുന്നില്ല. എന്നാൽ അക്കാലത്ത് ഒരിക്കൽ ‘മാനസത്തിൻ മണിവാതിൽ’ എന്ന പാട്ട് അദ്ദേഹം കംപോസ് ചെയ്തു. അന്ന് കൊച്ചു കുട്ടിയായിരുന്ന സുജാത (ബേബി സുജാത) സെമിനാരിയിൽ വന്നപ്പോൾ ആ പാട്ട് റെക്സ് ഐസക്സിന്റെ സഹായത്തിൽ ഓർക്കസ്ട്രേഷനോടെ പാടി. അപ്പോഴാണ് സംഗീതം ചെയ്യാൻ സാധിക്കുമെന്ന് അച്ചനുതന്നെ ബോധ്യമായത്.
അദ്ഭുതകരമായി ഉടലെടുത്ത ഒന്നായിരുന്നു യേശുദാസുമായുള്ള അച്ചന്റെ ബന്ധം. 1978ൽ കുവൈറ്റിൽ രണ്ടരമാസത്തോളം ഉണ്ടായിരുന്നപ്പോൾ, അവിടെ വച്ച് നടത്തിയ ഒരു ധ്യാനപ്രസംഗത്തിൽ യേശുദാസിന്റെയും ലത മങ്കേഷ്കറുടെയും സ്വരമാധുരിയെക്കുറിച്ച് അച്ചൻ സംസാരിച്ചു. യേശുദാസിന്റെ ട്രൂപ്പിൽ പ്രവർത്തിച്ചിരുന്ന ഒരാൾ അന്നവിടെ ധ്യാനത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹംവഴി അക്കാര്യം അറിഞ്ഞ യേശുദാസ് അച്ചനെ കാണാൻ താത്പര്യം പ്രകടിപ്പിച്ചു. അങ്ങനെയാണ് അവർ അടുപ്പത്തിലാകുന്നത്. യേശുദാസ് ചില പ്രതിസന്ധികളിൽ അകപ്പെട്ടിരുന്ന സമയമായിരുന്നു അത്. ആ ഘട്ടത്തിൽ ഒരു കത്തോലിക്ക വൈദികൻ തന്നെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകൾ കേട്ടപ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷം തോന്നി.
ആ ദിവസങ്ങളിൽ യേശുദാസിന് ഇന്ത്യൻ സമൂഹത്തിന്റെ ഒരു സ്വീകരണം കുവൈറ്റിൽവച്ചുണ്ടായിരുന്നു. അവിടെവച്ച് അച്ചൻ യേശുദാസിനെ കണ്ടു. “എന്റെ സംഗീതത്തിൽ പാടുമോ” എന്ന് ചോദിച്ചപ്പോൾ “അച്ചൻ എപ്പൊ പറയുന്നോ അപ്പൊ ഞാൻ വന്ന് പാടിത്തരാം” എന്നായിരുന്നത്രേ അദ്ദേഹത്തിന്റെ മറുപടി. പിന്നീട് മദ്രാസിൽനിന്ന് അദ്ദേഹം ഇടയ്ക്കിടെ ഫോൺ ചെയ്ത് ചോദിക്കും, “പാട്ടൊക്കെ തയാറായോ” എന്ന്. ഒടുവിൽ 1983 ആയപ്പോൾ നാലു പാട്ടുകൾ തയാറാക്കി. പക്ഷെ അക്കാലത്ത് സാമ്പത്തികമായി സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. കാര്യം മനസിലാക്കിയ യേശുദാസ്തന്നെ സകല ചെലവുകളും ഏറ്റെടുത്ത് ആദ്യത്തെ മൂന്ന് പാട്ടുകൾ പാടി.
‘പൈതലാം യേശുവേ’ എന്ന നാലാമത്തെ പാട്ട് പാടാനായി ഒരു പെൺശബ്ദം വേണമെന്ന് പറഞ്ഞപ്പോൾ യേശുദാസ് തന്നെയാണ് ചിത്രയെ നിർദേശിച്ചത്. അന്ന് കലോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ ഒരു കൊച്ചു പെൺകുട്ടിയായിരുന്നു ചിത്ര. റിക്കാർഡിംഗ് സ്റ്റുഡിയോയിൽ വന്ന ചിത്രയുടെ അച്ഛൻ കൃഷ്ണൻ നായർ, മ്യൂസിക് ഡയറക്ടർ ഒരു വൈദികനാണെന്നറിഞ്ഞപ്പോൾ പൂർണവിശ്വാസത്തോടെ മകളെ അവിടെ ഏൽപ്പിച്ചു പോയി. സാധാരണ അദ്ദേഹം പരിപാടി കഴിയുന്നതുവരെ മകളുടെകൂടെ നിൽക്കുമായിരുന്നു.
ആ പാട്ട് വന്ന വഴി അച്ചൻതന്നെ പറഞ്ഞിട്ടുണ്ട്. “ആ പാട്ടിന്റെ പശ്ചാത്തലം ഞാൻ ചിത്രയ്ക്ക് വിവരിച്ചു കൊടുത്തു: മടിയിൽ ഉണ്ണീശോയുമായി ഇരിക്കുന്ന മാതാവിന്റെ ഭാവത്തിൽ, ഒരു താരാട്ടായി ഇത് പാടണം.” പിന്നീടുള്ള ഒരു മണിക്കൂർ സമയത്തേക്ക് ചിത്ര ആരോടും സംസാരിച്ചില്ല, നിശബ്ദമായി ധ്യാനത്തിലിരിക്കുകയായിരുന്നു. റിക്കാർഡിംഗിന് കയറി ഒരൊറ്റ ടേക്കിൽ ആ പാട്ട് പാടിത്തീർത്തു. അത് ശരിക്കും എന്നെ അതിശയിപ്പിച്ചുകളഞ്ഞു. ഒരുപക്ഷേ ചിത്രയെന്ന അനുഗൃഹീത ഗായിക ആദ്യമായി തന്റെ കഴിവ് റിക്കാർഡിംഗ് റൂമിൽ തെളിയിച്ചത് അന്നായിരുന്നു.”
യേശുദാസ് പാടാൻ തയാറാണെന്ന വിവരമറിഞ്ഞ സെമിനാരി വിദ്യാർഥികൾ വലിയ ആവേശത്തിലായിരുന്നു. അവരെക്കൊണ്ട് മൽസരാടിസ്ഥാനത്തിൽ പനയ്ക്കലച്ചൻ എഴുതിച്ച വരികളിൽനിന്ന് തെരഞ്ഞെടുത്തവയായിരുന്നു ഹിറ്റായ ഗാനങ്ങളിൽ പലതും. ‘നായകാ ജീവദായകാ’, ‘സ്നേഹസ്വരൂപാ തവദർശനം’ എന്നീ അനശ്വര ഗാനങ്ങൾ എഴുതിയ ബ്രദർ ജോൺ കൊച്ചുതുണ്ടിൽ ഇന്ന് മൂവാറ്റുപുഴ ബിഷപ് യൂഹാനോൻ മാർ തിയഡോഷ്യസ് ആണ്. ‘എൻ ജീവിതമാം ഈ മരക്കൊമ്പിൽ’ എന്ന ഗാനം പ്രശസ്ത ധ്യാനഗുരു മാത്യു ആശാരിപ്പറമ്പിലച്ചൻ സെമിനാരി വിദ്യാർഥിയായിരുന്നപ്പോൾ എഴുതിയതാണ്. നെയ്യാറ്റിൻകര രൂപതയിൽ നിന്നുള്ള വൈദികവിദ്യാർഥി ബ്ര. ജോസഫ് പാറാങ്കുഴിയാണ് ‘പൈതലാം യേശു’വിന്റെ രചയിതാവ്.
ഇത്രയധികം ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടും, സംഗീതസംവിധാന രംഗത്തുനിന്ന് അച്ചന്റെ പെട്ടെന്നുള്ള പിന്മാറ്റം പലരെയും വിഷമിപ്പിച്ചു. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിരുന്നു:
“1983, 84, 85 വർഷങ്ങളിലായാണ് എന്റെ തളിർമാല്യം, സ്നേഹപ്രവാഹം, സ്നേഹസന്ദേശം എന്നീ ഭക്തിഗാന ആൽബങ്ങൾ പുറത്തിറങ്ങുന്നത്. മൊത്തം 29 പാട്ടുകൾ. ഇരുപത്തഞ്ചെണ്ണം യേശുദാസ് പാടി, ഒരെണ്ണം ചിത്ര, പിന്നെ ബിജു നാരായണൻ, ജെൻസി എന്നിവരും. മൂന്നാമത്തേതിനുശേഷം പാട്ടുകൾ തയാറാക്കാൻ ആവശ്യപ്പെട്ട് യേശുദാസ് വിളിക്കുമായിരുന്നു. എന്നാൽ, പൗരോഹിത്യധർമം മറന്നുകൊണ്ട് സംഗീതത്തിനായി ഇറങ്ങാൻ താൽപ്പര്യമില്ലെന്ന് ഞാൻ ഒരിക്കൽ അദ്ദേഹത്തോട് പറഞ്ഞു. ആ മറുപടി അദ്ദേഹത്തിന് ഇഷ്ടമായി, പിന്നീട് അക്കാര്യം എന്നോട് ആവശ്യപ്പെട്ടിട്ടില്ല. സംഗീതസംവിധാനം എന്നത് വൈകാരികമായും പ്രഫഷണൽ സംഗീതജ്ഞൻ അല്ലാതിരുന്നതിനാലും എനിക്ക് ഒരുപാട് സമയം ആവശ്യപ്പെടുന്ന ഒന്നായിരുന്നു. എന്റെ പ്രാഥമിക ദൗത്യങ്ങൾ പ്രധാനമായി തോന്നി. പ്രഫസർ എന്ന നിലയിലും ധ്യാനപ്രസംഗകൻ എന്ന നിലയിലുമൊക്കെയുള്ള ഉത്തരവാദിത്വങ്ങൾ എനിക്ക് മാറ്റിവയ്ക്കാൻ കഴിയുമായിരുന്നില്ല.”
അദ്ദേഹത്തിന്റെ അമ്മ നല്കിയ ഉപദേശം അദ്ദേഹം ഒരിക്കലും മറന്നില്ല: “നീ എവിടെയായിരുന്നാലും ഒരു വൈദികനാണെന്ന ചിന്ത ഒരിക്കലും കൈവിടരുത്.” സംഗീതത്തിലേക്ക് മാത്രം ഇറങ്ങിത്തിരിച്ചാൽ സ്വന്തം വൈദിക അന്തസിന് എന്തെങ്കിലും കോട്ടം തട്ടുമോ എന്നൊരു ചിന്ത എപ്പോഴോ അദ്ദേഹത്തിന്റെയുള്ളിൽ വന്നു. ദൈവം നല്കിയ ഏറ്റവും വലിയ ദാനമായ പൗരോഹിത്യത്തിന് മുൻഗണന നൽകാൻ അച്ചൻ തീരുമാനിച്ചു. പിന്നീട് കാര്യമായി സംഗീതം ചെയ്തില്ലെങ്കിലും സംഗീതം മറന്നൊരു ജീവിതം പനയ്ക്കലച്ചന് ഉണ്ടായിട്ടില്ല.
Tags : Holy Spirit's Carmel Spring Fr. Justin Panakkal music